Tuesday, April 12, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 59

ഈ നോവൽ തുടക്കം‌ മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - പതിനൊന്ന്


സെന്റ് ഓബിൻ ടൗണിലൂടെ ബെൽ റോയൽ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യവേ മാർട്ടിനോയും സാറയും ഇരുവശവും വീക്ഷിക്കുകയായിരുന്നു. പലയിടങ്ങളിലും മിലിട്ടറി ഗൺ പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നു. തെളിഞ്ഞ നീലാകാശം. ജ്വലിച്ച് നിൽക്കുന്ന സൂര്യൻ. എന്നിരുന്നാലും ഫോർട്ട് എലിസബത്തിനപ്പുറം ചക്രവാളത്തിൽ ഇരുളിന്റെ തിരശ്ശീല വലിച്ചു കെട്ടിയത് പോലെ കാർമുകിൽക്കൂട്ടം.


"മഴ…" അവൾ പറഞ്ഞു. "ഇതാണ് ജെഴ്സിയിലെ വസന്തകാലത്തിന്റെ നേർചിത്രം… മനം മയക്കുന്ന തെളിഞ്ഞ കാലാവസ്ഥയിൽ പൊടുന്നനെ കടലിൽ നിന്നും ഇരമ്പിയെത്തുന്ന മഴ… ചിലപ്പോഴത് ഏതാനും മിനിറ്റുകൾ നേരത്തേക്ക് മാത്രമായിരിക്കും…"


"ഞാൻ പ്രതീക്ഷിച്ചതിലും ചൂടാണല്ലോ ഇവിടെ..." അദ്ദേഹം പറഞ്ഞു. "മെഡിറ്ററേനിയൻ കാലാവസ്ഥ പോലെ..." പാതയോരത്തെ പച്ചപ്പിലേക്ക് അദ്ദേഹം കണ്ണോടിച്ചു. "പ്രത്യേകിച്ചും ആ പനകൾ... ഈ നാട്ടിൽ ഞാനത് പ്രതീക്ഷിച്ചില്ല..."


അവൾ പിറകോട്ട് ചാരി കണ്ണടച്ച് ഇരുന്നു. "വസന്തകാലത്ത് ഈ ദ്വീപിന് ഒരു പ്രത്യേക ഗന്ധമുണ്ട്... ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഒന്ന്..." കണ്ണ് തുറന്ന് അവൾ പുഞ്ചിരിച്ചു. "എന്നിലെ ഡു വിലാ രക്തമാണ് ഇപ്പോൾ സംസാരിക്കുന്നത്... ഈ ദ്വീപിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്ന് കരുതിക്കോളൂ... അതു പോട്ടെ, റ്റെൽ മീ സംതിങ്ങ്... നിങ്ങൾ എന്തുകൊണ്ടാണ് യൂണിഫോം വേണ്ട എന്ന് വച്ചത്...?"


ഒരു ലെതർ ട്രെഞ്ച് കോട്ടാണ് അദ്ദേഹം ധരിച്ചിരുന്നതെങ്കിലും അതിനടിയിൽ ചാരനിറമുള്ള സ്യൂട്ടും വെള്ള ഷർട്ടും കറുത്ത ടൈയുമാണ് അണിഞ്ഞിരുന്നത്. മുൻഭാഗവും പിൻഭാഗവും ഇറങ്ങി നിൽക്കുന്ന ഹാറ്റിന്റെ നിറവും കറുപ്പായിരുന്നു.


"അതൊരു തന്ത്രം..." അദ്ദേഹം പറഞ്ഞു. "ഞാൻ ഇവിടെ എത്തിയ കാര്യം ഒട്ടുമിക്ക ഒഫിഷ്യലുകൾക്കും ഇപ്പോൾ അറിയാം... ഞാൻ ആരാണെന്നും... അതിന് നന്ദി പറയേണ്ടത് മുള്ളറോടാണ്... എനിക്ക് വേണ്ടെന്ന് തോന്നിയാൽ യൂണിഫോം അണിയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്...  SD ഓഫീസർമാർ പൊതുവേ സിവിലിയൻ ഡ്രെസ്സാണ് ധരിക്കാറുള്ളത്... ഞങ്ങളുടെ അധികാരത്തിന് അടിവരയിടുന്നു അത്... ജനങ്ങളിൽ കുറേക്കൂടി ഭീതി പരത്താൻ ഉപകരിക്കും..."


"ഞങ്ങളുടെ അധികാരം എന്നാണ് നിങ്ങൾ പ്രയോഗിച്ചത്..."


"ശരിക്കും...?"


