ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അഞ്ചു മണിക്ക് തൊട്ടുമുമ്പാണ് ഫീൽഡ് മാർഷലിന്റെ വാഹനവ്യൂഹം സെപ്റ്റംബർടൈഡിൽ തിരിച്ചെത്തിയത്. ഹെയ്നി ബാമും ഹോഫറും കാറിൽ നിന്നും പുറത്തിറങ്ങി. നെക്കറും രണ്ട് ഓഫീസർമാരും അവർക്കരികിലേക്ക് വന്നു. അവർക്ക് പിന്നിലായി മാർട്ടിനോയും നിലയുറപ്പിച്ചു.
“ഓർമ്മിക്കത്തക്ക ഒരു ദിനം, മേജർ…” ബാം പറഞ്ഞു. “എനിക്ക് നൽകിയ സൗകര്യങ്ങൾക്കെല്ലാം ആത്മാർത്ഥമായ നന്ദി…”
“എല്ലാം തൃപ്തികരമായിരുന്നു എന്നറിഞ്ഞതിൽ എനിക്കും സന്തോഷമുണ്ട്, ഹെർ ഫീൽഡ് മാർഷൽ…”
“ഇവിടെ നിന്നും എയർപോർട്ടിൽ എത്താൻ എത്ര സമയമെടുക്കും…?”
“ഏറിയാൽ പത്തു മിനിറ്റ്…”
“ഗുഡ്… എന്നാലിനി ഏഴരയ്ക്കും എട്ടു മണിയ്ക്കും ഇടയിലായി എയർപോർട്ടിൽ വച്ചു കാണാം നമുക്ക്…”
നെക്കർ സല്യൂട്ട് നൽകി, തിരിഞ്ഞ് തന്റെ കാറിനുള്ളിൽ കയറി. മറ്റ് ഓഫീസർമാരെല്ലാം പിരിഞ്ഞു പോയതും ബാമും ഹോഫറും പ്രധാന കവാടത്തിന് നേർക്ക് നീങ്ങി. ആ നിമിഷമാണ് മാർട്ടിനോ മുന്നോട്ട് വന്നത്. “താങ്കളുമായി ഒരു വാക്ക് സംസാരിക്കാനുണ്ടായിരുന്നു, ഹെർ ഫീൽഡ് മാർഷൽ…”
അതു കേട്ട് പെട്ടെന്ന് ജാഗരൂകനായ ഹോഫറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാമിന്റെ പ്രതികരണം ആഹ്ലാദത്തോടെയായിരുന്നു. “തീർച്ചയായും, സ്റ്റാൻഡർടൻഫ്യൂറർ… അകത്തേക്ക് വരൂ…”
അപ്പോഴാണ് പ്ലാറ്റൂൺ കമാൻഡർ ഹെയ്ഡർ ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ടത്. സല്യൂട്ട് ചെയ്തിട്ട് അയാൾ ചോദിച്ചു. “ഇനിയെന്തെങ്കിലും ഞാൻ ചെയ്യേണ്ടതുണ്ടോ, ഹെർ ഫീൽഡ് മാർഷൽ…?”
“ഇന്നലത്തെ ആ പാചകക്കാരൻ ഇവിടെയുണ്ടോ…?”
“അയാളെ ഇപ്പോൾത്തന്നെ ഇങ്ങോട്ടയയ്ക്കാം ഞാൻ…”
“ഇപ്പോൾ വേണ്ട… അര മണിക്കൂർ കഴിഞ്ഞ് മതി, ഹെയ്ഡർ…”
ഉള്ളിലേക്ക് നടന്ന ബാമിനെ കോൺറാഡ് ഹോഫറും മാർട്ടിനോയും അനുഗമിച്ചു. ലിവിങ്ങ് റൂമിൽ എത്തിയ ബാം തന്റെ ലെതർകോട്ടും ക്യാപ്പും ഊരിവച്ചിട്ട് ടെറസ്സിലേക്കുള്ള ഗ്ലാസ് ഡോർ തുറന്നു. “ഒരു ഡ്രിങ്ക് ആയാലോ, സ്റ്റാൻഡർടൻഫ്യൂറർ…?”
“പിന്നെന്താ, സന്തോഷമേയുള്ളൂ…”
“കോൺറാഡ്…” ബാം ഹോഫറിന് നേരെ നോക്കി. “കോന്യാക്ക് ആയിക്കോട്ടെ… ഞങ്ങളോടൊപ്പം കൂടുന്നോ…?”
