Saturday, January 22, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 51


ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അദ്ധ്യായം - പത്ത്


കനമുള്ള ആ വെളുത്ത സ്വെറ്റർ തലയിലൂടെ വലിച്ചിറക്കവെയാണ് ബ്രൂണോയുടെ ക്യാബിൻ ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്. വാതിൽ തുറന്ന സാറയെ നോക്കി ചെറുപ്പക്കാരനായ ആ നാവികൻ വികലമായ ഫ്രഞ്ചിൽ പറഞ്ഞു. "ലെഫ്റ്റനന്റ് ഫെൽറ്റിന്റെ ആശംസകൾ... നാം സെന്റ് ഹെലിയർ ഹാർബറിലേക്ക് പ്രവേശിക്കുകയാണ്..."


വാതിൽ ചാരി അയാൾ തിരിച്ചു പോയതും അവൾ വാഷ് ബേസിന് അരികിലേക്ക് നീങ്ങി. തന്റെ മുടിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കണം. പക്ഷേ, അസാദ്ധ്യമായിരുന്നു അത്. ഉപ്പുവെള്ളത്തിൽ കുതിർന്ന് ചായം ഇളകി ആകെപ്പാടെ ഒട്ടിപ്പിടിച്ച അവസ്ഥ. സമയം പാഴാക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ അവൾ നാവികർ നൽകിയ ക്രീഗ്സ്മറീൻ കാലുറ കണങ്കാലുകൾക്ക് അല്പം മുകളിലേക്ക് തെറുത്തു വച്ചു.


വിക്ടർ യൂഗോയോട് വിട പറയുന്നതിന് മുമ്പ് ഓർസിനി നൽകിയ റീഫർകോട്ടിന്റെ പോക്കറ്റിനുള്ളിൽ തിരുകിയിരുന്ന ഹാൻഡ്ബാഗിലെ സാധനങ്ങൾ അത്ഭുതകരമാം വിധം സുരക്ഷിതമായിരുന്നു. അവളുടെ ഐഡന്റിറ്റി കാർഡും മറ്റു രേഖകളും  നനഞ്ഞിട്ടുണ്ട്. അവ ഉണങ്ങുന്നതിനായി ഹാൻഡ്ബാഗിനോടൊപ്പം അവൾ ഹോട്ട് വാട്ടർ പൈപ്പ് ലൈനിന്റെ മുകളിൽ വച്ചു. ശേഷം, തലയിണയുടെ അടിയിൽ തിരുകിയിരുന്ന വാൾട്ടർ PPK പിസ്റ്റൾ എടുത്ത് അവൾ ബാഗിനുള്ളിൽ വച്ചു. സെർജന്റ് കെല്ലി നൽകിയ ബെൽജിയൻ പിസ്റ്റൾ E ബോട്ടിൽ മാർട്ടിനോയോടൊപ്പം കൊണ്ടുപോയ സ്യൂട്ട്കെയ്സിനുള്ളിൽ ആയിരുന്നു. ബ‌ങ്കിൽ ഇരുന്ന് അവൾ ആ യുവനാവികൻ കൊടുത്തിട്ടു പോയ പഴയ ടെന്നീസ് ഷൂ കാലിൽ അണിഞ്ഞു.


"എങ്ങനെയുണ്ട്...?" വാതിലിൽ മുട്ടി അകത്തേക്ക് പ്രവേശിച്ച ഓർസിനി‌ ഫ്രഞ്ച് ഭാഷയിൽ ചോദിച്ചു.


"മുടിയുടെ കാര്യം ഒഴികെ എല്ലാം ഓകെ..." അവൾ പറഞ്ഞു. "എന്നെ കണ്ടാൽ ഒരു പേക്കോലം പോലെയുണ്ട് ഇപ്പോൾ..."


അയാളുടെ കൈയ്യിൽ ഒരു ക്രീഗ്സ്മറീൻ റീഫർകോട്ട് ഉണ്ടായിരുന്നു. "ഇത് ധരിച്ചോളൂ... നല്ല തണുപ്പാണവിടെ..."


