Friday, April 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 18

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അദ്ധ്യായം - അഞ്ച്


വെയ്ബ്രിഡ്ജിന് അരികിൽ വാൻ പാർക്ക് ചെയ്തിട്ട് ഗാലഗർ കടൽപ്പാലത്തിലേക്കുള്ള പടവുകൾ കയറി മുകളിലെത്തി. ഒരു ഫ്രഞ്ച് സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം ചുറ്റും ഒന്ന് കണ്ണോടിച്ചു. മൂടൽമഞ്ഞിന്റെ കനം അല്പം കുറഞ്ഞിരിക്കുന്നു. കെട്ടുകഥകളിൽ വിവരിച്ചിരിക്കും പോലെ ദുരൂഹതയോടെ തലയുയർത്തി നിൽക്കുന്ന എലിസബത്ത് കൊട്ടാരം. വാൾട്ടർ റാലി ഒരു കാലത്ത് ഗവർണർ ആയി ഭരിച്ചിരുന്ന പ്രദേശമാണ്. ഇന്ന് ജർമ്മൻകാരുടെ കയ്യേറ്റത്തെ തുടർന്ന് കോൺക്രീറ്റ് കോട്ടകളും അതിന് മുകളിൽ പീരങ്കികളും യഥേഷ്ടം സ്ഥാപിച്ചിരിക്കുന്നു.


അദ്ദേഹം താഴെ ഹാർബറിലേക്ക് നോക്കി. പതിവ് പോലെ നല്ല തിരക്കാണവിടെ. ചാനൽ ഐലന്റ്സിലേക്കുള്ള ചരക്ക് നീക്കത്തിനായി മറ്റ് ജലയാനങ്ങൾക്കൊപ്പം റൈൻ ബാർജുകളും ജർമ്മൻകാർ ഉപയോഗിച്ചു വരുന്നുണ്ട്. പുതിയതായി നിർമ്മിച്ച നോർത്ത് ക്വേയിൽ ധാരാളം ബാർജുകൾ നങ്കൂരമിട്ടിരിക്കുന്നു. ഇരുപത്തിനാലാം ഫ്ലോട്ടില്ലയിലെ ഏതാനും മൈൻ സ്വീപ്പേഴ്സിനും നിരവധി ചരക്ക് കപ്പലുകൾക്കും ഒപ്പം SS വിക്ടർ യൂഗോയും കടൽപ്പാലത്തിന് സമീപം നങ്കൂരമിട്ടിട്ടുണ്ടായിരുന്നു.


1920 ൽ ഗ്ലാസ്ഗോയിലെ ഫെർഗൂസൻ ബ്രദേഴ്സ് ഒരു ഫ്രഞ്ച് തീരദേശ വ്യാപാര കമ്പനിക്ക് വേണ്ടി നിർമ്മിച്ച ആ കപ്പലിന്റെ ഇന്നത്തെ അവസ്ഥ അല്പം പരിതാപകരമാണെന്ന് പറയാതെ വയ്യ. പുകക്കുഴലിൽ പലയിടത്തും പീരങ്കിയിൽ നിന്നുള്ള ഷെല്ലുകൾ ഏറ്റ് ദ്വാരം വീണിരിക്കുന്നു. ര‌ണ്ടാഴ്ച്ച മുമ്പ് ഗ്രാൻവിലായിൽ നിന്നുമുള്ള കോൺവോയ്ക്കൊപ്പം സഞ്ചരിക്കവെ RAF ഫൈറ്ററുകളിൽ നിന്നുമുണ്ടായ ആക്രമണത്തെ തുടർന്നായിരുന്നു അത്. പത്ത് പേരടങ്ങുന്ന ഫ്രഞ്ച് നാവിക ക്രൂവിന്റെ മാസ്റ്റർ ആയിരുന്നു സവരി. ആന്റി എയർക്രാഫ്റ്റ് പ്രതിരോധ സംവിധാനം എന്ന് പറയാനായി രണ്ട് മെഷീൻ ഗണ്ണുകളും ഒരു ബോഫോഴ്സ് ഗണ്ണും ആയിരുന്നു ഉണ്ടായിരുന്നത്. ഗ്വിഡോ ഓർസിനിയുടെ കമാൻഡിന്‌ കീഴിലുള്ള ഏഴ് ജർമ്മൻ നാവികരായിരുന്നു അത് ഓപ്പറേറ്റ് ചെയ്തിരുന്നത്. 


