Friday, May 6, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 62

ഈ നോവൽ തുടക്കം മുതൽ വായിക്കുന്നതിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...


സമയം ധാരാളമുണ്ടായിരുന്നതു കൊണ്ട് ടൗൺ ഒന്ന് ചുറ്റിക്കാണുവാൻ മാർട്ടിനോ തീരുമാനിച്ചു. സൈനികരെക്കാളും‌ കൂടുതൽ സിവിലിയൻസ് തന്നെയായിരുന്നു അവിടെങ്ങും. ഒട്ടുമിക്ക പേരും മെലിഞ്ഞ് ക്ഷീണിച്ചവരായി കാണപ്പെട്ടു. യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ തികച്ചും സ്വാഭാവികം. പഴകി പിഞ്ഞിത്തുടങ്ങിയ വസ്ത്രങ്ങൾ. എന്നാൽ, സ്കൂളിൽ പഠിക്കുന്നവരാണെന്ന് തോന്നുന്നു, അദ്ദേഹം കണ്ട ഏതാനും കുട്ടികൾ പ്രതീക്ഷിച്ചതിലും ഭേദപ്പെട്ട വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എത്ര ദാരിദ്ര്യമാണെങ്കിലും തങ്ങളുടെ മക്കൾക്ക് ഒരു കുറവുമുണ്ടാകരുതെന്നാണല്ലോ മാതാപിതാക്കളുടെ ആഗ്രഹം.


അതെ, ജനങ്ങൾ ഈ അവസ്ഥയോട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. സമൂഹ അടുക്കളകളും ബേക്കറികളും ഒക്കെയായി പട്ടിണി ഒഴിവാക്കാൻ നടത്തുന്ന കഠിനപ്രയത്നത്തെക്കുറിച്ച് ഹെലൻ ഡു വിലാ പറഞ്ഞത് അദ്ദേഹം ഓർത്തു. യഥാർത്ഥത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നത് പട്ടണത്തിൽ ഉള്ളവരാണെന്ന് അദ്ദേഹത്തിന് തോന്നി. ക്വീൻസ് സ്ട്രീറ്റിൽ എത്തിയതും അല്പമകലെ പാതയോരത്ത് വലിയൊരു ആൾക്കൂട്ടം കണ്ട അദ്ദേഹം അങ്ങോട്ട് നടന്നു. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഒരു കടയുടെ ചില്ലുജാലകത്തിലേക്കായിരുന്നു അവിടെയുള്ളവരെല്ലാം നോക്കിക്കൊണ്ട് നിന്നിരുന്നത്.


എല്ലാ തരത്തിലുമുള്ള ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ടിന്നിലടച്ച ഭക്ഷണ പദാർത്ഥങ്ങൾ, ഉരുളക്കിഴങ്ങിന്റെയും ധാന്യപ്പൊടികളുടെയും ചാക്കുകൾ, റെഡ് വൈനിന്റെയും ഷാംപെയ്നിന്റെയും കുപ്പികൾ എന്നു വേണ്ട, സകലതും. പക്ഷേ, ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ദയനീയമായ നോട്ടം മാത്രം. ജാലകത്തിന് സമീപം ഇങ്ങനെ ഒരു ബോർഡ് എഴുതി വച്ചിട്ടുണ്ടായിരുന്നു. Black market goods. The enemy may be your own neighbor. Help defeat him. അതിന് ചുവട്ടിൽ മുള്ളർ സൈൻ ചെയ്തിട്ടുണ്ടായിരുന്നു. അവിടെ കൂടി നിൽക്കുന്ന ദരിദ്രജനതയുടെ മുഖങ്ങളിലെ വേദന സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മാർട്ടിനോ തിരിഞ്ഞ് ഷാരിങ്ങ് ക്രോസ് ലക്ഷ്യമാക്കി നടന്നു.


