Wednesday, November 9, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 88

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗാലഗറിന്റെ കോട്ടേജിൽ അദ്ദേഹവും മാർട്ടിനോയും കൂടി കെൽസോയെ ഒരു ക്രീഗ്സ്മറീൻ യൂണിഫോം ധരിപ്പിക്കുവാൻ തുടങ്ങി. ആ സമയം, സാറ മനഃപൂർവ്വം കിച്ചണിലേക്ക് മാറി നിന്നു. ഗാലഗർ ട്രൗസേഴ്സിന്റെ വലതുകാൽ കത്രിക കൊണ്ട് അല്പം വെട്ടി പ്ലാസ്റ്റർ ഇട്ട കാൽ കടക്കുന്ന രൂപത്തിലാക്കി. 


“എങ്ങനെയുണ്ട് പുതിയ വേഷം…?” അദ്ദേഹം ആരാഞ്ഞു.


“മോശമില്ല…” ഒന്ന് സംശയിച്ചിട്ട് വിഷമത്തോടെ കെൽസോ തുടർന്നു. “ഞാൻ കാരണം നിങ്ങൾ കുറേപ്പേർ വല്ലാതെ കഷ്ടപ്പെടുന്നു…”


“അതെയോ…?” മാർട്ടിനോ പരിഹാസഭാവത്തിൽ ചോദിച്ചു. “എന്ന് വച്ചാൽ ലിംബേയിൽ വച്ച് മനഃപൂർവ്വം അപകടമുണ്ടാക്കി കടലിൽ ചാടുകയായിരുന്നു താങ്കളെന്നാണോ…?”


“നോ… തീർച്ചയായും അല്ല…”


“എങ്കിൽ പിന്നെ ഇത്തരം സംസാരം ഇനി പാടില്ല…” അദ്ദേഹത്തോട് പറഞ്ഞിട്ട് മാർട്ടിനോ സാറയെ വിളിച്ചു. “ഇനി ഇങ്ങോട്ട് വന്നോളൂ…”


രണ്ട് വലിയ ബാൻഡേജ് റോളുകളും സർജിക്കൽ ടേപ്പുമായി അവൾ എത്തി. കെൽസോയുടെ തലയിലും മുഖത്തുമായി ബാൻഡേജ് ഇട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളും വായും മാത്രമേ പുറത്തു കാണാമായിരുന്നുള്ളൂ.


“ദാറ്റ്സ് റിയലി വെരി പ്രൊഫെഷണൽ…” ഗാലഗർ പറഞ്ഞു.


“അയാം എ പ്രൊഫെഷണൽ, യൂ ഫൂൾ…” സാറയും വിട്ടുകൊടുത്തില്ല.


ഗാലഗർ പുഞ്ചിരിച്ചു. “ഒരു നേഴ്സിന്റെ യൂണിഫോമിൽ നിന്നെക്കാണാൻ പ്രൗഢഗംഭീരമായായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്…”


മാർട്ടിനോ തന്റെ വാച്ചിലേക്ക് നോക്കി. ആറു മണിയോടടുത്തിരിക്കുന്നു. “ഞങ്ങൾ ഡു വിലാ പ്ലേസിലേക്ക് പോകുകയാണ് ജനറൽ… ഇദ്ദേഹത്തെ ശ്രദ്ധിച്ചോണേ… ക്യൂബൽവാഗണുമായി ഒരു മണിക്കൂറിനകം ഞാൻ തിരിച്ചെത്താം…”


പുറത്തേക്കിറങ്ങിയ മാർട്ടിനോയെയും സാറയെയും യാത്രയാക്കിയിട്ട് ഒരു ജോഡി ക്രച്ചസുമായി ഗാലഗർ തിരിച്ചെത്തി. “താങ്കൾക്കുള്ള സമ്മാനമാണ്…” അവ മേശമേൽ ചാരിവച്ചിട്ട് ഗാലഗർ പറഞ്ഞു. “ഇതിന്റെ സഹായത്തോടെ എഴുന്നേൽക്കാൻ പറ്റുമോ എന്ന് നോക്കൂ…”


