ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ബീച്ചിൽ നിന്നുമുള്ള കാർട്ട് ട്രാക്ക് ഒഴിവാക്കി ഹെലൻ ഡു വിലാ എളുപ്പവഴി തെരഞ്ഞെടുത്തു. പൈൻ മരക്കൂട്ടങ്ങൾക്കിടയിലൂടെ തിടുക്കത്തിൽ നടന്ന അവൾ കുത്തനെയുള്ള കയറ്റം കയറി കുന്നിൻമുകളിലേക്ക് നീങ്ങി. നാല് വർഷത്തെ ജർമ്മൻ അധിനിവേശം അവളുടെ ആരോഗ്യത്തെ ക്രമപ്പെടുത്തുകയാണ് ചെയ്തതെന്ന് പറയാം. ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം മൂലം അവളുടെ ഭാരം പതിനഞ്ച് കിലോയാണ് കുറഞ്ഞത്. നാല്പത്തിരണ്ടുകാരിയായ തനിക്ക് ഇപ്പോൾ ആ പഴയ പതിനെട്ടുകാരിയുടെ ശരീരവും ചുറുചുറുക്കും തിരികെ കിട്ടിയിരിക്കുന്നു എന്ന് പലരോടും അവൾ തമാശയായി പറയുമായിരുന്നു. സ്വന്തമായി ഒരു കാർ ഇല്ലാത്തതിനാലും പൊതു ഗതാഗത സംവിധാനത്തിന്റെ അഭാവം മൂലവും മറ്റു പലരെയും എന്ന പോലെ അവൾക്കും ആഴ്ച തോറും മൈലുകളോളം നടക്കേണ്ടി വന്നിരുന്നു.
മരക്കൂട്ടങ്ങൾക്ക് അപ്പുറം ചെന്ന് നിന്ന് അവൾ ആ വീടിനെ ഒന്ന് വീക്ഷിച്ചു. ആ ദ്വീപിലെ വലിയ ബംഗ്ലാവുകളിൽ ഒരെണ്ണമൊന്നും ആയിരുന്നില്ല ഡു വിലാ പ്ലേസ്. എങ്കിലും സാമാന്യം തരക്കേടില്ലാത്തതും പ്രൗഢ ഗംഭീരവും ആയൊരു പൂർവ്വകാലം ഉണ്ടായിരുന്നു അതിന്. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഒരു നാൾ ഉണ്ടായ അഗ്നിബാധയിൽ ആ കൊട്ടാരത്തിന്റെ ഒരു ഭാഗം മുഴുവനും നാമാവശേഷമായി. തദ്ദേശീയമായ ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് പടുത്തുയർത്തിയിട്ടുള്ളതാണ് ആ ബംഗ്ലാവ്. മുൻവാതിലിന്റെ ഇരുവശങ്ങളിലും നിരയായി നിലകൊള്ളുന്ന ഫ്രഞ്ച് ജാലകങ്ങൾ. ഒരു വശത്തെ കോർട്ട്യാർഡിൽ നിന്നും കെട്ടിടത്തെ വേർതിരിക്കുന്ന ഗ്രാനൈറ്റ് മതിൽ.
കോർട്ട്യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന പഴയ മോറിസ് കാർ കണ്ട് അവൾ ഒന്നു നിന്നു. ശത്രുസൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാറാണത്. കഴിഞ്ഞ രണ്ട് വർഷമായി ജർമ്മൻ സൈന്യം ഹെലന്റെ ബംഗ്ലാവ് ഒരു താൽക്കാലിക വസതി എന്ന നിലയിൽ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. വരികയും പോകുകയും ചെയ്യുന്നു എന്നല്ലാതെ ഗ്വെൺസിയിൽ നിന്നും അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിൽ പെട്ട E - ബോട്ടുകൾ എത്തുന്ന സമയത്ത് ഏറിയാൽ ഒന്നോ രണ്ടോ രാത്രികൾ മാത്രമാണ് അവരവിടെ തങ്ങുന്നത്.