സ്റ്റെയർകെയ്സ് കയറി സലൂണിൽ എത്തുമ്പോൾ കണ്ണാടിയിൽ നോക്കി തന്റെ ഹാറ്റ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു സാറ. മനോഹരമായിട്ടുണ്ട് അവളുടെ മുടി. കോട്ട് അണിയുവാൻ അവളെ അദ്ദേഹം സഹായിച്ചു.


"താങ്കൾക്ക് തൃപ്തിയായോ...?" എമിലി ജോൺസൻ ചോദിച്ചു.


"തീർച്ചയായും..." തന്റെ പേഴ്സ് തുറന്ന് പത്ത് മാർക്കിന്റെ ഒരു നോട്ട് എടുത്ത് അദ്ദേഹം നീട്ടി.


"വേണ്ട...!" അവരുടെ രോഷം തിളച്ചു മറിഞ്ഞു. "എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല... ഇവളുടെ മുടി ശരിയാക്കാൻ നിങ്ങൾ ആജ്ഞാപിച്ചു... ഞാനത് ശരിയാക്കുകയും ചെയ്തു..." രോഷവും വേദനയും എല്ലാം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു. "ജസ്റ്റ് ഗോ..."


സാറയേയും കൊണ്ട് മാർട്ടിനോ പുറത്തിറങ്ങി. എന്നിട്ട് തിരിഞ്ഞ അദ്ദേഹത്തിന്റെ സ്വരം എമിലി ജോൺസനെ അമ്പരപ്പിച്ചു കൊണ്ട് അവിശ്വസനീയമാം വിധം സൗമ്യമായിരുന്നു. അതുവരെ അഭിനയിച്ചു കൊണ്ടിരുന്ന ക്രൂരനായ SS ഓഫീസറുടെ റോളിൽ നിന്നും അദ്ദേഹം പുറത്തു വന്നു. "ഐ സല്യൂട്ട് യൂ മിസ്സിസ് ജോൺസൻ... യൂ ആർ എ ബ്രേവ് വുമൻ..."


അദ്ദേഹത്തിന് പിന്നിൽ വാതിൽ അടഞ്ഞു. കസേരയിലേക്ക് തളർന്നിരുന്ന്, മുഖം പൊത്തി അവർ പൊട്ടിക്കരഞ്ഞു.



                                                      ***


ഹവിയർ ഡി പാസിൽ സിൽവർടൈഡ് ഹോട്ടലിന്റെ പാർക്കിങ്ങ് ഏരിയയിൽ കിടക്കുന്ന കാറുകൾക്കരികിൽ മാർട്ടിനോ തന്റെ ക്യൂബൽ‌വാഗൺ പാർക്ക് ചെയ്തു. "ഞാൻ അധികം സമയം എടുക്കില്ല..."


അവൾ പുഞ്ചിരിച്ചു. "എന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ട... ഞാൻ ആ കടൽഭിത്തിയുടെ അരികിലൂടെ ഒന്ന് നടന്നിട്ടു വരാം... കുട്ടിക്കാലത്ത് ഇവിടെ നീന്താൻ വരാറുണ്ടായിരുന്നു ഞാൻ..."


"നിന്റെ ഇഷ്ടം പോലെ... പക്ഷേ, അപരിചിതരായ പുരുഷന്മാരോട് സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക..."


മാർട്ടിനോ കാർ പാർക്ക് ചെയ്യുന്നത് മുള്ളർ തന്റെ ഓഫീസിലെ ജാലകത്തിലൂടെ കണ്ടിരുന്നു. റിസപ്ഷനിൽ പ്രവേശിച്ചതും സിവിൽ ഡ്രെസ്സ് ധരിച്ച ചെറുപ്പക്കാരനായ ഒരു മിലിട്ടറി പോലീസുകാരൻ അദ്ദേഹത്തെ സ്വീകരിക്കാനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. "സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ...? ഇതിലേ വന്നാലും പ്ലീസ്..."


