Saturday, December 19, 2020

നൈറ്റ് ഓഫ് ദി ഫോക്സ് – 02

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

സെന്റ് ബ്രെലേഡ് ബീച്ചിന്റെ മറുവശത്തായിരുന്നു ആ ബംഗ്ലാവ്. ഞാൻ താമസിക്കുന്ന എൽ ഹൊറൈസൺ ഹോട്ടലിന് സമീപം. അത്ര ആഡംബരമൊന്നും അവകാശപ്പെടാനില്ലാത്ത ചെറിയൊരു ബംഗ്ലാവ്. അടുക്കും ചിട്ടയും അല്പം  കുറവാണെങ്കിൽക്കൂടി അതിന്റെ ലിവിങ്ങ് റൂം സാമാന്യം വലിപ്പമുള്ളതും സൗകര്യപ്രദവും ആയിരുന്നു. ഇരുവശങ്ങളിലെയും ചുവരുകളിലെ ഷെൽഫുകളിൽ ധാരാളം പുസ്തകങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ലൈഡിങ്ങ് വിൻഡോകൾ തുറക്കുന്നത് ടെറസിലെ ചെറിയൊരു പൂന്തോട്ടത്തിലേക്കാണ്. അതിനപ്പുറം ഉൾക്കടലിന്റെ മനോഹാരിത. കരയിലേക്ക് വീശുന്ന കാറ്റിന്റെ കൈകൾ കടൽവെള്ളത്തെ നുരയും പതയും നിറഞ്ഞ വെളുത്ത തിരമാലകളാക്കി തീരത്തേക്ക് കൊണ്ടുവരുന്നുണ്ടായിരുന്നു. ജാലകച്ചില്ലിൽ ചരൽ കണക്കെ പതിക്കുന്ന മഴത്തുള്ളികൾ.

 

കിച്ചണിൽ നിന്നും പുറത്തു വന്ന എന്റെ ആതിഥേയൻ കൈയ്യിലെ ട്രേ നെരിപ്പോടിനരികിലെ ചെറിയ മേശമേൽ വച്ചു. “ചായയാണ്... വിരോധമില്ലെന്ന് കരുതുന്നു...”

 

ഒരു വിരോധവുമില്ല...” ഞാൻ പറഞ്ഞു.

 

ഞങ്ങളുടെ കുടുംബത്തിൽ എന്റെ ഭാര്യയ്ക്ക് മാത്രമായിരുന്നു കോഫിയോട് താല്പര്യം... അവൾ മരിച്ചിട്ട് മൂന്ന് വർഷമായി... പലവട്ടം ശ്രമിച്ചിട്ടും നല്ലൊരു കോഫിയുണ്ടാക്കാൻ ഇതുവരെ എന്നെക്കൊണ്ടായിട്ടില്ല...”

 

മേശയ്ക്കിപ്പുറം ഇരിപ്പുറപ്പിച്ച എന്റെ മുന്നിലേക്ക് അദ്ദേഹം ചായ നിറച്ച കപ്പ് നീക്കി വച്ചു. വീണ്ടും നിറഞ്ഞ മൗനത്തിനിടയിൽ അദ്ദേഹം തന്റെ ഗ്ലാസിലെ ചായ സൂക്ഷ്മതയോടെ അല്പാല്പമായി ഉള്ളിലേക്കിറക്കിക്കൊണ്ടിരുന്നു.

 

താങ്കൾ ഇവിടെ വളരെ സന്തോഷവാനാണെന്ന് തോന്നുന്നല്ലോ...” ഞാൻ തന്നെ തുടക്കമിട്ടു.

 

അതെ...” അദ്ദേഹം പറഞ്ഞു. “ഒറ്റയ്ക്കാണെങ്കിലും ഞാൻ സന്തോഷവാൻ തന്നെ... മനുഷ്യരുടെ ഏറ്റവും വലിയ ബലഹീനത എന്താണെന്നറിയുമോ പ്രൊഫസർ സ്റ്റെയ്സി...? സഹായത്തിന് ആരെങ്കിലും വേണമെന്ന ചിന്ത...” അദ്ദേഹം തന്റെ കപ്പ് വീണ്ടും നിറച്ചു. “എന്റെ ബാല്യത്തിലെ മൂന്നു വർഷങ്ങൾ ഇവിടെ ജെഴ്സിയിൽ ആയിരുന്നു... ഈ നാടിനോടുള്ള ഇഷ്ടവും അതോടൊപ്പം വളർന്നു...”

