ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഫ്രാൻസിൽ എത്തിയ റോമലിന് തങ്ങുവാൻ ബേയൂ എന്ന ഗ്രാമത്തിലെ ഒരു വില്ലയാണ് ഏർപ്പാടാക്കിയിരുന്നത്. ആ പ്രദേശത്തെ കമാൻഡിങ്ങ് ജനറൽ തന്റെ വാരാന്ത്യങ്ങൾ ചെലവഴിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഇടമായിരുന്നു അത്. ശാന്തമായ ഒരിടത്ത് വേണം തന്റെ വാരാന്ത്യം എന്ന് ഫീൽഡ് മാർഷൽ അറിയിച്ചപ്പോൾ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാൻ അയാൾക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. അങ്ങേയറ്റം വിവേകശാലികളായിരുന്നു ആ വില്ലയുടെ നോട്ടക്കാരായ ബെർണാഡ് ദമ്പതിമാർ. മാത്രമല്ല, മികച്ച പാചകക്കാരും.
അന്ന് ഉച്ചതിരിഞ്ഞ് ഫീൽഡ് മാർഷൽ എത്തുന്നതിന് മുമ്പേ തന്നെ ഫാൽഷിംജാഗർ യൂണിഫോം ധരിച്ച ഹെയ്നി ബാം ഒരു ക്യൂബൽവാഗണിൽ ആ വില്ലയിൽ എത്തിയിരുന്നു. റോമലിന്റെ നിർബ്ബന്ധപ്രകാരം വലതുകണ്ണിന് മേൽ ഒരു കറുത്ത ഐ പാച്ചും അയാൾ ധരിച്ചിരുന്നു. ബാമിനെ സംബന്ധിച്ചിടത്തോളം ഫുൾ യൂണിഫോമും റബ്ബർ ചീക്ക് പാഡും അണിഞ്ഞ് അല്പം മെയ്ക്കപ്പ് ഒക്കെ നടത്തുന്നത് വരെ ഫീൽഡ് മാർഷലുമായി അത്രയൊന്നും സാമ്യം ഉണ്ടായിരുന്നില്ല. എന്നാൽ യഥാർത്ഥ മാറ്റം ഉണ്ടാകുന്നത് അയാളുടെ ഉള്ളിലായിരുന്നു. റോമലിനെക്കുറിച്ച് ഓർക്കുമ്പോഴേ ആ മാറ്റം തുടങ്ങുകയായി. പിന്നീടങ്ങോട്ട് പൂർണ്ണമായും റോമൽ ആയി മാറിക്കഴിഞ്ഞിരിക്കും അയാൾ. ഒരു മികച്ച കലാകാരന്റെ അനന്യമായ പ്രതിഭ.
ഉച്ചകഴിഞ്ഞാണ് ഫീൽഡ് മാർഷൽ ഇർവിൻ റോമലും ഹോഫറും അവിടെ എത്തിച്ചേർന്നത്. ആഫ്രിക്കൻ കോർപ്സിലെ എഞ്ചിനീയർ സെർജന്റ് ആയ ഡ്രെഷ്ലറെയാണ് അവരുടെ മെഴ്സെഡിസ് കാർ ഓടിക്കുവാൻ ഹോഫർ ഏർപ്പാടാക്കിയിരുന്നത്. മദാം ബെർണാർഡ് ഉച്ചഭക്ഷണവുമായി ഫീൽഡ് മാർഷലിനെ വരവേറ്റു. ഭക്ഷണശേഷം ഹോഫർ പോയി ഹെയ്നി ബാമിനെ അങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നു.
"എന്നാലിനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം...' റോമൽ പറഞ്ഞു.
"എനിക്ക് ലഭ്യമായ വിവരമനുസരിച്ച് ഗ്വെൺസിയിലേക്കുള്ള ടീം പുലർച്ചെ രണ്ടു മണിക്കാണ് ജെഴ്സിയിൽ നിന്നും പുറപ്പെടുക... ബെർഗറും ഞാനും രാവിലെ ഒമ്പതു മണിക്ക് ക്യൂബൽവാഗണിൽ ഇവിടെ നിന്ന് ഇറങ്ങും... ഇവിടുന്ന് ഒരു കിലോമീറ്റർ അകലെ ഒരു എസ്റ്റേറ്റ് കോട്ടേജുണ്ട്... അവിടെ വച്ച് ഇയാൾ താങ്കളുടെ വേഷം ധരിക്കുന്നു..."
"എന്നിട്ട്...?"
"ഇവിടുന്ന് പത്ത് കിലോമീറ്റർ ദൂരെയുള്ള ലുഫ്ത്വാഫ് റിസർവ് എയർസ്ട്രിപ്പിലേക്ക്... അവിടെ ഫീസ്ലർ സ്റ്റോർക്ക് വിമാനവുമായി ഒരു പൈലറ്റ്, ഓബർലെഫ്റ്റനന്റ് സോർസ, താങ്കളുടെ ആജ്ഞയ്ക്കായി വെയ്റ്റ് ചെയ്യുന്നുണ്ടാവും..."
"സോർസ...? അതൊരു ഫിന്നിഷ് പേരല്ലേ...?"
"അതെ..."
