Saturday, April 3, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 16

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബംഗ്ലാവിന്റെ നിർമ്മിതിയ്ക്ക് ഉപയോഗിച്ചിരുന്ന തരം ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടു തന്നെയാണ് ആ കോട്ടേജും പണിതുയർത്തിയിരുന്നത്. ബീം വാർത്ത് നിർമ്മിച്ച ആ വലിയ ലിവിങ്ങ് റൂമിന്റെ ജാലകത്തിനരുകിൽ ഒരു ഡൈനിങ്ങ് ടേബിളും ആറ് കസേരകളും ഉണ്ടായിരുന്നു. ഹാളിന്റെ മറുഭാഗത്താണ്‌ കിച്ചൺ. മുകളിലത്തെ നിലയിൽ വിശാലമായ ഒരു ബെഡ്റൂമും സ്റ്റോർ റൂമും ബാത്ത്റൂമും ഉണ്ടായിരുന്നു.


സ്റ്റെയർകെയ്സ് കയറുവാനുള്ള ബുദ്ധിമുട്ടോർത്ത് ഷോൺ ഗാലഗർ ലിവിങ്ങ് റൂമിലുള്ള സോഫയിൽ കെൽസോയെ കിടത്തി. അബോധാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വാലറ്റ് ഷോൺ തുറന്നു നോക്കി. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡും ഒരു സ്ത്രീയും രണ്ട് കൊച്ചു പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോയും അതിനുള്ളിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണെന്ന് വ്യക്തം. പിന്നെ ഏതാനും കത്തുകൾ. അദ്ദേഹത്തിന്റെ ഭാര്യയുടേതാണെന്ന് മനസ്സിലാക്കിയ ഷോൺ അവ മടക്കി വാലറ്റിനുള്ളിൽ തിരുകി. കിച്ചണിൽ ആരോടോ ഫോണിൽ സംസാരിക്കുന്ന ഹെലന്റെ ശബ്ദം കേൾക്കാമായിരുന്നു. പെട്ടെന്ന് കണ്ണു തുറന്ന കെൽസോ നിർവ്വികാരതയോടെ അദ്ദേഹത്തെ നോക്കി. അപ്പോഴാണ്‌ തന്റെ വാലറ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ ഇരിക്കുന്നത് ശ്രദ്ധിച്ചത്.


"ഹൂ ആർ യൂ...?" കെൽസോ ആ വാലറ്റ് തിരികെ വാങ്ങാൻ ശ്രമിച്ചു. "ഗിവ് ഇറ്റ് ബാക്ക് റ്റു മീ..."


കിച്ചണിൽ നിന്നും തിരിച്ചെത്തിയ ഹെലൻ സോഫയിൽ വന്നിരുന്ന് അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ കൈ വച്ചു നോക്കി. "പേടിക്കണ്ട... കിടന്നോളൂ... നിങ്ങൾക്ക് നല്ല പനിയുണ്ടല്ലോ... നോക്കൂ, എന്നെ ഓർമ്മ വരുന്നുണ്ടോ...? ഞാൻ ഹെലൻ ഡു വിലാ..."


അദ്ദേഹം സാവധാനം തല കുലുക്കി. "ബീച്ചിൽ വച്ച് കണ്ട വനിത..."


"അതെ... ഇത് എന്റെ ഒരു സുഹൃത്താണ്... ജനറൽ ഷോൺ ഗാലഗർ..."


"ഞാൻ ഇദ്ദേഹത്തിന്റെ പേപ്പറുകൾ ഒന്ന് പരിശോധിക്കുകയായിരുന്നു..." ഗാലഗർ പറഞ്ഞു. "ഐഡന്റിറ്റി കാർഡ് അൽപ്പം നനഞ്ഞിട്ടുണ്ട്... അത് ഉണങ്ങാൻ വച്ചേക്കൂ..."


"നിങ്ങൾ എവിടെയാണെന്ന് ഓർക്കുന്നുണ്ടോ...?" അവൾ കെൽസോയോട് ചോദിച്ചു.


"ജെഴ്സി..." വേദന കടിച്ചു പിടിച്ച് അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. "ഡോണ്ട് വറി... എനിക്ക് തീരെ ഓർമ്മയില്ലാതൊന്നും ആയിട്ടില്ല...‌ അല്പം ശ്രമിച്ചാൽ എല്ലാം ഓർമ്മിച്ചെടുക്കാനാവും എനിക്ക്..."


