Friday, April 9, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 17

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തമാശയായിട്ടാണ് ഹെലൻ അത് പറഞ്ഞതെങ്കിലും അതിൽ അല്പം കാര്യം ഇല്ലാതിരുന്നില്ല. ജെഴ്സിയിലെ അധിനിവേശത്തെ തുടർന്ന് ജർമ്മൻ സേന ആദ്യമായി നടപ്പിൽ വരുത്തിയ മാറ്റങ്ങളിൽ ഒന്ന് ട്രാഫിക്ക് നിയമത്തിന്റെ പരിഷ്കരണമായിരുന്നു. വാഹനങ്ങളുടെ ഓട്ടം കീപ്പ് ലെഫ്റ്റിന് പകരം കീപ്പ് റൈറ്റ് ആക്കി മാറ്റി. അധികമൊന്നും ഡ്രൈവ് ചെയ്യാറില്ലെങ്കിലും നാല് വർഷമായിട്ടും ഗാലഗറിന് ഇന്നും അതൊരു കൺഫ്യൂഷനാണ്. ജർമ്മൻ സൈന്യത്തിന്‌ വിവിധ കാർഷികോല്പന്നങ്ങൾ‌ സപ്ലൈ ചെയ്തിരുന്നത് ഡു വിലാ ഫാമിന്റെ കൃഷിയിടങ്ങളിൽ നിന്നും ആയിരുന്നു. ഒരു പഴയ ഫോർഡ് വാൻ ആയിരുന്നു അതിനായി ഉപയോഗിച്ചിരുന്നത്. അവർക്ക് റേഷൻ ആയി ലഭിച്ചിരുന്ന പെട്രോളിന്റെ അളവ് വച്ച് നോക്കിയാൽ ആഴ്ചയിൽ ഏറിയാൽ രണ്ടോ മൂന്നോ തവണ മാത്രമേ ആ വാഹനം ഓടിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. ഇറക്കങ്ങളിൽ എൻജിൻ ഓഫ് ചെയ്തും മറ്റുമാണ് ഗാലഗർ പെട്രോൾ ലാഭിച്ചിരുന്നത്. പിന്നെ കരിഞ്ചന്ത എന്നൊരു സംഭവവും ഉണ്ടായിരുന്നു. ആരെ കണ്ടാൽ കാര്യം നടക്കുമെന്ന് അറിയണമെന്ന് മാത്രം.


ചിത്രത്തിൽ എഴുതിയത് പോലെ മനോഹരമായ സെന്റ് ഓബിൻ ടൗൺ താണ്ടി ബെൽ റോയലിൽ നിന്നും സെന്റ് ഹെലിയറിലേക്കുള്ള തീരദേശ പാതയിലൂടെ ഷോൺ ഗാലഗറിന്റെ വാൻ മുന്നോട്ട് കുതിച്ചു. നിരവധി സൈനിക പോയിന്റുകൾ പിന്നിട്ടായിരുന്നു അദ്ദേഹത്തി‌ന്റെ യാത്ര. പലയിടത്തും വിരലിലെണ്ണാവുന്ന സൈനികർ മാത്രം. വിക്ടോറിയ അവന്യൂവിൽ നിന്നും ടൗണിലേക്കുള്ള പാത ഏതാണ്ട് പൂർണ്ണമായും വിജനമായിരുന്നു എന്ന് പറയാം. ജർമ്മൻകാർ കൊണ്ടുവന്ന ഫ്രഞ്ച് ട്രെയിനുകളിലൊന്ന് മിൽബ്രൂക്കിലേക്ക് കടന്നു പോയത് മാത്രമാണ്‌ ഗ്രാൻഡ് ഹോട്ടലിൽ അദ്ദേഹം എത്തിച്ചേരു‌ന്നത് വരെയുണ്ടായ ഏക സംഭവ വികാസം എന്നു പറയാം. അദ്ദേഹം വാച്ചിൽ നോക്കി. പതിനൊന്ന് മണി ആവുന്നതേയുള്ളൂ. സവരിയുടെ കപ്പൽ വിക്ടർ യൂഗോ ഗ്രാൻവിലായിലേക്ക് പുറപ്പെടാൻ  ഇനിയും സമയമേറെയുണ്ട്. അതിനാൽ ഇടത്തോട്ട് തിരിഞ്ഞ് ഗ്ലോസ്റ്റർ സ്ട്രീറ്റിൽ കയറി മാർക്കറ്റ് ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി.