ജെഴ്സി നേവൽ ബേസിൽ ഉള്ള നാവികരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായ ഓഫീസർമാരായിരുന്നു. യുദ്ധം അതിന്റേതായ നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ചാനൽ ഐലന്റ്സിന്റെ പരിസരങ്ങളിലായി പലപ്പോഴും ബ്രിട്ടീഷ് ടോർപ്പിഡോ ബോട്ടുകളുമായി അവർ ഏറ്റുമുട്ടാറുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഗ്രാൻവിലായിലേക്കും സെന്റ് മാലോയിലേക്കും ഷെർബർഗ്ഗിലേക്കും പോകുന്ന രാത്രികാല കോൺവോയികളെ RAF ഫൈറ്ററുകൾ ആക്രമിക്കുന്നത് ഒരു പതിവായി. മനുഷ്യർ കൊല്ലപ്പെടുകയും രക്ഷപെടുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. അവൾ മുറ്റത്തേക്ക് പ്രവേശിക്കവെ ബംഗ്ലാവിനുള്ളിൽ നിന്നും ഒരാൾ പുറത്തേക്ക് വന്നു.
വെള്ള സ്വെറ്ററും റീഫർ കോട്ടും സീ ബൂട്ടും അണിഞ്ഞ അയാളുടെ കൈയ്യിൽ ഒരു ലഗേജ് ബാഗുണ്ടായിരുന്നു. കടൽക്കാറ്റേറ്റ് കറപുരണ്ട നേവൽ ക്യാപ്പിന് താഴെയുള്ള മുഖം പക്ഷേ ആകർഷകമായിരുന്നു. ജർമ്മൻ U ബോട്ട് കമാൻഡർമാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്തരം വെള്ള യൂണിഫോമും ക്യാപ്പും. എന്നാൽ ലെഫ്റ്റ്നന്റ് ഗ്വിഡോ ഓർസിനി ഒരിക്കലും ഒരു ജർമ്മൻകാരൻ ആയിരുന്നില്ല. ജർമ്മനിയുടെ ഇറ്റാലിയൻ അധിനിവേശത്തെ തുടർന്നുണ്ടായ ഉടമ്പടി പ്രകാരം ജർമ്മൻ നേവിയിൽ സേവനം അനുഷ്ഠിക്കേണ്ടി വന്ന ഹതഭാഗ്യനായ ഇറ്റാലിയൻ നാവികനായിരുന്നു അയാൾ. ഇടയ്ക്കിടെ അവിടെ വന്നു പോകുന്ന ഗ്വിഡോ ഓർസിനിയോട് അനുരാഗം തോന്നാൻ ഹെലന് അധിക കാലമൊന്നും വേണ്ടി വന്നില്ല.
"മോണിങ്ങ് ഗ്വിഡോ..." അവൾ അഭിവാദ്യം ചെയ്തു.
"ഹെലൻ, മൈ ലവ്..." ഒരു ഫ്ലൈയിംഗ് കിസ്സ് നൽകിയിട്ട് അയാൾ തുടർന്നു. "പതിവ് പോലെ ഞാൻ തന്നെ ഏറ്റവും അവസാനം..."
"ഇന്ന് എങ്ങോട്ടാണ്...?"
"ഗ്രാൻവിലാ... മൂടൽ മഞ്ഞുള്ളതുകൊണ്ട് നല്ല രസമായിരിക്കും... ബ്രിട്ടീഷുകാർ ഒന്നും പുറത്തിറങ്ങാൻ സാദ്ധ്യതയില്ല... നാളെ തിരിച്ചെത്തും... നിങ്ങൾക്ക് സെന്റ് ഹെലിയറിൽ പോകേണ്ട ആവശ്യം വല്ലതുമുണ്ടെങ്കിൽ ഞാൻ ലിഫ്റ്റ് തരാം..."
