ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഹെയ്നി ബാം തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന Blue Max, Knight’s Cross with Oak Leaves, Swords, Diamonds എന്നീ ബാഡ്ജുകൾ അഴിച്ച് ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ വച്ചു. പിന്നെ ചീക്ക് പാഡ്സ് എടുത്തു മാറ്റി, മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി തന്റെ മുഖം ഒന്ന് വിലയിരുത്തി.
“മോശമില്ല ഹെയ്നി, ഒട്ടും മോശമില്ല… തന്റെ അപരനായി ഒരു ജൂതനാണ് വേഷം കെട്ടിയിരിക്കുന്നതെന്ന് റോമൽ എങ്ങാനും അറിയാനിടയായാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം…?” അയാൾ സ്വയം ചോദിച്ചു.
അയാൾ തന്റെ ട്യൂണിക്കിന്റെ ബട്ടൻ അഴിക്കുവാൻ തുടങ്ങി. കർട്ടന്റെ അപ്പുറം തന്റെ വാൾട്ടർ ഗണ്ണിന്റെ ബാരലിൽ കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ചുകൊണ്ട് നിൽക്കുകയായിരുന്ന മാർട്ടിനോ മുറിയിലേക്ക് കാലെടുത്തു വച്ചു. ബാം ആകട്ടെ, തന്റെ മുന്നിലെ കണ്ണാടിയിലൂടെ ആ നിമിഷം തന്നെ അത് കാണുകയും ചെയ്തു. ഒരു സൈനികനായിരുന്ന അയാളുടെ കൈകൾ ഉടൻ തന്നെ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ വച്ചിരുന്ന മോസറിന് നേർക്ക് നീണ്ടു.
“ഞാനാണെങ്കിൽ അതിന് തുനിയില്ലായിരുന്നു…” മാർട്ടിനോ അയാളോട് പറഞ്ഞു. “ഞാനിപ്പോൾ നിറയൊഴിച്ചാൽ എന്താണ് സംഭവിച്ചതെന്ന് പോലും നിങ്ങൾ അറിയുകയില്ല… കൈകൾ രണ്ടും തലയ്ക്ക് മുകളിൽ വച്ച് ആ സ്റ്റൂളിൽ ഇരിക്കൂ…”
“എന്നെ വകവരുത്തുവാനുള്ള SS ന്റെ പ്ലോട്ട് വല്ലതുമാണോ ഇത്…?” ബാം വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “റൈഫ്യൂറർ ഹിംലർ ഒരിക്കലും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന കാര്യം എനിക്കറിയാം… പക്ഷേ, എത്രത്തോളം എന്നതിൽ മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ…”
മാർട്ടിനോ ബെഡ്ഡിന്റെ അറ്റത്ത് ഇരുന്നിട്ട് ഇടതുകൈ കൊണ്ട് സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഒരെണ്ണം ചുണ്ടിൽ തിരുകി. അതിന് തീ കൊളുത്തവെ അദ്ദേഹം ചോദിച്ചു. “നിങ്ങളുടെയും ഹോഫറിന്റെയും ടെറസ്സിൽ വച്ചുള്ള സംഭാഷണം ഞാൻ കേട്ടിരുന്നു… അയാൾ നിങ്ങളെ ബെർഗർ എന്നാണ് വിളിച്ചത്…”
“നിങ്ങൾക്ക് തോന്നിയതായിരിക്കും…”
“അല്പനേരം മുമ്പ് നിങ്ങൾ നിങ്ങളോട് തന്നെ സംസാരിച്ച സമയത്ത് ഞാൻ ഇവിടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു… അതുകൊണ്ട്, നമുക്ക് യാഥാർത്ഥ്യത്തിലേക്ക് വരാം… നമ്പർ വൺ, നിങ്ങൾ റോമൽ അല്ല…”
“എന്ന് നിങ്ങൾ പറഞ്ഞതുകൊണ്ടായില്ലല്ലോ…”
“ഓൾറൈറ്റ്…” മാർട്ടിനോ പറഞ്ഞു. “എന്നാൽ വേറൊരു തരത്തിൽ ചോദിക്കാം ഞാൻ… ഹിംലറുടെ നിർദ്ദേശപ്രകാരം നിങ്ങളെ വധിക്കാനുള്ള SS പ്ലോട്ടിന്റെ ഭാഗം തന്നെയാണ് ഞാനെന്ന് വയ്ക്കുക… യഥാർത്ഥ റോമൽ അല്ല നിങ്ങളെങ്കിൽ പിന്നെ എന്റെ ദൗത്യം കൊണ്ട് എന്ത് ഫലം…? മറിച്ച് നിങ്ങളാണ് റോമൽ എങ്കിൽ പിന്നെ………….”