കപ്പലിന്റെ റെയിലിൽ ചാരി നിൽക്കുന്ന ഓർസിനിയെ ഗാലഗറിന്‌ കാണാൻ പറ്റുന്നുണ്ടായിരിന്നു. "ഹേയ്, ഗ്വിഡോ... ഈസ് സവരി എബൗട്ട്...?" ഗാലഗർ ഇംഗ്ലീഷിൽ വിളിച്ചു  ചോദിച്ചു.


"ഇൻ ദി കഫേ..."  പുറത്തേക്ക് വിരൽ ചൂണ്ടി ഗ്വിഡോ പറഞ്ഞു.


കടൽപ്പാലത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ആ കഫേയിൽ അത്രയൊന്നും തിരക്കുണ്ടായിരുന്നില്ല. ചീട്ടു കളിച്ചു കൊണ്ട് ഒരു മേശയ്ക്ക് ചുറ്റും നാല് ഫ്രഞ്ച് നാവികർ ഇരിക്കുന്നുണ്ട്. മറ്റൊരു മേശയ്ക്കരികിൽ മൂന്ന് ജർമ്മൻ നാവികർ അവരുടെ ലോകത്ത്. റീഫർകോട്ടും തുണിത്തൊപ്പിയും കഴുത്തിൽ ഒരു സ്കാർഫും ധരിച്ച് ജാലകത്തിനരികിൽ ഇരിക്കുന്ന ആജാനുബാഹുവായ താടിക്കാരൻ ആയിരുന്നു റോബർട്ട് സവരി. സിഗരറ്റ് പുകച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു കോഫി ബൗൾ ഇരിക്കുന്നുണ്ട്. 


"റോബർട്ട്... എന്തുണ്ട് വിശേഷങ്ങൾ...?" എതിർവശത്തെ കസേരയിൽ ഇരുന്നുകൊണ്ട് ഫ്രഞ്ച് ഭാഷയിൽ ഗാലഗർ ആരാഞ്ഞു.


"മൊസ്യൂ ജനറൽ... താങ്കളെ ഇവിടെ കണ്ടു പതിവില്ലല്ലോ... എന്ന് വച്ചാൽ താങ്കൾക്ക് എന്തോ ആവശ്യമുണ്ടെന്ന് തോന്നുന്നു...?"


"ഓ, നിങ്ങളൊരു കൗശലക്കാരൻ തന്നെ..."  ഗാലഗർ മേശയ്ക്കടിയിലൂടെ ഒരു എൻവലപ്പ് അയാൾക്ക് നീട്ടി. "ഇതാ, ഇത് വാങ്ങൂ..."


"എന്താണിത്...?"


"അത് പോക്കറ്റിൽ വയ്ക്കുക... കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട... ഗ്രാൻവിലായിൽ സോഫീസ് എന്നൊരു കഫേയുണ്ട്... അറിയുമോ അത്...?"


സവരിയുടെ മുഖം വിളറിത്തുടങ്ങിയിരുന്നു. "യെസ്... എനിക്കറിയാം അത്..."


"അവിടെയുള്ള സോഫി ക്രെസനെയും അവളുടെ ഭർത്താവ് ജെറാർഡിനെയും പരിചയമുണ്ടോ...?"


"അവരുമായി മുമ്പ് സംസാരിച്ചിട്ടുണ്ട്..." മേശയ്ക്കടിയിലൂടെ‌ ആ എൻവലപ്പ് തിരികെ കൊടുക്കാൻ ശ്രമിച്ചു കൊണ്ട് സവരി പറഞ്ഞു.


"നന്നായി... കടുത്ത തീവ്രവാദമാണ് അവരുടെ പ്രവർത്തന മേഖല എന്ന് ഞാൻ പിന്നെ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ... കൊല നടത്താൻ മാത്രമല്ല സഹകരിക്കാനും അവർക്കറിയാം... നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറച്ചുകൂടി ബുദ്ധിപൂർവ്വം പെരുമാറിയേനെ... ഈ കത്ത് വാങ്ങൂ... അത് വായിച്ചു നോക്കാൻ തുനിയരുതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ... അഥവാ ഇനി വായിച്ചു നോക്കുകയാണെങ്കിൽ പിന്നീടൊരിക്കലും നിങ്ങൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞെന്ന് വരില്ല... എന്റെ സ്നേഹാന്വേഷണങ്ങളോടൊപ്പം ഇത് സോഫിയ്ക്ക് കൊടുക്കുക... തീർച്ചയായും ഇതിനുള്ള മറുപടിയും അവൾ തരും... തിരികെയെത്തിയ ഉടൻ അത് എന്നെ ഏൽപ്പിക്കുകയും ചെയ്യണം..."


