ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മാർട്ടിനോ തിരിച്ചെത്തിയപ്പോഴേക്കും ഡു വിലാ പ്ലേസിൽ ഡിന്നർ ആരംഭിച്ചിരുന്നു. ജാലകത്തിലൂടെ അദ്ദേഹം എത്തിനോക്കി. സാറയും ഗ്വിഡോയും ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്നുണ്ട്. അര ഡസനോളം നാവിക ഉദ്യോഗസ്ഥർ മറ്റു മേശകൾക്ക് ചുറ്റുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. തൽക്കാലം അങ്ങോട്ട് പോകേണ്ടതില്ല എന്ന് തീരുമാനിച്ച അദ്ദേഹം പിന്നിലെ വാതിൽ വഴി നേരെ കിച്ചണിലേക്ക് കയറി. ഹെലൻ കഴുകിക്കൊടുക്കുന്ന പ്ലേറ്റുകൾ തുടച്ചു വൃത്തിയാക്കുകയായിരുന്നു ഗാലഗർ.
“എങ്ങനെയുണ്ടായിരുന്നു…?” ഗാലഗർ ചോദിച്ചു.
“തരക്കേടില്ലായിരുന്നു… കുഴപ്പങ്ങളൊന്നുമുണ്ടായില്ല… അതാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ…”
“ഫീൽഡ് മാർഷലിനെ കാണാൻ സാധിച്ചുവോ…?”
“നമ്മൾ ഇപ്പോൾ നിൽക്കുന്ന ഇത്രയും അടുത്തു വച്ച്… പക്ഷേ ഒരു കാര്യം വ്യക്തമായി… SS സേനയോട് അദ്ദേഹത്തിന് ഒട്ടും തന്നെ പ്രതിപത്തിയില്ല എന്നത്…”
ഹെലൻ കപ്പിലേക്ക് ചായ പകർന്ന് അദ്ദേഹത്തിന് നൽകി. ഗാലഗർ തുടർന്നു. “താങ്കൾ ഇവിടെയില്ലാത്ത സമയത്ത് ഞങ്ങൾ ചില തീരുമാനങ്ങളൊക്കെ എടുത്തു…”
കെൽസോയെ അവിടെ നിന്നും എപ്പോൾ എങ്ങനെ മാറ്റണമെന്നുള്ള കാര്യമെല്ലാം ഗാലഗർ വിവരിച്ചു. എല്ലാം കേട്ടതിന് ശേഷം മാർട്ടിനോ തല കുലുക്കി. “കേട്ടിടത്തോളം നല്ല തീരുമാനം… പക്ഷേ, അല്പം കഴിഞ്ഞിട്ടാവാം നടപ്പിലാക്കുന്നത്… ഏതാണ്ട് പതിനൊന്നു മണിയോടെ…”
“ആ നേരമാവുമ്പോഴേക്കും പിന്നെ ഭയപ്പെടാനൊന്നുമില്ല…” ഗാലഗർ പറഞ്ഞു.
മാർട്ടിനോ മുകളിലത്തെ നിലയിലേക്ക് ചെന്ന് തനിയ്ക്കും സാറയ്ക്കുമായി അനുവദിച്ചിരിക്കുന്ന റൂമിലെ ബെഡ്ഡിൽ മലർന്നു കിടന്നു. ഒരേ ബെഡ്ഡിലാണ് അവർ ഉറങ്ങിയിരുന്നതെങ്കിലും അന്ന് ആദ്യരാത്രിയിലെ ആ സമാഗമത്തിന് ശേഷം പിന്നീട് അവർ തമ്മിൽ ബന്ധപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിട്ടല്ല, വേണമെന്ന് തോന്നിയില്ല എന്നത് തന്നെ… എന്നാൽ അതാണോ സത്യം…? അദ്ദേഹം സ്വയം ചോദിച്ചു. പൂർണ്ണമായും ശരിയല്ല… ഈ വിഷയത്തിൽ സാറയ്ക്ക് വിരോധമില്ലെങ്കിലും തന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് എന്തോ പിറകോട്ട് പിടിച്ചു വലിക്കുന്നത് പോലെ… പണ്ടെങ്ങോ മനസ്സിനേറ്റ മുറിവ്, തന്നെ അവൾക്ക് പൂർണ്ണമായും സമർപ്പിക്കുന്നതിൽ നിന്നും വിലക്കുന്നത് പോലെ… നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും വീണുപോകുമോ എന്ന ഭീതി… അതുമല്ലെങ്കിൽ താനിപ്പോൾ ഒതുങ്ങിക്കഴിയുന്ന തന്റെ മിഥ്യാലോകത്തിൽ നിന്നും ജീവിത യാഥാർത്ഥ്യത്തിലേക്ക് ഇവൾ തന്നെ തിരികെയെത്തിച്ചാലോ എന്ന ആശങ്ക…
ഒരു സിഗരറ്റും പുകച്ചുകൊണ്ട് സീലിങ്ങിലേക്ക് കണ്ണുംനട്ട് അസ്വസ്ഥമായ മനസ്സുമായി അദ്ദേഹമങ്ങനെ കിടന്നു. റോമലിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു മാർട്ടിനോ. എന്തൊരു ഊർജ്ജസ്വലതയാണ് അദ്ദേഹത്തിന്…! തന്റെ കണ്മുന്നിൽ തൊട്ടടുത്ത്… നല്ലൊരു ടാർഗറ്റായിരുന്നു… അതും പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ…! അദ്ദേഹം ചാടിയെഴുന്നേറ്റു. PPK ഗൺ ഘടിപ്പിച്ച തന്റെ ബെൽറ്റ് എടുത്ത് അരയിൽ കെട്ടി. പിന്നെ സ്യൂട്ട്കെയ്സ് തുറന്ന് കാർസ്വെൽ സൈലൻസർ എടുത്ത് പോക്കറ്റിനുള്ളിൽ തിരുകി.
