Friday, June 3, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 65

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മദ്ധ്യാഹ്നത്തിന് ശേഷം സാറയും മാർട്ടിനോയും ഗോറിയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പിലെ തന്നെ ഒരു പ്രൗഢഗംഭീര നിർമ്മിതിയായ മോണ്ട് ഓർഗൈൽ കൊട്ടാരം കാണിച്ചു കൊടുക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് അവർക്ക് മനസ്സിലായത് അതൊരു സൈനിക താവളമായി മാറിയിരിക്കുന്നു എന്നത്.


ഫ്ലിക്കറ്റിലെ ഉൾക്കടലിനരികിലൂടെ ഡ്രൈവ് ചെയ്യവേ കോസ്റ്റൽ ആർട്ടിലറി ബാറ്ററി ക്യാമ്പിലേക്ക് പുതിയതായി റോഡ് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘം അടിമത്തൊഴിലാളികളെ കാണാനിടയായി. ചെളി പുരണ്ട് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച അവർ പോഷകാഹാരക്കുറവിനാൽ മെലിഞ്ഞ് ശുഷ്കിച്ചിരുന്നു. അവരുടെ മേൽനോട്ടം വഹിക്കുന്ന സെർജന്റിനടുത്ത് ചെന്ന് മാർട്ടിനോ സ്വയം പരിചയപ്പെടുത്തി. ആ തൊഴിലാളികളെല്ലാം റഷ്യക്കാരാണെന്ന് അയാളാണ് പറഞ്ഞത്. എന്തിനധികം, നോർത്ത് കോസ്റ്റിലെ ബോൺ ന്യൂട്ട് ബേയുടെ സംരക്ഷണ ചുമതല ഏല്പിച്ചിരിക്കുന്നത് പോലും ഉക്രേനിയൻ വംശജരുടെ റഷ്യൻ ലിബറേഷൻ ആർമിയുടെ ഒരു ബറ്റാലിയനെ ആണത്രെ.


അവർ യാത്ര തുടർന്നു. മദ്ധ്യ കാലഘട്ടത്തിലെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ ഗ്രോസ്നെസിൽ അവർക്ക് കാണാനായുള്ളൂ. പിന്നെ സാർക്ക്, ഹേം, ജെറ്റൂ എന്നീ പ്രദേശങ്ങളിൽ നിന്നും കടലിലേക്കുള്ള മനോഹര ദൃശ്യങ്ങൾ... അതിനപ്പുറം അങ്ങകലെ ഗ്വെൺസീ ദ്വീപാണ്. കനത്ത സുരക്ഷാമേഖലയായിട്ടും സെന്റ് ഓബിൻസ് ബേയുടെ തീരത്തു കൂടിയുള്ള ആ അഞ്ച് മൈൽ യാത്രയിൽ ഒരിക്കൽ പോലും ആരും അവരെ തടയുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല എന്നതിലാണ് മാർട്ടിനോയ്ക്ക് അത്ഭുതം തോന്നിയത്.


സെ‌ന്റ് ബ്രെലേഡ് ഉൾക്കടലിന് മുന്നിലെ ദേവാലയത്തിനരികിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സാറയെ അദ്ദേഹം അനുഗമിച്ചു. കോമ്പൗണ്ട് വാളിന്റെ കമാനാകൃതിയിലുള്ള കവാടത്തിൽ നിന്ന് അവർ ഉള്ളിലേക്ക് എത്തി നോക്കി. സെമിത്തേരിയുടെ ഒരു ഭാഗം മുഴുവൻ മിലിട്ടറിയ്ക്കായി നീക്കി വച്ചിരിക്കുകയാണ്. ചിട്ടയോടെ പരിപാലിച്ചിരിക്കുന്ന കുഴിമാടങ്ങളുടെ തലയ്ക്കൽ നിരനിരയായി ഉയർന്ന് നിൽക്കുന്ന കുരിശുകൾ.


"ഈ കുരിശുകളെല്ലാം കൊണ്ട് യേശു എന്തു ചെയ്യുമെന്നാണെനിക്കറിയാത്തത്..." മാർട്ടിനോ പറഞ്ഞു.  "എല്ലാത്തിന്റെയും മുകളിൽ സ്വസ്തിക അടയാളമുണ്ട്..."