"ഓൾറൈറ്റ് ദെൻ... ലിസൻ റ്റു മീ..." ഗാലഗർ പറഞ്ഞു. "താങ്കളുടെ കാലിന്റെ അവസ്ഥ വളരെ മോശമാണ്... ഒരു ഹോസ്പിറ്റലിന്റെയും നല്ലൊരു സർജ്ജന്റെയും ആവശ്യമുണ്ട് താങ്കൾക്ക്..."


കെൽസോ തലയാട്ടി. "സാദ്ധ്യമല്ല... നേരത്തെ ഞാൻ ഈ വനിതയോട് സൂചിപ്പിച്ചിരുന്നു... നോ ജർമ്മൻസ്... അവരുടെ കൈകളിൽ പെടുന്നതിനേക്കാൾ എന്നെ വെടി വച്ചു കൊല്ലുന്നതായിരിക്കും നല്ലത്..."


"എന്തുകൊണ്ട്...?" ഷോൺ ഗാലഗർ ചോദിച്ചു.


"ഇവർ താങ്കളെ ജനറൽ എന്ന് വിളിക്കുന്നത് കേട്ടു... സത്യമാണോ അത്...?"


"പണ്ട് ഐറിഷ് ആർമിയിൽ ആയിരുന്നു ഞാൻ... കഴിഞ്ഞ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലാണ് ഞാൻ സേവനമനുഷ്ഠിച്ചത്... അതുകൊണ്ട് താങ്കൾക്കെന്തെങ്കിലും...?"


"ഒരു പക്ഷേ..."


"ഓൾറൈറ്റ്... ഏത് യൂണിറ്റിൽ നിന്നുമാണ് താങ്കൾ...?"


"എൻജിനീയേഴ്സ്... കൃത്യമായി പറഞ്ഞാൽ അസ്സോൾട്ട് എൻജിനീയേഴ്സ്... ബീച്ച് ലാന്റിങ്ങ് ടീമിനെ നയിക്കുന്നത് ഞങ്ങളാണ്..."


ഷോൺ ഗാലഗറിന് ഏകദേശ രൂപം പിടി കിട്ടി. "യൂറോപ്യൻ അധിനിവേശവുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇതിന്...?"


"യെസ്... അത് എവിടെയായിരിക്കും എന്ന് എനിക്കറിയാം... മാത്രമല്ല, എപ്പോഴായിരിക്കുമെന്നും... ഈ വിവരങ്ങളെല്ലാം എന്നിൽ നിന്നും ജർമ്മൻകാർ ഊറ്റിയെടുക്കുക എന്ന് പറഞ്ഞാൽ എന്തായിരിക്കും അതിനർത്ഥം...? അവരുടെ ട്രൂപ്പുകൾ എല്ലാം കൃത്യസ്ഥലത്ത് തന്നെ നിലയുറപ്പിക്കും... പിന്നെ ബീച്ചിൽ‌ കാൽ കുത്താൻ പോലും ഞങ്ങൾക്കാവില്ല..."


അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. നെറ്റിയിൽ വയർപ്പു കണങ്ങൾ നിറഞ്ഞിരുന്നു. ഹെലൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. "ഇറ്റ്സ് ഓൾറൈറ്റ്... ഐ പ്രോമിസ് യൂ..."


"ജോർജ്ജ് ഹാമിൽട്ടൺ വരുന്നുണ്ടോ...?" ഗാലഗർ ചോദിച്ചു.


"അദ്ദേഹം പുറത്തു പോയിരിക്കുകയാണത്രെ... നിങ്ങൾക്ക് അത്യാവശ്യമായി അദ്ദേഹത്തെ കാണേണ്ട  ആവശ്യമുണ്ടെന്ന് ഞാൻ അവിടുത്തെ ജോലിക്കാരനോട് പറഞ്ഞിട്ടുണ്ട്... നിങ്ങളുടെ കാലിൽ മുറിവ് പറ്റിയെന്നും ഒന്നോ രണ്ടോ സ്റ്റിച്ച് വേണ്ടി വരുമെന്നും കൂടി ഞാൻ പറഞ്ഞു..."


"ആരാണ് ഈ ഹാമിൽട്ടൺ...?" കെൽസോ ആരാഞ്ഞു.


"ഡോക്ടറാണ്..." ഹെലൻ പറഞ്ഞു. "മാത്രമല്ല, ഞങ്ങളുടെ നല്ലൊരു സുഹൃത്തും... നിങ്ങളുടെ കാൽ പരിശോധിക്കുവാനായി ഉടൻ തന്നെ അദ്ദേഹം എത്തും..."