കാലാവസ്ഥ മോശമായതിനാൽ റോഡിൽ അധികമാരെയും കാണുവാനുണ്ടായിരുന്നില്ല. ടൗൺ ഹാളിന്റെ കവാടത്തിലെ കൊടിമരത്തിൽ സ്വസ്തിക ചിഹ്നം പേറുന്ന നാസി പതാക ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ചലനമറ്റ് കിടന്നു. ടൗൺ ഹാളിന് ജർമ്മൻ ഭാഷയിൽ Rathaus എന്നാണ്‌ പറയുക. അതിനാൽ ആ പ്രദേശം തദ്ദേശ വാസികൾക്കിടയിൽ  കുറച്ചു കാലമായി Rat House എന്നാണ് അറിയപ്പെടുന്നത് എന്നത് രസകരമായ ഒരു വസ്തുതയാണ്.


മാർക്കറ്റിന് വെളിയിൽ ബെർസ്ഫോഡ് സ്ട്രീറ്റിൽ അദ്ദേഹം കാർ പാർക്ക് ചെയ്തു. ഏതാനും കച്ചവടക്കാരും അവിടവിടെയായി നിൽക്കുന്ന ജർമ്മൻ സൈനികരും മാത്രമേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. ഔദ്യോഗികമായി ആ മാർക്കറ്റ് അടച്ചിരിക്കുകയാണെന്നതാണ്‌ വാസ്തവം. ശനിയാഴ്ച ഉച്ച തിരിഞ്ഞ് വെറും രണ്ട് മണിക്കൂർ നേരത്തേക്ക് മാത്രമാണ് അത് തുറന്ന് പ്രവർത്തിക്കുന്നത്. ആ സമയത്ത് പുതിയ കാർഷിക വിഭവങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജനങ്ങളുടെ തിരക്കും അനുഭവപ്പെട്ടിരുന്നു.


വാനിൽ നിന്നും രണ്ടു ചാക്ക് ഉരുളക്കിഴങ്ങ് എടുത്ത് കാൽ കൊണ്ട് ഗേറ്റ് തള്ളി തുറന്ന് ഗാലഗർ ഉള്ളിലേക്ക് കടന്നു. ആ പഴയ വിക്ടോറിയൻ മാർക്കറ്റിലെ ഭൂരിഭാഗം സ്റ്റാളുകളും കാലിയായിരുന്നു. രണ്ടോ മൂന്നോ ആൾക്കാർ മാത്രം. ഏറ്റവും ഒടുവിലുള്ള സ്റ്റാളിന് നേർക്ക് അദ്ദേഹം നടന്നു. D. Chevalier എന്ന് ബോർഡ് വച്ച ആ സ്റ്റാളിൽ കട്ടിയുള്ള സ്വെറ്ററും തുണിത്തൊപ്പിയും ധരിച്ച ഒരു ആജാനുബാഹു വില്പനയ്ക്കായി കൊണ്ടു വന്ന മുള്ളങ്കികൾ വൃത്തിയായി അടുക്കി വച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.


"അപ്പോൾ ഇന്ന് മുള്ളങ്കിയാണല്ലേ...?" ഗാലഗർ ചോദിച്ചു.


"താങ്കളുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌ ജനറൽ ഇത്..." ഷെവലിയർ പറഞ്ഞു.


"ഇതാണിപ്പോൾ നന്നായത്... ഈ കഴിഞ്ഞ ദിവസമാണ് മിസ്സിസ് വൈബർട്ട് ബ്രേക്ക്ഫസ്റ്റിന്‌ എനിക്ക് മുള്ളങ്കി ജാം ഉണ്ടാക്കി തന്നത്..." ഗാലഗർ ചുമൽ വെട്ടിച്ചു. "സാരമില്ല, കുറച്ചു നാൾ കൂടി കഴിക്കുന്നതിൽ വിരോധമില്ല... ഇതാ നിങ്ങൾക്കായി രണ്ട് ചാക്ക് ഉരുളക്കിഴങ്ങ് കൊണ്ടു വന്നിട്ടുണ്ട്..."