അപ്പോഴാണ് അവളുടെ ഹാൻഡ്ബാഗ് താഴെ വീണ് ആ വാൾട്ടർ PPK ഗൺ ഉൾപ്പെടെ അതിനുള്ളിലെ സാധനങ്ങൾ പുറത്തേക്ക് ചിതറിയത്. ഓർസിനി ആ തോക്ക് കുനിഞ്ഞെടുത്തിട്ട് അവളുടെ കാതിൽ മന്ത്രിച്ചു. "ഒരു കൊച്ചു പെൺകുട്ടിയ്ക്ക് കൊണ്ടു നടക്കാൻ പറ്റിയ സാധനം... നിങ്ങളിലെ ദുരൂഹത ഒന്നിനൊന്ന് ഏറിക്കൊണ്ടിരിക്കുകയാണല്ലോ..."


"ഇതെല്ലാം എന്റെ മാരക ആകർഷണത്തിന്റെ ഭാഗമാണെന്ന് കൂട്ടിക്കോളൂ..." തോക്ക് വാങ്ങി ബാഗിനുള്ളിൽ നിക്ഷേപിച്ചിട്ട് അവൾ പറഞ്ഞു.


"ഇത്തരത്തിലുള്ള സാധനങ്ങളാണെങ്കിൽ തീർത്തും മാരകം തന്നെ..." അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. 


അത് ശ്രദ്ധിച്ച സാറ ഒരു ചെറുപുഞ്ചിരിയോടെ അയാളുടെ കവിളിൽ മുത്തം നൽകിയിട്ട് പുറത്തേക്ക് നടന്നു. ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട് പിന്നാലെ ഓർസിനിയും.



                                  ***



ബാല്യം മുതൽ ചിരപരിചിതമായ ദൃശ്യം. സെന്റ് ഹെലിയർ ഹാർബർ... ഉൾക്കടലിന് ഇടതുഭാഗത്തായി എലിസബത്ത് കൊട്ടാരം... ആൽബർട്ട് കടൽപ്പാലം... കുന്നിൻമുകളിലെ ഫോർട്ട് റീജന്റ്... എല്ലാം അവിടെത്തന്നെയുണ്ട്.  എന്നാൽ ഒന്നും പഴയതു പോലെ അല്ല താനും. എല്ലായിടത്തും മിലിട്ടറി സാന്നിദ്ധ്യമുണ്ട്‌. മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാത്ത വിധം യാനങ്ങളെക്കൊണ്ട് വീർപ്പുമുട്ടുന്ന ഹാർബർ. കോൺവോയിയിൽ ഉണ്ടായിരുന്ന റൈൻ ബാർജുകൾ എല്ലാം തന്നെ ഹാർബറിൽ സുരക്ഷിതമായി എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ മാർട്ടിനോ യാത്ര ചെയ്തിരുന്ന S92നെ മാത്രം അവിടെങ്ങും കാണാനായില്ല.


"ആ E ബോട്ട് എവിടെ...?" ഓർസിനിനിയുടെയും ലെഫ്റ്റനന്റ് ഫെൽറ്റിന്റെയും സമീപം ട്രോളറിന്റെ ബ്രിഡ്ജിൽ ചാരി നിന്നിരുന്ന സാറ ആരാഞ്ഞു.


"ഒരു പക്ഷേ, രക്ഷപെട്ടവർ ആരെങ്കിലും ഉണ്ടോയെന്ന് അവസാന വട്ടം തെരച്ചിൽ നടത്തുകയായിരിക്കാം..." ട്രോളർ കടൽപ്പാലത്തിന് നേർക്ക് അടുക്കവെ ഓർസിനി പറഞ്ഞു. 