 

അതിൽ അത്ഭുതപ്പെടാനില്ല...” ഞാൻ ഉൾക്കടലിലേക്ക് നോക്കി. “അത്രയ്ക്കും മനോഹരമാണ് ഇവിടം...”

 

അവധിക്കാലത്ത് പലപ്പോഴും ഞാനിവിടെ എത്താറുണ്ടായിരുന്നു... ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ വിഞ്ചസ്റ്റർ കത്തീഡ്രലിലെ വികാരിയായിരുന്നു ഞാൻ... ഞങ്ങളുടെ ഒരേയൊരു മകനാണെങ്കിൽ വർഷങ്ങൾക്ക് മുമ്പേ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയും ചെയ്തിരുന്നു... ആ നിലയ്ക്ക്..............” അദ്ദേഹം ചുമൽ വെട്ടിച്ചു. “ജെഴ്സിയിൽ സ്ഥിരതാമസമാക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം... ഈ ബംഗ്ലാവ് എന്റെ ഭാര്യയുടെ പേരിലായിരുന്നു... പാരമ്പര്യ സ്വത്തായി അവളുടെ ഒരു അമ്മാവൻ വഴി ലഭിച്ചതാണ്...” അദ്ദേഹം പറഞ്ഞു.

 

അതേതായാലും സൗകര്യമായി...”

 

അതെ... ഇവിടുത്തെ നിയമങ്ങൾ വച്ചു നോക്കിയാൽ വലിയൊരു അനുഗ്രഹമായി അത്...” ചായക്കപ്പ് താഴെ വച്ച്, പഴക്കം ചെന്ന ഒരു തുകൽ സഞ്ചിയിൽ നിന്നും അല്പം പുകയില എടുത്ത് അദ്ദേഹം സിഗാർ പൈപ്പ് നിറയ്ക്കുവാൻ ആരംഭിച്ചു. “അങ്ങനെ... എന്നെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ... ഇനി നിങ്ങളെയും നിങ്ങളുടെ സുഹൃത്ത് മാർട്ടിനോയെയും കുറിച്ച് പറയൂ...”

 

അദ്ദേഹത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാമോ താങ്കൾക്ക്...?” ഞാൻ ചോദിച്ചു.

 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല... എന്റെ നല്ലൊരു സുഹൃത്തായ ഡോക്ടർ ഡ്രെയ്ട്ടൺ എന്നെ കാണാൻ എത്തുന്നത് വരെ... മാർട്ടിനോയുടെ ശവശരീരം കണ്ടെടുത്ത പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചും അത് ഇവിടെ സംസ്കരിക്കുവാൻ വേണ്ടി ലണ്ടനിൽ നിന്നും ഇങ്ങോട് കയറ്റി അയച്ചിട്ടുള്ള കാര്യവും ഡോക്ടർ എന്നോട് പറഞ്ഞു...”  

 

എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് താങ്കൾക്ക് അറിയാമോ...?”

 

“1945 ൽ ഉണ്ടായ ഒരു വിമാനാപകടത്തിൽ...” അദ്ദേഹം പറഞ്ഞു.

 

കൃത്യമായി പറഞ്ഞാൽ 1945 ജനുവരിയിൽ... രണ്ടാം ലോക മഹായുദ്ധ കാലത്ത് RAF ന് എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ് എന്നൊരു യൂണിറ്റ് ഉണ്ടായിരുന്നു... പിടിച്ചെടുക്കപ്പെട്ട ജർമ്മൻ വിമാനങ്ങളുടെ കാര്യക്ഷമതയും പ്രകടനവും ടെസ്റ്റ് ചെയ്യുന്നതിനായി അവ പറത്തി നോക്കാറുണ്ടായിരുന്നു അവർ...”

 

ഐ സീ...”

 

മിനിസ്ട്രി ഓഫ് ഇക്കണോമിക്ക് വാർഫെയറിന് വേണ്ടിയാണ് ഹാരി മാർട്ടിനോ വർക്ക് ചെയ്തിരുന്നത്... 1945 ൽ എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ് യൂണിറ്റ് ഓപ്പറേറ്റ് ചെയ്ത ഒരു ടൂ സീറ്റർ ജർമ്മൻ അരാഡോ-96 ൽ നിരീക്ഷകനായി യാത്ര ചെയ്യവെ വിമാനം കാണാതാവുകയായിരുന്നു... കടലിൽ എവിടെയോ തകർന്നു വീണുവെന്നായിരുന്നു ഇക്കാലമത്രയും എല്ലാവരും വിശ്വസിച്ചിരുന്നത്...” ഞാൻ പറഞ്ഞു.