ഷെവലിയറുടെ കണ്ണുകൾ പ്രകാശിച്ചു. "താങ്കൾ എന്നെ നിരാശപ്പെടുത്തുകയില്ല എന്ന് എനിക്കറിയാമായിരുന്നു ജനറൽ... നമുക്കിത് പിറകുവശത്ത് കൊണ്ട് ചെന്ന് വയ്ക്കാം..."


ഗാലഗർ ആ ചാക്കുകൾ രണ്ടും സ്റ്റാളിന്റെ പിന്നിലുള്ള മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി. കബോഡ് തുറന്ന് ഷെവലിയർ ഒരു പഴയ ക്യാൻവാസ് ബാഗ് പുറത്തെടുത്തു. "വലിയ വൈറ്റ് ബ്രെഡാണ്... നാലെണ്ണമുണ്ട്..."


"ജീസ്സസ്...!" ഗാലഗർ അത്ഭുതം കൂറി. "ഇത് കിട്ടാൻ ആരെയാണ് നിങ്ങൾ വക വരുത്തിയത്...?"


"തീർന്നില്ല... കാൽ പൗണ്ട് ചൈനീസ് തേയിലയും ഒരു പോർക്കിന്റെ കാലും... ഓകേ...?"


"ഹൊ...! നിങ്ങളുമായി ബിസിനസ്സ് നടത്താൻ സന്തോഷമേയുള്ളൂ..." ഗാലഗർ പറഞ്ഞു. "അപ്പോൾ ഇനി അടുത്തയാഴ്ച്ച കാണാം..."


അദ്ദേഹത്തിന്റെ അടുത്ത താവളം വെസ്ലി സ്ട്രീറ്റിലെ ട്രൂപ്പ് സപ്ലൈ ഡിപ്പോ ആയിരുന്നു. പണ്ട് അതൊരു ഗ്യാരേജ് ആയിരുന്നു. ഏതാണ്ട് അര ഡസനോളം ട്രക്കുകൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ഗ്ലാസ് ചുമരുകൾ കൊണ്ട് നിർമ്മിച്ച ചെറിയ ഓഫീസിനുള്ളിൽ ഹാൻസ് ക്ലിംഗർ എന്ന് പേരുള്ള ഒരു സൈനികോദ്യോഗസ്ഥൻ സാൻഡ്‌വിച്ച് കഴിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഗാലഗറിനെ കണ്ടതും അയാൾ കൈ ഉയർത്തി വീശിയിട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി വന്നു.


"ഹെർ ജനറൽ..." ആഹ്ലാദത്തോടെ അയാൾ വിളിച്ചു.


"ദൈവമേ... നിങ്ങൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു കുറവും വരാതെ നോക്കുന്നുണ്ടല്ലോ ഹാൻസ്..." മനോഹരമായി ജർമ്മൻ ഭാഷയിൽ പറഞ്ഞിട്ട് തമാശയായി ഗാലഗർ അയാളുടെ കുടവയറിൽ വിരൽ കൊണ്ട്  കുത്തി.


ക്ലിംഗർ പുഞ്ചിരിച്ചു. "മനുഷ്യനായാൽ ജീവിക്കണ്ടേ...? നാം ഇരുവരും മുതിർന്ന സൈനികരല്ലേ ഹെർ ജനറൽ... പരസ്പരം മനസ്സിലാവുമല്ലോ... ആട്ടെ, എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ എനിക്കായി...?"


"ഒഫിഷ്യൽ ലിസ്റ്റിലേക്കായി രണ്ടു ചാക്ക് ഉരുളക്കിഴങ്ങ്..."


"പിന്നെ...?'


"പിന്നെ ഒരു ചാക്ക് നിങ്ങൾക്കും... താല്പര്യമുണ്ടെങ്കിൽ..."


"പകരം എന്താണ്‌ വേണ്ടത്...?


"പെട്രോൾ..."


ക്ലിംഗർ തല കുലുക്കി. "അഞ്ച് ഗ്യാലന്റെ ഒരു ക്യാൻ..."


"പോരാ... അഞ്ച് ഗ്യാലന്റെ രണ്ട് ക്യാൻ..." ഗാലഗർ പറഞ്ഞു.