തുറമുഖത്തൊഴിലാളികൾ ബാർജുകളിലെ ചരക്കുകൾ ഇറക്കിത്തുടങ്ങിയിരുന്നു. ജർമ്മൻ സൈനികരെ എമ്പാടും കാണാനുണ്ട്. വിക്ടർ യൂഗോയിൽ നിന്നും ഓർസിനിയോടും സാറയോടുമൊപ്പം ട്രോളർ രക്ഷപെടുത്തിയ അര ഡസനോളം ഫ്രഞ്ച് നാവികർ ഇറങ്ങാനായി റെയിലിന് സമീപം നിൽക്കുന്നുണ്ട്. മുഖത്ത് പൊള്ളലേറ്റ രണ്ടു പേർക്ക് ബാൻഡേജ് ഇട്ടിട്ടുണ്ട്. കടലിൽ പരന്നൊഴുകിയ ഓയിൽ ഉള്ളിൽ ചെന്ന ഒരാളെ സ്ട്രെച്ചറിൽ കിടത്തിയിരിക്കുന്നു. 


"സവരിയുടെ അടയാളം പോലുമില്ലല്ലോ..." ചുറ്റും നോക്കിയിട്ട് ഓർസിനി പറഞ്ഞു.


"മറ്റാരെങ്കിലും രക്ഷപെടുത്തിയിരിക്കാം..." ബ്രൂണോ ഫെൽറ്റ് പറഞ്ഞു. "ഹാർബറിൽ GFPയെ കാണാനുണ്ടല്ലോ... ഈ പോലീസുകാർ എന്ന് പറഞ്ഞാൽ പോലീസുകാർ തന്നെ..." 


"GFP...? " അതെക്കുറിച്ച് കരുതിക്കൂട്ടി അജ്ഞത ഭാവിച്ചു കൊണ്ട് അവൾ ചോദിച്ചു. "എന്താണത്...?"


"Geheime Feld Polizei" ഓർസിനി പറഞ്ഞു. "ആ ഉയരം കൂടിയ ആൾ, ക്യാപ്റ്റൻ മുള്ളർ, ഗെസ്റ്റപ്പോയിൽ നിന്നുമാണ്... അതുപോലെ തന്നെ തൊട്ടടുത്ത് മതിൽ പോലെ നിൽക്കുന്നയാളും... അതാണ് ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ്... ചാരനിറമുള്ള മുടിയുള്ള ആ യുവാവാണ് സെർജന്റ് ഏണസ്റ്റ് ഗ്രൈസർ... അവൻ പക്ഷേ ഗെസ്റ്റപ്പോയല്ല..."


"ആയിരുന്നെങ്കിൽ എന്ന് അവന് ആഗ്രഹമുണ്ട്..." ബ്രൂണോ ഫെൽറ്റ് പറഞ്ഞു.


ജെട്ടിയിൽ അടുത്തതും അവർ മൂവരും ട്രോളറിലേക്ക് ചാടിക്കയറി. ഗ്രൈസർ ആ ഫ്രഞ്ച് നാവികരുടെ ഇടയിൽ നിലയുറപ്പിച്ചു. മുള്ളറും തൊട്ടുപിന്നാലെ ക്ലൈസ്റ്റും ലാഡറിലൂടെ ബ്രിഡ്ജിലേക്ക് കയറി. തന്റെ റീഫർകോട്ടിന്റെ പോക്കറ്റിൽ കൈ കടത്തി ഓർസിനി ഹാൻഡ്ബാഗിനുള്ളിൽ തിരയുന്നത് സാറ അറിയുന്നുണ്ടായിരുന്നു. അവൾ തിരിഞ്ഞ് അയാളെ ഒന്ന് നോക്കി. തന്റെ ഹാൻഡ്ബാഗിനുള്ളിലെ വാൾട്ടർ പിസ്റ്റളാണ് അയാൾ തിരയുന്നതെന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മുള്ളർ ബ്രിഡ്ജിൽ എത്തിക്കഴിഞ്ഞിരുന്നു.


"ഹെർ ലെഫ്റ്റനന്റ്..." ഫെൽറ്റിനെ നോക്കി തല കുനിച്ചിട്ട് അയാൾ ഓർസിനിയോട് പറഞ്ഞു. "ഒരു കാളരാത്രി ആയിരുന്നുവെന്നാണല്ലോ കേട്ടത്..." പിന്നെ സാറയുടെ നേർക്ക് തിരിഞ്ഞ് സൗമ്യതയോടെ ഫ്രഞ്ച് ഭാഷയിൽ ചോദിച്ചു. "നിങ്ങൾ വിക്ടർ യൂഗോയിലെ യാത്രക്കാരി ആയിരുന്നുവല്ലേ മിസ്സ്...............?"