ഒരു കാൽ ഊന്നി എഴുന്നേറ്റിരുന്നിട്ട് കെൽസോ ക്രച്ചസിൽ ഒരെണ്ണമെടുത്ത് കക്ഷത്തിനടിയിൽ തിരുകി. ശേഷം രണ്ടാമത്തേതും. പിന്നെ സാവധാനം എഴുന്നേറ്റ് തെല്ല് സംശയിച്ച് നിന്ന് പതുക്കെ മുന്നോട്ട് രണ്ടടി വച്ചു. ആത്മവിശ്വാസം ലഭിച്ചതോടെ ക്രച്ചസിന്റെ സഹായത്തോടെ അദ്ദേഹം റൂമിന്റെ മറുവശം വരെ നടന്നു. 


“ബ്രില്യന്റ്…!” ഗാലഗർ പറഞ്ഞു. “ജീവിതത്തലേക്ക് വീണ്ടും… ഒന്നുകൂടി നടന്നു നോക്കൂ…”


                                                        ***


“താങ്കൾക്കുറപ്പാണോ…?” മുള്ളർ ചോദിച്ചു.


“അതെ… ഞാൻ കാണിച്ചു തരാം…” ഇനാമൽ ബേസിനിൽ വച്ചിട്ടുള്ള തലച്ചോറ് ഗ്ലൗസിട്ട കൈകൾ കൊണ്ട് മറിച്ചിട്ടതിന് ശേഷം മേജർ സ്പിയർ പറഞ്ഞു. “ഇതിന്റെ അടിഭാഗത്തെ പിങ്ക് നിറം കണ്ടോ…? അത് രക്തമാണ്… അതിൽ ഒരു അസ്വാഭാവികത കാണുന്നു… വായുടെ മുകൾ‌ഭാഗത്തു കൂടി തലച്ചോറ് വരെ മൂർച്ചയുള്ള എന്തോ ഉപകരണം തുളഞ്ഞു കയറിയിട്ടുണ്ട്…”


“ആ മുറിവ് കാറപകടത്തിൽ സംഭവിച്ചതാകാനുള്ള സാദ്ധ്യതയില്ലേ…?”


“ഇല്ലേയില്ല…” സ്പിയർ പറഞ്ഞു. “ഇത് മൂർച്ചയുള്ള കത്തി പോലുള്ള എന്തോ ഒന്നാണ്… മുഖത്തിനും കഴുത്തിനും ഇടയിലുള്ള ഭാഗത്തെ മാംസം കത്തിക്കരിഞ്ഞിരിക്കുന്നതുകൊണ്ട് നൂറ് ശതമാനം ഉറപ്പു പറയാനെനിക്കാവില്ല… എങ്കിലും എന്റെ അഭിപ്രായത്തിൽ ഇയാളുടെ കീഴ്ത്താടിയിൽ നിന്നും മുകളിലേക്കുള്ള കുത്തു കൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നത്… നിങ്ങളുടെ സംശയങ്ങളുമായി ഏതെങ്കിലും തരത്തിൽ അതിനെ ബന്ധിപ്പിക്കാനാവുന്നുണ്ടോ…?”


“യെസ്…” മുള്ളർ പറഞ്ഞു. “ചിലതൊക്കെ ഇപ്പോൾ തെളിഞ്ഞു വരുന്നു… വളരെ നന്ദി…” അയാൾ ഗ്രൈസറുടെ നേർക്ക് തലയാട്ടി. “വരൂ, നമുക്ക് പോകാം…”


മുള്ളർ കതക് തുറന്ന് പുറത്തേക്കിറങ്ങവെ സ്പിയർ വിളിച്ചു. “ഓ, ഒരു കാര്യം കൂടി…”


“എന്താണത്…?”


“നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു… ഇയാൾ അമിതമായി മദ്യപിച്ചിരുന്നു… ലാബ് ടെസ്റ്റുകളിൽ നിന്നും മനസ്സിലാവുന്നത് ഏതാണ്ട് ഒന്നര കുപ്പിയോളം അകത്താക്കിക്കാണണമെന്നാണ്…”


ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിലെ പടവുകളിൽ ഒരു നിമിഷം നിന്നിട്ട് മുള്ളർ ഒരു സിഗരറ്റിന് തീ കൊളുത്തി. 


