ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അന്ന് രാത്രി ഡോഗൽ മൺറോ ഉറങ്ങിയത് ബേക്കർ സ്ട്രീറ്റിലെ തന്റെ ഓഫീസിനുള്ളിലെ ആ ചെറിയ മിലിട്ടറി ബെഡ്ഡിലാണ്. പുലർച്ചെ ഏതാണ്ട് മൂന്നു മണി ആയപ്പോൾ ജാക്ക് കാർട്ടർ അദ്ദേഹത്തെ പതുക്കെ കുലുക്കിയുണർത്തി. പെട്ടെന്ന് തന്നെ കണ്ണു തുറന്ന മൺറോ എഴുന്നേറ്റ് കിടക്കയിൽത്തന്നെ ഇരുന്നു. “എന്താണ് സംഭവം ജാക്ക്...?”
“സ്ലാപ്ടണിൽ നിന്നുമുള്ള ഏറ്റവും പുതിയ ലിസ്റ്റ് എത്തിയിട്ടുണ്ട് സർ... വന്നയുടൻ തന്നെ കാണമെന്ന് താങ്കൾ പറഞ്ഞിരുന്നു... നൂറിലധികം പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടുകിട്ടാനുണ്ട്...”
“കെൽസോയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുമില്ലേ...?”
“ഇല്ല സർ... ജനറൽ മോണ്ട്ഗോമറി അസ്വസ്ഥനാണെന്നാണ് കേട്ടത്... പിന്നെയുള്ള ഒരു ആശ്വാസം ജർമ്മൻ E-ബോട്ടുകൾ ആരെയും ഇതുവരെ ജീവനോടെ പിക്ക് ചെയ്തിട്ടില്ല എന്ന് നമ്മുടെ നേവി കൺഫേം ചെയ്തതാണ്... അവർ വളരെ അകലെയായിരുന്നുവത്രെ...”
“ജാക്ക്, ഈ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം എന്താണെന്നറിയുമോ...? ഒരു കാര്യം അസാദ്ധ്യം ആണെന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറയുന്നു എന്ന് കരുതുക... അത് തെറ്റാണെന്ന് ആ നിമിഷം തന്നെ മറ്റാരെങ്കിലും തെളിയിച്ചിരിക്കും... ആട്ടെ, എപ്പോഴാണ് സൂര്യോദയം...?”
“ആറു മണിക്ക് തൊട്ടു മുമ്പ്... അവസാന വട്ട തിരച്ചിലിന് അത് സഹായകരമാകും എന്ന് കരുതാം...”
“എട്ടു മണിയ്ക്ക് ഒരു കാർ വരാൻ ഏർപ്പാടാക്കൂ... നമുക്ക് സ്ലാപ്ടണിൽ ചെന്ന് കാര്യങ്ങൾ നേരിട്ട് വിലയിരുത്തണം...”
“തീർച്ചയായും സർ... ഇനിയിപ്പോൾ ഉറങ്ങുന്നുണ്ടോ...?”
“നേരം ഇത്രയായ നിലയ്ക്ക് ഇനി എന്ത് ഉറക്കം...?” മൺറോ എഴുന്നേറ്റ് മൂരി നിവർത്തി. “ഇന്നലെ കുറച്ച് പേപ്പർ വർക്ക് ബാക്കിയുണ്ടായിരുന്നു... അത് തീർക്കാം... നമ്മളെപ്പോലുള്ളവർക്ക് ഈ ജീവിതത്തിൽ എന്ത് സമാധാനം, ജാക്ക്...?”
***
അതേ ദിവസം രാവിലെ ആറു മണിക്ക് വിചിത്രമായ ഒരു സ്വപ്നത്തിൽ നിന്നും ഹ്യൂ കെൽസോ ഞെട്ടിയുണർന്നു. ദൂരെ എവിടെയോ നിന്ന് ഏതോ ഒരു പ്രാചീന ജീവി തന്നെ ഉറക്കെ വിളിക്കുന്നത് കേട്ടിട്ടായിരുന്നു അത്. കൈകാലുകൾ തണുത്ത് മരവിച്ചിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ ഉണ്ടായിരുന്നു. മുഖം ഒട്ടാകെ നീറുന്നു.