മാർട്ടിനോയെ മുള്ളറുടെ ഓഫീസിൽ എത്തിച്ചിട്ട് വാതിൽ ചാരി അയാൾ തിരികെ പോയി. തന്റെ മേശയ്ക്ക് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു ക്യാപ്റ്റൻ മുള്ളർ. "കാണാൻ സാധിച്ചതിൽ വളരെ സന്തോഷം..."


"എന്ന് പറയണമെന്ന് എനിക്കുമുണ്ട് ആഗ്രഹം... പക്ഷേ..." മാർട്ടിനോ ഒന്ന് നിർത്തി. "ക്ലൈസ്റ്റിനോടും ഗ്രൈസറിനോടും സംസാരിച്ചുവോ നിങ്ങൾ...?"


"ഡു വിലാ പ്ലേസിൽ വച്ച് സംഭവിച്ച തെറ്റിദ്ധാരണയെക്കുറിച്ചാണോ...? തീർച്ചയായും... അവർ അതേക്കുറിച്ച് വിശദീകരണം തന്നിരുന്നു..."


"തെറ്റിദ്ധാരണ...?" നിർവ്വികാരമായിരുന്നു മാർട്ടിനോയുടെ സ്വരം. "അവർ ഇരുവരെയും കാണണം എനിക്ക്... ഈ നിമിഷം... പാഴാക്കാൻ സമയമില്ല എനിക്ക്..."


അദ്ദേഹം തിരിഞ്ഞ് ജാലകത്തിനരികിൽ ചെന്ന് കൈകൾ പിറകിൽ കെട്ടി പുറത്തേക്ക് നോക്കി നിന്നു. മുള്ളർ ഇന്റർകോമിലൂടെ ക്ലൈസ്റ്റിനെയും ഗ്രൈസറെയും അങ്ങോട്ട് അയയ്ക്കുവാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം അവർ അവിടെയെത്തി. മാർട്ടിനോയാകട്ടെ, അവരെ തിരിഞ്ഞു നോക്കാൻ പോലും തുനിയാതെ, റോഡിനപ്പുറം കടൽഭിത്തിക്കരികിൽ നിൽക്കുന്ന സാറയെ വീക്ഷിക്കുകയായിരുന്നു.


ശാന്തസ്വരത്തിൽ അദ്ദേഹം ആരാഞ്ഞു. "ഇൻസ്പെക്ടർ ക്ലൈസ്റ്റ്, ഇന്ന് രാവിലെ ഡു വിലാ പ്ലേസിൽ വച്ച് നടന്ന അനിഷ്ടസംഭവങ്ങളെ നിങ്ങൾ വെറുമൊരു തെറ്റിദ്ധാരണ എന്ന നിലയിലേക്ക് തരം താഴ്ത്തി എന്ന് ഞാൻ മനസ്സിലാക്കുന്നു...?"


"അതെ, അതൊരു തെറ്റിദ്ധാരണയായിരുന്നു, സ്റ്റാൻഡർടൻഫ്യൂറർ..."


"നുണയൻ...!" മാർട്ടിനോയുടെ സ്വരം അപകടകരമാം വിധം പതിഞ്ഞതായിരുന്നു. "നുണയന്മാരാണ് നിങ്ങൾ ഇരുവരും..." അവർക്ക് നേരെ അദ്ദേഹം തിരിഞ്ഞു. മിസ് ലത്വായ്ക്കൊപ്പം ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോഴാണ് ഒരു പെൺകുട്ടിയുടെ നിലവിളി ഞങ്ങൾ കേട്ടത്... ക്യാപ്റ്റൻ, നിങ്ങൾക്കറിയുമോ, കഷ്ടിച്ച് പതിനാറ് വയസ്സേ ഉണ്ടാകൂ ആ പെൺകുട്ടിയ്ക്ക്... അവളെയാണ് ഈ മൃഗം ധാന്യപ്പുരയുടെ അരികിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നത്... അത് നോക്കി നിന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു ഇവൻ... ഞാൻ ഇടപെടാൻ തുനിയവെയാണ് ജനറൽ ഗാലഗർ അവിടെയെത്തിയതും ഇവനെ തള്ളി താഴെയിട്ടതും..."