അടുക്കി വച്ചിരുന്ന ബ്രിട്ടീഷ് ആർമി പെട്രോൾ ക്യാനുകൾക്കിടയിൽ നിന്നും രണ്ടെണ്ണം എടുത്തു കൊണ്ടു വന്നിട്ട് അയാൾ പറഞ്ഞു. "ജനറൽ... ഇത് അല്പം അന്യായം തന്നെയാണ് കേട്ടോ... ഇതിന്റെ പേരിൽ ഞാൻ താങ്കളെ പിടിച്ച് അകത്തിട്ടാൽ എന്തു ചെയ്യും...?"


"എനിക്ക് ജയിലും നിങ്ങൾക്ക് ഒരു സ്ഥലം മാറ്റവും..." ഗാലഗർ പറഞ്ഞു. "ഈ സമയത്ത് റഷ്യൻ അതിർത്തിയിൽ നല്ല രസമായിരിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്..."


"താങ്കളൊരു സൂത്രശാലി തന്നെ..." വാനിൽ നിന്നും മൂന്നു ചാക്ക് ഉരുളക്കിഴങ്ങ് പുറത്തേക്ക് വലിച്ചിട്ടു കൊണ്ട് ക്ലിംഗർ പറഞ്ഞു. "പക്ഷേ ഒരു കാര്യം... ഈയിടെയായി ഞങ്ങൾ പട്രോളിങ്ങ് കർശനമാക്കിയിട്ടുണ്ട്... എവിടെയെങ്കിലും വച്ച് തടഞ്ഞു നിർത്തി അവർ ചെക്ക് ചെയ്താൽ താങ്കളുടെ കൈവശമുള്ള ഇന്ധനത്തിന്റെ നിറം വേറെയാണെന്ന കാര്യം കണ്ടു പിടിക്കും..."


"പക്ഷേ, സ്നേഹിതാ... ഞാനൊരു മാന്ത്രികനാണെന്ന കാര്യം എത്രയോ വട്ടം പറഞ്ഞിരിക്കുന്നു... ശരിയല്ലേ...?" ഗാലഗർ‌ വാൻ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.


മിലിട്ടറി ആവശ്യത്തിനുള്ള പെട്രോളിൽ ചുവന്ന നിറമാണ്‌ കലർത്തിയിട്ടുള്ളത്. കാർഷികാവശ്യത്തിനുള്ള റേഷൻ പെട്രോളിന് പച്ചയും ഡോക്ടർമാരുടെ വാഹനത്തിനുള്ളതിന്‌ പിങ്ക് നിറവും. എന്നാൽ ക്ലിംഗറിന് അറിയാത്ത ഒരു വസ്തുതയുണ്ടായിരുന്നു. പെട്രോളിന്റെ നിറം മാറ്റുക എന്നത് വളരെ എളുപ്പമാണെന്ന കാര്യം. യുദ്ധാരംഭ കാലത്ത് പൊതുജനങ്ങൾക്ക് വിതരണം ചെയ്തിരുന്ന ഗ്യാസ് മാസ്കിന്റെ ഫിൽട്ടറിനുള്ളിൽക്കൂടി അരിച്ചെടുത്താൽ പെട്രോളിന്റെ നിറം പൂർണ്ണമായും നഷ്ടമാകുമായിരുന്നു. അതിൽ അല്പം പച്ച ചായം കലർത്തുന്നതോടെ മിലിട്ടറി പെട്രോൾ കാർഷികാവശ്യത്തിനുള്ള പെട്രോളായി വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നു.


അതിജീവനം... അതായിരുന്നു എല്ലാം. തന്റെ ശരീരത്തിൽ ഓടുന്ന രക്തത്തിൽ പാതിഭാഗം അമ്മയുടെ ലെ ബ്രോക്ക് കുടംബത്തിന്റെ പാരമ്പര്യം പേറുന്നതാണെന്നതിൽ അദ്ദേഹം അഭിമാനം കൊണ്ടു. നൂറ്റാണ്ടുകളായി ഈ ദ്വീപ് പലതിനും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇപ്പോൾ ജർമ്മൻ നേവൽ ഹെഡ്ക്വാർട്ടേഴ്സ് ആയി ഉപയോഗിക്കുന്ന പോമെ ഡിയോർ ഹോട്ടലിന് സമീപത്തു കൂടി കടന്നു പോകവെ അതിനു മുന്നിലെ കൊടിമരത്തിൽ തൂങ്ങിക്കിടക്കുന്ന നാസി പതാകയിലേക്ക് അദ്ദേഹം നോക്കി. "ബാസ്റ്റഡ്സ്... നീയൊക്കെ മരിച്ച് മണ്ണടിഞ്ഞ് കഴി‌ഞ്ഞാലും ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും..." അദ്ദേഹം മന്ത്രിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. ഹോ... എന്തു ദാരിദ്ര്യം അല്ലെ!

