ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഗാവ്റേയിലുള്ള നാല്പത്തിയൊന്നാം പൻസർ ഗ്രനേഡിയേഴ്സ് ക്യാമ്പ് മെസ്സിലെ മേശയ്ക്ക് മുന്നിൽ ഇരിക്കുകയാണ് ഹെയ്നി ബാം. ഓഫീസർമാരുടെ ചിയേഴ്സ് വിളികളും ഹർഷാരവങ്ങളും എല്ലാം പുഞ്ചിരിയോടെ ഏറ്റുവാങ്ങിയ അയാൾ ശബ്ദഘോഷങ്ങൾ ഒടുങ്ങിയപ്പോൾ തല കുലുക്കിക്കൊണ്ട് നന്ദി പ്രകടിപ്പിച്ചു.
വിവിധ മെഡലുകളാൽ അലംകൃതമായ കറുത്ത പൻസർ യൂണിഫോം അണിഞ്ഞ റഷ്യൻ യുദ്ധനിരയിലെ വീരയോദ്ധാവും ആ റെജിമെന്റിലെ കേണലുമായ ചെറുപ്പക്കാരൻ എഴുന്നേറ്റു. "ഹെർ ഫീൽഡ് മാർഷൽ, താങ്കൾക്ക് വിരോധമില്ലെങ്കിൽ രണ്ട് വാക്ക് സംസാരിക്കാമോ...? എന്റെ ഓഫീസർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരിക്കും അത്..."
ഹെയ്നി ബാം, വശത്തേക്ക് ഒന്ന് പാളി നോക്കി. ഹോഫറിന്റെ മുഖത്ത് തെല്ല് ആശങ്ക നിറഞ്ഞിരുന്നു. എന്നാൽ അത് അവഗണിച്ചു കൊണ്ട് എഴുന്നേറ്റ ഹെയ്നി തന്റെ യൂണിഫോമിന്റെ ട്യൂണിക്ക് നേരെയാക്കി. "ജെന്റിൽമെൻ... ഫ്യൂറർ നമ്മെ ഏൽപ്പിച്ചിരിക്കുന്ന ജോലി വളരെ ലളിതമാണ്... ശത്രുവിനെ നമ്മുടെ ബീച്ചുകളിൽ നിന്നും അകറ്റി നിർത്തുക... അതെ, ഞാൻ പറയുന്നു, നമ്മുടെ ബീച്ചുകളിൽ നിന്നും... അവിഭക്തമായ യൂറോപ്പാണ് നമ്മുടെ ലക്ഷ്യം... ആ ബീച്ചുകളിലാണ് നാം യുദ്ധം ജയിക്കാൻ പോകുന്നത്... തോൽവിയ്ക്കുള്ള യാതൊരു സാദ്ധ്യതയുമില്ല... ഫ്യൂററുടെ നിയോഗം ദൈവ നിശ്ചയമാണ്... അല്പമെങ്കിലും വകതിരിവുള്ളവർക്ക് അക്കാര്യത്തിൽ സംശയമൊന്നും ഉണ്ടാകില്ല..." ഓരോ വാക്കും അത്ഭുതത്തോടെ ആവേശഭരിതരായി ശ്രവിച്ചുകൊണ്ടിരിക്കുന്ന സൈനികർക്ക് അതിലെ യുക്തിയും യുക്തിരാഹിത്യവും ഒന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. അയാൾ തന്റെ നിറചഷകം ഉയർത്തി. "അതുകൊണ്ട്, ജെന്റിൽമെൻ, ജോയിൻ മീ... നമ്മുടെ ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറിന് വേണ്ടി..."
"അഡോൾഫ് ഹിറ്റ്‌ലർ...!" അവർ ആർത്തുവിളിച്ചു.
ഹെയ്നി ബാം തന്റെ ഗ്ലാസ്സിലെ മദ്യം നെരിപ്പോടിലെ തീക്കനലുകൾക്ക് മുകളിലേക്ക് ഒഴിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, അതിന്റെ ആവേശത്തിൽ ആ സൈനികർ എല്ലാവരും തങ്ങളുടെ ഗ്ലാസ്സുകൾ നെരിപ്പോടിനുള്ളിലേക്ക് കമഴ്ത്തി. ശേഷം, പുറത്തേക്കിറങ്ങിയ ഹെയ്നിയെയും ഹോഫറിനെയും കരഘോഷങ്ങളോടെ രണ്ടു വരികളിലായി അവർ അനുഗമിച്ചു.