"നോ, താങ്ക്സ്... ആട്ടെ, ഷോണിനെ എവിടെയെങ്കിലും കണ്ടിരുന്നോ...?"
"ജനറലിനെ ഒരു പത്തു മിനിട്ട് മുമ്പ് കണ്ടിരുന്നു... ഒരു മഴുവുമായി ധാന്യപ്പുരയിൽ നിന്നും തന്റെ കോട്ടേജിന് നേർക്ക് പോകുന്നത് കണ്ടു... ശരി, അപ്പോൾ നാളെ കാണാം മൈ ഡിയർ... വിമാനത്തിന് സമയമായി..."
ചെറിയ ഗേറ്റിലൂടെ അയാൾ കോർട്ട്യാർഡിലേക്ക് കടന്നു. അടുത്ത നിമിഷം ആ മോറിസ് കാർ സ്റ്റാർട്ട് ചെയ്ത് പുറത്ത് പോകുന്നതിന്റെ ശബ്ദം അവൾക്ക് കേൾക്കാറായി. കോർട്ട്യാർഡ് താണ്ടി പുറത്തേക്കുള്ള ഗേറ്റ് കടന്ന് അവൾ മരക്കൂട്ടങ്ങൾക്കിടയിലെ കാർട്ട് ട്രാക്കിലൂടെ അതിവേഗം ഓടി. ആ വനത്തിലൂടെ ഒഴുകുന്ന കുഞ്ഞരുവിയുടെ തീരത്തായിരുന്നു ഷോൺ ഗാലഗറുടെ കോട്ടേജ്. ഒരു പഴയ കോർഡുറോയ് പാന്റ്സും റൈഡിങ്ങ് ബൂട്ട്സും ധരിച്ച് ചെക്ക് ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്ത് വച്ച് ബലിഷ്ടമായ മസിലുകൾ കാണിച്ചു കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഒറ്റ നോട്ടത്തിൽ തന്നെ അവൾ കണ്ടു.
"ഷോൺ...!" ഉറക്കെ വിളിച്ചുകൊണ്ട് ഓടിയെത്തിയ അവൾ കാൽ തട്ടി മുന്നോട്ട് വീഴുവാനാഞ്ഞു.
ഉയർത്തിയ മഴു താഴ്ത്തി കണ്ണിന് മുന്നിലേക്ക് വീണ ചെമ്പൻ മുടി വകഞ്ഞു മാറ്റി അദ്ദേഹം തിരിഞ്ഞു നോക്കി. ഓടിക്കിതച്ചെത്തി വീഴുവാൻ തുടങ്ങുന്ന ഹെലനെ കണ്ടതും മഴു താഴെയിട്ട് മുന്നോട്ട് കുതിച്ച അദ്ദേഹം അവളെ വീഴാതെ താങ്ങി നിർത്തി.