മാർട്ടിനോ തന്റെ PPK വാൾട്ടർ അയാളുടെ നെറ്റിത്തടത്തിലേക്ക് ചൂണ്ടി. ഹെയ്നി ബാം ഒരു ദീർഘശ്വാസമെടുത്തു. “ബുദ്ധിമാൻ തന്നെ നിങ്ങൾ….”
“അപ്പോൾ നിങ്ങൾ റോമൽ അല്ല…?”
“ഇതിനോടകം നിങ്ങൾക്കത് വ്യക്തമായിക്കാണുമല്ലോ…”
“പിന്നെ ആരാണ് നിങ്ങൾ… ഒരു അഭിനേതാവ്…?”
“അഭിനേതാവിൽ നിന്നും സൈനികനായി, വീണ്ടും ഒരു അഭിനേതാവായി മാറിയവൻ…”
“ഗംഭീരം…” മാർട്ടിനോ പറഞ്ഞു. “കഴിഞ്ഞ വർഷമാണ് പാരീസിൽ വച്ച് അദ്ദേഹത്തെ ഞാൻ കണ്ടത്… ഇന്ന് നിങ്ങളെന്നെ ശരിയ്ക്കും കബളിപ്പിച്ചുകളഞ്ഞു… ആട്ടെ, അദ്ദേഹത്തിനറിയുമോ നിങ്ങളൊരു ജൂതനാണെന്ന കാര്യം…?”
“ഇല്ല…” ബാം നെറ്റി ചുളിച്ചു. “അതിരിക്കട്ടെ, SSന്റെ ഏതു സെക്ഷനിൽ നിന്നാണ് നിങ്ങൾ…?”
“SS അല്ല ഞാൻ …” മാർട്ടിനോ തന്റെ തോക്ക് ബാമിന് അരികിൽ ബെഡ്ഡിൽ വച്ചു. “ബ്രിട്ടീഷ് ആർമിയിലെ ഒരു കേണലാണ് ഞാൻ…”
“ഇല്ല, ഞാനിത് വിശ്വസിക്കില്ല…” അമ്പരപ്പോടെ ബാം പറഞ്ഞു.
“നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനത് തെളിയിച്ചു തന്നേനെ…” മാർട്ടിനോ പറഞ്ഞു.
“എനിക്ക് ഇംഗ്ലീഷ് സംസാരിക്കാനാവും…” ബാമിന്റെ ഇംഗ്ലീഷ് മികച്ചതായിരുന്നു. “മോസ്സ് എമ്പയർ തീയേറ്റർ ശൃംഖലയ്ക്ക് വേണ്ടി ലണ്ടനിലും ലീഡ്സിലും മാഞ്ചെസ്റ്ററിലും ഒക്കെ നാടകങ്ങളിൽ വേഷമിട്ടിട്ടുള്ളവനാണ് ഞാൻ… 1935-36 കാലഘട്ടത്തിൽ…”
“എന്നിട്ടാണോ നിങ്ങൾ ജർമ്മനിയിലേക്ക് മടങ്ങിപ്പോയത്…? നിങ്ങൾക്കെന്താ ഭ്രാന്തായിരുന്നോ…?"
“എന്റെ മാതാപിതാക്കൾ…” ബാം ചുമൽ വെട്ടിച്ചു. “ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മുതിർന്ന തലമുറയിലെ എല്ലാവരെയും പോലെ അവരും കരുതിയില്ല… കീലിലെ എയർ റെയ്ഡിൽ കൊല്ലപ്പെട്ട ഒരു സൈനികന്റെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഞാൻ സൈന്യത്തിൽ ജോലിക്ക് കയറി സുരക്ഷിതനായി… എന്റെ യഥാർത്ഥ നാമം ഹെയ്നി ബാം എന്നാണ്… പക്ഷേ, ഔദ്യോഗികമായി ഞാൻ കോർപ്പറൽ എറിക്ക് ബെർഗർ, 21st പാരച്യൂട്ട് റെജിമെന്റ്…”
“ഞാൻ ഹാരി മാർട്ടിനോ…”
ഒന്ന് സംശയിച്ചിട്ട് ബാം അദ്ദേഹത്തിന് ഹസ്തദാനം നൽകി. “നിങ്ങളുടെ ജർമ്മൻ ഭാഷ ഗംഭീരം തന്നെ…”
“എന്റെ മാതാവ് ജർമ്മൻകാരിയായിരുന്നു…” മാർട്ടിനോ പറഞ്ഞു. “പറയൂ, റോമൽ ഇപ്പോൾ എവിടെയാണ്…?”