ബാം ഒരു സിഗരറ്റെടുത്ത് തന്റെ പക്കലുള്ള ഹോൾഡറിൽ തിരുകി വച്ചു. മാർട്ടിനോ അതിന് തീ കൊളുത്തിക്കൊടുക്കവെ ഹോഫർ ഗ്ലാസുകളിൽ മദ്യം പകർന്നു. “എത്ര മനോഹരമായ ദൃശ്യം…” സെന്റ് ഓബിൻസ് ഉൾക്കടലിലേക്ക് നോക്കിക്കൊണ്ട് ബാം പറഞ്ഞു. “യുദ്ധമില്ലാത്ത സമയത്തായിരുന്നുവെങ്കിൽ നിറയെ വൈദ്യുതദീപങ്ങളുമായി മോണ്ടി കാർലോ പോലെ തോന്നുമായിരുന്നു ഇവിടം… അല്ലേ കോൺറാഡ്…?”
“ഏതാണ്ടൊക്കെ, ഹെർ ഫീൽഡ് മാർഷൽ…” തെല്ല് പരിഭ്രാന്തനായിരുന്നുവെങ്കിലും അത് പുറമേ കാണിക്കാതിരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഹോഫർ. ഫോഗെലിന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്നുള്ള സംശയത്തിലായിരുന്നു അയാൾ.
“ജെന്റിൽമെൻ, നമുക്കെല്ലാവർക്കും വേണ്ടി…” ബാം തന്റെ ഗ്ലാസ് ഉയർത്തി. “മനുഷ്യന്റെ വിവരക്കേടിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന, ലോകത്തെല്ലായിടത്തുമുള്ള സൈനികർക്ക് വേണ്ടി…” ഗ്ലാസ് കാലിയാക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അയാൾ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. “ഓൾറൈറ്റ് ഹാരീ… ലെറ്റസ് ഗെറ്റ് ഓൺ വിത്ത് ഇറ്റ്…”
ഹോഫർ അമ്പരന്ന് തരിച്ചു നിന്നു. മാർട്ടിനോ തന്റെ ട്രെഞ്ച്കോട്ടിനുള്ളിൽ നിന്നും കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച വാൾട്ടർ ഗൺ പുറത്തെടുത്തു. “എന്നെക്കൊണ്ട് ഇതിന്റെ കാഞ്ചി വലിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് മണ്ടത്തരമായിരിക്കും… നേരിയ ശബ്ദം പോലും പുറത്തേക്ക് കേൾക്കില്ല…” അദ്ദേഹം ഹോഫറിന്റെ അരപ്പട്ടയിൽ നിന്നും മോസർ പുറത്തെടുത്ത് തന്റെ പോക്കറ്റിൽ തിരുകി.
“ആരാണ് നിങ്ങൾ…?” ഹോഫർ ചോദിച്ചു.
“ഇത്രയും ആയ നിലയ്ക്ക് എന്തായാലും ഞാൻ സ്റ്റാൻഡർടഫ്യൂറർ മാക്സ് ഫോഗെൽ അല്ല എന്ന് മനസ്സിലാക്കിക്കോളൂ… ഈ നിൽക്കുന്ന ഹെയ്നി, ഡെസർട്ട് ഫോക്സ് അല്ലാത്തത് പോലെ…”
“ഹെയ്നി…?” ഹോഫറിന്റെ അമ്പരപ്പ് ഒന്നു കൂടി വർദ്ധിച്ചു.
“അതെ… അത് ഞാനാണ്…” ബാം പറഞ്ഞു. “ഹെയ്നി ബാം… എറിക്ക് ബെർഗർ എന്നയാൾ കീലിൽ വച്ച് ഒരു എയർ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു… അയാളുടെ രേഖകൾ ഉപയോഗിച്ച് ഞാൻ പാരാട്രൂപ്പിൽ ചേർന്നു…”
“പക്ഷേ, എന്തിന്…?”
“എന്തിനെന്നോ… നോക്കൂ, ഹെർ ക്യാപ്റ്റൻ, ഞാനൊരു ജൂതനായിപ്പോയി… ഒരു ജൂതന് ഒളിവിൽ കഴിയാൻ ഇതിലും നല്ലൊരിടം വേറെ ഏതാണ്…?”
“മൈ ഗോഡ്…!” അവിശ്വസനീയതയോടെ ഹോഫർ വിളിച്ചുപോയി.
“അതെ… വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ…? ഒരു ജൂതൻ ജർമ്മനിയുടെ എക്കാലത്തെയും വലിയ വാർ ഹീറോയുടെ അപരനായി വേഷം കെട്ടുക… എന്തൊരു വിരോധാഭാസം അല്ലേ…?”