ലൈഫ് റാഫ്റ്റിന്റെ ഫ്ലാപ് തുറന്ന് അദ്ദേഹം പുറത്തേക്ക് എത്തി നോക്കി. പ്രഭാതത്തിലെ നരച്ച വെട്ടം അല്ലാതെ മറ്റൊന്നും കാണാനാവുന്നില്ല. കനത്ത മൂടൽമഞ്ഞാണ് കടലിൽ എമ്പാടും. വീണ്ടും ദൂരെ എവിടെ നിന്നോ ആ ജീവിയുടെ വിളി അദ്ദേഹം കേട്ടു. ഒരു നിമിഷം കഴിഞ്ഞാണ് അത് എന്താണെന്ന് മനസ്സിലായത്. ഫോഗ് ഹോണിന്റെ ശബ്ദമായിരുന്നു അത്. ജെഴ്സി ദ്വീപിന്റെ തെക്ക് പടിഞ്ഞാറൻ മുനമ്പിലുള്ള കോർബിയർ ലൈറ്റ്ഹൗസിൽ നിന്നും ഉയർന്ന സൈറൻ ആയിരുന്നു അത്. ആ മുനമ്പും താണ്ടി ഗതി മാറി കിഴക്കോട്ട് ഒഴുകിക്കൊണ്ടിരുന്നതൊന്നും അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് കരയുടെ ഗന്ധം അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയത്. പുതിയൊരു ഉത്സാഹം അദ്ദേഹത്തിന്റെ സിരകളിൽ നിറഞ്ഞു.
അധികം അകലെയല്ലാതെ തിരകൾ തീരത്ത് അടിച്ച് കയറി ചിതറുന്നതിന്റെ സ്വരം അദ്ദേഹത്തിന് കേൾക്കാനായി. പൊടുന്നനെ വീശിയ കാറ്റിൽ കീറിപ്പോയ മൂടൽമഞ്ഞിന്റെ ആവരണത്തിന്റെ വിടവിലൂടെ അദ്ദേഹം അത് കണ്ടു. ദൂരെയല്ലാതെ നിലകൊള്ളുന്ന പാറക്കെട്ടുകൾ. അതിനു മുകളിലെ കോൺക്രീറ്റ് മതിലിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പീരങ്കികൾ... ഏതാണ് ആ സ്ഥലമെന്ന് അദ്ദേഹത്തിന് ഒരു പിടിയുമുണ്ടായിരുന്നില്ല. ജെഴ്സിയുടെ തെക്കൻ തീരത്തുള്ള നോർമണ്ട് പോയിന്റ് ആയിരുന്നു അത്. മൂടൽമഞ്ഞ് വീണ്ടും അദ്ദേഹത്തെ പൊതിഞ്ഞു. അതേ സമയം ഒഴുക്കിൽപ്പെട്ട് വടക്കോട്ട് തിരിഞ്ഞ അദ്ദേഹത്തിന്റെ ലൈഫ് റാഫ്റ്റ് സെന്റ് ഓബിൻ ഉൾക്കടലിൽ പ്രവേശിച്ച് തീരം ലക്ഷ്യമാക്കി നീങ്ങി.
ചുഴികളിൽ പെട്ട് വട്ടം തിരിഞ്ഞ ലൈഫ് റാഫ്റ്റ് തിരമാലകൾക്ക് മുകളിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. ഒരു വശത്ത് പാറക്കെട്ടിൽ തട്ടി തകർന്ന തിരമാലയിൽ നിന്നും സ്പ്രേ കണക്കെ വെള്ളം മുകളിലേക്ക് ചീറ്റിത്തെറിക്കുന്നത് അദ്ദേഹം കണ്ടു. തനിക്ക് ചുറ്റും വലയം ചെയ്യുന്ന നുരയും പതയും... അവയ്ക്കിടയിൽ തെളിയുന്ന പാറക്കെട്ടുകൾ... ഒരു നിമിഷം, ആരോ ഉച്ചത്തിൽ വിളിച്ചു കൂവുന്ന ശബ്ദം അദ്ദേഹം വ്യക്തമായി കേൾക്കുക തന്നെ ചെയ്തു. പെട്ടെന്നാണ് മൂടൽമഞ്ഞിന്റെ ആവരണം അപ്രത്യക്ഷമായത്. ചെറിയൊരു ബീച്ചിന് നേർക്കാണ് തന്റെ ലൈഫ് റാഫ്റ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ബീച്ചിൽ കുത്തനെ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും ആരംഭിക്കുന്ന പൈൻ മരക്കാടുകൾ... വൂളൻ ക്യാപ്പും റീഫർകോട്ടും റബ്ബർ ബൂട്ട്സും ധരിച്ച ആരോ ഒരാൾ ബീച്ചിലൂടെ കടലിന് നേർക്ക് ഓടി വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.