“നോർമൻഡിയിൽ…”
“അപ്പോൾ ഈ പ്രച്ഛന്നവേഷത്തിന്റെ ഉദ്ദേശ്യം…? അതോ ഇനി അതറിയില്ലെന്നുണ്ടോ…?”
“ഞാനത് അറിയാൻ പാടില്ലെന്നാണ് വയ്പ്പ്… എങ്കിലും എല്ലാവരെയും പോലെ അവിടുന്നും ഇവിടുന്നും ആയി ചില വിവരങ്ങളൊക്കെ ലഭിക്കാറുണ്ട്…” ഫീൽഡ് മാർഷലിന്റെ സിൽവർ കെയ്സ് തുറന്ന് അയാൾ ഒരു സിഗരറ്റ് പുറത്തെടുത്തു. ശേഷം, റോമൽ നൽകിയിരുന്ന ഐവറി ഹോൾഡറിൽ തിരുകി വച്ചിട്ട് തീ കൊളുത്തി. “ജനറൽമാരായ വോൺ സ്റ്റൂപ്‌നാഗെലും ഫാൾക്കൻഹ്യൂസനും ആയി ഒരു രഹസ്യ കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണദ്ദേഹം… ഞാനറിഞ്ഞിടത്തോളം തികച്ചും നിയമവിരുദ്ധമായ ഒരു മീറ്റിങ്ങ്… യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ അവരും മറ്റു ചില ജനറൽമാരും ചേർന്ന് ഹിറ്റ്‌ലറെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്… ജർമ്മനിയെ രക്ഷിക്കാനുള്ള ഒരു അവസാന പരീക്ഷണമെന്ന നിലയിൽ…”
“ശരിയായിരിക്കും…” മാർട്ടിനോ പറഞ്ഞു. “ഹിറ്റ്‌ലറുടെ നേർക്ക് മുമ്പും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്…”
“പക്ഷേ, വിഡ്ഢികളാണ് അവരെല്ലാം…” ബാം പറഞ്ഞു.
“അതെന്താ അങ്ങനെ പറഞ്ഞത്…? അതെന്നെ അത്ഭുതപ്പെടുത്തുന്നു…”
“എന്തൊക്കെയായാലും യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്... എപ്പോൾ അത് പൂർണ്ണമാകും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ... അതുകൊണ്ട് അവർ എന്തു തന്നെ പ്ലാൻ ചെയ്താലും അതെല്ലാം വെറുതെയായിരിക്കും… ആ ഭ്രാന്തൻ ഹിംലർ അവരെയെല്ലാം പിടികൂടി തൂക്കിക്കൊല്ലുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല… എനിക്കതിൽ വിഷമമൊന്നുമില്ല എന്നത് വേറെ കാര്യം… കാരണം, ഹിറ്റ്‌ലർ അധികാരത്തിൽ വരുവാൻ ഇവരെല്ലാം തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ കാരണക്കാരായിരുന്നു…”
“അത് ശരിയാണ്…”
“പിന്നെ, മറ്റൊന്നുള്ളത്, ജർമ്മൻകാരനാണെങ്കിലും ഒരു ജൂതൻ കൂടിയാണ് ഞാൻ… കഴിഞ്ഞ കുറേ ദിവസങ്ങളായി റോമലുമായി അടുത്തിടപഴകാൻ എനിക്ക് സാധിച്ചു… വളരെ നല്ലൊരു മനുഷ്യനാണദ്ദേഹം… ഹീ ഈസ് ഓൺ ദി റോങ്ങ് സൈഡ്, ദാറ്റ്സ് ഓൾ… അപ്പോൾ ശരി, എന്നെക്കുറിച്ചുള്ള സകല കാര്യങ്ങളും ഞാൻ പറഞ്ഞു കഴിഞ്ഞു… വാട്ട് എബൗട്ട് യൂ…? നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം…?”
