Thursday, March 24, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 58

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ആ പെൺകുട്ടിയുടെ ഇളംമേനി തന്നോട് ചേർത്ത് ഞെരുക്കുന്നതിന്റെ ആവേശത്തിലായിരുന്നു ക്ലൈസ്റ്റ്. "ഒച്ച വയ്ക്കരുത്...!" അയാൾ പറഞ്ഞു. "നല്ല കുട്ടിയായി അനുസരിച്ചാൽ വേദനിപ്പിക്കാതെ വിടാം ഞാൻ..."


ഗ്രൈസറിന്റെ കണ്ണുകൾ തിളങ്ങി. "ഇൻസ്പെക്ടർ, എല്ലാവർക്കും മാന്യമായ വീതം... അതാണ് എന്റെ പ്രമാണം... മറക്കണ്ട..." 


ഓടിയെത്തിയ ഗാലഗർ ഒരു റഗ്ബി കളിക്കാരനെപ്പോലെ ഗ്രൈസറിനെ ചുമൽ കൊണ്ട് ഇടിച്ച് മാറ്റി. പിന്നെ ക്ലൗസ്റ്റിന്റെ ഇടതുകാൽമുട്ടിന് പിന്നിൽ ആഞ്ഞു ചവിട്ടി. മുട്ടുകുത്തി വീഴാനാഞ്ഞ അയാളുടെ അടിവയറ്റിൽ ഒരു തൊഴി കൂടി കൊടുത്തതോടെ ഭയന്നു വിറയ്ക്കുകയായിരുന്ന ആ പെൺകുട്ടിയെ അയാൾ സ്വതന്ത്രയാക്കി.


നിലത്തു നിന്നും ബാസ്കറ്റ് എടുത്ത് മേരിയ്ക്ക് കൊടുത്തിട്ട് ഗാലഗർ അവളുടെ കവിളിൽ‌ പതുക്കെ തട്ടി. "പേടിക്കണ്ട കുട്ടീ..." അദ്ദേഹം ആശ്വസിപ്പിച്ചു. "മിസ്സിസ് ഡു വിലായുടെ വീട്ടിലേക്ക് ചെല്ലൂ... ആരും നിന്നെ ഉപദ്രവിക്കാൻ പോകുന്നില്ല..."


പേടിച്ചരണ്ട മുയലിനെപ്പോലെ അവൾ ഓടിപ്പോയി. വീണ്ടും ആ ജർമ്മൻകാരുടെ നേർക്ക് തിരിഞ്ഞ ഗാലഗർ കണ്ടത് തീ പാറുന്ന കണ്ണുകളോടെ നീട്ടിപ്പിടിച്ച മോസറുമായി നിൽക്കുന്ന ഏണസ്റ്റ് ഗ്രൈസറിനെയാണ്. "അരുത് ഏണസ്റ്റ്... ഇത് എന്റെ ഓർഡറാണ്... ഇയാൾ എനിക്കുള്ളതാണ്..." നിലത്ത് നിന്നും വിഷമിച്ച് എഴുന്നേറ്റ ക്ലൈസ്റ്റ് തന്റെ റെയിൻകോട്ട് ഊരിമാറ്റി. "എല്ലാ ഐറിഷുകാരെയും പോലെ നി‌‌ങ്ങളും ഒരു മുഴു വട്ടനാണല്ലേ...? നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം... നിങ്ങളുടെ രണ്ടു കൈകളും ഞാൻ ശരിയാക്കിത്തരാം..."


