Wednesday, August 17, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 76

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



സെപ്റ്റംബർടൈഡിൽ ഒരുക്കിയ അത്യന്തം രുചികരമായ അത്താഴം ആസ്വദിക്കുകയായിരുന്നു ഹെയ്നി ബാമും ഹോഫറും. കോൾഡ് റോസ്റ്റ് ചിക്കൻ, ബേക്ക്ഡ് പൊട്ടാറ്റോ, സാലഡ് എന്നിവ കൂടാതെ ക്യാപ്റ്റൻ ഹെയ്ഡർ കൊണ്ടുവന്ന സാൻസിയർ വൈൻ ബോട്ട്‌ൽ കൂടി ആയപ്പോൾ ഗംഭീരമായി. സെന്റ് ഓബിൻസ് ഉൾക്കടലിന്റെ ദൃശ്യം അർദ്ധചന്ദ്രന്റെ വെട്ടത്തിൽ മനോഹരമായിരുന്നു. വൈൻ ഗ്ലാസ്സുകളുമായി അവർ ഇരുവരും പുറത്ത് ടെറസ്സിലേക്ക് ഇറങ്ങി.


കുറച്ചു സമയത്തിന് ശേഷം, ഭക്ഷണം പാകം ചെയ്ത ആ കോർപ്പറൽ വീണ്ടുമെത്തി. “എല്ലാം ഓകെയാണ് ഹെർ മേജർ…” അയാൾ ഹോഫറിനോട് പറഞ്ഞു. “കിച്ചൺ ക്ലീൻ ചെയ്തിട്ടുണ്ട്… കോഫിയും മിൽക്കും റെഡിയാക്കി വച്ചിട്ടുമുണ്ട്… വേറെന്തെങ്കിലും ആവശ്യമുണ്ടോ…?”


“ഇന്നിനി ഒന്നും വേണ്ട…” ഹോഫർ പറഞ്ഞു. “രാവിലെ ഒമ്പതു മണിക്ക് തന്നെ ബ്രേക്ക്ഫസ്റ്റ് റെഡിയായിരിക്കണം… മുട്ടയോ ഇറച്ചിയോ എന്തായാലും കുഴപ്പമില്ല… എന്നാലിനി നിങ്ങൾ താമസസ്ഥലത്തേക്ക് പൊയ്ക്കോളൂ…”


അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തിട്ട് അയാൾ മടങ്ങിപ്പോയി. “മനോഹരമായ രാത്രി…” ബാം പറഞ്ഞു.


“മൈ ഡിയർ ബെർഗർ, മനോഹരമായ ദിനം…” ഹോഫർ പറഞ്ഞു. “എന്റെ ജീവിതത്തിലെ തന്നെ ഓർമ്മിക്കത്തക്ക ദിനങ്ങളിലൊന്ന്…”


“ഇതിന്റെ രണ്ടാം ഭാഗം ഇനിയും വരാനിരിക്കുന്നതല്ലേയുള്ളൂ…” ബാം കോട്ടുവായിട്ടു. “നാളത്തെ കാര്യമാണ് പറഞ്ഞത്… അതിനു മുമ്പ് നല്ലൊരു ഉറക്കം…” അയാൾ തിരികെ റൂമിലേക്ക് നടന്നു.


“സുപ്പീരിയർ റാങ്ക് പ്രകാരം ഇതിനു മുകളിലുള്ള അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ ആ വലിയ ബെഡ്റൂമാണ് നിങ്ങൾക്ക്… ഇടനാഴിയുടെ അറ്റത്തുള്ള ആ ചെറിയ റൂം ഞാനെടുക്കുന്നു… അവിടെ നിന്ന് നോക്കിയാൽ കെട്ടിടത്തിന്റെ മുൻഭാഗവും പരിസരവും നന്നായി കാണാം… എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ പെട്ടെന്ന് അറിയാനും സാധിക്കും…”


അവർ മുകളിലേക്ക് കയറി. ബാമിന്റെ കൈയ്യിൽ അപ്പോഴും വൈൻ ഗ്ലാസ്സ് ഉണ്ടായിരുന്നു. “രാവിലെ എത്ര മണിക്കാണ്…?”


“എഴുന്നേൽക്കാൻ വൈകിയാലും പ്രശ്നമില്ല, ഏഴരയാകുമ്പോൾ ഞാൻ വന്ന് ഉണർത്തിക്കോളാം…” ഹോഫർ പറഞ്ഞു.