"അതെ... ചിലപ്പോഴെങ്കിലും നിങ്ങൾ എന്നെയും ഭയപ്പെടുത്തുന്നു ഹാരീ..."


ക്യൂബൽവാഗൺ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി അദ്ദേഹം എഞ്ചിൻ ഓഫ് ചെയ്തു. "ഇനി നമുക്ക് അല്പം നടക്കാം..."


വാഹനത്തിൽ നിന്ന് ഇറങ്ങുവാൻ അദ്ദേഹം അവളെ സഹായിച്ചു. ദൂരെ നിന്ന് എത്തിയ മിലിട്ടറി ട്രെയിൻ കടന്നു പോകുന്നതിനായി ഏതാനും നിമിഷങ്ങൾ അവർ കാത്തു നിന്നു. ട്രെയിൻ വേഗതയോടെ പാഞ്ഞു പോയതും ട്രാക്ക് ക്രോസ് ചെയ്ത് അവർ കടൽഭിത്തിയുടെ നേർക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന കഫേ അടഞ്ഞു കിടക്കുകയാണ്. ഒരു പക്ഷേ, യുദ്ധത്തിന് മുമ്പേ തന്നെ പ്രവർത്തനം അവസാനിപ്പിച്ചതായിരിക്കാം. അധികം  അകലെയല്ലാതെ വലിയൊരു ബങ്കർ കാണാനുണ്ടായിരുന്നു.


കടൽഭിത്തിയ്ക്ക് സമീപം ചെറുപ്പക്കാരായ രണ്ട് സൈനികർ അവർക്കിടയിൽ വച്ചിരിക്കുന്ന റേഡിയോയിലൂടെ വരുന്ന സംഗീതം ശ്രവിച്ചുകൊണ്ടിരിക്കുന്നു. താഴെ മണൽപ്പരപ്പിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ വീക്ഷിച്ചു കൊണ്ട് അവരുടെ അമ്മമാർ മതിലിൽ ചാരി സൂര്യന് അഭിമുഖമായി ഇരിക്കുന്നുണ്ട്. ഏതാനും ജർമ്മൻ സൈനികർ കടലിൽ നീന്തിക്കൊണ്ടിരിക്കുന്നു. അവരുടെയിടയിൽ രണ്ടോ മൂന്നോ യുവതികളും ഉല്ലസിക്കുന്നുണ്ട്.


മാർട്ടിനോയും സാറയും ചുമരിൽ ചാരി നിന്നു. "എന്തേ, ഗൃഹാതുരത്വം തോന്നുന്നുവോ...?" ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു.


ഗൂഢമായ ആനന്ദത്തോടെ സാറയുടെ നേരെ നോക്കിയ ആ യുവസൈനികർ മാർട്ടിനോയുടെ രൂക്ഷമായ നോട്ടം കണ്ട് തല തിരിച്ചു. "അതെ..." അവൾ പറഞ്ഞു. "പക്ഷേ, ഞാൻ വിചാരിച്ചത് പോലെയല്ല..."


"ശ്രദ്ധിച്ച് നോക്കിയാൽ നിനക്ക് മനസ്സിലാവും, ബീച്ചിലുള്ള സൈനികരിൽ അധികവും പയ്യന്മാരാണ്... ഏറിയാൽ ഇരുപത് വയസ്സ്... വെറുപ്പ് എന്താണെന്ന് അറിയില്ല അവർക്ക്... നാസികളുടെ കാര്യത്തിൽ ഇത് ബാധകമല്ല കേട്ടോ... അവർ എന്താണെന്ന് നമുക്കറിയാം... പക്ഷേ, ജർമ്മൻ യൂണിഫോമിലുള്ള ഒരു ശരാശരി ഇരുപതുകാരൻ..." അദ്ദേഹം ചുമൽ വെട്ടിച്ചു. "അവൻ വെറുമൊരു ഇരുപതുകാരൻ മാത്രമാണ്... യൂണിഫോമിലാണെങ്കിൽപ്പോലും..."


"നിങ്ങളുടെ ചിന്താഗതി ശരിക്കും എന്താണ് ഹാരീ...? എങ്ങോട്ടാണ് നിങ്ങളുടെ യാത്ര...?" തന്റെ മനസ്സിലെ ചിന്താക്കുഴപ്പം അടക്കി വയ്ക്കാനായില്ല അവൾക്ക്.