"പാതി ഐറിഷുകാരൻ... അതിനാൽ അര വട്ട് മാത്രമേയുള്ളൂ... പറയുന്നത് ശരിയായിരിക്കണമെന്ന് നിർബ്ബന്ധമുണ്ടെനിക്ക്..." ഷോൺ ഗാലഗർ തന്റെ റെയിൻകോട്ട് ഊരി ഒരു വശത്തേക്കെറിഞ്ഞു. "എന്റെ മുത്തശ്ശൻ ഹാർവി ലെ ബ്രോക്കിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലായിരുന്നോ... പന്ത്രണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം പായ്‌വഞ്ചിയുമായി കടലിലേക്കിറങ്ങു‌ന്നത്... പിന്നെ ഓസ്ട്രേലിയയിൽ നിന്നും ധാന്യവുമായി വരുന്ന പായ്ക്കപ്പലിൽ മുഖ്യ നാവികനായി... ഇരുപത്തിമൂന്ന് വയസ്സായപ്പോഴേക്കും പന്ത്രണ്ട് തവണ ഹോൺ മുനമ്പ് ചുറ്റിക്കഴിഞ്ഞിരുന്നു അദ്ദേഹം..."


"ഈ വാചകക്കസർത്ത് കൊണ്ടൊന്നും ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല..." അദ്ദേഹത്തെ വട്ടം ചുറ്റിക്കൊണ്ട് ക്ലൈസ്റ്റ് പറഞ്ഞു. 


ഒന്ന് തിരിഞ്ഞ്, സകല ശക്തിയുമാവാഹിച്ച് പ്രഹരിക്കുവാനായി അയാൾ ഗാലഗറിന് നേരെ കുതിച്ചു. എന്നാൽ ഗാലഗറാകട്ടെ, നിഷ്പ്രയാസം അതിൽ നിന്നും ഒഴിഞ്ഞു മാറി. "അന്നത്തെ കാലത്തൊക്കെ മുഖ്യ നാവികനാവാനുള്ള യോഗ്യത കൈക്കരുത്ത് മാത്രമായിരുന്നു... അത് അദ്ദേഹത്തിന് ആവശ്യത്തിലധികം ഉണ്ടായിരുന്നു താനും..." ഗാലഗറിന്റെ മുഷ്ടി ക്ലൈസ്റ്റിന്റെ ഇടതു കണ്ണിന് താഴെ പതിച്ചത് ഞൊടിയിടയിലായിരുന്നു. "മുത്തശ്ശന്റെ കൂടെ താമസിക്കാനായി ബാലനായ ഞാൻ അയർലണ്ടിൽ നിന്നും എത്തുമ്പോൾ എന്റെ സംസാരത്തിലെ വ്യത്യസ്തത കണ്ട് ഗ്രാമത്തിലെ ചെക്കന്മാർ വല്ലാതെ ഉപദ്രവിക്കുമായിരുന്നു... കരഞ്ഞു കൊണ്ട് വീട്ടിലെത്തുന്ന എന്നെ മുത്തശ്ശ‌ൻ പുറത്ത് കൊണ്ടുപോയി പല പാഠങ്ങളും പഠിപ്പിച്ചു തന്നു... സയൻസ്, ടൈമിങ്ങ്, പ്രഹരം... അതിലാണ് കാര്യം... അല്ലാതെ ആളുടെ വലിപ്പത്തിലല്ല... അത്രയൊന്നും വിദ്യാഭ്യാസം ഉള്ള ആളായിരുന്നില്ല അദ്ദേഹം... എങ്കിലും ക്രൂരന്മാരെയും ദുഷ്ടന്മാരെയും ഈ ഭൂമുഖത്ത് വളർന്നു വരുവാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല..."


അദ്ദേഹം ഒഴിഞ്ഞു മാറിയത് കൊണ്ട് ആ ജർമ്മൻകാരന്റെ ഓരോ ഇടിയും വായുവിൽ പതിക്കുകയാണുണ്ടായത്. ഒപ്പം‌ ഗാലഗറിന്റെ പ്രഹരങ്ങൾ ഒന്നു പോലും പാഴാവാതെ ലക്ഷ്യം കാണുകയും ചെയ്തു. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് സാറയും മർട്ടിനോയും മേരിയും‌ ഏതാനും വാര അകലെ കുന്നിൻ ചെരുവിൽ നിൽക്കുന്നുണ്ടായിരുന്നു. ഗാലഗറിന്റെ ഇടി കൊണ്ട് ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ് താഴെ പുൽക്കാട്ടിലേക്ക് വീണു.