 

എന്നിട്ട് അങ്ങനെയല്ലായിരുന്നോ...?”

 

രണ്ടാഴ്ച്ച മുമ്പ് എസ്സക്സിലെ ചതുപ്പു പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കുഴിക്കുന്നതിനിടയിലാണ് ആ വിമാനം അവർ കണ്ടത്... RAF ന്റെ ഒരു യൂണിറ്റ് സ്ഥലത്തെത്തി വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്തു...”

 

മാർട്ടിനോയും പൈലറ്റും അതിനുള്ളിൽ ഉണ്ടായിരുന്നുവോ...?”

 

അവരുടെ ചില അവശിഷ്ടങ്ങൾ മാത്രം... ചില കാരണങ്ങളാൽ ആ വിഷയത്തിന് അധികാരികൾ പബ്ലിസിറ്റി കൊടുത്തില്ല... കഴിഞ്ഞയാഴ്ച്ച മാത്രമാണ് മേൽപ്പറഞ്ഞ വിവരങ്ങൾ എനിക്ക് ലഭിക്കുന്നതു തന്നെ... ലഭ്യമായ ആദ്യ വിമാനം പിടിച്ച് ഞാൻ പുറപ്പെട്ടു... തിങ്കളാഴ്ച്ച രാവിലെയാണ് ഞാൻ ലണ്ടനിൽ എത്തിയത്...”

 

അദ്ദേഹം തല കുലുക്കി. “അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് താങ്കൾ എന്നു പറഞ്ഞുവല്ലോ... എന്താണ് അദ്ദേഹത്തിന് ഇതിനു മാത്രം പ്രത്യേകത...? ഞാൻ പറഞ്ഞുവല്ലോ, അദ്ദേഹത്തെക്കുറിച്ച് ഇതിനു മുമ്പ് ഞാൻ കേട്ടിട്ടേയില്ല...”

 

താങ്കളെന്നല്ല, ആരും തന്നെ കേട്ടു കാണാൻ വഴിയില്ല...” ഞാൻ പറഞ്ഞു. “പക്ഷേ, ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ, സൈദ്ധാന്തികരുടെയും പണ്ഡിതരുടെയും ഇടയിൽ........” ഞാൻ ഒന്ന് നിർത്തി. “അദ്ദേഹത്തിന്റെ മേഖലയിൽ അതിസമർത്ഥനും നൂതന ആശയങ്ങളുടെ ഉപജ്ഞാതാവും ആയിരുന്നുവെന്നാണ് ബെർട്രന്റ് റസ്സൽ പോലും അഭിപ്രായപ്പെട്ടിരിക്കുന്നത്...”

 

എന്തായിരുന്നു അദ്ദേഹത്തിന്റെ മേഖല...?”

 

മോറൽ ഫിലോസഫി...”

 

താല്പര്യമുണർത്തുന്ന പഠനം...” ഫാദർ കോളെൻ പറഞ്ഞു.

 

ആകർഷകമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം... ബോസ്റ്റണിൽ ജനനം... ഷിപ്പിങ്ങ് ബിസിനസ്സിലായിരുന്നു അദ്ദേഹത്തിന്റെ പിതാവ്... ധനികനെങ്കിലും അത്യാഗ്രഹമില്ലാത്തവൻ... ന്യൂയോർക്കിലാണ് ജനിച്ചതെങ്കിലും ജർമ്മൻ മാതാപിതാക്കളുടെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്... ഏതാനും വർഷം കൊളംബിയയിൽ അദ്ധ്യാപകനായിരുന്ന അവരുടെ പിതാവ് 1925 ൽ ജർമ്മനിയിലേക്ക് മടങ്ങി ഡ്രെസ്ഡെൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ഓഫ് സർജ്ജറി ആയി ചേർന്നു...” അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട് എഴുന്നേറ്റ ഞാൻ ജാലകത്തിനരികിൽ ചെന്ന് പുറത്തേക്ക് എത്തി നോക്കി. “ഹാർവാർഡിലായിരുന്നു മാർട്ടിനോയുടെ പഠനം... ഹൈഡൽബർഗ്ഗിൽ വച്ച് ഡോക്ടറേറ്റ് എടുത്തു... ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ സ്കോളർ, ട്രിനിറ്റി കോളേജിൽ ഫെലോ, എന്തിനധികം പറയുന്നു, വയസ്സ് മുപ്പത്തിയെട്ട് ആയപ്പോഴേക്കും ഒരു മോറൽ ഫിലോസഫി പ്രൊഫസർ എന്ന പദവിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം...”

