Friday, July 29, 2022

നൈറ്റ്‌ ഓഫ്‌ ദി ഫോക്സ്‌ - 73

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

എയർപോർട്ടിൽ നിന്നും സെന്റ് പീറ്റേഴ്സ് വഴി പുറപ്പെട്ട വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിലായി മാർട്ടിനോയുടെ ക്യൂബൽവാഗണും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ റോമൽ അദ്ദേഹത്തെ അതിശയിപ്പിക്കുക തന്നെയായിരുന്നു. ഈ യുദ്ധത്തിന്റെ സംഭാവനയായ വീരയോദ്ധാക്കളിൽ ഒരുവനും പടിഞ്ഞാറൻ യുദ്ധനിരയുടെ കമാൻഡറുമായ റോമലിനെ ഇത്രയും അടുത്ത് കാണുക, അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുക എന്നതൊക്കെ ഒരു അപൂർവ്വ ഭാഗ്യം തന്നെയാണ്. യൂറോപ്പ് അധിനിവേശത്തിനായി എത്താനിരിക്കുന്ന സഖ്യകക്ഷി സൈന്യത്തെ നിലം‌പരിശിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തി.

 

അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സെന്റ് ലോറൻസ് പാരീഷിൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ആർട്ടിലറി ഡിപ്പോയ്ക്ക് വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി മിലിട്ടറി എഞ്ചിനീയർമാരും അടിമത്തൊഴിലാളികളും കൂടി നിർമ്മിക്കുകയായിരുന്ന ടണലുകൾ ഇപ്പോൾ ഒരു മിലിട്ടറി ഹോസ്പിറ്റലായി രൂപാന്തരം ചെയ്യാനുള്ള ശ്രമത്തിലാണ്.

 

പിന്നീട് അവർ പോയത് നോർത്ത് ഡിഫൻസ് സെക്ടറിലേക്കും ഗ്രെവ് ഡു ലെക്ക്, പ്ലെമോണ്ട്, ലെ ലാന്റെസ് എന്നീ സൈനിക പോസ്റ്റുകളിലേക്കാണ്. കുറച്ചധികം സമയമെടുത്തു തന്നെയാണ് അവിടങ്ങളിലെ പരിശോധന അദ്ദേഹം പൂർത്തിയാക്കിയത്. ഒരു ഗൺപോസ്റ്റ് പോലും ഒഴിവാക്കാതെ സകല മുക്കും മൂലയും കാണണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.

 

സെന്റ് ബ്രെലേഡ് ദേവാലയത്തിലെ വാർ സെമിത്തേരി കാണുവാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. അതിന് ശേഷം ദേവാലയത്തിനകം സന്ദർശിക്കുവാനും ‌മറന്നില്ല അദ്ദേഹം. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹോട്ടലിന് സമീപമായിരുന്നു സോൾഡാറ്റൻഹൈം എന്ന സോൾജിയേഴ്സ് ‌ഹോം. അപ്രതീക്ഷിതമായി അവിടം സന്ദർശിക്കാനെത്തിയ ഫീൽഡ് മാർഷലിനെ കണ്ട് അതിന്റെ മേട്രൺ ഇൻ ‌ചാർജ്ജിനുണ്ടായ ആഹ്ലാദം ‌പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഒരു പ്രോക്സി വെഡ്ഡിങ്ങിന്റെ ചടങ്ങുകൾ നടക്കുന്ന സമയമായിരുന്നു അപ്പോൾ. യുദ്ധനിരയിൽ നിന്നും അവധിയെടുത്ത് സാധാരണ രീതിയിൽ വിവാഹിതരാവാൻ സാധിക്കാത്തവർക്കായി നാസി സൈന്യം ഏർപ്പാടാക്കിയ ഒരു സംവിധാനമായിരുന്നു പ്രോക്സി വെഡ്ഡിങ്ങ് അഥവാ നിഴൽ വിവാഹം. ഒരു ജർമ്മൻ സെർജന്റായിരുന്നു വരൻ. അവധി ലഭിക്കാൻ മാർഗ്ഗമില്ലാതെ ബെർലിനിൽ കഴിയുന്ന വധുവിന് വേണ്ടി അവിടെ സന്നിഹിതയായിരുന്നത് ഒരു റെഡ് ക്രോസ് നഴ്സായിരുന്നു.

