Wednesday, June 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 26

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ടൗൺ ഹാളിന്റെ പടവുകളിറങ്ങി ആ കറുത്ത സിട്രോൺ കാറിന്റെ പിൻസീറ്റിലേക്ക് കയറുമ്പോൾ ഗെസ്റ്റപ്പോയുടെ ലിയോൺസിലെ തലവനായ സ്റ്റാൻഡർടെൻഫ്യൂറർ ജർഗൻ കോഫ്മാൻ ധരിച്ചിരുന്നത് സിവിലിയൻ വേഷമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറും അതേ വേഷത്തിൽ തന്നെ ആയിരു‌ന്നു. കാരണം, തന്റെ രഹസ്യക്കാരിയുടെ അടുത്തേക്ക് എല്ലാ വ്യാഴാഴ്ച്ചയും ഉച്ച തിരിഞ്ഞുള്ള സന്ദർശനം ആരും അറിയരുതെന്ന് കോഫ്മാന് നിർബ്ബന്ധമുണ്ടായിരുന്നു.


"തിരക്കൊന്നുമില്ല കാൾ... പതുക്കെ പോയാൽ മതി..." അദ്ദേഹം ഡ്രൈവറോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി SS സെർജന്റ് കാൾ ആണ് അദ്ദേഹത്തിന്റെ ഡ്രൈവർ. "നാം അല്പം നേരത്തെയാണിന്ന്... മൂന്ന് മണിയ്ക്ക് മുമ്പ് എത്തില്ല എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു... നിങ്ങൾക്കറിയാമല്ലോ സർപ്രൈസുകളെ അവൾ വെറുക്കുന്നു എന്ന കാര്യം..."


"താങ്കളുടെ ഇഷ്ടം പോലെ, സ്റ്റാൻഡർടെൻഫ്യൂറർ..." പുഞ്ചിരിച്ചു കൊണ്ട് അയാൾ കാർ മുന്നോട്ടെടുത്തു.


അന്ന് രാവിലത്തെ പോസ്റ്റിൽ ലഭിച്ച ബെർലിൻ ന്യൂസ് പേപ്പർ വായിച്ചു കൊണ്ട് കോഫ്മാൻ പിൻസീറ്റിൽ ചാരിക്കിടന്നു. നഗരത്തിൽ നിന്നും പുറത്തു കടന്ന വാഹനം ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് പ്രവേശിച്ചു. പാതയുടെ ഇരുവശങ്ങളിലും ഫലസമൃദ്ധമായ ആപ്പിൾ മരങ്ങൾ  നിരന്ന് നിൽക്കുന്ന കാഴ്ച്ച അതിമനോഹരമായിരുന്നു. അന്തരീക്ഷത്തിൽ എമ്പാടും അവയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. കുറച്ചു നേരമായി തങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഒരു മോട്ടോർ സൈക്കിൾ കാളിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. മെയിൻ റോഡിൽ നിന്നും ഷാമോണ്ട് ഗ്രാമത്തിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞ അവരുടെ പിന്നാലെ തന്നെ അതും വരുന്നത് കണ്ട കാൾ പോക്കറ്റിൽ നിന്നും ല്യൂഗർ പിസ്റ്റൾ എടുത്ത് സൈഡ് സീറ്റിൽ വച്ചിട്ട് പറഞ്ഞു. "കുറച്ചു നേരമായി ഒരു മോട്ടോർ സൈക്കിൾ നമ്മെ പിന്തുടരുന്നുണ്ട് സ്റ്റാൻഡർടെൻഫ്യൂറർ..."


തിരിഞ്ഞ് പിന്നിലെ ഗ്ലാസ് വിൻഡോയിലൂടെ നോക്കിയ കോഫ്മാൻ പൊട്ടിച്ചിരിച്ചു. "നിങ്ങളുടെ സാമാന്യ ബോധമൊക്കെ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു... അത് നമ്മുടെ സേനാംഗങ്ങളിൽ ഒരുവനാണ്..."


കാറിനരികിലൂടെ ഒപ്പമെത്തിയ മോട്ടോർ സൈക്കിൾകാരൻ കൈ ഉയർത്തി വീശി. ഹെൽമറ്റും ഹെവി യൂണിഫോം കോട്ടും ധരിച്ച ഒരു SS ഭടനായിരുന്നു അത്. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള ഓഫീസർമാർ ധരിക്കുന്ന SS ഫീൽഡ് പോലീസ് മെറ്റൽ ഗോർജറ്റിന് താഴെയായി നെഞ്ചിന് കുറുകെ ഒരു ഷ്മീസർ മെഷീൻ പിസ്റ്റൾ തൂങ്ങിക്കിടക്കുന്നുണ്ട്. ഗോഗ്‌ൾസ് ധരിച്ചിരിക്കുന്നതിനാൽ മുഖം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഗ്ലൗസണിഞ്ഞ കൈ അയാൾ വീണ്ടും ഉയർത്തി.


"എനിക്കുള്ള എന്തെങ്കിലും മെസ്സേജ് ആയിരിക്കും... സൈഡാക്കി നിർത്തൂ..." കോഫ്മാൻ പറഞ്ഞു.