ഹോഫർ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. “ശരി, ഇനി നിങ്ങൾ ആരാണ്…?”
“എന്റെ പേര് മാർട്ടിനോ… ലെഫ്റ്റനന്റ് കേണൽ ഹാരി മാർട്ടിനോ… SOEയ്ക്ക് വേണ്ടിയാണ് ഞാൻ വർക്ക് ചെയ്യുന്നത്… ഞങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവുമെന്ന് ഉറപ്പുണ്ടെനിയ്ക്ക്…”
“യെസ്…” ഹോഫർ തന്റെ ഗ്ലാസിൽ അവശേഷിച്ച ബ്രാണ്ടി ഒറ്റയിറക്കിന് അകത്താക്കി. “തീർച്ചയായും കേട്ടിട്ടുണ്ട്…”
“വാസ്തവത്തിൽ നിങ്ങളുടെ ബോസ് ഭാഗ്യമുള്ളവനാണ്… ഇന്നലെ രാത്രി എന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടയേറ്റ് ഇദ്ദേഹം കൊല്ലപ്പെടേണ്ടതായിരുന്നു… നിങ്ങൾ ഉറങ്ങാൻ പോയതിന് തൊട്ടുപിറകെ… ഭാഗ്യത്തിന്, സ്വയം സംസാരിക്കുന്ന സ്വഭാവം ഉണ്ടായിപ്പോയി നമ്മുടെ ഈ സുഹൃത്തിന്… അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയത്, കാണുന്നത് പോലെയല്ല കാര്യങ്ങളെന്ന്…”
“ശരി, അപ്പോൾ എന്താണ് നിങ്ങളുടെ ഉദ്ദേശ്യം…?” ഹോഫർ ആരാഞ്ഞു.
“വളരെ ലളിതം… ഫീൽഡ് മാർഷൽ റോമൽ ഇന്ന് രാത്രി ജെഴ്സിയിൽ നിന്നും തിരികെ പറക്കുന്നു… സ്റ്റോർക്ക് വിമാനത്തിലല്ല, അവിടെ കിടക്കുന്ന ജങ്കേഴ്സ്-52ൽ… എന്നു വച്ചാൽ ഇയാളോടൊപ്പം എനിക്കും എന്റെ ഏതാനും സുഹൃത്തുക്കൾക്കും കൂടി പുറത്തു കടക്കാൻ സാധിക്കുമെന്നർത്ഥം… ഡെസ്റ്റിനേഷൻ ഇംഗ്ലണ്ട്…”
“ആ ചെറുപ്പക്കാരിയും…?” ഹോഫർ ഒന്നു പുഞ്ചിരിച്ചു. “എനിക്കിഷ്ടമായി അവളെ… കാണുന്നതു പോലെയല്ല ആ കുട്ടിയും എന്ന് തോന്നുന്നു…?”
“ഒരു കാര്യം കൂടി…” മാർട്ടിനോ പറഞ്ഞു. “പക്ഷേ, വളരെ പ്രധാനപ്പെട്ടത്… നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും ഞാനെന്താണ് നിങ്ങൾക്ക് നേരെ നിറയൊഴിക്കാത്തതെന്ന്… വെൽ, ഹെയ്നിയ്ക്ക് ഒരു ചീത്ത സ്വഭാവമുണ്ട്… മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞു നിന്ന് ശ്രദ്ധിക്കുക എന്നത്… ഈ വാരാന്ത്യത്തിൽ റോമൽ എവിടെയാണെന്നും എന്തിനാണ് അവർ കൂടിയിരിക്കുന്നതെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. യുദ്ധത്തിന്റെ ഈ ഘട്ടത്തിൽ ഹിറ്റ്ലർ കൊല്ലപ്പെടുക എന്നത് സഖ്യകക്ഷികൾക്ക് ഏറെ ഗുണകരമായ ഒന്നാണ്. ഞങ്ങൾ ഇംഗ്ലണ്ടിൽ എത്തി, ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് നേതൃത്വത്തെ ധരിപ്പിക്കുമ്പോൾ അവർ മൗനം പാലിക്കുകയേയുള്ളൂ… ഫീൽഡ് മാർഷൽ റോമലിന്റെ നീക്കങ്ങൾക്ക് ഒരു തടസ്സമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… മനസ്സിലാവുന്നുണ്ടോ…? മറിച്ച്, അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരാനാണ് ഞങ്ങൾക്കിഷ്ടം… ഇക്കാര്യങ്ങളെല്ലാം അവിടെച്ചെന്ന് അദ്ദേഹത്തോട് പറയാൻ നിങ്ങൾ ജീവനോടെയിരിക്കേണ്ടത് എന്റെ ആവശ്യമാണ്…”
“മനസ്സിലാവുന്നു… പക്ഷേ, ഇവിടെ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് ഫ്യൂററോട് അദ്ദേഹം എങ്ങനെ വിശദീകരിക്കും…?”
