Friday, April 23, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 19


ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



നല്ല ഉയരമുള്ള വ്യക്തിയായിരുന്നു ഡോക്ടർ ജോർജ്ജ് ഹാമിൽട്ടൺ. അദ്ദേഹം ധരിച്ചിരിക്കുന്ന സ്യൂട്ട് ശരീരത്തിന്റെ അളവിലും വളരെ വലുതായി കാണപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ഫാർമക്കോളജി പ്രൊഫസറായും ഗൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റായും സേവനം അനുഷ്ഠിച്ച് റിട്ടയർ ചെയ്ത അദ്ദേഹം യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് ജെഴ്സിയിൽ വന്ന് സ്ഥിര താമസമാക്കുന്നത്. 1940 ൽ, ഏത് നിമിഷവും ജർമ്മൻ അധിനിവേശം ഉണ്ടാകാം എന്ന ഭീതിയിൽ ദ്വീപ് വിട്ട് പോയ അനേകം പേരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാരും ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് MD ബിരുദധാരിയും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ഫെലോയുമായ ഹാമിൽട്ടന് എഴുപതാം വയസ്സിലും ഒരു ജനറൽ പ്രാക്ടീഷണർ ആയി ജോലി ചെയ്യേണ്ടി വന്നത്.


നെറ്റിയിലേക്ക് വീണ നരച്ച മുടിയിഴകൾ വകഞ്ഞു മാറ്റി, സോഫയിൽ കിടക്കുന്ന കെൽസോയെ നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. "നോട്ട് ഗുഡ്... ഹീ ഷുഡ് ബീ ഇൻ ഹോസ്പിറ്റൽ... ഉറപ്പ് വരുത്തണമെങ്കിൽ എക്സ്-റേ എടുക്കേണ്ടി വരും... എങ്കിലും എന്റെ ഊഹം മുട്ടിന് താഴെ രണ്ട് ഫ്രാക്ച്ചർ എങ്കിലും കാണുമെന്നാണ്... ചിലപ്പോൾ  മൂന്നാവാനും സാദ്ധ്യതയുണ്ട്..."


"നോ ഹോസ്പിറ്റൽ..." ഉറച്ച സ്വരത്തിൽ കെൽസോ പറഞ്ഞു.


ഗാലഗറിനെയും ഹെലനെയും നോക്കി അപ്പുറത്തേക്ക് വരുവാൻ ആംഗ്യം കാണിച്ചിട്ട് ഡോക്ടർ ഹാമിൽട്ടൺ കിച്ചണിലേക്ക് നടന്നു. "ഫ്രാക്ച്ചറുകൾ ഗുരുതരമാണെങ്കിൽ, അതായത് ഒടിഞ്ഞ അസ്ഥികൾ മാംസത്തിനുള്ളിലേക്ക് തള്ളി നിൽക്കുന്നുണ്ടെങ്കിൽ മറ്റ് മാർഗ്ഗമൊന്നുമില്ല... അദ്ദേഹം കടന്നു വന്ന അവസ്ഥ വച്ച് നോക്കിയാൽ ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാദ്ധ്യത വളരെയേറെയാണ്... അദ്ദേഹത്തിന്റെ കാൽ രക്ഷിക്കാനുള്ള ഏക മാർഗ്ഗം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ട്രാക്ഷൻ ട്രീറ്റ്മെന്റ് നൽകുക എന്നതായിരിക്കും..."


"അല്പം കൂടി വിശദീകരിക്കാമോ ജോർജ്ജ്...?" ഗാലഗർ ചോദിച്ചു.


"വെൽ... നിങ്ങൾ കണ്ടതാണല്ലോ, പുറമെ മുറിവുകളൊന്നും ദൃശ്യമല്ല... മിക്കവാറും കമ്മ്യുണ്യൂട്ടഡ് ഫ്രാക്ച്ചേഴ്സ് ആവാനാണ് സാദ്ധ്യത... അത് നേരെയാക്കി പ്ലാസ്റ്റർ ഇടുക എന്നതാണ് ചികിത്സ..."


"താങ്കൾക്ക് അത് ചെയ്യാനാകുമോ...?" ഹെലൻ ചോദിച്ചു.


"ഞാൻ ശ്രമിക്കാം... പക്ഷേ അതിനുള്ള സൗകര്യങ്ങൾ കൂടി വേണ്ടതുണ്ട്... എക്സ്-റേ കാണാതെ അതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല..." അദ്ദേഹം ഒന്ന് സംശയിച്ച് നിന്നിട്ട് തുടർന്നു. "ചെറിയൊരു മാർഗ്ഗം കാണുന്നുണ്ട്..."


"എന്താണത്...?" ഗാലഗർ ആരാഞ്ഞു.