കാൾ വാഹനം സൈഡിലൊതുക്കി നിർത്തിയതും മോട്ടോർ സൈക്കിൾകാരൻ കാറിന് മുന്നിൽ കയറ്റി നിർത്തി സ്റ്റാന്റിൽ കയറ്റി വച്ചു. ഡോർ തുറന്ന് കാൾ പുറത്തിറങ്ങി. "എന്താണ് സംഭവം...?"


അയാളുടെ റെയിൻകോട്ടിന്റെ പോക്കറ്റിൽ നിന്നും പുറത്തു വന്ന കൈയ്യിൽ ഒരു മോസർ സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ ഉണ്ടായിരുന്നു. അതിൽ നിന്നും നെഞ്ചിലേക്കുതിർന്ന വെടിയുണ്ടയേറ്റ് പിറകോട്ട് തെറിച്ച കാൾ കാറിലേക്ക് ചാരി നിലത്തേക്ക് കമഴ്ന്നു വീണു. ആ SS ഭടൻ തന്റെ ബൂട്ട് കൊണ്ട് അയാളെ മലർത്തി ഇട്ട് നെറ്റിത്തടത്തിലേക്ക് അടുത്ത നിറയൊഴിച്ചു. ശേഷം കാറിന്റെ പിൻവാതിൽ തുറന്നു.


എല്ലായ്പ്പോഴും സായുധനായിത്തന്നെയാണ് കോഫ്മാൻ യാത്ര ചെയ്യാറുള്ളത്. പക്ഷേ ഇത്തവണ അദ്ദേഹം തന്റെ ഓവർകോട്ട് ഊരി ഭംഗിയായി മടക്കി സീറ്റിൽ വച്ചിരിക്കുകയായിരുന്നു. കോട്ടിന്റെ പോക്കറ്റിൽ നിന്നും ല്യൂഗർ പിസ്റ്റൾ എടുത്ത് തിരിഞ്ഞപ്പോഴേക്കും ആ SS ഭടൻ അദ്ദേഹത്തിന്റെ കൈത്തണ്ടയിലേക്ക് നിറയൊഴിച്ചു കഴിഞ്ഞിരുന്നു. മറുകൈ കൊണ്ട് തന്റെ മുറിവ് പൊത്തിപ്പിടിക്കവെ വിരലുകൾക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു.


"ആരാണ് നി‌‌ങ്ങൾ...?" അദ്ദേഹം അലറി. ആ SS ഭടൻ തന്റെ ഗോഗ്‌ൾസ് മുകളിലേക്ക് ഉയർത്തി വച്ചു. അത്രയും ഇരുണ്ടതും നിർവ്വികാരവും ആയ കണ്ണുകൾ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കോഫ്മാൻ കാണുന്നത്.


"എന്റെ പേര് മാർട്ടിനോ... ബ്രിട്ടീഷ് ആർമിയിലെ ഒരു മേജർ ആണ്... SOE യ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു..."


"അപ്പോൾ നിങ്ങളാണല്ലേ മാർട്ടിനോ..." കോഫ്മാൻ വേദന കടിച്ചമർത്തി. "നിങ്ങളുടെ ജർമ്മൻ കൊള്ളാമല്ലോ... ഭംഗിയായി സംസാരിക്കുന്നു..."


"അതങ്ങനെയല്ലേ വരൂ... എന്റെ മാതാവ് ജർമ്മൻകാരിയായിരുന്നു..." മാർട്ടിനോ പറഞ്ഞു.


"നിങ്ങളെ ഒന്ന് കാണണമെന്ന് വളരെ പണ്ടു മുതലേ ഞാൻ ആഗ്രഹിച്ചിരുന്നതാണ്... പക്ഷേ ഇത്തരം ഒരു സാഹചര്യത്തിലായിരുന്നില്ല എന്ന് മാത്രം..." കോഫ്മാൻ പറഞ്ഞു.


"നിങ്ങൾ ആഗ്രഹിക്കുമെന്ന് എനിക്കറിയാം... നിങ്ങളെയൊന്ന് കാണാൻ വേണ്ടി ഞാനും കുറച്ചു നാളായി നടപ്പ് തുടങ്ങിയിട്ട്... കൃത്യമായി  പറഞ്ഞാൽ 1938 മുതൽ... ആ വർഷം മേയ് മാസത്തിൽ ബെർലിനിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ ഒരു ക്യാപ്റ്റൻ ആയി ജോലി ചെയ്യുകയായിരുന്നു നിങ്ങൾ... റോസാ ബെൻസ്റ്റൈൻ എന്നൊരു യുവതിയെ അന്ന് നിങ്ങൾ അറസ്റ്റ് ചെയ്യുകയുണ്ടായി... ഒരു പക്ഷേ ആ പേര് പോലും നിങ്ങൾ ഓർക്കുന്നുണ്ടാവില്ല..."