 

സ്തുത്യർഹമായ നേട്ടം...” കോളെൻ പറഞ്ഞു.

 

ഞാൻ തിരിഞ്ഞു. “പക്ഷേ, ഒരു കാര്യം താങ്കൾ മനസ്സിലാക്കണം... എന്തിനെയും ചോദ്യം ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്... അതിന്റെ പേരിൽ തന്റെ ജീവിതം തന്നെ കീഴ്മേൽ മറിച്ചു അദ്ദേഹം... പിന്നെയാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്... പിന്നീടങ്ങോട്ട് മൗനം മാത്രം... ഈ നിമിഷം വരെയുള്ള കാര്യങ്ങളിൽ...”

 

മൗനം എന്ന് വച്ചാൽ...?”

 

അദ്ദേഹം ഓക്സ്ഫഡിനോട് വിട പറഞ്ഞ കാര്യം നമുക്കറിയാം... മിനിസ്ട്രി ഓഫ് ഡിഫൻസിനും പിന്നീട് മിനിസ്ട്രി ഓഫ് ഇക്കണോമിക്ക് വാർഫെയറിനും വേണ്ടി വർക്ക് ചെയ്തിരുന്നുവെന്ന് ഞാൻ പറഞ്ഞുവല്ലോ... അക്കാലത്തെ പല സൈദ്ധാന്തികരും അങ്ങനെ ചെയ്തിട്ടുമുണ്ട്... പക്ഷേ, ഇവിടെ സംഭവിച്ച ദുരന്തം എന്താണെന്ന് വച്ചാൽ തന്റെ മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും അപ്പാടെ അദ്ദേഹം നിർത്തി വച്ചു എന്നതാണ്... പുതിയതായി ഒരു പ്രബന്ധം പോലും എഴുതിയില്ല എന്ന് മാത്രമല്ല, ഏതാനും വർഷങ്ങളായി അദ്ദേഹം എഴുതിക്കൊണ്ടിരുന്ന പുസ്തകം പൂർത്തീകരിക്കാതെ ഉപേക്ഷിക്കുകയും ചെയ്തു... ഹാർവാർഡിൽ നിന്നും അതിന്റെ കൈയ്യെഴുത്തു പ്രതി ഞങ്ങൾ കണ്ടെടുക്കുകയുണ്ടായി... 1939 സെപ്റ്റംബറിന് ശേഷം ഒരു വരി പോലും അതിൽ എഴുതിയിട്ടുണ്ടായിരുന്നില്ല...”

 

വിചിത്രമായിരിക്കുന്നു...” അദ്ദേഹം പറഞ്ഞു.

 

തിരികെ വന്ന് ഞാൻ ഇരുന്നു. “അദ്ദേഹത്തിന്റെ എല്ലാ രചനകളും ഹാർവാർഡ് ലൈബ്രറിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്... അവയിൽ ഒന്നിൽ തന്റെ വ്യക്തിപരമായ ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് എന്നിൽ താല്പര്യമുണർത്തി...”

 

എന്തായിരുന്നു അത്...?”

 

പതിനെട്ടാമത്തെ വയസ്സിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഞാൻ ഹാർവാർഡിലേക്ക് പോകുന്നതിന് പകരം മറൈൻസിൽ ചേരുകയാണുണ്ടായത്... ഒരു വർഷം വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തെങ്കിലും കാൽമുട്ടിൽ വെടിയുണ്ട കയറിയതിനെത്തുടർന്ന് എന്റെ സർവ്വീസ് ജീവിതം അവസാനിച്ചു... മാർട്ടിനോയുടെ കാര്യത്തിലും ഏതാണ്ട് അതുപോലെയൊക്കെത്തന്നെ ആയിരുന്നു...  ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ അമേരിക്കൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം ഫ്ലാൻഡേഴ്സിലെ ട്രെഞ്ചുകളിൽ ഇൻഫന്ററി പ്രൈവറ്റ് ആയി സേവനമനുഷ്ഠിച്ചു... അദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും മനസ്സിലായത് ഞങ്ങൾ ഇരുവരും ഒരേ പാതയിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ്...”