“താങ്കൾക്കെന്തു തോന്നുന്നു, ഹെർ ക്യാപ്റ്റൻ…?” ഗ്രൈസർ ചോദിച്ചു.


“സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിനെ ഒന്നു കൂടി ചോദ്യം ചെയ്യേണ്ടി വരുമെന്ന്… വരൂ ഏണസ്റ്റ്, നമുക്ക് അങ്ങോട്ട് പോകാം…”


മുള്ളർ, സിട്രോൺ കാറിന്റെ പാസഞ്ചർ സീറ്റിൽ കയറി ഇരുന്നു. ഗ്രൈസർ കാർ മുന്നോട്ടെടുത്തു.


                                                         ***


ഡു വിലാ പ്ലേസിലെ കിച്ചണിൽ വട്ടമേശയ്ക്ക് ചുറ്റും ഇരിക്കുകയാണ് സാറയും ഹെലനും മാർട്ടിനോയും. വാതിൽ തുറന്ന് ഒരു കുപ്പിയുമായി ഗ്വിഡോ പ്രവേശിച്ചു. “ഷാമ്പെയ്ൻ… എന്നെക്കൊണ്ട് ഇത്രയേ സാധിച്ചുള്ളൂ…”


“ജർമ്മൻ നാവികർ ആരും ഇവിടെയില്ല എന്നുറപ്പാണോ…?” സാറ ചോദിച്ചു.


“ഓ, യെസ്… ഏറ്റവും ഒടുവിൽ പോയത് ബ്രൂണോയാണ്… ഇന്ന് രാത്രി ഗ്രാൻവിലായിലേക്കുള്ള കോൺവോയിൽ എല്ലാവരും തിരിച്ചു പോകുകയാണ്… എനിക്കുള്ള പുതിയ അസൈന്മെന്റ് ക്രീഗ്സ്മറീൻ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഇതുവരെ എത്തിയിട്ടുമില്ല…”


ഗ്വിഡോ, ബോട്ട്‌ലിന്റെ കോർക്ക് വലിച്ചൂരി ഹെലൻ കൊണ്ടുവന്നു വച്ചിരുന്ന നാല് ഗ്ലാസുകളിലേക്ക് പകർന്നു. ഹെലൻ തന്റെ ഗ്ലാസ് ഉയർത്തി. “എന്തിന്റെ പേരിലാണ് ഇന്ന് നാം ആഘോഷിക്കേണ്ടത്…?”


“വരാനിരിക്കുന്ന നല്ല നാളുകൾക്കായി…” സാറ പറഞ്ഞു.


“ആയുസ്സിനും സ്വാതന്ത്ര്യത്തിനും നിതാന്ത സന്തോഷത്തിനും വേണ്ടി… ഒപ്പം നമ്മുടെ സ്നേഹം മറക്കപ്പെടാതിരിക്കാനും…” ഗ്വിഡോ കൂട്ടിച്ചേർത്തു.


“ഇല്ല, ആ ഭയം വേണ്ട…” ഗ്വിഡോയുടെ കവിളിൽ ഒരു ചുംബനം നൽകിയിട്ട് സാറ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. “ആന്റ്, ഹാരീ, വാട്ട് ഡൂ യൂ വിഷ്…?”


“എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമില്ല…” മാർട്ടിനോ തന്റെ ഗ്ലാസ് കാലിയാക്കി. “മൈ ഗോഡ്, ഇതെന്ത് സാധനമാണ്…!” അദ്ദേഹം ഗ്ലാസ് താഴെ വച്ചു. “ഞാൻ പോയി കെൽസോയെ കൊണ്ടുവരട്ടെ… സാറാ, ഞാൻ എത്തുമ്പോഴേക്കും പോകാൻ റെഡിയായി നിന്നോളൂ…”


പുറത്തിറങ്ങി ക്യൂബൽവാഗണിൽ കയറി മരക്കൂട്ടങ്ങൾക്കിടയിലെ പാതയിലൂടെ അദ്ദേഹം ഓടിച്ചു പോയി. അതേ സമയത്തു തന്നെയാണ് ഏതാണ്ട് ഇരുനൂറ് വാര അകലെ വലതുവശത്തായി മുള്ളറെയും ഗ്രൈസറെയും വഹിച്ചുകൊണ്ട് ആ സിട്രോൺ കാർ ഡു വിലാ പ്ലേസിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് മുറ്റത്തേക്ക് കയറിയതും.