"മുമ്പ് നിന്നോട് പറഞ്ഞിരുന്നത് പോലെ, ഞാനൊരു അസ്തിത്വവാദിയാണ്... ആക്ഷൻ ദിസ് ഡേ... അങ്ങനെയല്ലേ ചർച്ചിൽ പറയാറുള്ളത്...? നാസികളെ തോല്പിക്കുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്... കാരണം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് അവർ എന്നത് തന്നെ... മാനവികതയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഹിറ്റ്‌ലറുടെ തത്വശാസ്ത്രം..."


"എന്നിട്ട്, എല്ലാം അവസാനിച്ചു കഴിഞ്ഞതിന് ശേഷം...? എന്തു ചെയ്യും നിങ്ങൾ...?"


മതിൽ ചാരി കടലിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് അദ്ദേഹം നിന്നു. "കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനുകളെ വലിയ ഇഷ്ടമായിരുന്നു എനിക്ക്... പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ... നീരാവിയുടെ ഗന്ധം... അകലെ അകന്ന് അലിഞ്ഞു പോകുന്ന ചൂളം വിളിയുടെ ശബ്ദം... രാത്രി യാമങ്ങളിൽ, മഹത്തായ വിക്ടോറിയൻ ശൈലിയിലുള്ള സ്റ്റേഷനുകളിലെ വിജനമായ പ്ലാറ്റ്ഫോമുകൾ... എങ്ങോട്ടെങ്കിലും പോകാനായിട്ടുള്ള കാത്തിരിപ്പ്... ഞാനത് അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതോടൊപ്പം വല്ലാത്തൊരു ഉദ്വേഗവും ഉളവാക്കിയിരുന്നുവത്... അബദ്ധത്തിൽ വേറെ വല്ല ട്രെയിനിലും കയറിപ്പോയാലോ എന്ന ഭയം..." അദ്ദേഹം അവളുടെ നേർക്ക് തിരിഞ്ഞു. "ട്രെയിൻ ഓടിത്തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങുക അസാദ്ധ്യം..."


"പാതിരാത്രിയിലെ സ്റ്റേഷൻ ഒരു ദുഃശകുനമാണ്..." അവൾ പറഞ്ഞു. "ഹോപ്പ് ഈസ് എ ഡെഡ് ലെറ്റർ..."


അദ്ദേഹം അവളെ തുറിച്ചു നോക്കി. "നീ ഇപ്പോൾ പറഞ്ഞ ആ വാക്യം... എവിടെയാണ് നീയത് കേട്ടത്...?"


"നിലവാരമില്ലെന്ന് സ്വയം കരുതിയ നിങ്ങളുടെ കവിതകളിൽ ഒന്ന്..." അവൾ പറഞ്ഞു. "കോട്ടേജിൽ വച്ച് നിങ്ങളെ ആദ്യമായി ഞാൻ കണ്ടുമുട്ടിയ ആ ദിനം... ബ്രിഗേഡിയർ മൺറോ അത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു... അദ്ദേഹത്തിൽ നിന്നും പിടിച്ചു വാങ്ങി ചുരുട്ടിക്കൂട്ടി നിങ്ങളത് നെരിപ്പോടിനുള്ളിലേക്കെറിഞ്ഞു..."


"എന്നിട്ട് നീയത് തിരിച്ചെടുത്തുവോ...?"


"അതെ..."


അദ്ദേഹം ദ്വേഷ്യപ്പെടുമെന്ന് ഒരു നിമിഷം അവൾ ശങ്കിച്ചു. പക്ഷേ, മാർട്ടിനോ മന്ദഹസിക്കുകയാണുണ്ടായത്. "ഒരു മിനിറ്റ് ഇവിടെ നിൽക്കൂ..." അദ്ദേഹം റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് ക്യൂബൽവാഗണ് അരികിലെത്തി ഡോർ തുറന്നു. ഒരു ചെറിയ കൊഡാക്ക് ക്യാമറയുമായിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. "ഹെലൻ തന്നതാണിത്... ഇതിനുള്ളിലെ ഫിലിമിന് നാലു വർഷത്തെ പഴക്കമുണ്ട്, എടുക്കുന്ന ഫോട്ടോകൾക്ക് ഗ്യാരണ്ടിയൊന്നും ഉണ്ടാവില്ലെന്ന് അവർ പറഞ്ഞിരുന്നു..."


അദ്ദേഹം ആ സൈനികരുടെ അടുത്തേക്ക് ചെന്നു. അവരോട് എന്തോ സംസാരിക്കുന്നതും തൊട്ടു പിന്നാലെ അവർ അറ്റൻഷനായി ഭവ്യതയോടെ നിൽക്കുന്നതും അവൾ കണ്ടു. ക്യാമറ അവരിലൊരാളെ ഏൽപ്പിച്ചിട്ട് അദ്ദേഹം തിരികെയെത്തി.


