ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മുകളിലത്തെ നിലയിലെ ഓഫീസേഴ്സ് മെസ്സ് യുദ്ധാരംഭത്തിന് മുമ്പ് ഒരു റെസ്റ്ററന്റ് ആയിരുന്നു.
സാലഡും ചിക്കൻ റോസ്റ്റും ടിൻഡ് മീറ്റും ഒക്കെയായിരുന്നു ബുഫേയിലെ വിഭവങ്ങൾ. വെള്ള
കോട്ട് ധരിച്ച ചെറുപ്പക്കാരായ ലുഫ്ത്വാഫ് സേനാംഗങ്ങളായിരുന്നു വെയ്റ്റർമാരുടെ റോൾ
ഏറ്റെടുത്തത്. ഫീൽഡ് മാർഷലിന്റെ ഓരോ വാക്കും ആകാംക്ഷയോടെ ശ്രവിച്ച് ബോധപൂർവ്വം അദ്ദേഹത്തിന്റെ
പ്രീതിയ്ക്ക് പാത്രമാകാനുള്ള ശ്രമത്തിലാണ് ഓഫീസർമാർ. കൈയ്യിൽ ഒരു ഷാമ്പെയ്ൻ ഗ്ലാസുമായി
തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം ആസ്വദിക്കുകയാണ് ഹെയ്നി ബാം. മറ്റെവിടെയോ ഇരുന്ന്
നോക്കിക്കാണുന്നത് പോലെയുള്ള ഒരു വികാരമായിരുന്നു അയാൾക്ക്. പക്ഷേ, ഒരു കാര്യം തീർച്ച.
അയാളുടെ പ്രകടനം ഗംഭീരമായിരുന്നു.
“പകൽ സമയത്ത് തന്നെ പറക്കാനുള്ള താങ്കളുടെ തീരുമാനം ഞങ്ങളെ അതിശയിപ്പിച്ചുകളഞ്ഞു, ഹെർ ഫീൽഡ് മാർഷൽ...” നെക്കർ പറഞ്ഞു.
“അതും ഫൈറ്റർ വിമാനങ്ങളുടെ അകമ്പടി പോലുമില്ലാതെ...” മുള്ളർ കൂട്ടിച്ചേർത്തു.
“അപ്രതീക്ഷിതമായ കാര്യങ്ങൾ ചെയ്യുക എന്നത് എന്റെയൊരു രീതിയാണ്...” ബാം പറഞ്ഞു. “ഒപ്പം ഒരു കാര്യം നിങ്ങൾ മറക്കരുത്... ഓബർലെഫ്റ്റനന്റ് സോർസ എന്ന മിടുക്കനായ നമ്മുടെ ഫിന്നിഷ് സഖാവായിരുന്നു പൈലറ്റ് എന്ന കാര്യം... JU88S നൈറ്റ് ഫൈറ്ററുകൾ പറപ്പിക്കുന്നവൻ... മുപ്പത്തിയെട്ട് ലങ്കാസ്റ്ററുകൾ വീഴ്ത്തി, നൈറ്റ്സ് ക്രോസ് ബഹുമതിയ്ക്ക് അർഹനായ മിടുക്കൻ...” തന്നെക്കുറിച്ച് പുകഴ്ത്തുന്നത് കേട്ടിട്ടും തികച്ചും വിനയാന്വിതനായി ഇരിക്കുന്ന സോർസയെന്ന ആ ഇരുപത്തിയഞ്ചുകാരനെ ഒന്ന് നോക്കിയിട്ട് ബാം തുടർന്നു. “ഒരു കാര്യം കൂടി പറയാതിരിക്കാനാവില്ല... സമുദ്ര നിരപ്പിനോട് തൊട്ടുചേർന്നായിരുന്നു ഞങ്ങൾ പറന്നത്... ഏതെങ്കിലും RAF ഫൈറ്ററുകളിൽ നിന്നും ഉണ്ടാകാനിടയുള്ള ആക്രമണത്തെക്കാൾ അത്യന്തം അപകടകരമായ അവസ്ഥയിൽ...”
ആ തമാശ കേട്ട് അവിടെ കൂട്ടച്ചിരി ഉയർന്നു. ഭക്ഷണം അവസാനിപ്പിച്ച് എഴുന്നേറ്റ ബാം വാഷ്റൂമിലേക്ക് നടന്നു. ഹോഫർ അയാളെ അനുഗമിച്ചു.