                                                     ***


സാറ തന്റെ ബെഡ്റൂമിൽ, കോട്ടും ഹാറ്റും അണിഞ്ഞ ശേഷം തിരിഞ്ഞ് സ്റ്റോക്കിങ്ങ്സിന്റെ അരിക് നേരെയാണോ എന്ന് പരിശോധിച്ചു. പിന്നെ അല്പം ലിപ്‌സ്റ്റിക്ക് ചുണ്ടിൽ തേച്ച് കണ്ണാടിയിൽ നോക്കി മുഖത്തിന്റെ ചന്തം ഉറപ്പു വരുത്തി. “ഗുഡ് ബൈ, ലിറ്റ്‌ൽ ഫ്രഞ്ച് ടാർട്ട്, നിന്നെ അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം…” അവൾ തന്റെ പ്രതിബിംബത്തിനോട് പറഞ്ഞു.


പുറത്ത് ഒരു കാർ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ജാലകത്തിലൂടെ പുറത്തേക്ക് എത്തി നോക്കി. സിട്രോൺ കാറിൽ നിന്നും പുറത്തിറങ്ങുന്ന മുള്ളറെയാണ് അവൾ കണ്ടത്. എന്തോ പ്രശ്നമുണ്ട് എന്ന് ആ നിമിഷം തന്നെ അവൾ ഉറപ്പിച്ചു. അവൾ തന്റെ ഹാൻഡ്ബാഗ് തുറന്നു. PPK വാൾട്ടർ ഗൺ അതിനകത്തു തന്നെയുണ്ടായിരുന്നു. മാത്രമല്ല, കെല്ലി അവൾക്ക് സമ്മാനിച്ച ആ ചെറിയ ബെൽജിയൻ റിവോൾവറും. അവൾ തന്റെ സ്കെർട്ട് ഉയർത്തി സ്റ്റോക്കിങ്ങ്സിന്റെ മുകൾഭാഗത്ത് ആ റിവോൾവർ തിരുകി വച്ചു. ശേഷം സ്കെർട്ടും കോട്ടും താഴോട്ട് വലിച്ചിട്ട് മുറിയ്ക്ക് പുറത്തേക്കിറങ്ങി.


ഹെലനുമായി സംസാരിച്ചുകൊണ്ട് ഹാളിൽ നിൽക്കുകയായിരുന്നു മുള്ളർ. ഗ്രൈസർ വാതിൽക്കൽ നിലയുറപ്പിച്ചിരിക്കുന്നു. കിച്ചണിലേക്കുള്ള വാതിലിനരികിൽ ഗ്വിഡോയും നിൽക്കുന്നുണ്ട്. സ്റ്റെയർകെയ്സ് ഇറങ്ങി വരുന്ന സാറയെ കണ്ടതും മുള്ളർ തലയുയർത്തി നോക്കി.


“ആഹ്, മദ്മോയ്സെ…” ഹെലൻ ഫ്രഞ്ചിൽ പറഞ്ഞു. “സ്റ്റാൻഡർടൻഫ്യൂററെ അന്വേഷിച്ചു വന്നതാണ് ക്യാപ്റ്റൻ മുള്ളർ… അദ്ദേഹം എവിടെയാണെന്നറിയുമോ…?”


“ഒരു പിടിയുമില്ല…” താഴോട്ട് ഇറങ്ങിക്കൊണ്ട് സാറ പറഞ്ഞു. “എന്തു പറ്റി, എന്തെങ്കിലും പ്രശ്നങ്ങൾ…?”