 

മതപരമായ ചടങ്ങുകൾക്ക് പ്രാധാന്യമൊന്നുമില്ലാത്ത തികച്ചും നാസി രീതിയിലുള്ള വിവാഹമായിരുന്നു അത്. വരന്റെയും വധുവിന്റെയും സിരകളിൽ ഒരു തുള്ളി ജൂതരക്തം പോലും ഉണ്ടായിരിക്കരുത് എന്ന നിബന്ധന കേട്ട് ‌ഹെയ്നി ബാം ഉള്ളിൽ പുഞ്ചിരിച്ചു. എങ്കിലും ആ സെർജന്റിന്റെ ആയുരാരോഗ്യത്തിനായി ഷ്നാപ്സ് ഗ്ലാസ് ഉയർത്തി ആശംസകൾ നേർന്നിട്ട് അദ്ദേഹം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.

 

അവർ സെന്റ് ഓബിനിൽ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. സംഘത്തിലെ മിക്കവരും ക്ഷീണിതരായിരിക്കുന്നു. നെക്കർ നൽകിയ ഭൂപടം പരിശോധിക്കുകയായിരുന്നു ഹെയ്നി ബാം. മോണ്ട് ഡു ലാ റോക്കിലെ ആർട്ടിലറി പൊസിഷൻസ് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം അവിടം കാണണമെന്ന ആവശ്യം ഉന്നയിച്ചു.

 

ആ വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിൽ അതിന്റെ ഭാഗമായി മാർട്ടിനോയും യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റം കയറി അവരെത്തിയത് ഇടുങ്ങിയ ഒരു വളവിലാണ്. പരന്ന മേൽക്കൂരയുള്ള ഏതാനും കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നയിടത്താണ് ആ പാത അവസാനിച്ചത്.

 

“ഇവിടെ ഇപ്പോൾ ഒരു ഗൺപ്ലാറ്റൂൺ മാത്രമേയുള്ളൂ ഫീൽഡ് മാർഷൽ” കാറിൽ നിന്നും പുറത്തിറങ്ങിയ നെക്കർ, ഹെയ്നി ബാമിനോട് പറഞ്ഞു.

 

ഏറ്റവും ഒടുവിലായി മതിൽക്കെട്ടിനുള്ളിൽ മുറ്റവുമൊക്കെയായി നിലകൊള്ളുന്ന ആ കെട്ടിടത്തിന്റെ പേര് സെപ്റ്റംബർടൈഡ് എന്നായിരുന്നു. അതിനടുത്തുള്ള കെട്ടിടത്തിന്റെ പേര് ഫ്രഞ്ചിലായിരുന്നു. ‘ഹിംഗിറ്റ്’. അതിന്റെ അങ്കണത്തിൽ നിന്നുമായിരുന്നു അണ്ടർഗ്രൗണ്ട് ബങ്കറുകളിലേക്കുള്ള കവാടം തുടങ്ങുന്നത്. ആ കെട്ടിടങ്ങളിലൊന്നിലും സിവിലിയന്മാർ താമസമുണ്ടായിരുന്നില്ല. സൈനികർ മാത്രം. സാക്ഷാൽ ‘ഡെസർട്ട് ഫോക്സിനെ’ നേരിൽക്കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെല്ലാം. കമാൻഡിങ്ങ് ഓഫീസർ ക്യാപ്റ്റൻ ഹെയ്ഡർ ആയിരുന്നു അവർ ഇതിന് മുമ്പ് കണ്ടിട്ടുള്ള ഏക ഉന്നതോദ്യോഗസ്ഥൻ.