"അതു ശരി..." മുള്ളർ പറഞ്ഞു.


"കാര്യങ്ങൾ വഷളാവാതിരിക്കാൻ എനിക്കെന്റെ പിസ്റ്റൾ എടുത്ത് വാണിങ്ങ് ഷോട്ട് ഉതിർക്കേണ്ടി വന്നു... അല്ലെങ്കിൽ ഇവൻ ഗാലഗറിനെ പിന്നിൽ നിന്നും വെടിവെച്ച് വീഴ്ത്തിയേനെ... മൈ ഗോഡ്, എത്ര മാത്രം ബുദ്ധിശൂന്യനാണ് ഗ്രൈസർ നീ...?" ഒരു കൊച്ചുകുട്ടിയോടെന്ന പോലെ നിർത്തി നിർത്തിയാണ് അദ്ദേഹം സംസാരിച്ചത്. "ഒരു ഐറിഷുകാരനാണ് അദ്ദേഹം... എന്ന് വച്ചാൽ ഒരു നിഷ്പക്ഷൻ... അയർലണ്ടുമായി നല്ല ബന്ധം എന്നതാണ് ഫ്യൂററുടെ പ്രഖ്യാപിത നയം... അതിനും പുറമെ, സ്വന്തം രാജ്യത്ത് പേരുകേട്ട ഒരു വ്യക്തിയാണ് ഈ ഗാലഗർ... അവരുടെ വിപ്ലവനായകൻ... ജനറൽ പദവിയിലിരിക്കുന്നയാൾ... അങ്ങനെയുള്ള ഒരു വ്യക്തിയെ പിന്നിൽ നിന്ന് വെടിവെച്ച് കൊല്ലുക എന്നതല്ല നമ്മുടെ രീതി... മനസ്സിലായോ...?"


"യെസ്, സ്റ്റാൻഡർടൻഫ്യൂറർ..."


അദ്ദേഹം ക്ലൈസ്റ്റിന് നേർക്ക് തിരിഞ്ഞു. "ജെഴ്സിയിലെ ജനതയോടുള്ള ഫ്യൂററുടെ പ്രഖ്യാപിത നയം സഹകരണത്തിന്റേതാണ്... അല്ലാതെ, പതിനാറ് വയസ്സുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുക എന്നതല്ല..." അദ്ദേഹം മുള്ളറെ നോക്കി. "ജർമ്മൻ സാമ്രാജ്യത്തിന്റെ മഹത്തായ ആശയങ്ങളെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇവർ ഇരുവരും ചെയ്തു വച്ചത്..."

 

അവരെ ശകാരിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു മാർട്ടിനോ. പൊടുന്നനെയാണ് ക്ലൈസ്റ്റ് പൊട്ടിത്തെറിച്ചത്. "ഇതു പോലെ ഉപദേശിക്കാൻ ഞാനൊരു കൊച്ചുകുട്ടിയൊന്നുമല്ല..."


"ക്ലൈസ്റ്റ്...!" മാർട്ടിനോ ശബ്ദമുയർത്തി. "ഒരു ഗെസ്റ്റപ്പോ ഭടൻ എന്ന നിലയിൽ നമ്മുടെ ഫ്യൂററോട് ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട് നിങ്ങൾ... ഒരു വിശുദ്ധ പ്രതിജ്ഞ... അത് ഇങ്ങനെയാണ്: താങ്കളോടും താങ്കൾ നിയമിക്കുന്ന എന്റെ മേലുദ്യോഗസ്ഥരോടും മരണം വരെ അനുസരണയും വിധേയത്വവും ഉള്ളവനായിരിക്കും ഞാൻ... എന്താ, അങ്ങനെയല്ലേ...?"


"അതെ..." ക്ലൈസ്റ്റ് പറഞ്ഞു.