“വളരെ ലളിതമല്ലേ അത്… ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെയും സഖ്യകക്ഷികളുടെ ഏജന്റുമാരുടെയും നേതൃത്വത്തിൽ നിരവധി തവണ റോമലിന് നേർക്ക് വധശ്രമങ്ങൾ നടന്നിട്ടുണ്ട്… നോർത്ത് ആഫ്രിക്കയിൽ വച്ച് ബ്രിട്ടീഷുകാരുടെ കൈയ്യിൽ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടതെന്ന കാര്യം ഓർമ്മയില്ലേ…? അദ്ദേഹത്തിന്റെ അപരനായി ബെർഗറെ ഉപയോഗപ്പെടുത്തുക എന്നത് ബുദ്ധിപരമായ തീരുമാനമായിരുന്നു… ഇവിടെ ജെഴ്സിയിൽ വച്ച് നടന്ന സംഭവങ്ങൾ അത് തെളിയിക്കുകയും ചെയ്തു… ഇയാൾക്ക് പകരം അദ്ദേഹമാണ് ഇവിടെ വന്നിരുന്നതെങ്കിൽ ഇതിനോടകം കൊല്ലപ്പെട്ടിരിക്കുമായിരുന്നു എന്ന കാര്യം ഉറപ്പാണ്… ബെർഗർ മറുപക്ഷത്തേക്ക് ചേക്കേറിയത് ദുഃഖകരം തന്നെ… പക്ഷേ, അത് നിങ്ങളുടെ കുറ്റമല്ലല്ലോ…”
“നിങ്ങൾ വീണ്ടും ബെർഗർ എന്നു പറയുന്നു…”
“എന്നിലെ ജൂതബന്ധം ഈ അവസരത്തിൽ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അദ്ദേഹം കരുതിക്കാണും…” ഹെയ്നി പറഞ്ഞു.
“എന്ന് പറയാം…” മാർട്ടിനോ എഴുന്നേറ്റു. “ഓൾറൈറ്റ്, നിങ്ങളെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകുകയാണ് ഞങ്ങൾ… വരൂ…”
അവരെ അനുസരിക്കുകയല്ലാതെ ഹോഫറിന് വേറെ മാർഗ്ഗമില്ലായിരുന്നു. തന്റെ ബെഡ്റൂമിലേക്ക് നടക്കുന്ന അയാളെ അവർ ഇരുവരും അനുഗമിച്ചു.
പാതി വലിച്ചിട്ട കർട്ടനിടയിലൂടെ താഴെ മുറ്റത്ത് തന്റെ സൈനിക വാഹനത്തിനരികിൽ നിൽക്കുന്ന ഹെയ്ഡറെ കാണാമായിരുന്നു അയാൾക്ക്.
“അപ്പോൾ, എന്നെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ല എന്നാണോ നിങ്ങൾ പറയുന്നത്…?” ഹോഫർ ചോദിച്ചു.
“ഒരിക്കലും ഇല്ല… ഇക്കാര്യമെല്ലാം നിങ്ങൾ റോമലിന്റെയടുത്ത് ചെന്ന് പറയേണ്ടത് എന്റെ ആവശ്യമായിപ്പോയില്ലേ…” മാർട്ടിനോ പറഞ്ഞു. “അതുകൊണ്ട് ഒരു നിമിഷം അനങ്ങാതെ നിന്ന് ഞങ്ങളോട് സഹകരിച്ചാൽ ഒരു പ്രയാസവുമുണ്ടാവില്ല നിങ്ങൾക്ക്… ഞങ്ങളോട് മല്ലിടാതിരുന്നാൽ ഒന്നും ഭയക്കേണ്ട…”
ഹോഫറിന്റെ വലതുകൈയ്യിൽ എരിയുന്ന വേദന അനുഭവപ്പെട്ടു. കണ്ണുകളിൽ അന്ധകാരം നിറയുന്നത് പോലെ… ബാമിന്റെ കൈയ്യിലുണ്ടായിരുന്ന സിറിഞ്ചിലെ ദ്രാവകം പൂർണ്ണമായും അയാളുടെ ശരീരത്തിലേക്കിറങ്ങി. മാർട്ടിനോ അയാളെ ബെഡ്ഡിലേക്ക് സാവധാനം കിടത്തിയിട്ട് കാലുകൾ കട്ടിലിലേക്ക് എടുത്തുവച്ചു. ശേഷം ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചു.