പനിയുടെ ആധിക്യത്താൽ കെൽസോ വിറച്ചു തുടങ്ങിയിരുന്നു. "അതിനേക്കാൾ പ്രധാനമായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഇപ്പോൾ... ഇവിടെയുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ ആൾക്കാരുമായി ഉടൻ സംസാരിക്കണം... ലണ്ടനിലെ ഇന്റലിജൻസ് വിഭാഗവുമായി എത്രയും പെട്ടെന്ന് റേഡിയോ വഴി ബന്ധപ്പെട്ട് ഞാൻ ഇവിടെയുള്ള വിവരം അറിയിക്കുവാൻ അവരോട് പറയണം... എന്നെ ഇവിടെ നിന്നും രക്ഷിക്കുവാൻ  എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല അവർ..."


"പക്ഷേ, പ്രതിരോധ പ്രസ്ഥാനം എന്ന് പറയാനായി ഒന്നും തന്നെയില്ല ഇവിടെ ജെഴ്സിയിൽ..." ഹെലൻ പറഞ്ഞു. "ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേർക്കും ജർമ്മൻകാരുടെ അധിനിവേശത്തിൽ ഒരു വിഷമവും ഇല്ലെന്നതാണ്‌ വാസ്തവം... അവരോട് മല്ലിടണമെന്ന ചിന്ത പോലുമില്ല... ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം പോലുള്ള ഒന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ അത്തരത്തിലുള്ള ഒന്നും തന്നെ ഇവിടെയില്ല..."


കെൽസോ അത്ഭുതത്തോടെ അവളെ തുറിച്ചു നോക്കവെ ഗാലഗർ പറഞ്ഞു. "ഏതാണ്ട് പത്ത് മൈൽ നീളവും അഞ്ച് മൈൽ വീതിയും മാത്രമുള്ള ഒരു ദ്വീപാണിത്... നാൽപ്പത്തി അയ്യായിരത്തോളം സിവിലിയൻസ്... അവരുടെ ആവശ്യത്തിനും മാത്രമുള്ള ഒരു മാർക്കറ്റ് ടൗൺ... അത്രമാത്രം... ഒരു പ്രതിരോധ പ്രസ്ഥാനത്തിന്‌ എത്ര കാലം ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് താങ്കൾ കരുതുന്നത്...? ഓടി രക്ഷപ്പെടാൻ മലനിരകളില്ല... അഭയം തേടാൻ ഒളിത്താവളങ്ങളില്ല... സത്യം പറഞ്ഞാൽ എങ്ങോട്ടും പോകാൻ പോലും ആവില്ല..."


അത് വിശ്വസിക്കാൻ കെൽസോ പാടു പെടുന്നത് പോലെ തോന്നി. "അപ്പോൾ ഒരു പ്രതിരോധ പ്രസ്ഥാനം ഇവിടെയില്ല... റേഡിയോ കമ്മ്യൂണിക്കേഷൻ പോലും...?"


"ലണ്ടനുമായി യാതൊരു ബന്ധവും ഇല്ല..." ഗാലഗർ പറഞ്ഞു.


"ഫ്രാൻസുമായിട്ടോ...?" നിരാശയോടെ കെൽസോ ആരാഞ്ഞു. "ഗ്രാൻവിലാ, സെന്റ് മാലോ... കടൽ മാർഗ്ഗം ഏതാനും മണിക്കൂറുകളുടെ ദൂരമല്ലേയുള്ളൂ ഇവിടെ നിന്നും അങ്ങോട്ടൊക്കെ...? ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രാദേശിക യൂണിറ്റുകൾ അവിടെയൊക്കെ ഉണ്ടാകണമല്ലോ..."


ഏതാനും നിമിഷനേരത്തേക്ക് അർത്ഥഗർഭമായ ഒരു മൗനം അവിടെ നിറഞ്ഞു. പിന്നെ ഹെലൻ ഗാലഗറിന് നേർക്ക് തിരിഞ്ഞു. "ഒരു പക്ഷേ ഗ്രാൻവിലായിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കാൻ നമ്മുടെ സവരിയ്ക്ക് സാധിച്ചേക്കും... അവർ ആരൊക്കെയാണെന്ന് അയാൾക്ക് അറിയാൻ കഴിയും..."


"ശരിയാണ്..."