"എങ്കിൽ ഓർമ്മയിരിക്കട്ടെ, ഈ നിമിഷം മുതൽ ആജ്ഞകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ് നിങ്ങൾ... എന്തെങ്കിലും ചോദ്യം ഞാൻ ചോദിച്ചാൽ നിങ്ങളുടെ ഉത്തരം 'Jawohl, Standartenführer' (യെസ്, സ്റ്റാൻഡർടൻഫ്യൂറർ) എന്നായിരിക്കണം... എന്തെങ്കിലും ഞാൻ ആജ്ഞാപിച്ചാൽ നിങ്ങളുടെ ഉത്തരം 'Zu befehl, Standartenführer' (താങ്കളുടെ ആജ്ഞ പോലെ, സ്റ്റാൻഡർടൻഫ്യൂറർ) എന്നായിരിക്കണം... മനസ്സിലായോ...?"


"Jawohl, Standartenführer..." ഒരു നിമിഷത്തെ മൗനത്തിന് ശേഷം പതിഞ്ഞ സ്വരത്തിൽ ക്ലൈസ്റ്റ് മൊഴിഞ്ഞു.


മാർട്ടിനോ മുള്ളറുടെ നേർക്ക് തിരിഞ്ഞു. "എന്നിട്ടാണ് നിങ്ങൾ അത്ഭുതപ്പെട്ടത്, എന്തിനാണ് റൈഫ്യൂറർ ഹിംലർ എന്നെ ഇപ്പോൾ ഇങ്ങോട്ട് അയച്ചതെന്ന്... അല്ലേ...?"


കൂടുതലൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം പുറത്തിറങ്ങി. റിസപ്ഷൻ വഴി പുറത്ത് കടന്ന അദ്ദേഹം റോഡ് മുറിച്ചു കടന്ന് ക്യുബൽവാഗണ് നേർക്ക് നടന്നു. സാറ ബോണറ്റിന് മുകളിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു. "എങ്ങനെയുണ്ടായിരുന്നു...?" അവൾ ചോദിച്ചു.


"ഓ, ശരിക്കും വിറപ്പിച്ചിട്ടുണ്ട് എല്ലാത്തിനെയും..." അദ്ദേഹം അവൾക്ക് വാഹനത്തിന്റെ ഡോർ തുറന്നു കൊടുത്തു. "ഇനി ഞാൻ ഫ്രീയാണ്... നിന്റെ ഈ ദ്വീപിലെ കാഴ്ച്ചകൾ കാണാൻ... നീ പറയുന്നിടത്തേക്ക് ഡ്രൈവ് ചെയ്യാൻ ഞാൻ റെഡി..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



10 comments:

  1. എത്ര ദാരിദ്ര്യമാണെങ്കിലും തങ്ങളുടെ മക്കൾക്ക് ഒരു കുറവുമുണ്ടാകരുതെന്നാണല്ലോ മാതാപിതാക്കളുടെ ആഗ്രഹം.

    ReplyDelete
  2. എന്റെ മേലുദ്യോഗസ്ഥരോടും മരണം വരെ അനുസരണയും വിധേയത്വവും ഉള്ളവനായിരിക്കും ഞാൻ... പ്രതിജ്ഞ ഒന്നും ഇക്കാലത്ത് ഇല്ലാഞ്ഞത് ഭാഗ്യം

    ReplyDelete
    Replies
    1. എന്ന് ലെ നാരായണൻ, കമ്പൗണ്ടർ, താളവട്ടം... 😛

      Delete
  3. എല്ലാരേയും ശരിക്കും വിറപ്പിച്ച് മാർട്ടിനോ

    ReplyDelete
    Replies
    1. അതാണ്‌ അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി...

      Delete
  4. എന്തൊരു പ്രതിജ്ഞ!!

    ReplyDelete
    Replies
    1. അതായിരുന്നു നാസി ജർമ്മനി...

      Delete
  5. വിറപ്പിക്കലെന്നാൽ ഇതായിരിക്കണം.

    ReplyDelete