"അപ്പോൾ പിന്നെ ലുഫ്ത്വാഫിൽ എന്തു ചെയ്യുകയാണയാൾ...? സ്വന്തം നാട്ടുകാരോടൊപ്പം കിഴക്കൻ നിരയിൽ റഷ്യക്കാർക്കെതിരെയല്ലേ അയാൾ പോരാടേണ്ടത്...?"
"സോർസ ഒരു അത്ഭുതമനുഷ്യനാണ്... അതിപ്രഗത്ഭൻ... നമ്മുടെ നൈറ്റ് ഫൈറ്റർമാരിൽ അഗ്രഗണ്യൻ... ജർമ്മനിയ്ക്ക് മുകളിൽ എത്തുന്ന ലങ്കാസ്റ്റർ ബോംബറുകളെ പിന്തുടർന്ന് വെടിവെച്ച് വീഴ്ത്തുവാനാണ് അയാളെ ഇപ്പോൾ നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്... അക്കാര്യത്തിൽ മിടുക്കനുമാണയാൾ... നമ്മുടെ പതിവ് ലുഫ്ത്വാഫ് ചട്ടക്കൂടിനുള്ളിൽ ഒതുക്കാവുന്നവനല്ല... അതിനും മുകളിലാണ് അയാളുടെ സ്ഥാനം..."
"പക്ഷേ, ഈ ഫിൻലണ്ടുകാർ... നമ്മളോട് അത്ര വലിയ ആത്മാർത്ഥതയൊന്നും ഇല്ലാത്തവരാണവർ..." റോമൽ പറഞ്ഞു. "എന്തോ, ഒരിക്കലും ഞാനവരെ വിശ്വസിച്ചിട്ടില്ല..." അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. "എന്തായാലും നിങ്ങൾ തുടരൂ..."
"ഞങ്ങൾ വിമാനത്തിനരികിൽ എത്തുന്നത് വരെ ഏതാണ് ഡെസ്റ്റിനേഷൻ എന്ന് പോലും സോർസയ്ക്ക് അറിവുണ്ടായിരിക്കില്ല... പതിനൊന്ന് മണിയോടെ ജെഴ്സിയിൽ ലാന്റ് ചെയ്യാനാവുമെന്നാണ് കണക്കുകൂട്ടൽ... താങ്കൾ ജെഴ്സിയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന കാര്യം ഉച്ചയോടെ ബെർലിനിൽ അറിയിക്കാൻ ആർമി ഗ്രൂപ്പ്-B യുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... യാത്രയിലെ താങ്കളുടെ സുരക്ഷിതത്വത്തെ കരുതിയാണ് നേരത്തെ അവരെ അറിയിക്കാത്തത്..."
"അതേസമയം ഇവിടെ എന്തു സംഭവിക്കുന്നു...?"
"ജനറൽമാരായ സ്റ്റൂപ്പ്നാഗെലും ഫാൾക്കൻഹ്യൂസനും നാളെ ഇവിടെ എത്തുന്നുണ്ട്... രാത്രി ഇവിടെ തങ്ങിയിട്ട് ശനിയാഴ്ച്ച രാവിലെ അവർ മടങ്ങും..."
"അന്ന് വൈകിട്ടല്ലേ നിങ്ങൾ ഇരുവരും തിരിച്ചെത്തുന്നതും...?"
"അതെ... ഇവിടെയുള്ള ആ ബെർണാർഡ് ദമ്പതികളുടെ കണ്ണിൽ വാരാന്ത്യം മുഴുവൻ താങ്കൾ ഇവിടെത്തന്നെയായിരിക്കും... എന്നാൽ അതേ സമയത്ത് തന്നെ താങ്കൾ ജെഴ്സിയിലും ഉണ്ടെന്ന കാര്യം അവർക്കറിയുകയുമില്ല... അതുപോലെ തന്നെ ഡ്രെഷ്ലർക്കും അറിയില്ല... താങ്കളുടെ വലിയൊരു ആരാധകനാണയാൾ... ആഫ്രിക്കൻ മരുഭൂമിയിൽ പോരാടിയവൻ... അഥവാ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽത്തന്നെ എനിക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ..."
റോമൽ, ഹെയ്നി ബാമിന് നേർക്ക് തിരിഞ്ഞു. "നിങ്ങളുടെ കാര്യമോ, ബെർഗർ...? ജെഴ്സി സന്ദർശനം കൈകാര്യം ചെയ്യാമെന്നുറപ്പുണ്ടോ സുഹൃത്തേ...?"
"യെസ്, ഹെർ ഫീൽഡ് മാർഷൽ... സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്..." ബാം പറഞ്ഞു.
"ഗുഡ്..." മൊസ്യേ ബെർണാർഡ് കൊണ്ടുവന്ന് വച്ചിരുന്ന ഐസ് ബക്കറ്റിൽ നിന്നും ഡോം പെരിനോണിന്റെ ബോട്ട്ൽ അദ്ദേഹം എടുത്തു. ശേഷം, കോർക്ക് തുറന്ന് മൂന്ന് ഗ്ലാസ്സുകളിലായി പകർന്ന് അവർക്ക് നൽകി."അപ്പോൾ, സുഹൃത്തുക്കളേ, നമ്മുടെ ജെഴ്സി ദൗത്യത്തിനായി..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...