അവർ താഴെ ഹാളിലേക്കിറങ്ങി. “അപ്പോൾ ശരി, പറഞ്ഞതു പോലെ ഏഴു മണിയ്ക്ക് എയർപോർട്ടിലേക്ക് പുറപ്പെടണം…” മാർട്ടിനോ ഓർമ്മിപ്പിച്ചു.
മുൻഭാഗത്തെ വാതിൽ തുറന്നതും മുറ്റത്തുണ്ടായിരുന്ന പാചകക്കാരൻ അവർക്കരികിലേക്ക് വന്നു. “എന്നാൽ ശരി, പിന്നെ കാണാം, സ്റ്റാൻഡർടൻഫ്യൂറർ…” മാർട്ടിനോയോടായി ബാം പറഞ്ഞു.
അയാൾ തിരിഞ്ഞ് ലിവിങ്ങ് റൂമിലേക്ക് നടന്നു. “ആജ്ഞാപിച്ചാലും, ഹെർ ഫീൽഡ് മാർഷൽ…” ബാമിനെ അനുഗമിച്ചുകൊണ്ട് പാചകക്കാരൻ പറഞ്ഞു.
“ലഘുവായിട്ടെന്തെങ്കിലും മതി…” ബാം പറഞ്ഞു. “സ്ക്രാംബ്‌ൾഡ് എഗ്ഗ്സ്, ടോസ്റ്റ്, പിന്നെ കോഫിയും… എനിയ്ക്ക് ഒരാൾക്ക് മതി… മേജർ ഹോഫറിന് അത്ര സുഖമില്ല… പുറപ്പെടുന്നതിന് മുമ്പായി അല്പം വിശ്രമം എടുക്കുകയാണ് അയാൾ…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഹോ... ഇങ്ങനത്തെ ഒരു ഘട്ടത്തിലും എന്ത് കൂൾ ആയിട്ട് ആണ് ഇവരൊക്കെ പെരുമാറുന്നത്. ഇതല്ലാതെ വേറെ ഒരു മാർഗവുമില്ല ന്ന് വരുമ്പോ ഇങ്ങനൊക്കെ ആകും ചെയ്യുക അല്ലേ... 😇
ReplyDeleteശരിയാണ്... ഏത് പ്രതിസന്ധിയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവരെ കണ്ടു പഠിക്കണം നമ്മൾ...
Deleteഇതുവരെ എല്ലാം സെറ്റ്.. ഇനിയുള്ള നീക്കങ്ങൾ വളരെ നിർണ്ണായകം!!
ReplyDeleteക്ലൈസ്റ്റിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഗ്രൈസറും ഒരു പുലിവാലാകും...
Deleteഇത് വരെ വളരെ വളരെ ശെരിയാണ് ..
ReplyDeleteഇനിയെന്താകുമോ ആവോ ..( എന്റെ അത്തിപ്പാറ അമ്മച്ചീ ..)
എങ്ങനെ മാനേജ് ചെയ്യുമെന്ന് കണ്ടറിയാം നമുക്ക്...
Deleteഅനുസരണ കാട്ടി ഹോഫർ. എല്ലാം ഭദ്രമാക്കി മാർട്ടിനോ
ReplyDeleteഅതെ... ഭദ്രമാക്കി എന്ന് മാർട്ടിനോ വിശ്വസിക്കുന്നു... പക്ഷേ...
Deleteഇനിയെന്താകുമോ എന്തോ..
ReplyDelete!!
ഇനിയെത്ര അദ്ധ്യായം കൂടി ഉണ്ടാകും വിനുവേട്ടാ?? 😜... ബാക്കിയുള്ളത് ഒന്നിച്ചു വായിച്ചാലോ 😜😜😜😜
മൊത്തം ഒരു നൂറ് അദ്ധ്യായത്തിലേക്ക് എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം... ഒന്നിച്ച് വായിക്കാൻ വേണ്ടി വായന ഇടയ്ക്ക് നിർത്തിയാൽ കൊല്ലും ഞാൻ...
Deleteഎത്ര കൂളാണീ മനുഷ്യർ...!!
ReplyDeleteഅവരെ കണ്ടു പഠിക്കണം അശോകേട്ടാ നമ്മൾ...
Delete