"താങ്കൾ നരകത്തിൽ പോകുകയേ ഉള്ളൂ ജനറൽ..." പിറുപിറുത്തു കൊണ്ട് സവരി ആ എൻവലപ്പ് പോക്കറ്റിനുള്ളിൽ തിരുകി.


"അക്കാര്യം ചെകുത്താൻ പണ്ടേ തീരുമാനിച്ചു കഴിഞ്ഞതാണ്... അതോർത്ത് നിങ്ങൾ വിഷമിക്കണ്ട... പിന്നെ ആ ഗ്വിഡോ ഓർസിനി നല്ലൊരു പയ്യനാണ്... അവനൊരു ശല്യമൊന്നും ആവില്ല..."


"ഏത്, ആ പ്രഭുവോ...?" സവരി ചുമൽ വെട്ടിച്ചു.‌ "ഇറ്റാലിയൻ പിമ്പ്... ഇത്തരം കുലീന വർഗ്ഗത്തെ വെറുപ്പാണെനിക്ക്..."


"അല്ല...‌ ഫാസിസ്റ്റ് എന്ന് പറയാം... ങ്ഹാ, അതു പോട്ടെ... നല്ലയിനം സിഗരറ്റ് ഏതെങ്കിലുമുണ്ടോ നിങ്ങളുടെ കൈയ്യിൽ...? റേഷൻ സപ്ലൈക്ക് വേണ്ടി അവർ ഇറക്കുമതി ചെയ്യുന്ന ആ വൃത്തികെട്ട സിഗരറ്റുകൾ വലിച്ച് എനിക്ക് ഭ്രാന്തെടുത്തു തുടങ്ങി..."


സവരി അദ്ദേഹത്തെ അർത്ഥം വച്ച് ഒന്ന് നോക്കി. 


"ഇല്ല... ജിറ്റെയ്ൻസ് മാത്രമേയുള്ളൂ..." 


"അങ്ങനെയാണെങ്കിൽ..." ഗാലഗറിന്റെ നിരാശ അല്പം ഉച്ചത്തിലായിപ്പോയി. "ഓൾറൈറ്റ്... ഇരുനൂറെണ്ണം വേണമെനിക്ക്..."


"പകരം എനിക്കെന്ത് തരും...?"


ഷെവലിയർ കൊടുത്ത ആ ബാഗ് അദ്ദേഹം തുറന്നു. "ഒരു പോർക്കിന്റെ കാൽ...?"


സവരിയുടെ വായ് തുറന്നു പോയി. "ഹൊ...! എനിക്ക് കൊതിയായിട്ട് വയ്യ... ഗിവ് മീ..."


മേശയുടെ അടിയിൽ കൂടി ഗാലഗർ അത് കൈമാറി. പകരമായി ഒരു കാർട്ടൺ സിഗരറ്റും തിരികെ വാങ്ങി. "നിങ്ങൾക്ക് എന്റെ കോട്ടേജിലെ നമ്പർ അറിയാമല്ലോ... തിരിച്ചെത്തിയാലുടൻ വിളിക്കുക..."


"ഓൾറൈറ്റ്..."


സവരി എഴുന്നേറ്റു. ഇരുവരും പുറത്തേക്ക് നടക്കവെ പുക വലിക്കുവാനുള്ള ത്വരയെ തടുക്കുവാനാകാതെ ഗാലഗർ കാർട്ടൺ തുറന്ന് ഒരു പാക്കറ്റ് ജിറ്റെയ്‌ൻ പുറത്തെടുത്തു. സിഗരറ്റിന് തീ കൊളുത്തി ആഞ്ഞ് വലിച്ചിട്ട് അദ്ദേഹം പറഞ്ഞു. "ജീസസ്... ദാറ്റ്സ് വണ്ടർഫുൾ..."