ഹാളിന്റെ ചുമരിൽ ചാരി നിന്നു കൊണ്ട് എല്ലാം വീക്ഷിക്കുകയായിരുന്നു മാർട്ടിനോ. കൈയ്യിൽ മദ്യചഷകം ഉണ്ടായിരുന്നെങ്കിലും കരുതലോടെയേ അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നുള്ളൂ. മുള്ളർ അദ്ദേഹത്തിനരികിലേക്ക് വന്നു. “അസാമാന്യ വ്യക്തിത്വം തന്നെ, അല്ലേ...?”
“തീർച്ചയായും...” മാർട്ടിനോ തല കുലുക്കി. “ഈ യുദ്ധത്തിലെ അപൂർവ്വം ഹീറോകളിൽ ഒരാൾ... അതിരിക്കട്ടെ, നിങ്ങളുടെ ഇൻസ്പെക്ടർ ക്ലൈസ്റ്റിന് ഇപ്പോൾ എങ്ങനെയുണ്ട്...?”
“ഒരു വിഡ്ഢി തന്നെ... താങ്കൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതല്ലേ അത്...” മുള്ളർ പറഞ്ഞു. “അല്പം കൂടി ഷാമ്പെയ്ൻ ഒഴിക്കട്ടെ...?”
***
വാഷ്റൂമിലെ കണ്ണാടിയിൽ തന്റെ രൂപം വിലയിരുത്തിയിട്ട് ഹെയ്നി ബാം ഹോഫറിന് നേർക്ക് തിരിഞ്ഞു. “എന്റെ പ്രകടനം എങ്ങനെയുണ്ട്...?”
“ഗംഭീരം...” ഹോഫർ ആവേശഭരിതനായി. “ചിലപ്പോഴെങ്കിലും ഞാൻ വിചാരിച്ചുപോയിട്ടുണ്ട് എന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നത് ഫീൽഡ് മാർഷൽ തന്നെയാണെന്ന്...”
“ഗുഡ്...” മുടി ചീകിയതിന് ശേഷം അയാൾ തന്റെ ചീക്ക് പാഡുകൾ അഡ്ജസ്റ്റ് ചെയ്തു. “ആ SS കേണലിന്റെ കാര്യം എങ്ങനെയാണ്...? അങ്ങനെയൊരാളെ ഞാനിവിടെ പ്രതീക്ഷിച്ചതേയില്ല...”
“ഫോഗെലിന്റെ കാര്യമാണോ...?” ഒരു നിമിഷം ഹോഫർ ആലോചനാനിമഗ്നനായി. “അയാളെക്കുറിച്ച് നെക്കറിനോട് ഞാൻ സംസാരിച്ചിരുന്നു... ഇന്നലെയാണ് അയാളിവിടെ എത്തിയത്... ഹിംലറും ഫ്യൂററും സൈൻ ചെയ്ത പ്രത്യേക അധികാരപത്രവുമായിട്ടാണ് അയാളുടെ വരവ്... ഇതുവരെ തന്റെ ആഗമനോദ്ദേശ്യം അയാൾ വെളിപ്പെടുത്തിയിട്ടില്ലത്രെ...”
“എനിക്കറിയില്ല...” ബാം പറഞ്ഞു. “ആ ബാസ്റ്റർഡുകൾ എന്നും എന്നെ അസ്വസ്ഥനാക്കുന്നു... അയാളുടെ സാന്നിദ്ധ്യത്തിന് നമ്മുടെ സന്ദർശനവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കൾക്കുറപ്പല്ലേ...?”
“എങ്ങനെ ബന്ധമുണ്ടാകാനാണ്...? നമ്മുടെ ജെഴ്സി യാത്രയെക്കുറിച്ചുള്ള വിവരം ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ആർമി ഗ്രൂപ്പ് B ഹെഡ്ക്വാർട്ടേഴ്സ് പുറത്ത് വിട്ടത്... അതുകൊണ്ട് പരിഭ്രമിക്കാനൊന്നുമില്ല... ജോലി നടക്കട്ടെ...”
***
“ഹെർ ഫീൽഡ് മാർഷൽ, വിരോധമില്ലെങ്കിൽ COയുടെ ഓഫീസിലേക്ക് ഒന്ന് വരാമോ...? ഗ്വെൺസിയിൽ നിന്നും ജനറൽ വോൺ ഷ്മെറ്റോ ലൈനിലുണ്ട്..." നെക്കർ പറഞ്ഞു.