പെട്ടെന്നാണ് ഗാലഗറിന്റെ വലതുകാൽ വഴുതി ആ ചെരുവിലൂടെ താഴോട്ട് ഉരുണ്ടത്. കിട്ടിയ അവസരം മുതലാക്കിയ ക്ലൈസ്റ്റ് തന്റെ കാൽമുട്ട്  കരണം മറിഞ്ഞ് ഉരുണ്ടുവരുന്ന ഗാലഗറിന്റെ നെറ്റിത്തടത്തിലേക്ക് വച്ചു കൊടുത്തത്. ഒപ്പം ഒരു ചവിട്ടാനൊരു ശ്രമവും. ദൂരേയ്ക്ക് ഉരുണ്ടു മാറിയ ഗാലഗർ മുട്ടുകുത്തി എഴുന്നേറ്റു.


"എന്റെ ദൈവമേ, നേരെയൊന്ന് ചവിട്ടാൻ പോലും‌ ഇയാൾക്ക് അറിയില്ലെന്നോ...!" 


പതുക്കെ മുകളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഗാലഗറിന് നേരെ കൊല്ലാനുള്ള വാശിയോടെ സർവ്വശക്തിയുമെടുത്ത് ക്ലൈസ്റ്റ് കുതിച്ചു. അതിവിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയ ഗാലഗർ കാൽ നീട്ടി അയാളുടെ കാലിൽ ചെറുതായി തട്ടി. അടി തെറ്റിയ ക്ലൈസ്റ്റ് ധാന്യപ്പുരയുടെ ചുമരിലേക്ക് തലയിടിച്ച് വീണു. അയാളുടെ അടിവയറിന്റെ ഇരുവശങ്ങളിലുമായി ഓരോ ചവിട്ടും ഗാലഗർ കൊടുത്തു. വേദനയാൽ അലറി വിളിച്ച അയാളെ പിടിച്ചെഴുന്നേൽപ്പിച്ച് അദ്ദേഹം വട്ടം കറക്കി. ശേഷം കുപ്പായത്തിന്റെ കോളറിൽ പിടിച്ച് തന്റെ നെറ്റിത്തടം കൊണ്ട് ആ ജർമ്മൻകാരന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു. കോളറിൽ നിന്നു പിടുത്തം വിട്ട് അദ്ദേഹം പിന്നോട്ട് മാറിയതും ക്ലൈസ്റ്റ് താഴോട്ട് കുഴഞ്ഞു വീണു.


"ബാസ്റ്റഡ്...!" ഗ്രൈസർ അലറി.


തിരിഞ്ഞു നോക്കിയ ഗാലഗർ കണ്ടത് നീട്ടിപ്പിടിച്ച മോസറുമായി നിൽക്കുന്ന ഗ്രൈസറിനെയാണ്. ആ നിമിഷമാണ്  ഒരു വെടിയൊച്ച കേട്ടതും ഗ്രൈസറിന്റെ  കാൽച്ചുവട്ടിൽ നിന്നും മണ്ണും പൊടിയും മുകളിലേക്ക് തെറിച്ചതും. അമ്പരന്ന അവർ തിരിഞ്ഞു നോക്കി. കൈയ്യിൽ വാൾട്ടർ ഗണ്ണുമായി മാർട്ടിനോ ആ ചെരിവിറങ്ങി വരുന്നുണ്ടായിരുന്നു.


"ആ തോക്ക് താഴെയിടൂ..." മാർട്ടിനോ ആജ്ഞാപിച്ചു.


