Saturday, January 29, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 52

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാരി മാർട്ടിനോ ഇടനാഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. തൊട്ടു പിന്നിൽ ഗ്വിഡോ ഓർസിനിയും‌. SS യൂണിഫോമും കറുത്ത ലെതർ ട്രെഞ്ച് കോട്ടും സിൽവർ ഡെത്ത് ഹെഡ് എംബ്ലം ഉള്ള ക്യാപ്പും അണിഞ്ഞ അദ്ദേഹത്തിന്റെ രൂപം ശരിക്കും ഭീതിദായകമായിരുന്നു. 


പിശാചിനെ കണ്ടത് പോലെ കാൾ മുള്ളർ ചാടിയെഴുന്നേറ്റു. "സ്റ്റാൻഡർടൻഫ്യൂറർ..."


"നിങ്ങളുടെ പേര്...?" മാർട്ടിനോ ആരാഞ്ഞു.


"ക്യാപ്റ്റൻ കാൾ മുള്ളർ... ഇവിടെ ജെഴ്സിയിലെ GFP യുടെ ഇൻചാർജ്ജ് ആണ്...  ഇത് സെക്കൻഡ് ഇൻ കമാൻഡ് ഇൻസ്പെക്ടർ ക്ലൈസ്റ്റ്..."


"എന്റെ പേര് ഫോഗെൽ..." മാർട്ടിനോ തന്റെ SD പാസ് എടുത്ത് അയാളുടെ നേർക്ക് നീട്ടി. അത് പരിശോധിച്ചതിന്‌ ശേഷം മുള്ളർ തിരികെ നൽകി. മാർട്ടിനോ തന്റെ പോക്കറ്റിൽ നിന്നും ഹിംലറുടെ അധികാരപത്രം പുറത്തെടുത്തു. "ഇതൊന്ന് വായിക്കൂ... രണ്ടുപേരും..."


മുള്ളർ അത് വാങ്ങി കണ്ണോടിച്ചു. അയാളുടെ ചുമലിന് മുകളിലൂടെ ആ ലെറ്ററിലേക്ക് എത്തി നോക്കിയ ക്ലൈസ്റ്റിന്റെ മുഖം ഭയം കൊണ്ട് വിളറി. മുള്ളർ ആകട്ടെ കുറച്ചു കൂടി ശാന്തതയോടെയാണ് സന്ദർഭത്തെ നേരിട്ടത്. ആ ലെറ്റർ മടക്കി മാർട്ടിനോയെ ഏൽപ്പിച്ചു കൊണ്ട് അയാൾ ചോദിച്ചു. "ഏത് രീതിയിലാണ് താങ്കളെ ഞാൻ സഹായിക്കേണ്ടത്, സ്റ്റാൻഡർടൻഫ്യൂറർ...?"


"എന്റെ സംരക്ഷണത്തിന് കീഴിലാണ്‌ മിസ് ലത്വാ സഞ്ചരിക്കുന്നത്..." മാർട്ടിനോ ആ വാൾട്ടർ പിസ്റ്റൾ എടുത്ത് സാറയുടെ ഹാൻഡ്ബാഗിനുള്ളിൽ നിക്ഷേപിച്ചു. "എന്റെ സുഹൃത്ത് എന്ന ബഹുമതി പേറുന്നവൾ... അതുകൊണ്ട് തന്നെ നാട്ടുകാരിൽ ചിലർക്ക് ഇവളോട് നീരസവുമുണ്ട്... ഏതെങ്കിലും അപകടഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇവൾക്കുണ്ട്..."


"തീർച്ചയായും സ്റ്റാൻഡർടൻഫ്യൂറർ..."


"ഗുഡ്... എങ്കിൽ പുറത്ത് പോയി ഡെക്കിൽ വെയ്റ്റ് ചെയ്യൂ..."


മുള്ളർ പിന്നെ സംശയിച്ചില്ല. "ശരി, സ്റ്റാൻഡർടൻഫ്യൂറർ..." അയാൾ ക്ലൈസ്റ്റിന്‌ നേരെ തല കുലുക്കി. ഇരുവരും പുറത്തേക്കിറങ്ങി.