    (ചുമ്മാ പെട്രോളിന്റെ കാര്യവും ഓർമ്മിപ്പിച്ചു. ഇത്രേം വില യുദ്ധകാലത്ത് പോലും ഉണ്ടായിക്കാണില്ല)

    ReplyDelete
    Replies
    1. ഇന്ത്യയിലെ വില എന്ന് എടുത്തു പറയണം...

      Delete
  2. അപ്പൊ അതാണ് കാര്യം
    വേഗം കുറച്ചു ഉരുളക്കിഴങ്ങു നട്ടു വളർത്തട്ടെ ..
    പെട്രോൾ ക്ഷാമം ഉണ്ടായാൽ ഉപകരിക്കുമല്ലോ..
    അരിക്കാനുള്ള മാസ്ക് ഇഷ്ട്ടം പോലെ സ്റ്റോക്ക് ഉണ്ട്

    ReplyDelete
    Replies
    1. ഇവിടെ അരിച്ചിട്ടെന്തു കാര്യം ഉണ്ടാപ്രീ...

      Delete
  3. വിവിധ ആവശ്യങ്ങൾക്കുള്ള പെട്രോൾ നിറം മാറ്റി എടുക്കുന്ന വിദ്യ

    ReplyDelete
    Replies
    1. അതിജീവനത്തിന്റെ സൂത്രങ്ങൾ...

      Delete
  4. പെട്രോൾ അന്നും ഇന്നും വലിയ മുതലാളിയാ അല്ലെ

    ReplyDelete
    Replies
    1. അതെ... ഭരണകൂടങ്ങൾക്ക് പണമുണ്ടാക്കാനുള്ള കറവപ്പശു...

      Delete
  5. ഗാലഗറിന്റെ കൂടെ യാത്ര ചെയ്ത ഫീൽ !!

    ആദ്യകാലത്തൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ “കീപ്പ് റൈറ്റ് / കീപ്പ് ലെഫ്റ്റ്” കൺഫ്യൂഷൻ ഉണ്ടാക്കുമായിരുന്നു.. ഇപ്പോ ശീലമായി..

    ഉരുളക്കിഴങ്ങ് കൊടുത്ത് പെട്രോൾ മേടിക്കുന്നു.. അപ്പൊ ഉരുളക്കിഴങ്ങ് വെറും കിഴങ്ങനല്ല..!!

    ReplyDelete
    Replies
    1. ഉരുളക്കിഴങ്ങ് ഒരു ചെറിയ കിഴങ്ങല്ല...

      Delete
  6. ദുരിതകാലങ്ങളിൽ നാം ചക്കയേയും ,കപ്പയേയും ആശ്രയിക്കുന്ന പോലെയാണ് യൂറോപ്പ്യൻസിനു മുള്ളങ്കി .നമുക്ക് അരി കിട്ടിയില്ലെങ്കിൽ അതുപോലെയാണ് ഇവർക്ക് ഉ .കിഴങ്ങ് ..!

    ReplyDelete
    Replies
    1. ആഹാ... അങ്ങനെയാണല്ലേ... പുതിയൊരു അറിവ്... നന്ദി മുരളിഭായ്...

      Delete
  7. ബാസ്റ്റഡ്സ്... നീയൊക്കെ മരിച്ച് മണ്ണടിഞ്ഞ് കഴി‌ഞ്ഞാലും ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും..." അദ്ദേഹം മന്ത്രിച്ചു....

    ഞാനും കൈയ്യിൽ നിന്ന് ഇട്ട് കുറെ തെറി വിളിക്കുന്നു...

    ReplyDelete