 

ഇന്ന് രാത്രി എന്തുകൊണ്ട് സെപ്റ്റംബർ‌ടൈഡിൽ തങ്ങിക്കൂടാ എന്ന ചിന്തയുദിച്ചത് പെട്ടെന്നായിരുന്നു. ഫീൽഡ് മാർഷലിന്റെ ഇംഗിതം അറിഞ്ഞതും ക്യാപ്റ്റൻ ഹെയ്ഡർ അദ്ദേഹത്തെ അങ്ങോട്ട് നയിച്ചു. അവരെല്ലാവരും കൂടി ഗാർഡനിലേക്ക് നടന്നു. വലതുവശത്ത് സെന്റ് ഓബിനും ഇടതുവശത്ത് സെന്റ് ‌ഹെലിയറും ആയി നിലകൊള്ളുന്ന ഉൾക്കടലിന്റെ ദൃശ്യം നയനമനോഹരമായിരുന്നു. ഗാർഡന് അതിരിടുന്ന ചെറിയ കോൺക്രീറ്റ് മതിൽ. അതിന് താഴെയുള്ള ഭാഗം കുത്തനെ വെട്ടിയിറക്കിയതു പോലുള്ള പ്രദേശമാണ്. ചെറിയൊരു വനത്തിന്റെ പ്രതീതി നൽകുന്ന ആ പ്രദേശം അവസാനിക്കുന്നത് കുറച്ചകലെയുള്ള റോഡിന് സമീപമാണ്.

 

“ജെന്റിൽമെൻ, ഇവിടെ എത്തിപ്പെടണമെങ്കിൽ ആൽപൈൻ കോർപ്സ് തന്നെ വേണ്ടി വരുമല്ലോ” ആ കെട്ടിടത്തെ മൊത്തത്തിലൊന്ന് വീക്ഷിച്ചിട്ട് ബാം പറഞ്ഞു. സിറ്റിങ്ങ് റൂമിന്റെ മുൻഭാഗത്തായി വിശാലമായ ഒരു ടെറസ്സ്. ബെഡ്റൂമിന്റെ പാർശ്വത്തിലായി അത്രയും നീളത്തിൽ മറ്റൊരു ടെറസ്സും. “വളരെ നന്നായിരിക്കുന്നു” അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന് രാത്രി തല ചായ്ക്കാൻ ഒരിടം അത് ഇവിടെത്തന്നെയാകാം

 

ഹെയ്ഡറിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. “എനിക്കിതൊരു ബഹുമതി തന്നെയാണ്, ഹെർ ഫീൽഡ് മാർഷൽ ഞാനും എന്റെ അസിസ്റ്റന്റും കൂടി ഇവിടെ നിന്നും ഹിംഗിറ്റിലേക്ക് മാറിക്കോളാം

 

“നിങ്ങളുടെ കൂട്ടത്തിൽ നല്ലൊരു പാചകക്കാരനെ കണ്ടെത്താൻ ബുദ്ധിമുട്ടാവില്ലല്ലോ?”

 

“ഒരു ബുദ്ധിമുട്ടുമില്ല ഫീൽഡ് മാർഷൽ

 

ബാം, നെക്കറുടെ നേർക്ക് തിരിഞ്ഞു. “കണ്ടില്ലേ മൈ ഡിയർ നെക്കർ എല്ലാ കാര്യങ്ങൾക്കും തീരുമാനമായി വളരെ സൗകര്യമായ ഇടം ഈ വശത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന സുരക്ഷ. മുൻഭാഗത്ത് ക്യാപ്റ്റൻ ഹെയ്ഡറുടെയും സംഘത്തിന്റെയും സെക്യൂരിറ്റി ഇതിൽ കൂടുതൽ എന്താണ് എനിക്ക് ആവശ്യപ്പെടാനാവുക?”

 

“ഡിന്നറിന് ഓഫീസേഴ്സ് ക്ലബ്ബിൽ ഞങ്ങളോടൊപ്പം താങ്കളുണ്ടാവുമെന്നാണ് കരുതിയത്” അല്പം പരിഭവത്തോടെ നെക്കർ പറഞ്ഞു.