ഹ്യൂ കെൽസോയെക്കുറിച്ചുള്ള ചെറിയ ഒരു വിവരണം മാർട്ടിനോ അയാൾക്ക് നൽകി. എങ്കിലും യൂറോപ്പ് അധിനിവേശത്തിൽ കെൽസോയ്ക്കുള്ള പങ്ക് വെളിപ്പെടുത്താതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ബാം പറഞ്ഞു. “ഐ വിഷ് യൂ ലക്ക്… കേട്ടിടത്തോളം വച്ചു നോക്കുമ്പോൾ കടൽമാർഗ്ഗം അദ്ദേഹത്തെ പുറത്തെത്തിക്കുക എന്നത് അല്പം റിസ്കാണ്… നാളെ രാത്രിയാണ് എന്റെ റിട്ടേൺ ഫ്ലൈറ്റ്… എ നൈസ് ഫാസ്റ്റ് എക്സിറ്റ്…”
അത്രയും മതിയായിരുന്നു മാർട്ടിനോയ്ക്ക്. പെർഫക്റ്റ് സൊല്യൂഷൻ… ഗംഭീരം… “പറയൂ, തിരിച്ചവിടെ എത്തിയിട്ട് നിങ്ങളെ വീണ്ടും പാര്യച്യൂട്ട് റെജിമെന്റിലേക്കായിരിക്കുമോ അവർ അയയ്ക്കുക…?”
“ആയിരിക്കുമല്ലോ…”
“എന്നു വച്ചാൽ, നിങ്ങളുടെ മരണം ആസന്നമായിരിക്കുന്നുവെന്ന്… ഏതാനും മാസങ്ങൾക്കകം സഖ്യകക്ഷി അധിനിവേശം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്… ആ സമയത്ത് നിങ്ങളുടെ പാരച്യൂട്ട് റെജിമെന്റ് ആയിരിക്കും യുദ്ധത്തിന്റെ മുൻനിരയിൽ ലാന്റ് ചെയ്യുക…”
“അതെ…”
“അതിന് പകരം ഇംഗ്ലണ്ടിലേക്ക് വരുന്നതിനെക്കുറിച്ച് എന്തു പറയുന്നു…?”
“നിങ്ങളെന്താ, തമാശ പറയുകയാണോ…?” അമ്പരപ്പോടെ ബാം ചോദിച്ചു. “അതെങ്ങനെ സാദ്ധ്യമാകും…?”
“ചിന്തിച്ചു നോക്കൂ…” മാർട്ടിനോ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. “ഫീൽഡ് മാർഷൽ ഇർവിൻ റോമൽ ആയിരിക്കുന്നതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്താണെന്നറിയുമോ…?”
“നിങ്ങൾ തന്നെ പറയൂ…”
“നിങ്ങൾ ആജ്ഞാപിക്കുന്നതെന്തും അവർ അനുസരിക്കുന്നു… ഉദാഹരണത്തിന്, നാളെ വൈകിട്ടാണല്ലോ നിങ്ങൾ എയർപോർട്ടിലേക്ക് പോകുന്നത്… ആ ചെറിയ സ്റ്റോർക്ക് വിമാനത്തിൽ ഫ്രാൻസിലേക്ക് തിരികെ പോകാൻ…?”
“അതെ… അതുകൊണ്ട്…?”
“ഏതാണ്ട് അതേ സമയത്തുതന്നെ ഫ്രാൻസിലേക്ക് പോകുവാനായി മെയിൽ സർവീസിന് ഉപയോഗിക്കുന്ന ഒരു JU88 വിമാനം അവിടെ കിടപ്പുണ്ട്… മുറിവേറ്റ് സ്ട്രെച്ചറിലുള്ള ഒരാളുമായി ഒരു SS സ്റ്റാൻഡർടൻഫ്യൂററോടും ഫ്രഞ്ച് യുവതിയോടുമൊപ്പം ഫീൽഡ് മാർഷൽ ആ വിമാനത്തിന്റെ ടേക്ക് ഓഫിന്റെ തൊട്ടു മുമ്പ് അവിടെയെത്തി അതിൽ പോകണമെന്ന് ആവശ്യപ്പെടുന്നു… അവരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്…?”