“റോമൽ സാധാരണ അഞ്ചു മണിക്ക് തന്നെ എഴുന്നേൽക്കാറുണ്ടല്ലോ…” ബാം പുഞ്ചിരിച്ചു. വാതിൽ അടച്ചിട്ട് ഡ്രെസ്സിങ്ങ് ഏരിയയിലൂടെ അയാൾ ബെഡ്റൂമിലേക്ക് നടന്നു. രണ്ട് വാർഡ്റോബുകളും ഒരു ഡ്രെസ്സിങ്ങ് ടേബിളും ഡബിൾകോട്ടും ഒക്കെ ആയി ആവശ്യത്തിലധികം സൗകര്യങ്ങൾ. മിലിട്ടറിയ്ക്ക് കൈമാറിയപ്പോൾ വീട്ടുടമ ഉപേക്ഷിച്ചു പോയ സാധനങ്ങളായിരിക്കാം. റൂം അറേഞ്ച് ചെയ്ത കോർപ്പറൽ ജാലകത്തിന്റെ കർട്ടൻ വലിച്ച് ഇട്ടിട്ടുണ്ടായിരുന്നു. നിലം തൊടുന്ന കനം കൂടിയ ചുവന്ന വലിയ വെൽവെറ്റ് കർട്ടൻ. അയാൾ അതിനിടയിലൂടെ തലയിട്ട് പുറത്തേക്ക് നോക്കി. സ്റ്റീൽ ഫ്രെയിമിൽ ഗ്ലാസ് ഘടിപ്പിച്ച ഒരു ഡോർ ആയിരുന്നു അതിനപ്പുറത്ത്. വാതിൽ തുറന്ന് അയാൾ അപ്പർ ടെറസ്സിലേക്ക് കടന്നു.


വളരെ വ്യക്തമായിരുന്നു അവിടെ നിന്നുള്ള ദൃശ്യം. ദൂരെ വലതുവശത്തായി സെന്റ് ഓബിൻ ഹാർബർ. ദൂരെ എവിടെ നിന്നോ ഒരു പട്ടി കുരയ്ക്കുന്ന ശബ്ദം മാറ്റി നിർത്തിയാൽ തികഞ്ഞ നിശ്ശബ്ദത. സെന്റ് ഹെലിയറിൽ ബ്ലാക്കൗട്ട് ഏതാണ്ട് സമ്പൂർണ്ണം എന്ന് തന്നെ പറയാം. അങ്ങിങ്ങായി നുറുങ്ങുവെട്ടം മാത്രം. കടൽ ശാന്തമാണ്. വെൺനുരയാൽ ബീച്ചിൽ നേർരേഖ വരയ്ക്കുന്ന ഓളങ്ങൾ. നിലാവും താരകങ്ങളും ചേർന്ന് പ്രകാശമാനമായ ആകാശം. എന്തുകൊണ്ടും ഹൃദയഹാരിയായ ഒരു രാത്രി.


അയാൾ തന്റെ കൈയ്യിലെ ഗ്ലാസ്സ് ഉയർത്തിയിട്ട് മൃദുസ്വരത്തിൽ പറഞ്ഞു. “L’chayim…” പിന്നെ തിരിഞ്ഞ് കർട്ടൻ വകഞ്ഞു മാറ്റി അകത്തേക്ക് കടന്നു. ആ സ്റ്റീൽ ഡോർ അപ്പോഴും തുറന്നു തന്നെ കിടന്നു.


                                            ***


ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലെത്തുവാൻ മാർട്ടിനോയ്ക്ക് ഏതാണ്ട് ഇരുപത് മിനിറ്റോളം വേണ്ടിവന്നു. നിബിഡമായ കുറ്റിക്കാടുകൾ കാരണം മുന്നോട്ടുള്ള നീക്കം അത്ര സുഗമമായിരുന്നില്ല. അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സെപ്റ്റംബർടൈഡിന്റെ ഗാർഡനു ചുറ്റും കമ്പിച്ചുരുൾ കൊണ്ടുള്ള വേലി ഇല്ല എന്ന കാര്യം വാഹനവ്യൂഹത്തോടൊപ്പം വന്നപ്പോൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. എങ്കിലും എന്താണ് തന്റെ ഉദ്ദേശ്യമെന്ന കാര്യത്തിൽ അപ്പോഴും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നില്ല. കരുതലോടെ കോൺക്രീറ്റ് മതിലിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോൾ കെട്ടിടത്തിനുള്ളിൽ നിന്നും ആരുടെയോ സംസാരം കേൾക്കാമായിരുന്നു. ഗാർഡനിലെ പനയുടെ നിഴലിൽ നിന്നുകൊണ്ട് അദ്ദേഹം കെട്ടിടത്തിന്റെ മട്ടുപ്പാവിലേക്ക് നോക്കി. പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്ന റോമലിനെയും ഹോഫറിനെയും നിലാവെട്ടത്തിൽ വ്യക്തമായി കാണാമായിരുന്നു.