 

യുദ്ധമെന്ന നരകത്തിൽ നിന്നും ശാന്തമായ മനസ്സിന്റെ കുളിർമ്മയിലേക്ക്...” ഫാദർ കോളെൻ പൈപ്പിലെ ചാരം നെരിപ്പോടിലേക്ക് തട്ടി. “ആരാണത് പറഞ്ഞതെന്ന് എനിക്കോർമ്മയില്ല... യുദ്ധങ്ങൾ വിഷയമാക്കാറുള്ള ഏതോ കവിയോ മറ്റോ ആണെന്ന് തോന്നുന്നു...”

 

എന്തായാലും ദൈവം രക്ഷിച്ചു എന്നെ അതിൽ നിന്നും...” ഞാൻ പറഞ്ഞു. “മടക്കാൻ പ്രയാസമുള്ള ഒരു കാലാണ് വിയറ്റ്നാം എനിക്ക് സമ്മാനിച്ചത്... ആ വിഷാദത്തിൽ നിന്നും കര കയറാൻ ഞാൻ മൂന്ന് വർഷം സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു... അതോടൊപ്പം, പരാജയപ്പെട്ട ഒരു വൈവാഹിക ജീവിതത്തിനും ഞാൻ ഉടമായായി...”

 

ചുവരിലെ ക്ലോക്ക് പന്ത്രണ്ട് തവണ മണി മുഴക്കി. ഫാദർ കോളെൻ എഴുന്നേറ്റ് സൈഡ് ബോർഡിനടുത്ത് ചെന്ന് വിസ്കി എടുത്ത് രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു. അതിലൊന്ന് എനിക്ക് തന്നിട്ട് അദ്ദേഹം പറഞ്ഞു. “യുദ്ധകാലത്ത് ഞാൻ ബർമ്മയിലായിരുന്നു... കഷ്ടപ്പാടുകൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല അവിടെയും...” ഗ്ലാസ് എടുത്ത് ഒന്ന് മൊത്തിയിട്ട് അദ്ദേഹം താഴെ വച്ചു. “അതൊക്കെ ശരി പ്രൊഫസർ... ബാക്കി കാര്യങ്ങൾ പറഞ്ഞില്ല...?”

 

ബാക്കി കാര്യങ്ങളോ...?”

 

വൈദികർ പൊതുവെ ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഒരു പിടിപാടും ഇല്ലാത്ത നിഷ്കളങ്കർ ആയിരിക്കണമെന്നാണ് വയ്പ്പ്...” നിർവ്വികാര സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “വിഡ്ഡിത്തം എന്നല്ലാതെ എന്ത് പറയാൻ... കുമ്പസരിപ്പിക്കലാണ് ഞങ്ങളുടെ കർമ്മം... വേദനയിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മനുഷ്യർക്ക് മോചനമേകുക... അമ്പത്തിരണ്ട് വർഷം വൈദികനായി സേവനമനുഷ്ഠിച്ച എനിക്ക്  മനുഷ്യരെ മനസ്സിലാക്കാനാവും പ്രൊഫസർ... പറയാതെ പലതും മറച്ചു വയ്ക്കാനാരംഭിക്കുമ്പോൾ ഞങ്ങൾക്കത് മനസ്സിലാവും...” പൈപ്പിനുള്ളിലെ പുകയിലയ്ക്ക് തീ കൊളുത്തി ഒന്ന്  ആഞ്ഞു വലിച്ചിട്ട് അദ്ദേഹം തുടർന്നു. “അത് താങ്കൾക്കും ബാധകമാണ് സുഹൃത്തേ... എനിക്ക് തെറ്റു പറ്റിയിട്ടില്ലെങ്കിൽ...”

 

ഞാൻ ഒരു ദീർഘശ്വാസമെടുത്തു. “യൂണിഫോം ധരിച്ച നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെടുക്കുമ്പോൾ...”

 

അദ്ദേഹം പുരികം ചുളിച്ചു. “പക്ഷേ, താങ്കൾ പറഞ്ഞത് അദ്ദേഹം മിനിസ്ട്രി ഓഫ് ഇക്കണോമിക്ക് വാർഫെയറിലാണ് ജോലി ചെയ്തിരുന്നതെന്നല്ലേ...?”

 

ജർമ്മൻ ലുഫ്ത്‌വാഫ് യൂണിഫോമിൽ...” ഞാൻ പറഞ്ഞു. “അവർ ഇരുവരും... അദ്ദേഹവും ആ പൈലറ്റും...”