"പുഞ്ചിരിക്കാൻ മറക്കണ്ട..." ഒരു സിഗരറ്റിന് തീ കൊളുത്തി ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ഇരുകൈകളും ട്രെഞ്ച്കോട്ടിന്റെ പോക്കറ്റുകൾക്കുള്ളിൽ തിരുകി. 

  

"എന്തിനാണിത്...?" അദ്ദേഹത്തിന്റെ കൈമുട്ടിന്റെ മുകൾഭാഗത്ത് പിടിച്ചു നിന്നുകൊണ്ട് അവൾ ചോദിച്ചു. 


"വല്ലപ്പോഴും എന്നെക്കുറിച്ച് ഓർമ്മിക്കാൻ..."


അതു കേട്ടതും എന്തോ ഒരു വല്ലായ്മ തോന്നി അവൾക്ക്. അദ്ദേഹത്തിന്റെ കൈകളിൽ അവൾ ഒന്നു കൂടി മുറുകെ പിടിച്ചു. ആ യുവസൈനികൻ ക്യാമറ ക്ലിക്ക് ചെയ്തു. "ഒരെണ്ണം കൂടി..." ജർമ്മൻ ഭാഷയിൽ മാർട്ടിനോ അവനോട് പറഞ്ഞു. "ഒരു ഉറപ്പിനു വേണ്ടി..."


നാണം കലർന്ന പുഞ്ചിരിയോടെ ആ പയ്യൻ ക്യാമറ തിരിച്ചേൽപ്പിച്ചു. പിന്നെ സല്യൂട്ട് ചെയ്തിട്ട് നടന്നകന്നു. "നിങ്ങൾ ആരാണെന്ന് അവനോട് പറഞ്ഞുവോ...?" അവൾ ചോദിച്ചു.


"തീർച്ചയായും..." അദ്ദേഹം അവളുടെ കരം കവർന്നു. "വരൂ, നമുക്ക് പോകാൻ നോക്കാം... കുറേയേറെ കാര്യങ്ങളുണ്ട് ചെയ്തു തീർക്കാൻ..." റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് അവർ ക്യൂബൽവാഗണ് നേരെ നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


11 comments:

  1. കുറേയേറെ കാര്യങ്ങളുണ്ട് ചെയ്തു തീർക്കാൻ..."
    വെടിയും പുകേം തുടങ്ങാൻ നേരം ആയോ




    വിനുവേട്ടാ .. ഭീഷണിപ്പെടുത്തിയത് കൊണ്ട് തേങ്ങാ നോം എടുക്കുന്നു ..
    ആ ജിമ്മനും ശ്രീയും ഒക്കെ വരാണെന്നു മുൻപേ പോട്ടെ

    ReplyDelete
    Replies
    1. ഉണ്ടാപ്രി പേടിയുള്ളോനാ... സോറി, സ്നേഹമുള്ളോനാ... 😃

      Delete
  2. ചുണ്ടിൽ സിഗരറ്റും പുകച്ച്, കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി നിൽക്കുന്ന മാർട്ടിനോയും കൂടെ സാറയും.. പഴക്കമുള്ള ഫിലിമിൽ ആണ് ഫോട്ടോ പതിഞ്ഞോ എന്നുറപ്പില്ല.. പക്ഷേ വായനക്കാരന്റെ മനസ്സിൽ ഉറപ്പായും പതിഞ്ഞിരിക്കുന്നു.. ഇല്ല, മറക്കില്ല..

    അക്ഷരങ്ങൾ കൊണ്ട് അത്ഭുതം വിരിയിച്ച അനുഗ്രഹീത എഴുത്തുകാരന് വിട. കഴിഞ്ഞ ദിവസം അന്തരിച്ച ജാക്കേട്ടന് (Henry Patterson) ആദരാഞ്ജലി 🙏

    ReplyDelete
    Replies
    1. സത്യം... മായ്ക്കാനാവാത്ത ചിത്രം...

      ജാക്കേട്ടൻ ഇനി നമ്മോടൊപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു ശൂന്യത... 😓

      Delete
  3. പുഞ്ചിരിക്കാൻ മറക്കണ്ട..ഫോട്ടോയും എടുത്തു.

    ജാക്കേട്ടൻ എന്ന് നമ്മൾ വിളിക്കുന്ന അതുല്യ കഥാകാരന് പ്രണാമം.

    ReplyDelete
  4. ഇപ്പോ ആയിരുന്നേൽ സെൽഫി ആകാരുന്നു 😁

    ReplyDelete