"പൈൻ ട്രീസ്... സെന്റ് ലോറൻസിലെ കാത്തലിക്ക് സിസ്റ്റേഴ്സ് ഓഫ് മെഴ്സി നടത്തുന്ന ചെറിയൊരു നേഴ്സിങ്ങ് ഹോം ആണ്..‌. ഐറിഷ് അല്ലെങ്കിൽ ഫ്രഞ്ച് സ്വദേശികളാണ് അവരിൽ ഭൂരിഭാഗവും... അവർക്ക് എക്സ്-റേ സൗകര്യവും നല്ലൊരു ഓപ്പറേഷൻ തീയേറ്ററുമുണ്ട്... അതിന്റെ മേധാവിയായ സിസ്റ്റർ മരിയാ തെരേസ എന്റെ നല്ലൊരു സുഹൃത്താണ്... അവരെ ഞാനൊന്ന് വിളിച്ചു നോക്കട്ടെ..."


"ജർമ്മൻകാർ അവിടെ ചികിത്സയ്ക്ക് എത്താറുണ്ടോ...?" ഹെലൻ ചോദിച്ചു.


"ഇടയ്ക്കൊക്കെ... ഗർഭസംബന്ധമായ പ്രശ്നങ്ങളുമായി ചെറുപ്പക്കാരികൾ... അതായത് അബോർഷന് വേണ്ടി എന്ന് പറയാം..‌. നിങ്ങൾക്കറിയാമല്ലോ കന്യാസ്ത്രീകൾ അബോർഷന് എതിരാണെന്നുള്ളത്... പക്ഷേ, അവർ നിസ്സഹായരാണ് ഈ വിഷയത്തിൽ..."


"അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്യാൻ സാധിക്കുമോ...?" 


"സംശയമാണ്... വളരെ കുറച്ച് ബെഡ്ഡുകളേയുള്ളൂ അവിടെ... മാത്രമല്ല അത് അപകടവുമാണ്... അദ്ദേഹത്തെ അവിടെ കൊണ്ടു പോയി തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക..."


"ഞങ്ങളെ സഹായിക്കുക വഴി വളരെ വലിയ റിസ്കാണ് താങ്കൾ എടുക്കുന്നത് ജോർജ്ജ്..." ഗാലഗർ പറഞ്ഞു.


"ഞാൻ മാത്രമല്ല, നമ്മൾ എല്ലാവരും എന്ന് പറയുന്നതായിരിക്കും ശരി..." ഹാമിൽട്ടൺ പറഞ്ഞു.


"കേണൽ കെൽസോ ശത്രുക്കളുടെ കൈകളിൽ പെടാതിരിക്കുക എന്നതും വളരെ പ്രധാനമാണ്..." ഹെലൻ പറഞ്ഞു.


ഹാമിൽട്ടൺ തലയാട്ടി. "ഐ ഡോണ്ട് വാണ്ട് റ്റു നോ, ഹെലൻ... സോ ഡോണ്ട് ട്രൈ റ്റു റ്റെൽ മീ... മാത്രവുമല്ല ആ കന്യാസ്ത്രീകളെ ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യവുമില്ല... സിസ്റ്റർ മരിയാ തെരേസയുടെ മുന്നിൽ നമ്മുടെ ഈ സുഹൃത്ത് ഒരു തദ്ദേശവാസി ആയിരിക്കും... അബദ്ധത്തിൽ അപകടം പിണഞ്ഞ ഒരു നാട്ടുകാരൻ... അദ്ദേഹത്തിന് ഒരു ഐഡന്റിറ്റി കാർഡ് സംഘടിപ്പിക്കുവാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും..."


ഹെലൻ ഗാലഗറെ നോക്കി. "എന്തെങ്കിലും ചെയ്യാനാവുമോ ഷോൺ...? കഴിഞ്ഞ തവണ സെൻറ് പീറ്ററിൽ നിന്നും രക്ഷപെട്ടു വന്ന ആ സ്പാനിഷ് കമ്മ്യൂണിസ്റ്റ്കാരന് നി‌ങ്ങൾ ഒരു കാർഡ് തരപ്പെടുത്തി കൊടുത്തല്ലോ..."


ഗാലഗർ അടുക്കളയുടെ മൂലയിലുള്ള പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിതമായ മേശയ്ക്കരികിൽ ചെന്ന് അതിന്റെ ഡ്രോയർ തുറന്ന് അതിനുള്ളിലുള്ള രഹസ്യ അറയിൽ നിന്നും ഏതാനും ബ്ലാങ്ക് ഐഡന്റിറ്റി കാർഡുകൾ പുറത്തെടുത്തു. അവയിലെല്ലാം നാസി സ്റ്റാമ്പും കൈയ്യൊപ്പും ഉണ്ടായിരുന്നു. 


"മൈ ഗോഡ്...! ഇതെല്ലാം എവിടെ നിന്ന് കിട്ടുന്നു നിങ്ങൾക്ക്...?" അത്ഭുതത്തോടെ ഹാമിൽട്ടൺ ചോദിച്ചു.


