Wednesday, October 26, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 86

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

അദ്ധ്യായം – പതിനഞ്ച്

 

ജനറൽ ഹോസ്പിറ്റലിലെ പോസ്റ്റ്മോർട്ടം റൂമിൽ സ്ലാബിന് മുകളിൽ വില്ലി ക്ലൈസ്റ്റിന്റെ മൃതദേഹം അത്യന്തം ഭീഭത്സമായി കിടന്നു. തന്റെ സഹായികളായ രണ്ട് മെഡിക്കൽ കോർപ്പറലുകൾ ആ ശരീരത്തിൽ നിന്നും കരിഞ്ഞ വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുന്നത് നോക്കിക്കൊണ്ട് മേജർ സ്പിയർ നിൽക്കുന്നുണ്ടായിരുന്നു. ഏണസ്റ്റ് ഗ്രൈസർ ഇതെല്ലാം കണ്ടുകൊണ്ട് ഭീതിയോടെ ഡോക്ടറുടെ സമീപം നിന്നു.

 

സ്പിയർ തിരിഞ്ഞ് ഗ്രൈസറെ നോക്കി. “ഛർദ്ദിക്കണമെന്ന് തോന്നുന്നുവെങ്കിൽ അതാ, ഒരു ബക്കറ്റ് വച്ചിട്ടുണ്ട് അവിടെ നാണക്കേടൊന്നും വിചാരിക്കാനില്ല

 

“നന്ദി, ഹെർ മേജർ ഈ പോസ്റ്റ്മോർട്ടത്തിന്റെ കാര്യത്തിൽ താങ്കളുടെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ച് ധരിപ്പിക്കാൻ ക്യാപ്റ്റൻ മുള്ളർ എന്നോട് പറഞ്ഞിരുന്നു

 

“എനിക്ക് മനസ്സിലാവുന്നു, സെർജന്റ്സത്യസന്ധമായ ഒരു വിശകലനത്തിന് അങ്ങേയറ്റം പ്രാധാന്യമുണ്ട് ഈ കേസിൽ എന്നാൽ ശരി, തുടങ്ങുകയല്ലേ?”

 

വസ്ത്രത്തിന്റെ അവസാന കഷണവും ആ ശരീരത്തിൽ നിന്ന് നീക്കിക്കഴിഞ്ഞിരുന്നു. വളരെ സൂക്ഷ്മമായ നോസിലുകളുള്ള ഒരു സ്പ്രെയർ കൊണ്ട് കോർപ്പറലുകളിലൊരുവൻ ആ മൃതശരീരം മൊത്തത്തിൽ കഴുകി. അപ്പോഴേക്കും മറ്റേയാൾ വിവിധയിനം സർജിക്കൽ ഇൻസ്ട്രുമെന്റ്സ് വച്ചിരിക്കുന്ന ഒരു ട്രോളി ഉരുട്ടിക്കൊണ്ടു വന്നു.

 

“സാധാരണഗതിയിൽ തലച്ചോർ പുറത്തെടുത്തു കൊണ്ടാണ് ഞാൻ തുടക്കം കുറിക്കാറുള്ളത്” ചിരിച്ചുകൊണ്ട് സ്പിയർ പറഞ്ഞു. “പക്ഷേ, ഇവിടെ, റിസൽറ്റ് എത്രയും പെട്ടെന്ന് വേണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങൾ ആദ്യം പുറത്തെടുക്കാം ലാബ് ടെക്നീഷ്യന്മാർക്ക് അവരുടെ ജോലി തുടങ്ങി വയ്ക്കാമല്ലോ അങ്ങനെയാവുമ്പോൾ

 

അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ഉണ്ടായിരുന്ന സർജിക്കൽ നൈഫ് അത്ര വലിയതൊന്നും ആയിരുന്നില്ല. എങ്കിലും ആ കത്തി കൊണ്ട് കഴുത്തിനു താഴെ നിന്നും വയറിന്റെ ഭാഗത്തേക്ക് വരഞ്ഞതും മാംസം ഇരുവശത്തേക്കും വേർപെട്ടു. അസഹനീയമായ ദുർഗന്ധം അവിടെങ്ങും പരന്നു. തന്റെ കർച്ചീഫ് കൊണ്ട് വായ് പൊത്തിപ്പിടിച്ച് ഗ്രൈസർ അവിടെത്തന്നെ നിന്നു. മേജർ സ്പിയറിന്റെ കരങ്ങൾ ദ്രുതഗതിയിലാണ് ചലിച്ചുകൊണ്ടിരുന്നത്. ഹൃദയം, കരൾ, വൃക്കകൾ എല്ലാം വെവ്വേറെ ഇനാമൽ ബെയ്സിനുകളിലാക്കി അദ്ദേഹം തൊട്ടടുത്തുള്ള ലാബിലേക്ക് കൈമാറി.

 

ഗ്രൈസർ അവിടെ നിൽക്കുന്ന കാര്യം മേജർ സ്പിയർ മറന്നതുപോലെ തോന്നി. കോർപ്പറലുകളിലൊരുവൻ കൊടുത്ത ഇലക്ട്രിക്ക് സോയുടെ കേബിൾ അദ്ദേഹം സോക്കറ്റിൽ പ്ലഗ് ചെയ്തു. തലയോട്ടി തുറക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ ഗ്രൈസറിന് പിന്നെ പിടിച്ചു നിൽക്കാനായില്ല. ഛർദ്ദിക്കാനുള്ള പ്രവണത നിയന്ത്രിക്കാനാവാതെ അയാൾ അടുത്തുള്ള ടോയ്‌ലറ്റിലേക്ക് കുതിച്ചു.

 

അല്പമൊരു ആശ്വാസം ലഭിച്ചതും അയാൾ പുറത്ത് ഇടനാഴിയിലെ കസേരയിൽ വന്നിരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. ചെറുപ്പക്കാരിയായ ഒരു നേഴ്സ് അരികിലെത്തി അയാളുടെ ചുമലിൽ കൈവച്ച് ഐറിഷ് ചുവയുള്ള ഇംഗ്ലീഷിൽ പറഞ്ഞു. “യൂ ലുക്ക് ഓവ്ഫുൾ

 

“അവർ പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണുകയായിരുന്നു ഞാൻ” ഗ്രൈസർ പറഞ്ഞു.

 

“അതെ ആദ്യതവണ കാണുമ്പോൾ ഇതുപോലെയായില്ലെങ്കിലേ അത്ഭുതമുള്ളൂ ഞാനൊരു കോഫി കൊണ്ടുവരാം” അവൾ പറഞ്ഞു.

 

കോഫി എന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കോഫി ആയിരുന്നില്ല അത്. ഓക്ക് വൃക്ഷത്തിന്റെ കുരു പൊടിച്ചുണ്ടാക്കുന്ന acorn coffee യുടെ അരുചി വീണ്ടും അയാൾക്ക് ഓക്കാനമാണ് ഉണ്ടാക്കിയത്. മറ്റൊരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ പ്രധാന കവാടത്തിനരികിൽ ചെന്ന് റിസപ്ഷൻ കൗണ്ടറിലെ ടെലിഫോണിൽ നിന്നും സിൽവർടൈഡിലുള്ള മുള്ളർക്ക് ഫോൺ ചെയ്തു.

 

“ഹെർ ക്യാപ്റ്റൻ, ഇത് ഞാനാണ്, ഗ്രൈസർ

 

“കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു അവിടെ?” മുള്ളർ ആരാഞ്ഞു.

 

“വല്ലാത്തൊരു അനുഭവം തന്നെ എന്ന് പറയാം എങ്കിലും ഒരു കാര്യം മേജർ സ്പിയറിന് അദ്ദേഹത്തിന്റെ ജോലി അറിയാം അദ്ദേഹത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞാൻ ലാബ് ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണവർ

 

“അത് കഴിയുന്നതു വരെ നിങ്ങൾ അവിടെത്തന്നെ ഉണ്ടായിരിക്കണം ഇതിനിടയിൽ വേറൊരു സംഭവവികാസം കൂടി ഉണ്ടായിട്ടുണ്ട് സ്റ്റ്യൂട്ട്ഗാർട്ടിൽ നിന്നും നിങ്ങളുടെ സഹോദരന്റെ ഫോൺ ഉണ്ടായിരുന്നു ബെർലിനിലുള്ള റൈഫ്യൂറർ ചാൻസലറി ഓഫീസിലെ മിസ് ന്യുമാനുമായി സംസാരിച്ചിരുന്നുവത്രെ

 

“എന്നിട്ട്?”