ബാം പുഞ്ചിരിച്ചു. “എതിർത്തൊന്നും പറയുമെന്ന് തോന്നുന്നില്ല…”
“ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ…” മാർട്ടിനോ തുടർന്നു. ഇംഗ്ലീഷ് തീരത്തുള്ള ഏറ്റവും അടുത്ത പോയിന്റിലേക്ക് എത്താൻ ഏറിയാൽ അര മണിക്കൂർ ഫ്ലൈയിങ്ങ് ടൈം മതിയാവും ആ വിമാനത്തിന്…”
“മൈ ഗോഡ്…!” ബാം അന്തംവിട്ടു. “യൂ റിയലി മീൻ ഇറ്റ്…”
“നിങ്ങൾക്ക് ഇംഗ്ലണ്ടിലേക്ക് പോകണമോ വേണ്ടയോ…?” മാർട്ടിനോ ചോദിച്ചു. “ആലോചിച്ച് ഒരു തീരുമാനമെടുക്കുക… എന്നെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ എന്തായിരുന്നു സംഭവിക്കുക…? നിങ്ങൾ തിരികെ ഫ്രാൻസിൽ ഫീൽഡ് മാർഷലിനരികിലെത്തുന്നു… പിന്നെന്ത് സംഭവിക്കുമെന്ന് ആർക്കറിയാം… ഫ്യൂററെ വധിക്കുവാനുള്ള ഒരു പ്ലോട്ട് കൂടി പരാജയപ്പെടുന്നു… എന്നു വച്ചാൽ ഇർവിൻ റോമലിന്റെ ദാരുണാന്ത്യമായിരിക്കും നടക്കാൻ പോകുന്നത്… അദ്ദേഹവുമായി ബന്ധമുള്ളവർക്കും അതേ ഗതി തന്നെയായിരിക്കും… ഗെസ്റ്റപ്പോയും ഹിംലറും നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…?”
“വാക്കുകൾ കൊണ്ട് മനുഷ്യരെ മയക്കാൻ മിടുക്കനാണ് നിങ്ങൾ…” ബാം പറഞ്ഞു.
മാർട്ടിനോ ഒരു സിഗരറ്റിന് തീ കൊളുത്തി. “അഥവാ അവർ നിങ്ങളെ വെറുതെ വിട്ടുവെന്ന് തന്നെയിരിക്കട്ടെ… ബെർലിൻ വെറും ഇഷ്ടികക്കൂമ്പാരമാകാൻ അധികനാളുകളൊന്നും വേണ്ട സുഹൃത്തേ… റഷ്യക്കാർക്ക് വേണ്ടത് ചോരയാണ്… സഖ്യകക്ഷികൾ അവരോടൊപ്പമേ നിൽക്കൂ…” കർട്ടന്റെ വിടവിലൂടെ അദ്ദേഹം പുറത്തേക്ക് എത്തനോക്കി. “ബുദ്ധിമാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഞാൻ മുന്നോട്ടു വച്ച നിർദ്ദേശമായിരിക്കും ഏക പോംവഴിയെന്ന് തോന്നുന്നു…”
“ഇൻഷുറൻസ് സെയിൽസിലായിരുന്നു ജോലിയെങ്കിൽ നല്ലൊരു ഭാവിയുണ്ടായേനെ നിങ്ങൾക്ക്…” ബാം പറഞ്ഞു. “ഇംഗ്ലണ്ടിന്റെ വടക്ക് ലീഡ്സിൽ എന്റെ ഒരു കസിൻ ഉണ്ടായിരുന്നു… കൃത്യമായി പറഞ്ഞാൽ യോർക്‌ഷയറിൽ… എന്റെ ഒരേയൊരു ബന്ധു, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ… എനിക്ക് വേണ്ടി ‘കദ്ദിഷ്’ ചൊല്ലുവാൻ ഒരാൾ വേണം… കദ്ദിഷ് എന്നു വച്ചാൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന…”
“കദ്ദിഷ് എന്താണെന്നെനിക്കറിയാം… സഹതാപത്തോടെ മാർട്ടിനോ പറഞ്ഞു. “ഞാൻ പറഞ്ഞതിനെക്കുറിച്ച് എന്തു പറയുന്നു…?”
“ബെർലിൻ വെറും ഇഷ്ടികക്കൂമ്പാരം…” തല കുലുക്കിയിട്ട് ബാം ചിരിച്ചു. “ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു…”
“അപ്പോൾ എല്ലാം പറഞ്ഞതു പോലെ…” മാർട്ടിനോ സൈലൻസർ അഴിച്ചിട്ട് PPK തോക്ക് അതിന്റെ ഉറയിൽ തിരികെ വച്ചു.