താഴെ ഹാളിൽ എത്തിയപ്പോഴും അവരുടെ ഡിന്നർ കഴിഞ്ഞിരുന്നില്ല. അദ്ദേഹം തിരികെ കിച്ചണിലേക്ക് നടന്നു. ഹെലൻ അത്ഭുതത്തോടെ തലയുയർത്തി നോക്കി. “പിന്നെയും പുറത്ത് പോകുകയാണോ…?”
“ചില കാര്യങ്ങൾ കൂടി ബാക്കിയുണ്ട്…” അദ്ദേഹം ഗാലഗറിന് നേർക്ക് തിരിഞ്ഞു. “അധികം വൈകാതെ തിരിച്ചെത്തുമെന്ന് സാറയോട് പറഞ്ഞേക്കൂ…”
ഗാലഗർ പുരികം ചുളിച്ചു. “ആർ യൂ ഓൾറൈറ്റ്…? ഈസ് സംതിങ്ങ് റോങ്ങ്…?”
“കുഴപ്പമൊന്നുമില്ല…” മാർട്ടിനോ ഉറപ്പ് നൽകി. “നമുക്ക് പിന്നെ കാണാം…” അദ്ദേഹം പുറത്തേക്ക് നടന്നു.
***
മരത്തലപ്പുകൾക്ക് മേലെ കുന്നിൻമുകളിൽ നിരനിരയായി നിലകൊള്ളുന്ന ശുഭ്രനിറമുള്ള കെട്ടിടങ്ങൾ അർദ്ധചന്ദ്രന്റെ വെട്ടത്തിൽ ദൃശ്യമായിരുന്നു. ലാ ഊലാ കുന്നിന്റെ മുകളിലേക്കുള്ള പാതയിലേക്ക് തിരിച്ച് മോണ്ട് ഡു ലാ റോക്കിലേക്ക് എത്തിച്ചേരുന്ന സർവ്വീസ് റോഡിൽ മാർട്ടിനോ തന്റെ ക്യൂബൽവാഗൺ പാർക്ക് ചെയ്തു. അല്പനേരം സീറ്റിൽത്തന്നെയിരുന്ന് അദ്ദേഹം അതേക്കുറിച്ച് ആലോചിച്ചു. പിന്നെ, പുറത്തിറങ്ങി ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലേക്ക് കയറുവാനാരംഭിച്ചു.
ഒന്നാലോചിച്ചാൽ ശരിയ്ക്കും മണ്ടത്തരം തന്നെ… റോമലിനെ വെടിവച്ച് കൊല്ലുക… കേവലം ഒരു മണിക്കൂറിനുള്ളിൽത്തന്നെ ദ്വീപ് മൊത്തം അവരുടെ നിയന്ത്രണത്തിലാക്കും. എങ്ങോട്ടും രക്ഷപെടാനാവില്ല. ഒരു പക്ഷേ, ഘാതകൻ കീഴടങ്ങുന്നത് വരെ സകലരെയും അവർ ബന്ദികളാക്കിയേക്കാം. മറ്റ് പല രാജ്യങ്ങളിലും അവരത് ചെയ്തിട്ടുള്ളതാണ്. ജെഴ്സിയിൽ മാത്രമായി അതിൽ നിന്നും ഭിന്നമായി ഒരു പ്രവൃത്തി പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, തന്റെ സാമാന്യബുദ്ധിയേയും യുക്തിബോധത്തെയും എല്ലാം തോല്പിച്ച് ആ ഒരു ചിന്ത ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം കുന്നിൻമുകളിലേക്കുള്ള നടത്തം തുടർന്നു.
(തുടരും)
അയ്യോ മണ്ടത്തരം
ReplyDeleteഒരു സംശയവും വേണ്ട, മണ്ടത്തരം തന്നെ... പക്ഷേ, ചില മണ്ടത്തരങ്ങൾ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയിട്ടുണ്ട്... എന്താകുമെന്ന് നോക്കാം നമുക്ക്...
Deleteശെടാ.. ഇങ്ങേർ ഇതെന്നാ ഭാവിച്ചാ.. വെളുക്കാൻ തേച്ചത് പാണ്ടാവുമോ!!
ReplyDeleteഅങ്ങേർക്ക് ചെറിയൊരു വട്ട്... :)
Deleteഇനിയെന്താവും ഈ വട്ടിൻ്റെ ഫലം.
ReplyDeleteപക്ഷേ, ആ വട്ടാണ് മൊത്തം കഥയെയും മാറ്റി മറിക്കാൻ പോകുന്നത്...
Deleteവായിച്ചു...
ReplyDeleteസന്തോഷം മുഹമ്മദ്ക്കാ...
Delete