"നിങ്ങൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു..." ക്രെസ്സിയിലേക്ക് കാറിൽ യാത്ര തിരിക്കവേ ഹോഫർ പറഞ്ഞു. അവിടെയുള്ള പഴയ ഒരു കൊട്ടാരത്തിലായിരുന്നു റോമലിന്റെ താൽക്കാലിക ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്നത്.
"എന്താ, എന്റെ പ്രകടനം അത്ര മോശമായിരുന്നോ...?" ഹെയ്നി ബാം ചോദിച്ചു.
"എന്നല്ല ഞാൻ പറഞ്ഞത്... വാസ്തവത്തിൽ നിങ്ങളുടെ പ്രസംഗം ഗംഭീരമായിരുന്നു..."
"പറയുന്നത് അവിവേകമാണെങ്കിൽ പൊറുക്കണം ഹെർ മേജർ... നാടകീയമായ വാഗ്ദ്ധോരണികൾ പ്രയോഗിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ..." ഹെയ്നി പറഞ്ഞു.
"എനിക്ക് മനസ്സിലാവുന്നു..." ഹോഫർ പറഞ്ഞു. "സത്യം പറഞ്ഞാൽ, എന്ത് കേൾക്കാൻ അവർ ആഗ്രഹിച്ചുവോ അതു തന്നെയാണ് നിങ്ങളിൽ നിന്നും അവർ കേട്ടത്..."
'ഭ്രാന്ത്...' ഹെയ്നി മനസ്സിലോർത്തു. 'സമനില തെറ്റാത്തതായി ഞാൻ മാത്രമേയുള്ളോ ഇവിടെ...?' അപ്പോഴേക്കും അവരുടെ കാർ ആ കൊട്ടാരത്തിന്റെ അങ്കണത്തിൽ എത്തിയിരുന്നു. പാറാവുകാരുടെ സല്യൂട്ടുകൾ സ്വീകരിച്ചു കൊണ്ട് അയാൾ മുകളിലേക്കുള്ള പടവുകൾ ഓടിക്കയറി. തൊട്ടു പിന്നിൽത്തന്നെ ഹോഫറും ഉണ്ടായിരുന്നു. രണ്ടാം നിലയിലെ സ്വീറ്റിന് മുന്നിലാണ് അവർ ചെന്ന് നിന്നത്.
സ്റ്റഡീ റൂമിൽ അടച്ച് പൂട്ടി ഇരിക്കുകയായിരുന്ന ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വാതിലിൽ മുട്ടിയത് ഹോഫർ ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കതക് തുറന്നു. "എങ്ങനെയുണ്ടായിരുന്നു...?" അദ്ദേഹം ചോദിച്ചു.
"ഗംഭീരം..." ഹോഫർ പറഞ്ഞു. "ഉയർന്ന മാർക്കോടെയുള്ള വിജയം... താങ്കളുടെ ആ പ്രസംഗം താങ്കൾ ഒന്ന് കേൾക്കേണ്ടത് തന്നെ ആയിരുന്നു..."
"എക്സലന്റ്..." റോമൽ തല കുലുക്കി. "ചാനൽ ഐലന്റ്സിലെ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നേറുന്നുണ്ടല്ലോ അല്ലേ...? ഗ്വെൺസിയിലെ വോൺ ഷ്മെറ്റോയുമായി സംസാരിച്ചുവോ...?"