"ബീച്ചിൽ നിന്നും വരുമ്പോൾ ഗ്വിഡോ പുറപ്പെടാനൊരുങ്ങുകയായിരുന്നു..." അവൾ പറഞ്ഞു. "ഇന്ന് ഉച്ച കഴിഞ്ഞ് അവർ ഗ്രാൻവിലായിലേക്ക് പോകുന്നുണ്ടെന്നാണ്‌ പറഞ്ഞത്... മൂടൽമഞ്ഞുള്ളതു കൊണ്ട് സൗകര്യമായത്രെ..." അവൾ വാച്ചിലേക്ക് നോക്കി. "വേലിയേറ്റം ആവാൻ ഉച്ച വരെ കാത്തിരിക്കണം... നിങ്ങൾക്ക് ആ വാൻ എടുക്കാമല്ലോ... സെന്റ് ഹെലിയറിലെ ട്രൂപ്പ് സപ്ലൈ ഡിപ്പോയിലേക്കും മാർക്കറ്റിലേക്കും കൊടുക്കാനുള്ള ഉരുളക്കിഴങ്ങ് ചാക്കുകൾ അതിനകത്തുണ്ട് താനും..."


"ഓൾറൈറ്റ്... നീ പറഞ്ഞത് എനിക്ക് ബോദ്ധ്യപ്പെട്ടു..." ഗാലഗർ പറഞ്ഞു. "പക്ഷേ ഞാൻ അറിയുന്ന സവരി ഈ പറയുന്ന കാര്യങ്ങളൊന്നും ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല... എന്നു വച്ചാൽ അയാളെക്കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഒരു പ്രതീക്ഷയുമില്ല എനിക്ക്..."


"നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗമൊന്നുമില്ല ഷോൺ..." അവൾ പറഞ്ഞു.


"ശരിയാണ്... നീ പറയുന്നതിലും കാര്യമുണ്ട്..." ഗാലഗർ ചിരിച്ചു. "ഇംഗ്ലണ്ടിനെ നമുക്ക് സഹായിച്ചേ പറ്റൂ... എന്തായാലും ഇദ്ദേഹത്തിന്റെ കാര്യം നീ ശ്രദ്ധിക്കണം... ഞാൻ കഴിയുന്നതും വേഗം മടങ്ങി വരാം..."


വാതിൽക്കൽ എത്തിയ അദ്ദേഹത്തെ അവൾ വിളിച്ചു. "ഷോൺ..."


"യെസ്...?" അദ്ദേഹം തിരിഞ്ഞു.


"റോഡിന്റെ വലതുവശം ചേർന്ന് ഡ്രൈവ് ചെയ്യാൻ മറക്കണ്ട..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


15 comments:

  1. ഇടതു വശം ചേർന്ന് ഓടിച്ചു നോക്കണം

    ReplyDelete
    Replies
    1. എന്ത് സംഭവിയ്ക്കും എന്നറിയാൻ ആണോ

      Delete
    2. പക്ഷേ ഇത് കേരളത്തിൽ അല്ലല്ലോ എന്റെ ഉണ്ടാപ്രീ...

      Delete
    3. അത് മികച്ച ഒരു ഇതാരിക്കും!!)

      Delete
  2. ആ ഡോക്ടറിനോട് പെട്ടന്ന് വരാൻ പറ. കാലു ശെരിയാക്കയിട്ടു വേണം ബാക്കി പണി തുടങ്ങാൻ

    ReplyDelete
    Replies
    1. അത് അത്ര പെട്ടെന്ന് ശരിയാവുന്ന മുറിവൊന്നും അല്ല ശ്രീജിത്തേ...

      Delete
  3. എല്ലാവരേക്കാളും അറിവും കഴിവുമുള്ള ജൂതന്മാരോടുള്ള വിരോധവുമാണ് യൂറോപ്പിൽ നടമാടിയിരുന്ന എല്ലാ യുദ്ധങ്ങളുടേയും അടിസ്ഥാനം എന്ന് അടുത്ത കണ്ട ഒരു 'ബിബിസി' ഡോക്യുമെന്ററി വ്വ്യക്തമാക്കി തരുന്നത് ..!

    ReplyDelete
    Replies
    1. ഒന്നാലോചിച്ചാൽ അതിൽ അല്പം കാര്യമില്ലേ മുരളിഭായ്...?

      Delete
  4. സവാരി ഗിരി ഗിരി.. വല്ലതും നടക്കുവോ?

    (ഇവിടുത്തെ മഹിളാമണികൾ ആരും ഹാജർ വെക്കാത്തതിൽ ആശങ്ക രേഖപ്പെടുത്തുന്നു..)

    ReplyDelete
    Replies
    1. ഒടുവിൽ വന്നു അല്ലേ...? സന്തോഷായി...

      മഹിളാമണികൾ... പറഞ്ഞത് പോലെ ആരെയും കണ്ടില്ലല്ലോ ഈ ലക്കത്തിൽ...

      Delete
  5. കേൾസൊക്ക്‌ വേഗം ഭേദം ആകട്ടെ....

    ReplyDelete
    Replies
    1. ഡോക്ടർ എന്തായാലും വന്ന് നോക്കട്ടെ...

      Delete