വന്യമായ ഒരു തിരമാലയിൽ പെട്ട് ഉയർന്ന ലൈഫ് റാഫ്റ്റ് പാറക്കെട്ടിന്മേൽ ചെന്നിടിച്ചു. തുറന്നു കിടന്ന ഫ്ലാപ്പിലൂടെ തല കീഴായി ഹ്യൂ കെൽസോ വെള്ളത്തിലേക്ക് പതിച്ചു. എഴുന്നേൽക്കുവാൻ ശ്രമിച്ചെങ്കിലും ഒടിഞ്ഞ വലതു കാൽ അദ്ദേഹത്തിന് തടസ്സമായി. തിരമാലകൾക്കിടയിൽ പെട്ട് മുങ്ങിത്താഴാൻ തുടങ്ങവെ ബീച്ചിലൂടെ ഓടിയെത്തിയ ആ മനുഷ്യൻ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു കൊണ്ട് നിന്നു. അപ്പോഴാണ് അതൊരു സ്ത്രീ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്.
“ഓൾറൈറ്റ്... നിങ്ങളെ ഞാൻ പിടിച്ചിട്ടുണ്ട്... അനങ്ങാതെ കിടന്നോളൂ...”
“എന്റെ കാൽ...” കെൽസോ ഞരങ്ങി. “എന്റെ കാൽ ഒടിഞ്ഞിരിക്കുകയാണ്...”
അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നില്ല. കണ്ണു തുറന്നപ്പോൾ ഒരു പാറക്കൂട്ടത്തിനരികിൽ സുരക്ഷിതമായി കിടക്കുന്നതാണ് കണ്ടത്. താൻ സഞ്ചരിച്ച ലൈഫ് റാഫ്റ്റ് വെള്ളത്തിൽ നിന്നും വലിച്ചു കയറ്റുവാനുള്ള ശ്രമത്തിലാണ് ആ സ്ത്രീ. എഴുന്നേറ്റ് ഇരിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ കണ്ട് അവർ അരികിലേക്ക് വന്നു. തനിക്കരികിൽ വന്ന് മുട്ടുകുത്തി ഇരുന്ന അവരോട് കെൽസോ ചോദിച്ചു. “വേർ ആം ഐ...? ഫ്രാൻസ്...?”
“നോ...” അവർ പറഞ്ഞു. “ജെഴ്സി...”
ഒരു നിമിഷ നേരത്തേക്ക് അദ്ദേഹം കണ്ണടച്ചു. ശരീരം ആകെ ഒരു വിറയൽ പോലെ. “അപ്പോൾ നിങ്ങൾ ബ്രിട്ടീഷുകാരിയാണല്ലേ...?”
“എന്ന് പറയാം... എന്റെ ഭർത്താവ് ബ്രിട്ടീഷ് ആർമിയിലായിരുന്നു... ആഫ്രിക്കൻ മരുഭൂമിയിൽ ടാങ്ക്സ് കോർപ്സിൽ ആയിരുന്നു സേവനമനുഷ്ടിച്ചിരുന്നത്... പിന്നീട് വിവരമൊന്നുമില്ല... എന്റെ പേര് ഹെലൻ ഡു വിലാ...”
“ഞാൻ കേണൽ ഹ്യൂ കെൽസോ...”
“അമേരിക്കൻ എയർഫോഴ്സ്, അല്ലേ...? എവിടെ വച്ചാണ് നിങ്ങളുടെ വിമാനം തകർന്നു വീണത്...?”
“വിമാനമൊന്നും തകർന്നില്ല... ഞാനൊരു ആർമി ഓഫീസറാണ്...”
“ആർമി ഓഫീസറോ...? അതെങ്ങനെ ശരിയാവും...? എവിടെ നിന്നാണ് നിങ്ങൾ വരുന്നത്...?”
“ഇംഗ്ലണ്ട്... ലൈം ബേ യിൽ ടോർപ്പിഡോ ചെയ്യപ്പെട്ട് തകർന്ന കപ്പലിൽ നിന്നും ജീവനോടെ രക്ഷപെട്ടവരിൽ ഒരാളാണ് ഞാൻ...” കത്തി കൊണ്ട് വരയുന്നത് പോലുള്ള വേദന കാലിനുള്ളിൽ അനുഭവപ്പെട്ടതും അദ്ദേഹം ഞരങ്ങി. അസഹനീയമായ വേദന...
അദ്ദേഹത്തിന്റെ കീറിപ്പറിഞ്ഞ പാന്റ്സിന്റെ ഭാഗം അവൾ മാറ്റി നോക്കി. “മൈ ഗോഡ്... ദാറ്റ്സ് ടെറിബ്ൾ... ഹോസ്പിറ്റലിൽ പോകേണ്ടി വരുമല്ലോ...”
“എന്ന് വച്ചാൽ ജർമ്മൻകാരുടെ അടുത്ത്...?”
“നിർഭാഗ്യവശാൽ...”