 

ഉറപ്പാണോ താങ്കൾക്ക്...?”

 

വിയറ്റ്നാമിൽ മറൈൻസിൽ ജോലി ചെയ്തിരുന്ന കാലത്തെ ഒരു സുഹൃത്തുണ്ടെനിക്ക്... ടോണി ബിയാങ്കോ... ലണ്ടനിലെ ഞങ്ങളുടെ എംബസിയിൽ CIA യ്ക്ക് വേണ്ടി വർക്ക് ചെയ്യുകയാണ് അദ്ദേഹമിപ്പോൾ... അവർക്ക് കിട്ടാത്ത വിവരങ്ങളില്ല... മിനിസ്ട്രി ഓഫ് ഡിഫൻസിന് എന്നോട് സഹകരിക്കാൻ എന്തോ വൈമുഖ്യം പോലെ തോന്നി... മാർട്ടിനോയെയും ആ വിമാനത്തെയും കുറിച്ച് കാര്യമായിട്ടൊന്നും അവർ എന്നോട് പറയുന്നുണ്ടായിരുന്നില്ല...”

 

അപ്പോൾ താങ്കളുടെ ആ സുഹൃത്ത് സഹായിച്ചു...?”

 

അതെ... വേറെ ചിലതും കൂടി അറിയാൻ കഴിഞ്ഞു.... ആ അരാഡോ വിമാനം ഒരു എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ് ആയിരുന്നു എന്ന ഒരു ന്യൂസ് പേപ്പർ റിപ്പോർട്ട്... അതിന്റെ ആധികാരികതയിൽ സന്ദേഹമുണ്ടെങ്കിൽക്കൂടി...”

 

അതെന്താ...?”

 

അത്തരം വിമാനങ്ങളിൽ എല്ലായ്പ്പോഴും RAF ന്റെ ചിഹ്നം ഉണ്ടാകാറുണ്ട്... എന്നാൽ ബിയാങ്കോയുടെ ഇൻഫോർമർ നൽകിയ വിവരമനുസരിച്ച് ഈ വിമാനത്തിൽ ലുഫ്ത്‌വാഫിന്റെ ചിഹ്നമാണ് ഉണ്ടായിരുന്നത്...” ഞാൻ പറഞ്ഞു.

 

ഈ വിഷയത്തിൽ അധികാരികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ല എന്നല്ലേ താങ്കൾ പറഞ്ഞത്...?”

 

അതെ... തീർത്തും നിരാശയായിരുന്നു ഫലം... മാർട്ടിനോയെയും ആ വിമാനത്തെയും കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്നതിൽ ഇപ്പോഴും വിലക്ക് നിലനിൽക്കുണ്ടത്രെ...”

 

അദ്ദേഹം പുരികം ചുളിച്ചു. “നാൽപ്പത് വർഷങ്ങൾക്ക് ശേഷവും...?”

 

ഇത് മാത്രമല്ല, ഇനിയുമുണ്ട്...” ഞാൻ പറഞ്ഞു. “ഗവേഷണങ്ങളുമായി മുന്നോട്ട് പോകവെ കഴിഞ്ഞ വർഷവും ഇതുപോലെ ഞാൻ വഴിമുട്ടി നിന്നിട്ടുണ്ട്... 1944 ജനുവരിയിൽ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് ഓർഡർ ബഹുമതി നൽകി മാർട്ടിനോയെ ആദരിക്കുകയുണ്ടായി... ആ ബഹുമതിയുടെ മൂല്യത്തെക്കുറിച്ച് ഞാൻ പറയാതെ തന്നെ അറിയാമല്ലോ... എന്നാൽ, ആ ബഹുമതിയ്ക്ക് അർഹനാകാൻ വേണ്ടി എന്ത് ദൗത്യമാണ് അദ്ദേഹം നിർവ്വഹിച്ചതെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല...”

 

അതൊരു മിലിട്ടറി അവാർഡല്ലേ...? അതും ഒരു പരമോന്നത ബഹുമതി... എന്നാൽ മാർട്ടിനോ ഒരു സിവിലിയൻ ആയിരുന്നു താനും...” ഫാദർ കോളെൻ അത്ഭുതം കൂറി.