"മിസ്സ് ലത്വാ..." ഓർസിനി പൂരിപ്പിച്ചു. "കടലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു..."


"അത്ഭുതകരമായ രക്ഷപെടൽ തന്നെ..." മുള്ളർ തല കുലുക്കി. "ആട്ടെ, നിങ്ങളുടെ പേപ്പറുകളെല്ലാം നഷ്ടപ്പെട്ടുവോ...?"


"ഇല്ല..." അവൾ പറഞ്ഞു. "ഇതാ, എന്റെ ബാഗിൽത്തന്നെയുണ്ട്..." പോക്കറ്റിൽ നിന്നും ഹാൻഡ്ബാഗ് എടുത്ത് അവൾ തുറക്കുവാനൊരുങ്ങി. അതു കണ്ട മുള്ളർ കൈ നീട്ടി. "വിരോധമില്ലെങ്കിൽ ആ ബാഗ് ഇങ്ങു തരൂ മിസ്സ്..."


ആ ഒരു നിമിഷത്തിന് വേണ്ടി ഏവരും കാത്തിരുന്നത് പോലെ. എന്നാൽ ഒട്ടും മടി കൂടാതെ ബാഗ് അയാൾക്ക് നൽകിക്കൊണ്ട് പറഞ്ഞു. "തീർച്ചയായും..."


അയാൾ ബ്രൂണോ ഫെൽറ്റിന് നേർക്ക് തിരിഞ്ഞു. "കുറച്ചു നേരത്തേക്ക് നിങ്ങളുടെ ക്യാബിൻ ഞങ്ങൾ ഉപയോഗിക്കുന്നു..."


അയാളുടേത് തികച്ചും മാന്യമായ പെരുമാറ്റമായിട്ടാണ്‌ അവൾക്ക് തോന്നിയത്. എന്നാൽ വാസ്തവത്തിൽ ഓർസിനിയൊഴികെ അവിടെയുണ്ടായിരുന്നവരെല്ലാം ഭയന്ന് വിറച്ചാണ് നിന്നിരുന്നത്. പുഞ്ചിരിച്ചുകൊണ്ട് അയാൾ അവളുടെ കൈയ്യിൽ ഞെക്കി. "ഞാൻ പുറത്ത് വെയ്റ്റ് ചെയ്യാം ഡിയർ... കേണൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഡു വിലാ പ്ലേസിലെ എന്റെ താമസ സ്ഥലത്തേക്ക് വരാം... കുലീനയായ ഒരു വനിതയാണ്‌ വീട്ടുടമ... നിങ്ങളുടെ കാര്യമെല്ലാം അവർ ഭംഗിയായി നോക്കുമെന്ന് എനിക്കുറപ്പുണ്ട്... നല്ല സ്ഥലമാണ്... നേവൽ ഓഫീസർമാർ മാത്രമേയുള്ളൂ..."


ഇടനാഴിയിലൂടെ അവൾ ലെഫ്റ്റനന്റ് ഫെൽറ്റിന്റെ ക്യാബിനിലേക്ക് നടന്നു. അവൾക്ക് പിന്നാലെ മുള്ളറും മുറിയിൽ കയറി. ക്ലൈസ്റ്റ് ആകട്ടെ തുറന്നു കിടക്കുന്ന വാതിലിൽ ചാരി നിന്നു.