"പണ്ട് ഈ ദേവാലയത്തിലെ സ്ഥിരം സന്ദർശകയായിരുന്നു ഞാൻ..." അവൾ പറഞ്ഞു. "ഇവിടെ വച്ചായിരുന്നു എന്റെ ആദ്യ കുർബാന..."


ആ ജർമ്മൻ കുരിശുകൾക്കിടയിലൂടെ മാർട്ടിനോ അലക്ഷ്യമായി നടന്നു. "ഏതാനും ഇറ്റാലിയൻസും ഒരു റഷ്യക്കാരനും ഇവിടെയുണ്ടല്ലോ..." നടന്ന് നടന്ന് അദ്ദേഹം പഴക്കമുള്ള കുഴിമാടങ്ങൾക്കിടയിലെത്തി. സ്മാരകശിലകളിൽ അധികവും ഗ്രാനൈറ്റ് കല്ലുകളിൽ തീർത്തവയായിരുന്നു. "വിചിത്രം... നാട്ടിലെത്തിയത് പോലൊരു തോന്നൽ..." അദ്ദേഹം പറഞ്ഞു.


"അതത്ര നല്ല തോന്നലല്ലല്ലോ..." സാറ പറഞ്ഞു.


"അങ്ങനെയല്ല... ഇവിടുത്തെ ഈ ശാന്തത... ഇവിടെ നിന്നുള്ള ഈ ഉൾക്കടലിന്റെ ദൃശ്യം... എല്ലാം കൂടി വല്ലാത്തൊരു അനുഭൂതി... പറയാതിരിക്കാനാവില്ല അത്... എന്നാലിനി തിരിച്ചു പോയാലോ നമുക്ക്...?"


ഇരുവരും ക്യൂബൽ‌വാഗണിൽ കയറി. മോണ്ട് സൊഹിയറിന്‌ സമീപത്തു കൂടി നീങ്ങവെ അവൾ പറഞ്ഞു. "അങ്ങനെ ഏതാണ്ട് ഈ ദ്വീപ് മുഴുവനും നിങ്ങൾ കണ്ടു കഴിഞ്ഞുവെന്ന് പറയാം... എന്തു തോന്നുന്നു...?"


"ചെറിയൊരു ദ്വീപ്... കനത്ത സെക്യൂരിറ്റിയും..."


"ആ നിലയ്ക്ക് എങ്ങനെയാണ്‌ നാം ഹ്യൂ കെൽസോയെ പുറത്തെത്തിക്കാൻ നോക്കുന്നത്...?"


"സത്യം പറയാമല്ലോ... എനിക്ക് ഒരു പിടിയുമില്ല..." മാർട്ടിനോ പറഞ്ഞു. "നിന്റെ തലയിൽ എന്തെങ്കിലും ആശയം ഉദിക്കുന്നുവെങ്കിൽ എന്നോട് പറയാൻ മടിക്കരുത്..."


പ്രത്യേകിച്ചൊരു ഈണവുമില്ലാതെ ചൂളം കുത്തിക്കൊണ്ട് അദ്ദേഹം ഡ്രൈവിങ്ങ് തുടർന്നു.


(തുടരും)


സെന്റ് ബ്രെലേഡ് ദേവാലയത്തിലെ സെമിത്തേരി


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. "ഈ കുരിശുകളെല്ലാം കൊണ്ട് യേശു എന്തു ചെയ്യുമെന്നാണെനിക്കറിയാത്തത്..." 🤣🤣🤣

    ReplyDelete
    Replies
    1. ഈ സെമിത്തേരിയിലാണ് നോവലിന്റെ തുടക്കത്തിൽ കഥാകാരൻ എത്തുന്നതും മാർട്ടിനോയുടെ ശവസംസ്കാരത്തിനായി എത്തിച്ചേർന്ന സാറാ ഡ്രെയ്ട്ടണെ കാണുന്നതും... ഓർമ്മയുണ്ടോ?

      Delete
  2. സെമിത്തേരിയ്ക്ക് വലിയ റോൾ ഉണ്ട് ഈ യുദ്ധകാണ്ഡങ്ങൾക്ക്

    ReplyDelete
  3. മൊത്തം കുരിശ് ആണല്ലോ 😁

    ReplyDelete
  4. ഇനിയാണ് പെണ്ണിന്റെ ഐഡിയ കൂടിയേ ബാക്കിയുള്ളൂ

    ReplyDelete