അദ്ദേഹം അവളുടെ റീഫർകോട്ടിന്റെ അറ്റത്ത് മുറുകെ പിടിച്ചു. “നോ... ജർമ്മൻകാരുടെ അടുത്ത് പോകുന്ന പ്രശ്നമേയില്ല...”
അവൾ അദ്ദേഹത്തെ പതുക്കെ താങ്ങി കിടത്തി. “അനങ്ങാതെ കിടക്കൂ... കുറച്ചു നേരത്തേക്ക് നിങ്ങളെ ഇവിടെ വിട്ടിട്ട് പോകുകയാണ് ഞാൻ... ഒരു ഉന്തുവണ്ടി വേണ്ടി വരും...”
“ഓകെ...” അദ്ദേഹം പറഞ്ഞു. “പക്ഷേ, നോ ജർമ്മൻസ്... അവരുടെ കൈകളിൽ ഞാൻ അകപ്പെടാൻ പാടില്ല... അക്കാര്യത്തിൽ നിങ്ങൾ ഉറപ്പു തരണം... അതിന് കഴിയില്ലെങ്കിൽ എന്നെ കൊന്നു കളഞ്ഞേക്കൂ... എന്റെ കൈയ്യിൽ ഒരു ബ്രൗണിങ്ങ് പിസ്റ്റൾ ഉണ്ട്...”
തോക്ക് എടുക്കുവാൻ തുനിഞ്ഞ കെൽസോയെ തടഞ്ഞിട്ട് എത്തി വലിഞ്ഞ് അവൾ അദ്ദേഹത്തിന്റെ ഇടതു കാലിലെ ഉറയിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്തു. “നിങ്ങൾ മരിക്കാനും പോകുന്നില്ല, ജർമ്മൻകാരുടെ കൈയ്യിൽ അകപ്പെടാനും പോകുന്നില്ല... അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു... പെട്ടെന്ന് തന്നെ ഞാൻ വരാം...”
ആ പിസ്റ്റൾ തന്റെ പോക്കറ്റിൽ തിരുകിയിട്ട് തിടുക്കത്തിൽ അവൾ നടന്നകന്നു. മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ട ആ കടൽത്തീരത്ത് കിടന്നു കൊണ്ട് കെൽസോ തന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങൾ എടുക്കുവാൻ തുനിഞ്ഞു. കാലിൽ പിന്നെയും അസഹനീയമായ വേദന. എമർജൻസി കിറ്റിനുള്ളിലെ മോർഫിൻ ആംപ്യൂളിനെക്കുറിച്ച് പെട്ടെന്നാണ് ഓർമ്മ വന്നത്. ഹെലൻ കരയിലേക്ക് വലിച്ചു കയറ്റിയ ലൈഫ് റാഫ്റ്റിനടുത്തേക്ക് ഇഴഞ്ഞു നീങ്ങുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അബോധാവസ്ഥയുടെ പടുകുഴിയിലേക്ക് വീണ്ടും അദ്ദേഹം വീണു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"നിങ്ങൾ മരിക്കാനും പോകുന്നില്ല, ജർമ്മൻകാരുടെ കൈയ്യിൽ അകപ്പെടാനും പോകുന്നില്ല... അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു...”
ReplyDeleteമികച്ച ഒരു ഇത്!!
ജർമ്മൻ അധിനിവേശ ദ്വീപിൽ ആണെന്ന കാര്യം മറക്കരുത്...
Deleteഹാവൂ... ചെറിയൊരാശ്വാസം!
ReplyDeleteഅതെ... ചെറിയൊരാശ്വാസം മാത്രം...
Deleteകെൽസോയ്ക്ക് പൂർണ്ണ സംരക്ഷണം
ReplyDeleteഹെലന് എത്ര മാത്രം സംരക്ഷണം നൽകാനാവുമെന്ന് കണ്ടറിയണം സുകന്യാജീ...
Deleteചെറിയൊരു ആശ്വാസം....
ReplyDeleteഅതെ...
Deleteകേൽസോ ഇനി എന്തൊക്കെ അനുഭവിക്കാൻ പോകുന്നു ആവോ🙄
ReplyDeleteകണ്ടറിയുക തന്നെ വേണം...
Deleteകെൽസോ തീരത്ത് അണഞ്ഞല്ലോ.... ഭാഗ്യം..!
ReplyDeleteതീർച്ചയായും...
Deleteകെൽസോയുടെ രക്ഷകയായി ഹെലൻ ...!
ReplyDeleteഇനി ചികിത്സക്കൊപ്പം അല്ലറചില്ലറ പ്രണയങ്ങളും ഉണ്ടാകാം അല്ലേ
ഉം... കുറേശ്ശെ... :)
Deleteശ്ശോ... പാവം.
ReplyDeleteകരപറ്റിയല്ലോ എന്തായാലും...
Delete