“ഹോഫറിനെ എന്തു ചെയ്യും…?” ബാം ചോദിച്ചു.
“അതെ, എന്തു ചെയ്യും അയാളെ…?”
“അത്ര കുഴപ്പക്കാരനൊന്നുമല്ല അദ്ദേഹം… ഞങ്ങളുടെയൊക്കെ അതേ അവസ്ഥയിലുള്ള ഒരാൾ… അദ്ദേഹത്തിന് അപകടം സംഭവിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല…” ബാം പറഞ്ഞു.
“ഞാനൊന്ന് ആലോചിക്കട്ടെ... എന്‍റെ സുഹൃത്തുക്കളുമായി ഒന്ന് സംസാരിക്കണം... ദ്വീപിന്‍റെ കിഴക്കൻ പ്രദേശങ്ങളിലല്ലേ നാളെ നിങ്ങളുടെ ടൂർ...? നിങ്ങളുടെ വാഹനവ്യൂഹത്തിനൊപ്പം ഞാനുമുണ്ടാകും രാവിലെ മുതൽ... എന്നോട് കൂടുതൽ അടുപ്പം പ്രകടിപ്പിക്കുവാൻ ശ്രദ്ധിക്കുക... സൗകര്യം പോലെ, നെക്കർ അരികിലുള്ള സമയത്ത് എന്നോട് എവിടെയാണ് താമസം എന്ന് ചോദിക്കണം... ഡു വിലാ പ്ലേസ് എന്ന് ഞാൻ പറയും... ആ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും മനോഹാരിതയും എല്ലാമെല്ലാം... അവിടം ഒന്ന് കാണണമെന്നും ഉച്ചഭക്ഷണം അവിടെ നിന്ന് കഴിക്കണമെന്നും നെക്കറുടെയടുത്ത് നിർബ്ബന്ധം പിടിക്കണം... അവിടെ വച്ച് നമുക്ക് ബാക്കി കാര്യങ്ങൾ തീർപ്പാക്കാം...”
“അവസാന നിമിഷം മാറ്റിയെഴുതപ്പെടുന്ന സ്ക്രിപ്റ്റിന് റിഹേഴ്സൽ നടത്താൻ അവസരം ലഭിക്കുകയില്ല എന്നതാണ് വാസ്തവം...” നെറ്റി ചുളിച്ചുകൊണ്ട് ബാം പറഞ്ഞു.
“അതിനാണ് അവർ പറയുന്നത്, ദാറ്റ്സ് ഷോ ബിസിനസ് എന്ന്...” കർട്ടൻ വകഞ്ഞു മാറ്റി മാർട്ടിനോ ടെറസ്സിലേക്കിറങ്ങി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"അവസാന നിമിഷം മാറ്റിയെഴുതപ്പെടുന്ന സ്ക്രിപ്റ്റിന് റിഹേഴ്സൽ നടത്താൻ അവസരം ലഭിക്കുകയില്ല എന്നതാണ് വാസ്തവം"..അതെ. എന്താവുമോ ഇനി
ReplyDeleteഇനിയാണ് സംഭവ ബഹുലമായ മണിക്കൂറുകൾ...
Deleteആഹാ... ത്രില്ലിംഗ് 👏👏👏
ReplyDeleteഎന്തെല്ലാം നടക്കാനിരിക്കുന്നു ഇനി...
Deleteഇതുവരെ നടന്ന കാര്യങ്ങളെല്ലാം ആറ്റിക്കുറുക്കി സംഗ്രഹിച്ചത് പോലെ മികച്ച ഒരു എപ്പിസോഡ്.. കിടുക്കാച്ചി..
ReplyDelete"ഷോ ബിസിനസ്" നന്നായി നടക്കട്ടെ..
ഇപ്പോഴാണ് കഥ ശരിയ്ക്കും പിടി കിട്ടിയതെന്ന് പറ...
Deleteഷോ ബിസിനസ്.. I'm waiting ..
ReplyDeleteക്ഷമയോടെ കാത്തിരിക്കൂ ഉണ്ടാപ്രീ...
Deleteഎന്താകും??
ReplyDeleteപെട്ടെന്ന് ചെല്ല് അടുത്ത ലക്കത്തിലേക്ക്...
Delete