വാതിൽ അടച്ച് കൊളുത്തിട്ട മാർട്ടിനോ തിരിഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചു. ഫോഗെലിൽ നിന്നും ഹാരി ആയി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. "നിന്നെ കണ്ടിട്ട് വല്ലാതെയിരിക്കുന്നല്ലോ... ആർ യൂ ഓൾറൈറ്റ്...?"


"യെസ്..." അവൾ പറഞ്ഞു. "താങ്ക്സ് റ്റു ഗ്വിഡോ..."


"ഗ്വിഡോയോടോ...?" 


"അയാളാണ് ഹാരീ എന്റെ ജീവൻ രക്ഷിച്ചത്... കപ്പൽ മുങ്ങുമ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നു... ചുറ്റിനും ആളിക്കത്തുന്ന എണ്ണ... മരിച്ചു കൊണ്ടിരിക്കുന്ന നാവികർ..." അവൾ വിറച്ചു. "കടലിൽ കിടക്കുന്ന ഞങ്ങൾക്ക് നേരെ നിറയൊഴിച്ചു കൊണ്ട് ചീറിപ്പായുന്ന മോട്ടോർ ഗൺ ബോട്ടുകൾ... ഞാൻ വിചാരിച്ചിരുന്നത് ജർമ്മൻകാർ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യൂ എന്നായിരുന്നു..."


"അതൊക്കെ സിനിമകളിൽ മാത്രമാണ് ഡിയർ..." അദ്ദേഹം ഒരു സിഗരറ്റ് അവൾക്ക് നേരെ നീട്ടി. "യഥാർത്ഥ ജീവിതത്തിൽ എല്ലാവരും ക്രൂരന്മാർ തന്നെ..."


"ചെറിയൊരു പ്രശ്നമുണ്ട്..." അവൾ പറഞ്ഞു. "കടലിൽ നീന്തിക്കൊണ്ടിരിക്കുന്ന സമയത്ത് അശ്രദ്ധ മൂലം ഒരുവട്ടം ഞാൻ ഗ്വിഡോയോട് ഇംഗ്ലീഷിൽ സംസാരിച്ചു..."


"ഗുഡ് ഗോഡ്...!"


ശകാരിക്കല്ലേ എന്ന മട്ടിൽ അവൾ കൈകൾ ഉയർത്തി. "ആ അവസ്ഥയിൽ അറിയാതെ സംഭവിച്ചു പോയതാണ്... അയാളും നന്നായി ഇംഗ്ലീഷ് സംസാരിക്കും... വിഞ്ചസ്റ്ററിൽ കുറച്ചു കാലം ഉണ്ടായിരുന്നത്രെ..."


"സ്റ്റോപ്പ്...!" മാർട്ടിനോ പറഞ്ഞു. "അങ്ങനെയെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാകുന്നു..."


"ഇല്ല ഹാരീ... കടലിൽ നിന്നും ഞങ്ങളെ രക്ഷപെടുത്തിയ കപ്പലിന്റെ കമാൻഡറോട് ഗ്വിഡോ പറഞ്ഞത് എനിക്ക് ഫ്രഞ്ച് മാത്രമേ അറിയൂ എന്നാണ്... മാത്രവുമല്ല, എന്റെ കൈവശമുള്ള വാൾട്ടർ പിസ്റ്റളിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അതേക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്തു..."


"എന്തൊക്കെ പറഞ്ഞാലും നീ കാണിച്ചത് അശ്രദ്ധ തന്നെയാണ്..."


"അയാൾ ഒരു ഫാസിസ്റ്റ് അല്ല ഹാരീ... ഒരു ഇറ്റാലിയൻ കുലീന കുടുംബാംഗമാണ്... രാഷ്ട്രീയത്തിൽ ഒന്നും ഒരു താല്പര്യവും ഇല്ലാത്തവൻ... ഇറ്റാലിയൻ ഗവണ്മെന്റ് കീഴടങ്ങിയ സമയത്ത് തെറ്റായ ഇടത്ത് പെട്ടുപോയ ഒരു പാവം..."


"അത് ശരി... എങ്കിൽ പിന്നെ നിനക്ക് വേണ്ടി എന്തിനാണയാൾ ആവശ്യമില്ലാത്ത ഈ പ്രശ്നങ്ങളിൽ തല വച്ചു കൊടുക്കുന്നത്...?"