"നേരിട്ട് സംസാരിച്ചിരുന്നു ഹെർ ഫീൽഡ് മാർഷൽ... അദ്ദേഹത്തിനുള്ള നിർദ്ദേശങ്ങൾ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്... ഷെർബർഗ്ഗിലെ നേവൽ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും അറിയിച്ചത് പോലെ ഈയിടെയായി ദ്വീപുകൾക്കിടയിലുള്ള യാത്രകൾ മുഴുവനും രാത്രികാലങ്ങളിലാണ് നടത്തുന്നത്... വ്യോമമേഖലയിലെ ശത്രുവിമാനങ്ങളുടെ ആധിപത്യം തന്നെ കാരണം... അതിനാൽ കോൺഫറൻസിൽ പങ്കെടുക്കുവാനായി ജെഴ്സിയിൽ നിന്നും വ്യാഴാഴ്ച്ച രാത്രിയിലാണ് അവർ ഗ്വെൺസിയിലേക്ക് പുറപ്പെടുക... മടക്കയാത്ര ഞായറാഴ്ച്ച രാത്രിയിലും..."
"ഗുഡ്..." റോമൽ പറഞ്ഞു. "നേരം വെളുക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്കും ബെർഗറിനും ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ തിരിച്ചെത്താമെന്ന് സാരം... നിങ്ങൾ പറഞ്ഞത് പോലെ RAF ആധിപത്യം പുലർത്തുന്ന വ്യോമമേഖലയിലൂടെ..." അദ്ദേഹം ഹെയ്നിയുടെ നേർക്ക് തിരിഞ്ഞു. "എന്തു പറയുന്നു ബെർഗർ...?"
"എനിക്ക് തോന്നുന്നത്, ഒരു അഗ്നിഗോളമായി മേജറും ഞാനും കൂടി കടലിൽ പതിക്കുന്നതായിരിക്കും നല്ലതെന്നാണ്... ദി ഡെസർട്ട് ഫോക്സ് ഈസ് ഡെഡ്..." അയാൾ ചുമൽ വെട്ടിച്ചു. "ആ വാർത്തയുടെ ഭാവി സാദ്ധ്യതകൾ അനന്തമായിരിക്കുമെന്ന് താങ്കൾക്ക് സമ്മതിക്കാതിരിക്കാനാവില്ല ഹെർ ഫീൽഡ് മാർഷൽ..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
എല്ലാം ഹിറ്റ്‌ലറിന് വേണ്ടി
ReplyDeleteഅതെ... ഭ്രാന്തമായ ആവേശം ഒരു ജനതയെ അന്ധരാക്കുന്നതിന്റെ ഉദാഹരണം...
Deleteഡ്യൂപ്ലിക്കേറ്റ് റോമൽ കിടു.. സാറ കൊച്ചിന് എന്ത് വിശേഷം..ഒന്നും പറഞ്ഞില്ലല്ലോ
ReplyDeleteസാറ ഭക്ഷണം കഴിച്ചു കഴിയട്ടെ... എന്നിട്ട് അങ്ങോട്ട് ചെല്ലാം നമുക്ക്...
Deleteഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടോ... 😔
Deleteപിന്നെ അവിടെ ചെന്നിട്ട് എന്ത് കാര്യം ?
ഹ ഹ ഹ... അത് കാര്യം... 😂
Delete"ഓരോ വാക്കും അത്ഭുതത്തോടെ ആവേശഭരിതരായി ശ്രവിച്ചുകൊണ്ടിരിക്കുന്ന സൈനികർക്ക് അതിലെ യുക്തിയും യുക്തിരാഹിത്യവും ഒന്നും ഒരു പ്രശ്നമേ ആയിരുന്നില്ല."
ReplyDeleteഇപ്പോളത്തെ ചില മത-രാഷ്ട്രീയ അനുയായികളെപ്പോലെ..
കറക്റ്റ്...
Deleteഅങ്ങിനെ ഞാനും വായിച്ചു വായിച്ചു ഇവിടെ വരെ എത്തി
ReplyDeleteഇനി നീണ്ട അവധി അല്ലേ...?
Deleteഇത് ജസ്റ്റ് ഹിറ്റ്‌ലർ ആരാധകർക്ക് വേണ്ടി മാത്രമായിരുന്നു അല്ലെ
ReplyDeleteഹിറ്റ്‌ലർ അല്ല മുരളിഭായ്, റോമൽ...
Deleteമിടുക്കൻ
ReplyDeleteതീർച്ചയായും...
ReplyDelete🥰
Delete