***
നാൽപ്പത്തിരണ്ടുകാരനായ ഷോൺ ഗാലഗർ ഒരു ഐറിഷ് പൗരൻ ആയതുകൊണ്ട് ഔദ്യോഗികമായി ഈ യുദ്ധത്തിൽ നിഷ്പക്ഷനാണ്. 1892 ൽ ഡബ്ലിനിൽ ജനനം. ട്രിനിറ്റി കോളേജിൽ ഒരു സർജറി പ്രൊഫസർ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് അമ്പതാം വയസ്സ് വരെ അവിവാഹിതനായിരുന്നു. ജോലി സംബന്ധമായി ജെഴ്സിയിൽ എത്തിയ അദ്ദേഹം അവിടെ വച്ച് കണ്ട റൂത്ത് ലെ ബ്രോക്ക് എന്ന നേഴ്സിൽ അനുരക്തനാവുകയും ഒരു മാസത്തിനകം തന്നെ അവളെ വിവാഹം കഴിച്ച് ഡബ്ലിനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തൊട്ടടുത്ത വർഷം പ്രസവത്തോട് അനുബന്ധിച്ചുണ്ടായ അസുഖം മൂലം അവൾ മരണമടഞ്ഞു. വർഷം തോറും ജെഴ്സിയിൽ എത്തുന്ന ഷോൺ തന്റെ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം നീണ്ട അവധിക്കാലം ചെലവഴിച്ചു. ശേഷിക്കുന്ന നാളുകൾ ഡബ്ലിനിൽ തന്റെ പിതാവിനൊപ്പവും. ഒരു എഴുത്തുകാരനാവുക എന്ന ജീവിതാഭിലാഷവുമായി പിതാവ് ജോലി ചെയ്യുന്ന ട്രിനിറ്റി കോളേജിൽ ചേർന്ന ഷോൺ സാഹിത്യത്തിൽ ബിരുദമെടുത്തു. ആ സമയത്താണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും ജീവിത പ്രാരാബ്ധങ്ങൾ മൂലം സൈന്യത്തിൽ ചേരുന്നതും.
ഐറിഷ് ഫ്യൂസിലേഴ്സ് റെജിമെന്റിലാണ് ഷോണിന് നിയമനം ലഭിച്ചത്. ധാരാളം ജെഴ്സി സ്വദേശികൾ ആ സെക്ഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. 1918 ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ മേജർ പദവിയിലേക്കുയർന്ന അദ്ദേഹത്തിന് രണ്ട് തവണ യുദ്ധത്തിൽ പരുക്കേറ്റു. എന്നാൽ അദ്ദേഹം പറയാറുള്ളത് പോലെ ശരിക്കുള്ള യുദ്ധം പിന്നീടായിരുന്നു. കമാൻഡർ മൈക്കൽ കോളിൻസിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മെയോ പ്രവിശ്യയിൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുമായുള്ള പോരാട്ടം.
1922 ൽ ബ്രിട്ടീഷ് ഗവണ്മന്റുമായി ഒപ്പു വച്ച ഉടമ്പടിയെത്തുടർന്ന് ഏറ്റുമുട്ടലിന് ഒരു താൽക്കാലിക ശമനം വന്നുവെങ്കിലും പുതിയൊരു പോരാട്ടത്തിന്റെ നാന്ദി കുറിക്കലായിരുന്നു അതെന്ന് വേണം പറയാൻ. ആ ഉടമ്പടി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന IRA യിലെ ഒരു വിഭാഗം പോരാളികളും സ്വതന്ത്ര ഐറിഷ് സർക്കാരിനു വേണ്ടി വാദിച്ചു കൊണ്ട് മൈക്കൽ കോളിൻസിന് പിന്നിൽ അണി നിരന്നവരും തമ്മിൽ രക്തരൂഷിതമായ ഒരു ആഭ്യന്തരയുദ്ധം തന്നെ പൊട്ടിപ്പുറപ്പെടുകയാണ് പിന്നീടുണ്ടായത്. സ്വതന്ത്ര അയർലണ്ട് എന്ന സങ്കൽപ്പത്തിനൊപ്പം നിന്ന് മുപ്പതാം വയസ്സിൽ ജനറൽ പദവിയിലേക്കുയർന്ന ഷോൺ ഗാലഗർ അയർലണ്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആക്രമണം നടത്തി തന്റെ പഴയ സഹപ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നു.