 

“ഫോഗെൽ എന്നൊരാളെക്കുറിച്ച് അവൾ കേട്ടിട്ടു പോലുമില്ലത്രെ വളരെ രഹസ്യമായിട്ടാണ് അവൾ അന്വേഷണം നടത്തിയത് അല്ലെങ്കിലും ഹിംലറുടെ പ്രത്യേക ദൂതന്മാരുടെ കാര്യം ദുരൂഹത നിറഞ്ഞതാണെന്നാണ് നിങ്ങളുടെ സഹോദരൻ പറഞ്ഞത്

 

“ശരി തന്നെ പക്ഷേ, ലോട്ടെ ന്യുമാനെപ്പോലുള്ള ഒരു യുവതി ഫോഗെലിനെ അറിയില്ല എന്ന് പറയുമ്പോൾ അത് തള്ളിക്കളയാനാവില്ല” ഗ്രൈസർ പറഞ്ഞു. “എന്താണ് താങ്കളുടെ അടുത്ത നീക്കം?”

 

“ഞാനൊന്ന് ആലോചിക്കട്ടെ മേജർ സ്പിയറിന്റെ റിപ്പോർട്ട് ലഭിച്ച ഉടൻ എനിക്ക് ഫോൺ ചെയ്യുക ഞാൻ നേരിട്ട് അവിടെയെത്താം എന്നിട്ട്, പോസ്റ്റ്മോർട്ടത്തിന്റെ കാര്യത്തിൽ എന്താണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന് നോക്കാം നമുക്ക്

 

(തുടരും)

16 comments:

  1. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുകൂലമാകുമോ?

    ഇനിയങ്ങോട്ട് പൊടിപൂരമായിരിക്കും...

    ReplyDelete
    Replies
    1. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കള്ളി വെളിച്ചത്താകും...

      Delete
  2. അധ്യായം പകുതി വലിപ്പം ആക്കിയതിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. 😜🥰

    ReplyDelete
    Replies
    1. ഇന്നലെയാണ് എഴുതിത്തുടങ്ങിയത്... ഇത്തിരി തിരക്കിലായിരുന്നു... അടുത്ത ഭാഗം കൂടി എഴുതാമെന്ന് വച്ചാൽ മൂന്നു നാല് ദിവസം കൂടി വേണ്ടി വരും.. അപ്പോൾ പിന്നെ ഈ ആഴ്ച പോസ്റ്റ് നടക്കാതെ വരും...

      Delete
    2. ആശാൻ വിശാലഹൃദയൻ ആയത് വിനുവേട്ടന്റെ ഭാഗ്യം 😂😂😂😂

      Delete
    3. അല്ലായിരുന്നെങ്കിൽ എന്റെ കാര്യം കട്ടപ്പൊക ആയേനെ... 😄

      Delete
  3. പോസ്റ്റുമോർട്ടം ഒക്കെ ചെയ്യുന്നവരെ സമ്മതിയ്ക്കണം

    ReplyDelete
  4. ആരാധകരേ, ശാന്തരാകുവിൻ..

    8 മണിക്ക്, ആ വിമാനങ്ങൾ പുറപ്പെടുന്നതിന് മുന്നേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ പണിയാകുമല്ലോ..!!

    ReplyDelete
    Replies
    1. ഒരു സംശയവും വേണ്ട, പണിയാകും...

      Delete
  5. അതിനുമുന്നേ വിമാനം പറന്നു പൊങ്ങും..?!

    ReplyDelete
    Replies
    1. ഇല്ല അശോകേട്ടാ... അതിനു മുമ്പ് റിപ്പോർട്ട് വരും...

      Delete
  6. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പണിയാവും

    ReplyDelete
    Replies
    1. അതെ... അതിനെ എ‌ങ്ങനെ തരണം ചെയ്യും എന്നറിയാൻ കാത്തിരിക്കാം നമുക്ക്...

      Delete