ഡെസ്കിന്റെ അരികിൽ അലസമായി ഇരുന്നുകൊണ്ട് ഹെയ്നി ബാം തനിക്ക് നേരെ നീട്ടിയ റിസീവർ വാങ്ങി. "മൈ ഡിയർ വോൺ ഷ്മെറ്റോ, ഏറെ നാളായല്ലോ തമ്മിൽ സംസാരിച്ചിട്ട്..."
"എന്റെ മൊത്തം കമാൻഡിനും ഒരു അപ്രതീക്ഷിത ബഹുമതിയാണ് താങ്കളുടെ ഈ സന്ദർശനം... വിവരമറിഞ്ഞ് കേണൽ ഹെയ്ൻ ഷോക്കിലാണ്... മീറ്റിങ്ങ് മതിയാക്കി ഉടൻ തന്നെ അവിടെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവത്രെ..."
“അതിനാണ് ഉദ്ദേശ്യമെങ്കിൽ ഫയറിങ്ങ് സ്ക്വാഡ് ആയിരിക്കും ഇവിടെ കാത്തു നിൽക്കുന്നതെന്ന് പറഞ്ഞേക്കൂ…” നർമ്മരൂപേണ ബാം പറഞ്ഞു. “ഇവിടെ എല്ലായിടത്തും കൊണ്ടുനടന്ന് കാണിക്കുവാൻ നെക്കർ ഉണ്ടെന്ന് പറയൂ… മിടുക്കനായ ഓഫീസറാണയാൾ… എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല…”
“ഗ്വെൺസി സന്ദർശിക്കുവാൻ താങ്കൾക്ക് പ്ലാനുണ്ടോ…?”
“തൽക്കാലം ഇല്ല… നാളെത്തന്നെ ഫ്രാൻസിലേക്ക് തിരിച്ചുപോകുകയാണ് ഞാൻ…”
“അധികം താമസിയാതെ ഒരു നാൾ താങ്കളെ ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ…?” ടെലിഫോൺ ലൈനിൽ ചെറിയ തടസ്സം നേരിട്ടു തുടങ്ങിയിരുന്നു.
“തീർച്ചയായും… അധികം താമസിയാതെ തന്നെ… ഞാൻ വാക്കു തരുന്നു… എന്റെ എല്ലാവിധ ആശംസകളും…” റിസീവർ ക്രാഡിലിൽ വച്ചിട്ട് ബാം നെക്കറിന് നേർക്ക് തിരിഞ്ഞു. “ശരി, വീണ്ടും ജോലിയിലേക്ക്… കോസ്റ്റൽ ഡിഫൻസ് എങ്ങനെയുണ്ടെന്ന് കാണണം എനിക്ക്… വരൂ, നമുക്കിറങ്ങാം…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ബാം ഓവറാക്കി ചളമാക്കുമോ??
ReplyDeleteഎന്താണെങ്കിലും കിട്ടിയ അവസരം മുതലാക്കുന്നുണ്ട്..
അതെ... പുള്ളിക്കാരൻ വച്ചു കീച്ചുകയാണ്... 😆
Deleteഫോഗെലിൻ്റെ ആഗമനോദ്ദേശ്യം എന്താണാവോ
ReplyDeleteങ്ഹെ!!! രാമായണം മുഴുവനും വായിച്ചിട്ട്...? മാർട്ടിനോയല്ലേ സുകന്യാജീ ഈ സ്റ്റാൻഡർടൻ ഫ്യൂറർ മാക്സ് ഫോഗെൽ എന്ന പേരിൽ കെൽസോയെ രക്ഷിക്കാൻ എത്തിയിരിക്കുന്നത്.. മറന്നു പോയോ...?
Delete😜രാമായണ മാസം തുടങ്ങുന്ന സമയത്ത് തന്നെ ഇത് പറയണം. ലേലു അല്ലു..
Delete😆😆😆
Deleteമൊത്തം കൈവിട്ട കളി ആണ്. നടന്നു കണ്ടാൽ മതി 😇
ReplyDeleteറിസ്ക് എടുക്കാതെ കാര്യങ്ങൾ നടക്കില്ലല്ലോ... നോക്കാം, മാർട്ടിനോ എന്തു വഴിയാണ് കണ്ടിട്ടുള്ളതെന്ന്...
Delete