 

“പിന്നീടൊരിക്കലാവാം ഇന്ന് വിശ്രമമില്ലാത്ത ദിനമായിരുന്നുസത്യം പറഞ്ഞാൽ, അല്പം നേരത്തെ കിടന്നുറങ്ങണമെന്നുണ്ട് രാവിലെ വിളിക്കാൻ മറക്കണ്ട അത്ര നേരത്തെയൊന്നും വേണ്ട, ഒരു പത്തു മണിയോടെ എന്നിട്ട് വേണം ദ്വീപിന്റെ മറുഭാഗം സന്ദർശിക്കുവാൻ

 

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ ഫീൽഡ് മാർഷൽ

 

അവരെല്ലാം കൂടി കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് നടന്നു. സൈനിക സംഘത്തെ പിരിച്ചുവിട്ടതിന് ശേഷം ക്യാപ്റ്റൻ ഹെയ്ഡർ ബാമിനെയും ഹോഫറിനെയും വീടിനുള്ളിലേക്ക് നയിച്ചു. സാമാന്യം വലിപ്പവും സൗകര്യവുമുള്ള ലിവിങ്ങ് റൂം.

 

“ഞങ്ങൾ എത്തുമ്പോൾ ഇങ്ങനെയായിരുന്നു ഇവിടെ” ഹെയ്ഡർ പറഞ്ഞു. “അഞ്ച് മിനിറ്റിനകം ഞാൻ എന്റെ സാധനങ്ങൾ ബെഡ്റൂമിൽ നിന്നും മാറ്റിത്തരാം, ഫീൽഡ് മാർഷൽ ഒപ്പം ഒരു കുക്കിനെയും ഏർപ്പാടാക്കാം

 

അയാൾ മുകളിലത്തെ നിലയിലേക്ക് പോയി. ഹെയ്നി ബാം, ഹോഫറിന് നേർക്ക് തിരിഞ്ഞു. “എന്റെ പ്രകടനം കൊള്ളാമായിരുന്നോ?”

 

“ഗംഭീരം” ഹോഫർ പറഞ്ഞു. “പിന്നെ, ഈ സ്ഥലമാണെങ്കിൽ തീർത്തും അനുയോജ്യവും ആവശ്യത്തിനുള്ള സ്വകാര്യതയുമുണ്ട് ബെർഗർ, നിങ്ങളൊരു ജീനിയസ് തന്നെ

 

(തുടരും)


അടുത്ത ലക്കത്തിന്  ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. ഹെയ്നി ബാമിന്റെ പൂണ്ട് വിളയാട്ടത്തിൽ മാർട്ടിനോ ഒതുങ്ങിപ്പോയോ??

    ReplyDelete
    Replies
    1. മാർട്ടിനോ പതുങ്ങുന്നത് കുതിയ്ക്കാനാണ്...

      Delete
  2. മനോഹരമായ സെപ്റ്റംബർ ടൈഡിൽ സന്നാഹങ്ങളുമായി

    ReplyDelete
  3. എന്നാലും എൻ്റെ സാറയെക്കുറിച്ച് ഒരു വാക്ക്... മാർട്ടിനോ ചുമ്മാ തെക്ക് വടക്ക് നടക്കുന്നു..ഈ കളി ശെരിയാവൂല്ല

    ReplyDelete
    Replies
    1. സാറ അവിടെ ഗ്വിഡോയുടെ കൂടെ നടക്കുകയാ... പിന്നെ മാർട്ടിനോ തെക്കുവടക്ക് നടക്കുന്നത് ഒന്നും കാണാതെയല്ലാട്ടോ...

      Delete
  4. രാവിലെ വിളിക്കാൻ മറക്കണ്ട… അത്ര നേരത്തെയൊന്നും വേണ്ട, ഒരു പത്തു മണിയോടെ…

    എന്നു വച്ചാൽ പൊതുവെ അവിടെ ഒക്കെ നേരത്തെ ന്ന് വച്ചാൽ 10 മണി ആണോ 😇

    ReplyDelete
    Replies
    1. പാവം പകൽ മുഴുവനും നടന്ന് ക്ഷീണിച്ചു പോയെന്നേ... അതിന്റെയാ...

      Delete