"എന്നോടുള്ള ഇഷ്ടം കൊണ്ട്..."


"ഇഷ്ടമോ...? ഇന്നലെ രാത്രിയിലാണ് അയാൾ നിന്നെ കാണുന്നത് തന്നെ..."


"നിങ്ങൾക്കറിയാത്തതാണോ ഈ റോമാക്കാരുടെ സ്വഭാവം...?" കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.


മാർട്ടിനോ തല കുലുക്കി. "പത്തൊമ്പത് വയസ്സ് എന്നാണവർ പറഞ്ഞത്... ഇതിപ്പോൾ നൂറ്റിപ്പത്തൊമ്പതിന്റെ അറിവാണല്ലോ..."


"ഒരു കാര്യം കൂടി ഹാരീ... ഹെലൻ ആന്റിയുടെ ഡു വിലാ പ്ലേസിലാണ്‌ ഗ്വിഡോയുടെ താമസം... കുറേ നേവൽ ഓഫീസർമാർ ഉണ്ടത്രെ അവിടെ... നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഗ്വിഡോ എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാനിരിക്കുകയായിരുന്നു..."


"പെർഫക്റ്റ്..." മാർട്ടിനോ പറഞ്ഞു. "പിന്നെ, ഇംഗ്ലീഷിന്റെ കാര്യം... നിന്റെ അമ്മ ബ്രിട്ടീഷുകാരി ആയിരുന്നുവെന്ന് പറയാം... ജർമ്മൻ അധിനിവേശ സമയത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകേണ്ടെന്ന് കരുതി അക്കാര്യം വെളിപ്പെടുത്തിയില്ല... ഓകേ...?"


"അയാൾ അത് വിശ്വസിക്കുമോ...?"


"എ‌ന്തുകൊണ്ട് വിശ്വസിക്കാതിരിക്കണം...? ആട്ടെ, നിനക്ക് ആവശ്യത്തിനുള്ള വസ്ത്രങ്ങളൊക്കെയുണ്ടോ...?"


"ഉണ്ട്... ഒരു കോട്ട്, ഷൂസ്, ഹാറ്റ്... എനിക്കാവശ്യമുള്ളതെല്ലാം ആ വലിയ സ്യൂട്ട്കെയ്സിലുണ്ട്... അത് നിങ്ങളോടൊപ്പം E ബോട്ടിൽ കൊണ്ടുപോയത് ഏതായാലും നന്നായി..."


ഇടനാഴിയിലൂടെ അവർ മുകളിലേക്ക് ചെന്നു. ഫെൽറ്റിനും ഓർസിനിയ്ക്കും ഒപ്പം സംസാരിച്ചുകൊണ്ട് മുള്ളർ ബ്രിഡ്ജിൽ നിൽക്കുന്നുണ്ടായിരുന്നു. കരയിലേക്ക് ഇറങ്ങുന്ന ഫ്രഞ്ച് നാവികരെ നിരീക്ഷിച്ചു കൊണ്ട് ക്ലൈസ്റ്റും ഗ്രൈസറും താഴെ നിൽക്കുന്നുണ്ട്.


മാർട്ടിനോ ഫ്രഞ്ച് ഭാഷയിൽ ഓർസിനിയോട് പറഞ്ഞു. "വളരെ സൗകര്യപ്രദമായ ഒരിടത്താണ്‌ നിങ്ങൾ താമസിക്കുന്നതെന്ന് ആൻ മാരി എന്നോട് പറഞ്ഞു... ഡു വിലാ പ്ലേസ് എന്നോ മറ്റോ പേരുള്ള ഒരു ഗ്രാമീണ ഹർമ്യത്തിൽ..."


"ശരിയാണ് കേണൽ..."


മാർട്ടിനോ മുള്ളറുടെ നേർക്ക് തിരിഞ്ഞു. "എ‌ന്റെ ആവശ്യങ്ങൾക്ക് തീർത്തും അനുയോജ്യമായിരിക്കും അവിടം എന്ന് തോന്നുന്നു... ഞാൻ അവിടെ തങ്ങുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ...?"


അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ അവസരം കാത്തിരിക്കുകയായിരുന്ന മുള്ളർ പറഞ്ഞു. "ഒരു വിരോധവുമില്ല സ്റ്റാൻഡർടൻഫ്യൂറർ... ക്രീഗ്സ്മറീൻ ഓഫീസർമാരാണ് അവിടെ താമസിക്കുന്നത്... എന്തായാലും വീട്ടുടമയായ മിസ്സിസ് ഡു വിലായ്ക്ക് ഒരു വിരോധവും ഉണ്ടാകാൻ വഴിയില്ല..."


"അപ്പോൾ ആ കാര്യത്തിനും തീരുമാനമായി..."


"വിരോധമില്ലെങ്കിൽ ഞാൻ കൊണ്ടുപോകാം നിങ്ങളെ അങ്ങോട്ട്... കടൽപ്പാലത്തിന്റെ അറ്റത്ത് എന്റെ കാർ പാർക്ക് ചെയ്തിട്ടുണ്ട്..." ഓർസിനി പറഞ്ഞു.


"അത് നന്നായി..." മാർട്ടിനോ പറഞ്ഞു. "എന്നാൽ ശരി, നമുക്ക് പുറപ്പെട്ടാലോ...?


ഗാങ്ങ്‌വേയിലൂടെ അവർ കടൽപ്പാലത്തിന് നേർക്ക് നടന്നു. E ബോട്ടിന് അരികിൽ നിന്നിരുന്ന ക്രീഗ്സ്മറീൻ നാവികൻ സ്യൂട്ട്കെയ്സുകൾ രണ്ടും എടുത്ത് അവരെ‌ അനുഗമിച്ചു. ഓർസിനിയും സാറയും മുന്നിലും മാർട്ടിനോയും മുള്ളറും പിന്നിലും ആയിട്ടാണ്‌ നടന്നിരുന്നത്. 


"അവിടെയെത്തി ഒന്ന് ഫ്രഷ് ആയതിന്‌ ശേഷം ഞാൻ ടൗണിലേക്ക് തിരികെ വരുന്നുണ്ട്... മിലിട്ടറി കമാൻഡറെ കണ്ട് പരിചയപ്പെടണം... കേണൽ ഹെയ്ൻ അല്ലേ ഇവിടുത്തെ കമാൻഡർ...?"


"അതെ സ്റ്റാൻഡർടൻഫ്യൂറർ... അദ്ദേഹം നാളെ അതിരാവിലെ ഗ്വെൺസിയിലേക്ക് പുറപ്പെടും എന്നാണ്‌ കേട്ടത്... ജനറൽ വോൺ ഷ്മെറ്റോയുമായുള്ള വാരാന്ത്യ മീറ്റിങ്ങിന്..."


"ആശംസകൾ അറിയിക്കാനായി ഒന്ന് കാണണമെന്ന് മാത്രമേയുള്ളൂ എനിക്ക്..." മാർട്ടിനോ പറഞ്ഞു. "പിന്നെ ഒരു കാര്യം... എനിക്ക് ഒരു വാഹനം വേണം... ക്യൂബൽവാഗൺ ആയാൽ നല്ലത്... മോശം റോഡുകളിൽ ഡ്രൈവ് ചെയ്യാൻ അതായിരിക്കും അനുയോജ്യം..."


ജീപ്പിന് സമാനമായി ജർമ്മൻ ആർമി ഉപയോഗിച്ചു വരുന്ന വാഹനമാണ് ക്യൂബൽവാഗൺ. ഏത് ഭൂപ്രകൃതിയ്ക്കും അനുയോജ്യമായ വാഹനം.


"തീർച്ചയായും സ്റ്റാൻഡർടൻഫ്യൂറർ...  ഡ്രൈവർ ആയി ഞങ്ങളുടെ ഒരാളെയും ഏർപ്പാടാക്കിത്തരാം..."


"അതിന്റെ ആവശ്യമില്ല..." മാർട്ടിനോ പറഞ്ഞു. "എന്റെ കാര്യങ്ങൾ തനിയേ ചെയ്യുന്നതാണ് എനിക്കിഷ്ടം... ഈ ചെറിയ ദ്വീപിലെ യാത്രയ്ക്ക് മറ്റൊരാളുടെ സഹായമൊന്നും ആവശ്യമില്ല മുള്ളർ..."