“മനോഹരമായ രാത്രി…” ഫീൽഡ് മാർഷൽ പറഞ്ഞു.


“മൈ ഡിയർ ബെർഗർ, മനോഹരമായ ദിനം…” ഹോഫർ പ്രതിവചിച്ചു. 


“ഇതിന്റെ രണ്ടാം ഭാഗം ഇനിയും വരാനിരിക്കുന്നതല്ലേയുള്ളൂ…”


അവരുടെ ഈ സംഭാഷണം ശ്രവിച്ച മാർട്ടിനോ തെല്ല് ചിന്താക്കുഴപ്പത്തോടെ ആ പനയുടെ ചുവട്ടിൽത്തന്നെ നിന്നു. എവിടെയോ ഒരു പന്തികേട് പോലെ… ടെറസ്സിൽ നിന്നും അവർ തിരികെപ്പോയതും അദ്ദേഹം പുൽത്തകിടിയിലൂടെ ശ്രദ്ധാപൂർവ്വം മുന്നോട്ട് നീങ്ങി മേൽക്കൂരയുടെ നിഴൽ പറ്റി നിന്നു. അപ്പോഴാണ് ഫീൽഡ് മാർഷൽ അപ്പർ ടെറസ്സിൽ പ്രത്യക്ഷപ്പെട്ടത്. പാരപ്പെറ്റിനരികിൽ വന്ന് അദ്ദേഹം കടലിലേക്ക് നോക്കി നിന്നു.


അദ്ദേഹം തന്റെ കൈയ്യിലെ ഗ്ലാസ്സ് ഉയർത്തിയിട്ട് മൃദുസ്വരത്തിൽ പറഞ്ഞു. “L’chayim…” പിന്നെ തിരിഞ്ഞ് കർട്ടൻ വകഞ്ഞു മാറ്റി ഉള്ളിലേക്ക് തിരിച്ചുപോയി.


L’chayim… പുരാതന ഹീബ്രു ഭാഷയിൽ ചിയേഴ്സ് പറയുവാനായി ഉപയോഗിക്കുന്ന വാക്കുകളിലൊന്നായിരുന്നു അത്. ‘ജീവിതത്തിലേക്ക്’ എന്നായിരുന്നു അതിന്റെ അർത്ഥം. അതു തന്നെ ധാരാളമായിരുന്നു മാർട്ടിനോയ്ക്ക്. ഗാർഡന്റെ അരമതിലിൽ കയറിനിന്ന് ഒന്നാം നിലയിലെ റെയിലിങ്ങ്സിൽ എത്തിപ്പിടിച്ച് അദ്ദേഹം മുകളിലേക്ക് വലിഞ്ഞു കയറി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

10 comments:

  1. തുറന്നുകിടക്കുന്ന വാതിൽ 'ഫീൽഡ് മാർഷലിന്' മനോഹരമായ രാത്രി തന്നെ സമ്മാനിക്കുമെന്ന് കരുതാം അല്ലേ..

    ReplyDelete
  2. ഇത് പണ്ട് സ്റ്റൈനെർ ചർച്ചിലിനെ തട്ടാൻ പോയ പോലെ ആണല്ലോ

    ReplyDelete
    Replies
    1. പറഞ്ഞതു പോലെ, അത് ശരിയാണല്ലോ...

      Delete
  3. L’chayim ജീവിതത്തിലേക്ക്, അത് തന്നെ ധാരാളം ..

    ReplyDelete
  4. ശ്ശോ... രണ്ട് വ്യാജന്മാരും ഒന്നിച്ച് 😂😂😂😂😂

    ReplyDelete
    Replies
    1. അതെ... നോവലിലെ ടേണിങ്ങ് പോയിന്റ്...

      Delete