അദ്ദേഹത്തെ തുറിച്ചു നോക്കിക്കൊണ്ട് ഗ്രൈസർ അവിടെത്തന്നെ നിന്നു. പാടുപെട്ട് എഴുന്നേറ്റ ക്ലൈസ്റ്റ് അവനോട് പറഞ്ഞു. "അദ്ദേഹം പറയുന്നത് അനുസരിക്കൂ ഏണസ്റ്റ്..."


ഗ്രൈസർ തോക്ക് താഴെയിട്ടു. "ഗുഡ്..." മാർട്ടിനോ പറഞ്ഞു. "ജർമ്മൻ സാമ്രാജ്യം വിഭാവനം ചെയ്യുന്ന ആശയങ്ങൾക്ക് തീർച്ചയായും അപമാനമാണ് നിങ്ങൾ... ഇക്കാര്യം നിങ്ങളുടെ കമാൻഡിങ്ങ് ഓഫീസറുമായി ഞാൻ ചർച്ച ചെയ്യുന്നതായിരിക്കും... തൽക്കാലം നിങ്ങൾ ഇരുവർക്കും പോകാം..."


ക്ലൈസ്റ്റിനെ നടക്കാൻ സഹായിക്കാനായി ഗ്രൈസർ കൈ നീട്ടി. എന്നാൽ ദ്വേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റിയിട്ട് ക്ലൈസ്റ്റ് മരക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നകന്നു. ഗാലഗർ തിരിഞ്ഞ് മേരിയെ നോക്കി വിളിച്ചു പറഞ്ഞു. "മിസ്സിസ് ഡു വിലായുടെ വീട്ടിലേക്ക് ചെല്ലൂ കുട്ടീ..."


ബാസ്കറ്റുമായി അവൾ വീട്ടിലേക്ക് തിരിച്ചു. സാറ തന്റെ ഹാൻഡ്കർച്ചീഫ് എടുത്ത് ഗാലഗറിന്റെ ചുണ്ടിലെ രക്തം തുടച്ചു കളഞ്ഞു.  "ഐറിഷുകാർക്ക് ജെഴ്സിയിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല..."


"നല്ലൊരു ദിനം... ദൈവത്തിന് നന്ദി പറയാം..." ഇലച്ചാർത്തുകൾക്കിടയിലൂടെ അദ്ദേഹം ആകാശത്തേക്ക് നോക്കി. "കാലാവസ്ഥ ഇനിയും നന്നാകുമെന്ന് തോന്നുന്നു..." പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "താങ്കളുടെ കൈയ്യിൽ സിഗരറ്റ് ഉണ്ടാവുമോ ഒരെണ്ണമെടുക്കാൻ...? ഞാൻ എടുക്കാൻ മറന്നു പോയി..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. "പാതി ഐറിഷുകാരൻ... അതിനാൽ അര വട്ട് മാത്രമേയുള്ളൂ..."

    അത് പൊളിച്ചു :D :D

    ReplyDelete
    Replies
    1. ലിയാം ഡെവ്‌ലിനെ ഓർമ്മ വന്നു അല്ലേ...?

      Delete
  2. സംഘട്ടന രംഗങ്ങൾക്ക് ശേഷം കാലാവസ്ഥ മാറുമോ

    ReplyDelete
    Replies
    1. അല്ലെങ്കിലേ ക്ലൈസ്റ്റിന് സംശയമുണ്ട് സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ എന്ന മാർട്ടിനോയെ... ഇതുംകൂടി ആയപ്പോൾ ഇനി എന്താകുമെന്ന് കണ്ടറിയണം സുകന്യാജീ...

      Delete
  3. നല്ല സിംപിൾ സംഘട്ടനം...

    ReplyDelete
  4. കുറച്ചൂടെ പ്രതീക്ഷിച്ചു.

    ReplyDelete
    Replies
    1. ആക്രാന്തം പാടില്ല സുധീ...

      Delete