"മിസ്സ് ലത്വാ, ഈ ബാഗ് ഒന്ന് പരിശോധിക്കണം..." ബങ്കിൽ ഇരുന്നിട്ട് മുള്ളർ ആ ഹാൻഡ്ബാഗ് തലകീഴാക്കി കുടഞ്ഞിട്ടു. അവളുടെ പേപ്പറുകളും മെയ്ക്കപ്പ് ബോക്സും പൗഡറും ചീപ്പും വാൾട്ടർ പിസ്റ്റളും എല്ലാം കൂടി ബെഡ്ഡിൽ ചിതറി വീണു. തോക്കിലേക്ക് ഒന്ന് നോക്കിയതല്ലാതെ പ്രത്യേകിച്ചൊന്നും അയാൾ ഉരിയാടിയില്ല. അവളുടെ ഫ്രഞ്ച് ഐഡന്റിറ്റി കാർഡ് എടുത്ത് അയാൾ പരിശോധിച്ചു. ഒപ്പം ജർമ്മൻ ഐഡന്റിറ്റി കാർഡും റേഷൻ കാർഡും. പിന്നെ ശ്രദ്ധയോടെ അവയെല്ലാം അവളുടെ ബാഗിലേക്ക് തിരികെ വച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. ശേഷം ആ വാൾട്ടർ പിസ്റ്റൾ എടുത്ത് ട്രിഗ്ഗർ ഗാർഡിലൂടെ വിരൽ കടത്തി തിരിച്ചും മറിച്ചും നോക്കി. "ഇത്തരത്തിലുള്ള മാരകായുധങ്ങൾ ഒരു സിവിലിയൻ കൈവശം വച്ചാൽ ലഭിക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് കരുതുന്നു..."


"അറിയാം..." അവൾ പറഞ്ഞു.


"നിങ്ങളുടെയല്ലേ ഇത്...? എ‌ന്തായാലും തൽക്കാലം ഇത് എന്റെ കൈയ്യിൽ ഇരിക്കട്ടെ..."


"തീർച്ചയായും... ഒരു സുഹൃത്ത് സമ്മാനിച്ചതാണ്... എന്റെ സുരക്ഷിതത്വത്തിൽ വളരെ ഉത്കണ്ഠാകുലനായിരുന്നു അദ്ദേഹം... ഇപ്പോഴത്തെ സമയവും അത്ര നല്ലതല്ലല്ലോ ക്യാപ്റ്റൻ..."


"ഇത്രയും ചങ്കൂറ്റത്തോടെ നിയമലംഘനം നടത്തുവാൻ നിങ്ങൾക്ക് കൂട്ടു നിന്ന അയാൾ എന്തു മനുഷ്യനാണ്...? നിങ്ങളെപ്പോലെ തന്നെ അയാളും ഇതിൽ കുറ്റക്കാരൻ ആവുകയല്ലേ...?"


"എങ്കിൽ ആ ചോദ്യം നി‌ങ്ങൾ ചോദിക്കേണ്ടത് എന്നോടാണ്..." പിറകിൽ നിന്നും ജർമ്മൻ ഭാഷയിൽ ഉയർന്ന ആ പരുക്കൻ സ്വരം കേട്ട് അവർ എല്ലാവരും തിരിഞ്ഞു നോക്കി.



(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. ശ്ശോ.. വേഗം തീർന്നു പോയി.. കാത്തിരുന്നു കാത്തിരുന്നു കിട്ടിയ ലക്കം ആണ് . ഇനീം ടെൻഷൻ അടിക്കണമല്ലോ ദൈവേ

    ReplyDelete
    Replies
    1. ഉം... ഒരാഴ്ച്ച കാത്തിരിക്കെന്റെ ഉണ്ടാപ്രീ...

      Delete
  2. "എങ്കിൽ ആ ചോദ്യം നി‌ങ്ങൾ ചോദിക്കേണ്ടത് എന്നോടാണ്..."

    അരെ വാഹ്!!

    ReplyDelete
    Replies
    1. സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ എന്ന സാക്ഷാൽ ഹാരി മാർട്ടിനോ...

      Delete
  3. അടിപൊളി. (സസ്പെൻസ്)

    ReplyDelete
    Replies
    1. നുമ്മടെ ഹാരി മാർട്ടിനോയാന്നേയ്...

      Delete
  4. ലത്വായുടെ ചങ്കൂറ്റം അപാരം, ആരാണ് ആ കൂട്ടുകാരൻ?

    ReplyDelete
    Replies
    1. ഹാരി മാർട്ടിനോയാണ് സുകന്യാജീ...

      Delete
  5. Replies
    1. ഒടുവിൽ ജെഴ്സിയിൽ കാൽ കുത്തുന്നു...

      Delete