"എന്നാൽ ശരി, ഞാൻ ഇനി നീങ്ങാൻ നോക്കട്ടെ..." സവരി വിക്ടർ യൂഗോയിലേക്ക് കയറുവാനുള്ള ഗാങ്ങ്‌വേയിലേക്ക് നോക്കി.


ഗാലഗർ അയാളുടെ ചെവിയിൽ മന്ത്രിച്ചു. "ഇക്കാര്യത്തിൽ എന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കിൽ, സുഹൃത്തേ, നിങ്ങളെ ഞാൻ വക വരുത്തിയിരിക്കും... മനസ്സിലായല്ലോ...?"


സവരി അത്ഭുതത്തോടെ വായ് തുറന്ന് നിൽക്കവെ ഒരു ഗൂഢസ്മിതത്തോടെ ഗാലഗർ തിരിഞ്ഞ് കടൽപ്പാലത്തിലൂടെ കരയിലേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


15 comments:

  1. ബാർട്ടർ സിസ്റ്റം... 😊

    ReplyDelete
    Replies
    1. അതെ... പണത്തിന് സാധിക്കാത്ത പലതും ആ രീതിയിൽ ലഭ്യമായിരുന്നു‌...

      Delete
  2. ശ്ശോ.. രണ്ട് പോർക് കാൽ ഉണ്ടാരുന്നെങ്കിൽ.....

    ReplyDelete
    Replies
    1. എങ്കിൽ നമ്മൾ ആരായിരുന്നേനെ...?

      Delete
  3. ശോ ഒരു പോർക്കിന്റെ കാൽ തിന്നിട്ടു എത്ര നാളായി. ആഫ്രിക്കയിൽ ഒന്നും പോകാത്തത്കൊണ്ട് കാട്ടുപന്നിയുടെ ഇറച്ചി ഒന്നും കഴിക്കാൻ പറ്റുന്നില്ല

    ReplyDelete
    Replies
    1. ഏത്തപ്പഴത്തിന്റെ കൂടെ, അല്ലേ...? :p

      Delete
  4. വായിച്ചു കഴിഞ്ഞതും, തോന്നിയ കമന്റ്‌ ശ്രീ പറഞ്ഞുകഴിഞ്ഞു :D

    ReplyDelete
    Replies
    1. സുകന്യാജി മനസ്സിൽ കണ്ടത് ശ്രീ മാനത്തു കണ്ടു... :)

      Delete
  5. "ഇക്കാര്യത്തിൽ എന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കിൽ, സുഹൃത്തേ, നിങ്ങളെ ഞാൻ വക വരുത്തിയിരിക്കും... മനസ്സിലായല്ലോ...?"

    അങ്ങനെ കണ്ട ആപ്പ‌ഊപ്പകളുടെ ഭീക്ഷണി കേട്ട് പേടിക്കുന്നവനല്ല ഈ റോബർട്ട് സാവരി.. പിന്നെ, പന്നിക്കാൽ തന്നതല്ലേ എന്ന് കരുതി ഏൽപ്പിച്ച പണി ഭംഗിയായി ചെയ്തിരിക്കും.. (എന്ന് സാവരി (ഒപ്പ്))

    ReplyDelete
    Replies
    1. റോബർട്ട് സവരിയെ ശരിയ്ക്കും മനസ്സിലാക്കിയിരിക്ക്‌ണൂ... :)

      Delete
  6. അഞ്ചാം അദ്ധ്യായത്തിലും ദുരിതപർവ്വം തന്നെയാണല്ലൊ ...

    ReplyDelete
  7. ഫ്രഞ്ചുകാരും ജർമൻകാരും ഒന്നിച്ചോ 🤔

    ReplyDelete
    Replies
    1. ഗാലഗർ ജർമ്മൻകാരനല്ല സുധീ... ഐറിഷ് പൗരനാണ്...

      Delete
  8. കടൽപ്പാലത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ആ കഫേയിൽ അത്രയൊന്നും തിരക്കുണ്ടായിരുന്നില്ല. ചീട്ടു കളിച്ചു കൊണ്ട് ഒരു മേശയ്ക്ക് ചുറ്റും നാല് ഫ്രഞ്ച് നാവികർ ഇരിക്കുന്നുണ്ട്. മറ്റൊരു മേശയ്ക്കരികിൽ മൂന്ന് ജർമ്മൻ നാവികർ അവരുടെ ലോകത്ത്..........



    ഇതെന്നാ???

    ReplyDelete