"എനിക്ക് നല്ല ഓർമ്മയുണ്ട് അവരെ..." കോഫ്മാൻ പറഞ്ഞു. "സോഷ്യലിസ്റ്റ് അധോലോകത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഒരു ജൂതവനിത ആയിരുന്നു അവർ..."


"നിങ്ങളുടെ ചോദ്യം ചെയ്യലിന് ശേഷം ഫയറിങ്ങ് സ്ക്വാഡിന്‌ മുന്നിലേക്ക് നടന്നു പോകാനുള്ള ആരോഗ്യം പോലും അവൾക്കുണ്ടായിരുന്നില്ല എന്നാണ് ഞാൻ അറിഞ്ഞത്..."


"അത് സത്യമല്ല... ഫയറിങ്ങ് സ്ക്വാഡിന് അതിൽ യാതൊരു റോളും ഉണ്ടായിരുന്നില്ല... മൂന്നാം നമ്പർ സെല്ലിൽ വച്ച് അവരെ തൂക്കിക്കൊല്ലുകയാണുണ്ടായത്... തികച്ചും ചട്ടങ്ങൾക്ക് അനുസൃതമായി... നിങ്ങളുടെ ആരായിരുന്നു അവൾ...?"


"എന്റെ പ്രണയിനി..." മാർട്ടിനോ തന്റെ റൈഫിൾ ഉയർത്തി.


"വിഡ്ഢിത്തരം കാണിക്കാതിരിക്കൂ..." കോഫ്മാൻ അലറി. "നമുക്കൊരു ഒത്തു തീർപ്പിലെത്താം... എനിക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാവും മാർട്ടിനോ... എന്നെ വിശ്വസിക്കൂ..."



"ശരിക്കും...?" ഹാരി മാർട്ടിനോ അയാളുടെ നെറ്റിയിൽ ഇരുകണ്ണുകളുടെയും നടുവിലേക്ക് നിറയൊഴിച്ചു. ഒരു പിടച്ചിലോടെ ജർഗൻ കോഫ്മാൻ അന്ത്യശ്വാസം വലിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


16 comments:

  1. (ഇതുവരെ ആരും തേങ്ങയടിച്ചില്ല!! അതിശയമായിരിക്കുന്നു..)

    "നമുക്കൊരു ഒത്തു തീർപ്പിലെത്താം... എനിക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാവും മാർട്ടിനോ... എന്നെ വിശ്വസിക്കൂ..."

    സ്വന്തം ജീവൻ അപകടത്തിലായിട്ടും തന്നെ കൊല്ലാൻ വന്നവന്റെ ജീവൻ രക്ഷിക്കാമെന്ന് പറയുന്ന ആ നല്ല മനസ്സ് കാണാതെ പോവരുത് !

    ReplyDelete
    Replies
    1. എന്ത് ചെയ്യാം... തേങ്ങയടിയൊക്കെ ഒരു പ്രിവിലേജ് ആയി വായനക്കാർ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു... ബ്ലോഗുകളുടെ സുവർണ്ണകാലം... ഇപ്പോൾ വിളിച്ചു വരുത്തിയാൽ പോലും ആരും കയറാനില്ലാത്ത ദുരവസ്ഥയാണ്...

      അങ്ങനെ ഹാരി മാർട്ടിനോയുടെ ഫ്ലാഷ് ബാക്കിലാണ് നമ്മളിപ്പോൾ... ഈ നോവലിലെ നായകൻ...

      Delete
    2. ബ്ലോഗ് തന്നെ ഏറെക്കൂറെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുവല്ലേ... 🤥

      Delete
  2. ഒരു ജീവൻ എടുക്കാൻ നിമിഷനേരം മാത്രം.

    ReplyDelete
    Replies
    1. പ്രതികാരം... പ്രണയിനിയെ വകവരുത്തിയതിന്റെ പ്രതികാരം...

      Delete
  3. എന്നാലും എന്താ പറയാൻ ഉണ്ടായിരുന്നത് എന്നറിയാമായിരുന്നു

    ReplyDelete
    Replies
    1. അയാളെ തട്ടുക എന്ന ദൗത്യവുമായി എത്തിയാതാണ് ഹാരി മാർട്ടിനോ...

      Delete
  4. നായകൻ ഒരാളെ കൊന്നാൽ കേസ് ഇല്ലല്ലോ

    ReplyDelete
  5. ഒരു അസൈയ്‌മെന്റിന് പിന്നാലെയായത് കൊണ്ട് മുടങ്ങിയ വായനകളെല്ലാം പിന്നിൽ നിന്നും തുടങ്ങുകയാണ്

    ReplyDelete
    Replies
    1. വീണ്ടും സ്വാഗതം മുരളിഭായ്...

      Delete
  6. ആഹാ.... ഹാരി മാർട്ടിനോയുടെ ഗംഭീരമായ തുടക്കം..... പ്രതികാരം അസ്സലായി

    ReplyDelete
    Replies
    1. പ്രതികാരത്തിന്റെ കാര്യത്തിൽ ദാക്ഷിണ്യം ഒട്ടും ഇല്ല...

      Delete
  7. പിന്നെയല്ല. കൊല്ലവനെ

    ReplyDelete