 

വളരെ അപൂർവ്വം സന്ദർഭങ്ങളിൽ സിവിലിയൻസിനും ആ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്... മൂന്ന് വർഷം മുമ്പ് ഓക്സ്ഫഡിൽ ഒരു ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ഞാൻ കേട്ട ഒരു കഥയുമായി ഇതിനെ ബന്ധിപ്പിക്കാമെന്ന് തോന്നുന്നു... ഓക്സ്ഫഡിൽ വർഷങ്ങളോളം പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിരുന്ന ഒരു ഊർജ്ജതന്ത്രജ്ഞനായിരുന്നു മാക്സ് ക്യുബൽ... അദ്ദേഹം മാർട്ടിനോയുടെ സുഹൃത്തായിരുന്നുവത്രെ...”

 

അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്...” കോളെൻ പറഞ്ഞു. “ഒരു ജർമ്മൻ ജൂതനായിരുന്നു അദ്ദേഹം... ശരിയല്ലേ...? കോൺസൻട്രേഷൻ ക്യാമ്പിലേക്ക് അയക്കുന്നതിന് തൊട്ടു മുമ്പ് നാസികളിൽ നിന്നും രക്ഷപെട്ട് പോകാൻ ഭാഗ്യമുണ്ടായവൻ...”

 

“1973 ൽ ആണ് അദ്ദേഹം മരണമടയുന്നത്...” ഞാൻ പറഞ്ഞു. “ഓക്സ്ഫഡ് കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭൃത്യനായിരുന്ന ഒരു വൃദ്ധനെ ഞാൻ ഇന്റർവ്യൂ ചെയ്യുകയുണ്ടായി... ഡൺകിർക്ക് പോരാട്ടത്തിലേക്ക് നയിച്ച 1940 ലെ ജർമ്മൻ മഹാപ്രതിരോധത്തിന്റെ സമയത്ത് ഫ്രാൻസ് ജർമ്മൻ അതിർത്തിയിലുള്ള ഫ്രൈബർഗിൽ ഗെസ്റ്റപ്പോയുടെ വീട്ടുതടങ്കലിൽ ആയിരുന്നുവത്രെ ക്യുബൽ... അദ്ദേഹത്തെ ബെർലിനിലേക്ക് കൊണ്ടു പോകാനായി സായുധ സംഘത്തിന്റെ അകമ്പടിയോടെ ഒരു SS ഓഫീസർ അവിടെയെത്തിയത്രെ...”

 

അതുകൊണ്ട്...?”

 

ഹൊവാർഡ്... അതായിരുന്നു ആ വൃദ്ധന്റെ പേര്... വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ക്യുബൽ അയാളോട് പറഞ്ഞുവത്രെ... SS ഓഫീസർ മാർട്ടിനോ ആയിരുന്നുവെന്ന്...”

 

എന്നിട്ട് താങ്കളത് വിശ്വസിച്ചുവോ...?”

 

അന്ന് ഞാനത് വിശ്വസിച്ചില്ല... തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ഒരു വൃദ്ധന്റെ ജല്പനങ്ങളായിട്ടേ ഞാനതിനെ കണക്കാക്കിയുള്ളൂ... പക്ഷേ, മാർട്ടിനോയുടെ പശ്ചാത്തലം നാം മറന്നു കൂടാ... വേണമെന്നുണ്ടെങ്കിൽ അനായാസം ഒരു ജർമ്മൻകാരനായി മാറുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു... ഭാഷാ ജ്ഞാനം മാത്രമല്ല, കുടുംബ പശ്ചാത്തലവും...”

 

കോളെൻ തല കുലുക്കി. “അപ്പോൾ ഈ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങൾ വച്ചു നോക്കുമ്പോൾ ആ കഥയ്ക്ക് കൂടുതൽ വിശ്വാസ്യത കൊടുക്കുവാൻ താങ്കൾ തീരുമാനിച്ചു...”

 