“മിക്കവാറും…” അവളുടെ ഹാൻഡ്ബാഗ് പിടിച്ചു വാങ്ങിയിട്ട് സൗമ്യതയോടെ മുള്ളർ പറഞ്ഞു. പിന്നെ അത് തുറന്ന് PPK ഗൺ പുറത്തെടുത്ത് തന്റെ പോക്കറ്റിനുള്ളിൽ തിരുകിയിട്ട് ബാഗ് തിരികെ കൊടുത്തു. “അദ്ദേഹം എപ്പോൾ തിരികെയെത്തുമെന്ന് ഒരു പിടിയുമില്ല നിങ്ങൾക്ക്…?”


“ഇല്ല…” സാറ പറഞ്ഞു.


“പക്ഷേ, നിങ്ങളുടെ വേഷം കണ്ടാൽ പുറത്തു പോകാൻ തയ്യാറായി നിൽക്കുന്നത് പോലെയുണ്ടല്ലോ…”


“എന്റെ കൂടെ പുറത്ത് അല്പം നടക്കാൻ ഇറങ്ങിയതായിരുന്നു മദ്മോയ്സെ ലത്വാ…” ഗ്വിഡോ അവളുടെ സഹായത്തിനെത്തി.


സാറയെ നോക്കി മുള്ളർ തല കുലുക്കി. “ശരി, സ്റ്റാൻഡർടൻഫ്യൂറർ ഇവിടെയില്ലെങ്കിൽ പിന്നെ എനിക്ക് നിങ്ങളുമായിട്ടായിരിക്കും സംസാരിക്കേണ്ടി വരിക… ഇവളെ നമ്മുടെ കാറിലേക്ക് കൊണ്ടുപോകൂ…” അയാൾ ഗ്രൈസറോട് പറഞ്ഞു.


“ഇല്ല, ഞാൻ പ്രതിഷേധിക്കുന്നു…” സാറ പറഞ്ഞു.


പുഞ്ചിരിച്ചുകൊണ്ട് ഗ്രൈസർ അവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അയാളുടെ വിരലുകൾ കൈത്തണ്ടയിൽ അമർന്ന് വേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്. “നിന്നെക്കൊണ്ട് ആവും വിധം പ്രതിഷേധിച്ചോളൂ… ഒരു വിരോധവുമില്ല… എനിക്കിഷ്ടമാണ് അത് കാണാൻ …” അയാൾ ഡോർ തുറന്ന് അവളെ കാറിനുള്ളിലേക്ക് പിടിച്ചു തള്ളി.


ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ആ വിഷയത്തിൽ ഇടപെടാനാവാതെ വേദനയോടെ ശാന്തത നടിച്ച് നിൽക്കുന്ന ഹെലന് നേരെ മുള്ളർ തിരിഞ്ഞു. “സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ വരുമ്പോൾ പറഞ്ഞേക്കൂ, മദ്മോയ്സെ ലത്വായെ കാണണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന് സിൽവർടൈഡിലേക്ക് വരേണ്ടി വരുമെന്ന്…” അയാൾ കാറിനരികിലേക്ക് നടന്നു.


(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

12 comments:

  1. പുലിവാലായല്ലോ 🤥

    ReplyDelete
  2. മുള്ളർ പണി ഇരന്നുവാങ്ങുകയാണോ?

    ReplyDelete
  3. ടെൻഷൻ ആയല്ലോ

    ReplyDelete
    Replies
    1. അതെയല്ലേ... എനിക്ക് സമാധാനമായി... 😛

      Delete
  4. മുള്ളറെ തട്ടണം.അല്ലാതെ ഒരു രക്ഷയുമില്ല

    ReplyDelete
    Replies
    1. തട്ടാതെ വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോന്ന് നോക്കാം നമുക്ക്...

      Delete
  5. സാറയുടെ പ്രതിഷേധം..പ്രതിരോധിക്കാനും സാറ ശ്രമിക്കും

    ReplyDelete
    Replies
    1. തീർച്ചയായും സുകന്യാജീ...

      Delete
  6. അയ്യോ.. സാറക്കൊച്ചിന് സഹായം വല്ലോം വേണോ ആവോ.. തോക്കുള്ളതാ ആകെ ഒരു സമാധാനം.

    ReplyDelete
    Replies
    1. ആ ഒരു സമാധാനത്തിലാ ഞാനും ഇരിക്കുന്നത്...

      Delete