ക്രമേണ, എണ്ണമറ്റ കൊലപാതകങ്ങളിൽ മനസ്സ് മടുത്ത അദ്ദേഹം ഒടുവിൽ സൈന്യത്തോട് വിട പറഞ്ഞ് ലോകം ചുറ്റുവാനിറങ്ങി. പിതാവിന്റെ സമ്പാദ്യവുമായി പുതിയൊരു ജീവിതത്തിലേക്ക് കടന്ന ഷോൺ തന്റെ എക്കാലത്തെയും സ്വപ്നമായ നോവലെഴുത്ത് മനസ്സിൽ കണ്ടുകൊണ്ട് 1930 ൽ ജെഴ്സിയിൽ എത്തി. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരുന്നു റാൾഫ് ഡു വിലാ. അയാളുടെ ഭാര്യയായ ഹെലനോട് പ്രഥമ ദർശനത്തിൽത്തന്നെ വല്ലാത്തൊരു ആകർഷണമാണ് ഷോണിനുണ്ടായത്. ജെഴ്സിയുടെ ഉൾപ്രദേശമായ സെന്റ് ലോറൻസിൽ സ്ഥിതി ചെയ്യുന്ന അവരുടെ ബംഗ്ലാവ് 1940 ൽ അധിനിവേശത്തിനെത്തിയ ജർമ്മൻകാർ ഏറ്റെടുത്തു. ബ്രിട്ടീഷ് ആർമിയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ കരുത്തുറ്റ ഒരു വലംകൈ ആവശ്യമായിരുന്നു ആ ഘട്ടത്തിൽ അവൾക്ക്. അങ്ങനെ അവൾക്ക് പാരമ്പര്യമായി ലഭിച്ച എസ്റ്റേറ്റിലെ കോട്ടേജിൽ അദ്ദേഹം സ്ഥിരതാമസമാക്കി. അതോടൊപ്പം ഒരിക്കലും സഫലമാകില്ല എന്നറിഞ്ഞിട്ടും അവളോടുള്ള അഗാധമായ പ്രണയം തുടരുകയും ചെയ്തു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആരും എത്തിയില്ല, അല്ലെ...അപ്പൊ തേങ്ങാ എന്റെ വക
ReplyDeleteആയിക്കോട്ടെ... തേങ്ങയ്ക്കൊക്കെ ഇപ്പോ എന്താ വില...
Deleteഎന്തിനായിരിക്കും ഹെലൻ ഓടിപ്പാഞ്ഞ് വന്നത്?
ReplyDeleteഷോണിന്റെ മോഹങ്ങൾ പൂവണിയുമോ?
ഹെലൻറെ പ്രണയം ഓർസിനി തിരിച്ചറിയുമോ??
കാത്തിരിക്കൂ..
ഹെലൻ ഓടിപ്പാഞ്ഞു വന്നത് കെൽസോയെ ബീച്ചിൽ കണ്ട കാര്യം പറയാനും ഷോണിന്റെ കോട്ടേജിൽ ഒളിപ്പിക്കാനും...
Deleteബാക്കി രണ്ട് ചോദ്യങ്ങൾക്കും ഉത്തരം ഇപ്പോൾ പറയില്ല...
പുതിയ കഥാപാത്രങ്ങൾ....ഉഷാറാകുന്നുണ്ട്...
ReplyDeleteവളരെ സന്തോഷം...
Deleteഷോൺ എന്ന എഴുത്തുകാരന് ഒരിക്കലും യോജിക്കാത്ത സൈനിക ജീവിതവും തിരിച്ചുവരവും പിന്നെ പ്രണയവും
ReplyDeleteചില നേരങ്കളിൽ ചില മനിതർകൾ...
Deleteഷോൺ കെൽസോയെ സഹായിക്കില്ലേ?
ReplyDeleteതീർച്ചയായും...
Deleteകൂടെയുണ്ട്
ReplyDeleteസന്തോഷം...
Deleteകഥകാരൻ ഷോൺ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന സന്ദർഭങ്ങൾക്ക് കാത്തിരിക്കുന്നു ...
ReplyDeleteപുതിയ ലക്കം റെഡി...
Deleteഅമ്പട വീരാ. കൊച്ചുകള്ളാ
ReplyDeleteഗാലഗർ ആരാ മോൻ...
Delete