പക്ഷേ, ഇനി എന്ത് എന്ന് എനിക്കറിയില്ല... വഴി മുട്ടിയത് പോലെ...” ഞാൻ ചുമൽ വെട്ടിച്ചു. “ഒന്നിനും ഒരു പരസ്പര ബന്ധവും കാണുന്നില്ല... ഉദാഹരണത്തിന് മാർട്ടിനോയും ജെഴ്സി എന്ന ഈ സ്ഥലവും... എന്റെയറിവിൽ അദ്ദേഹം ഒരിക്കലും ഇവിടം സന്ദർശിച്ചിട്ടില്ല... ഈ പ്രദേശം നാസി അധിനിവേശത്തിൽ നിന്നും മോചിപ്പിക്കപ്പെടുന്നതിനും അഞ്ച് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം മരണമടയുന്നത്...” ഗ്ലാസിൽ അവശേഷിച്ച വിസ്കി ഞാൻ ഉള്ളിലേക്കിറക്കി. “മാർട്ടിനോയ്ക്ക് ബന്ധുക്കൾ ആരുമില്ല എന്ന കാര്യം എനിക്കുറപ്പാണ്... കാരണം, അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല എന്നതു തന്നെ... പിന്നെ താങ്കൾ പറയുന്ന ഈ ഡോക്ടർ ഡ്രെയ്ട്ടൺ... ആരാണ് അദ്ദേഹം...? ഒരു കാര്യം എനിക്കുറപ്പുണ്ട്... മാർട്ടിനോയുടെ മൃതദേഹം വിട്ടു കിട്ടണമെങ്കിൽ മിനിസ്ട്രി ഓഫ് ഡിഫൻസിൽ അദ്ദേഹത്തിന് നിസ്സാര സ്വാധീനമൊന്നുമല്ല ഉള്ളത്...”

 

യൂ ആർ അബ്സൊല്യൂട്ട്‌ലി റൈറ്റ്...” ഫാദർ കോളെൻ എന്റെ ഗ്ലാസിൽ വീണ്ടും സ്കോച്ച് വിസ്കി നിറച്ചു. “താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്... ഒരു കാര്യമൊഴിച്ച്...”

 

എന്താണത്...?”

 

ഡോക്ടർ ഡ്രെയ്ട്ടൺ...” അദ്ദേഹം പറഞ്ഞു. “ഡ്രെയ്ട്ടൺ എന്നു പറയുന്ന വ്യക്തി പുരുഷൻ അല്ല... മറിച്ച് ഒരു വനിതയാണ്... വ്യക്തമായി പറഞ്ഞാൽ ഡോക്ടർ സാറാ ഡ്രെയ്ട്ടൺ...” ചിയേഴ്സ് പറയുവാനായി അദ്ദേഹം തന്റെ ഗ്ലാസ്  ഉയർത്തി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

18 comments:

  1. കഥ വിശദമാകട്ടെ...

    ReplyDelete
    Replies
    1. സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ടോ ശ്രീ...?

      Delete
  2. ആ.. ഇനിയെന്തൊക്കെ നിരീക്ഷണങ്ങൾ തെറ്റാൻ കിടക്കുന്നുണ്ടോ എന്തോ! കാത്തിരിക്കാം 
    വിനുവേട്ടാ, ആ ബംഗ്ലാവ് ഇഷ്ടായി. തിരഞ്ഞു പോയാലോ? 

    ReplyDelete
    Replies
    1. ഹാരി മാർട്ടിനോ... ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വം...

      Delete
  3. ദുരൂഹത തുടക്കം മുതൽ

    ReplyDelete
    Replies
    1. അതെ സുകന്യാജീ... അതിന്റെ ചുരുളുകൾ അഴിക്കുകയാണിനി...

      Delete
  4. "ചീയേഴ്‌സ്"

    പതിവ് പോലെ, ദുരൂഹത വാരി വിതറിക്കൊണ്ടാണല്ലോ ജാക്കേട്ടന്റെ വരവ്..

    ReplyDelete
    Replies
    1. അത് പിന്നെ പറയാനുണ്ടോ...? ജാക്കേട്ടൻ ആരാ മോൻ...

      Delete
  5. 1945 രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ ഒരു വീമാനപകടത്തിൽ കൊല്ലപ്പെട്ട യോദ്ധാവിന്റെ കുഴിമാടത്തിൽ നിന്നുമാണല്ലോ ഇക്കഥയിലെ കഥാപാത്രങ്ങൾ പുനർജനിച്ചു വരുന്നത് ...കൊള്ളാം

    ReplyDelete
    Replies
    1. അതെ... തികച്ചും നാടകീയമായി... നമുക്ക് പരിചിതരായ ഏതാനും കഥാപാത്രങ്ങൾ ഇതിലുമുണ്ട്...

      Delete
  6. SoE, റോമൽ... ങും കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..
    ഇനി മൺറോ, കാർട്ടർ, ഹിംലേർ.. വന്നോട്ടേ..

    ReplyDelete
  7. മാരത്തോൺ വായനയിലേയ്ക്ക്....

    ReplyDelete