"ടൗണിലെ ഒരു ഹോട്ടലിൽ എനിക്ക് പരിചയമുള്ള ഒരു ഐറിഷുകാരനുണ്ട്... അയാളുടെ ഒരു ജർമ്മൻ ബോയ്ഫ്രണ്ട് - മനസ്സിലായിക്കാണുമല്ലോ - ആർമിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നുണ്ട്... ഈ പറഞ്ഞ ഐറിഷുകാരന് കഴിഞ്ഞ വർഷം വലിയൊരു സഹായം ഞാൻ ചെയ്തു കൊടുത്തിരുന്നു... അതിന് പ്രത്യുപകാരമായി തന്നതാണ് ഇതെല്ലാം... കെൽസോയുടെ ഡീറ്റെയിൽസ് ഞാനിതിൽ പൂരിപ്പിക്കാം... നല്ലൊരു ജെഴ്സി പേര് കണ്ടു പിടിക്കണമല്ലോ നമുക്ക്... ലെ മാർക്കണ്ട് എങ്ങനെയുണ്ട്...?" പേനയും മഷിയും എടുത്ത് അദ്ദേഹം മേശയ്ക്ക് മുന്നിൽ ഇരുന്നു. "ഹെൻട്രി റാൾഫ് ലെ മാർക്കണ്ട്... വിലാസം എന്തെഴുതണം...?" ഗാലഗർ ഹെലനെ നോക്കി.


"ഹോം ഫാം, ഡു വിലാ പ്ലേസ്..." അവൾ പറഞ്ഞു.


"ധാരാളം... ഞാൻ പോയി അദ്ദേഹത്തിന്റെ കണ്ണുകളുടെയും മുടിയുടെയും നിറം നോക്കിയിട്ട് വരാം... അപ്പോഴേക്കും താ‌ങ്കൾ പൈൻ ട്രീസിലേക്ക് ഫോൺ ചെയ്യൂ..." വാതിൽക്കൽ എത്തി അദ്ദേഹം ഒന്ന് നിന്നു. "തൊഴിൽ കോളത്തിൽ അദ്ദേഹത്തിന്റെ ജോലി മത്സ്യത്തൊഴിലാളി എന്ന് രേഖപ്പെടുത്താൻ പോകുകയാണ്... അങ്ങനെയാവുമ്പോൾ ഇതൊരു ബോട്ടപകടം ആയിരുന്നുവെന്ന് പറയാനും നമുക്ക് സാധിക്കും... പിന്നെ, ഒരു കാര്യം കൂടി ജോർജ്ജ്..."


"എന്താണ്...?" ഫോണിന്റെ റിസീവർ എടുക്കവെ ഹാമിൽട്ടൺ ചോദിച്ചു.


"ഞാനും താങ്കളോടൊപ്പം വരുന്നുണ്ട്... എന്റെ വാനിൽ കൊണ്ടുപോകാം അദ്ദേഹത്തെ... വീ മസ്റ്റ് ഓൾ ഹാങ്ങ് റ്റുഗെതർ, ഓർ ഓൾ ഹാങ്ങ് സെപ്പറേറ്റ്‌ലി..." ഒരു ഗൂഢസ്മിതവുമായി ഗാലഗർ പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. മൊത്തം ഉടായിപ്പ് ആണല്ലോ

    ReplyDelete
    Replies
    1. അതെ... ജീവിച്ചു പോവണ്ടേ...

      Delete
  2. " വീ മസ്റ്റ് ഓൾ ഹാങ്ങ് റ്റുഗെതർ, ഓർ ഓൾ ഹാങ്ങ് സെപ്പറേറ്റ്‌ലി..."

    ഗാലഗറിന്റെ ഗൂഢസ്മിതത്തിന് പിന്നിൽ എന്തായിരിക്കും 🤔

    ReplyDelete
  3. പ്രതിഷേധം , ചെറുത്തുനിൽപ് ..
    ഒരു പരിചയവും ഇല്ലാത്ത ഒരുവന് വേണ്ടി ഇരിങ്ങിത്തിരിക്കുന്നുണ്ടല്ലോ

    ReplyDelete
  4. എന്തൊക്കെ മുന്നൊരുക്കങ്ങൾ..

    ReplyDelete
    Replies
    1. അതെ... കഴിവിന്റെ പരമാവധി പഴുതടച്ച്...

      Delete
  5. പെട്ടന്നായിക്കോട്ടെ ഹെൽത്ത് ഒക്കെ ഒന്ന് നേരെ ആയിട്ട് വേണം ബാക്കി പണി തുടങ്ങാൻ

    ReplyDelete
    Replies
    1. ഗാലഗർ ഇപ്പം വരും വാനും എടുത്തോണ്ട്...

      Delete
  6. ആൾമാറാട്ടത്തിന്റെ ഡ്യൂപ്ലിക്കേറ്റ് id കാർഡുകൾ ഉപയോഗിച്ചാണ് ആ കാലഘട്ടങ്ങളിൽ യുദ്ധമുഖത്തുനിന്നും പലരും രക്ഷപ്പെട്ടിട്ടുള്ളത്...

    ReplyDelete
  7. വേഗം നഴ്സിംഗ് ഹോമിലോട്ട് വണ്ടി പോട്ടെ

    ReplyDelete