"താങ്കളുടെ ആഗമനോദ്ദേശ്യം എന്താണെന്ന് അറിയുന്നതിൽ വിരോധമുണ്ടോ...?" മുള്ളർ ചോദിച്ചു.


റൈഫ്യൂറർ ഹിംലറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഞാനിവിടെ എത്തിയിരിക്കുന്നത്... ഫ്യൂറർ ഹിറ്റ്ലറുടെ കൗണ്ടർസൈൻ ഉള്ള ഓർഡർ നിങ്ങൾ കണ്ടതുമാണ്..." മാർട്ടിനോ പറഞ്ഞു. "അവരുടെ ഉത്തരവിനെയാണോ നിങ്ങൾ ചോദ്യം ചെയ്യുന്നത്...?"


"തീർച്ചയായും അല്ല..."


"ഗുഡ്..." അപ്പോഴേക്കും ഓർസിനിയുടെ മോറിസ് കാറിന് സമീപം അവർ എത്തിയിരുന്നു. സ്യൂട്ട്കെയ്സുകൾ കൊണ്ടുവന്ന നാവികൻ അത് കാറിനുള്ളിൽ എടുത്തു വച്ചു. "സമയവും സന്ദർഭവും ഒത്തു വരുമ്പോൾ ആവശ്യമെങ്കിൽ മാത്രം നിങ്ങളെ അറിയിക്കുന്നതായിരിക്കും... ഇന്ന് വൈകിട്ട് നിങ്ങളെ ഒ‌ന്നു കൂടി കാണേണ്ടതുണ്ട്... എവിടെയാണ് നിങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സ്...?"


"സിൽവർടൈഡ് ഹോട്ടൽ, ഹാവിയർ ഡി പാസ്..."


"ഓകെ, ഞാൻ കണ്ടുപിടിച്ചോളാം... അധികം വൈകാതെ ഒരു ക്യൂബൽവാഗൺ ഡു വിലാ പ്ലേസിലേക്ക് എത്തിക്കാൻ ഏർപ്പാടാക്കൂ..."


സാറ കാറിന്റെ പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. ഓർസിനി ഡ്രൈവിങ്ങ് സീറ്റിൽ സ്ഥാനം പിടിച്ചു. അയാൾക്ക് സമീപം പാസഞ്ചർ സീറ്റിൽ മാർട്ടിനോയും ഇരുന്നു. ഓർസിനി കാർ മുന്നോട്ടെടുത്തു.


വിക്ടോറിയാ അവന്യൂവിലൂടെ കാർ നീങ്ങവെ മാർട്ടിനോ പുറത്തേക്ക് നോക്കി. ഉൾക്കടലിനും റോഡിനും ഇടയിൽ സമാന്തരമായി കടന്നു പോകുന്ന മിലിട്ടറി റെയിൽവേ ട്രാക്ക്. വിൻഡോ ഗ്ലാസ് താഴ്ത്തി അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. "ഈ ദ്വീപിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ...?" അദ്ദേഹം ഓർസിനിയോട് ചോദിച്ചു.


"ഈ യുദ്ധകാലത്ത് മറ്റ് സ്ഥലങ്ങളെക്കാൾ എത്രയോ ഭേദമാണ് ജെഴ്സി... ഇവിടുത്തെ വേനൽക്കാലമാണെങ്കിൽ അതിമനോഹരവുമാണ്..." ഓർസിനി പറഞ്ഞു.


"ഒരു തെറ്റ്ധാരണ മാറ്റുവാനുണ്ട്..." മാർട്ടിനോ പറഞ്ഞു. "ആൻ മാരിയുടെ പിതാവ് ബ്രെറ്റൻ സ്വദേശിയാണെങ്കിലും മാതാവ് ഇംഗ്ലീഷുകാരിയാണ്... ജർമ്മൻ അധിനിവേശ സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി ഇവൾ അത് മറച്ചു വച്ചിരിക്കുകയായിരുന്നു... വാസ്തവത്തിൽ എന്റെ ആൾക്കാർ തന്നെയാണ് അത് കണ്ടുപിടിച്ചതും... അതിൽ എനിക്ക് സന്തോഷമേയുള്ളൂ... അതാണല്ലോ ഞങ്ങളുടെ സൗഹൃദത്തിന് കാരണമായതും... ശരിയല്ലേ മൈ ഡിയർ...?"


"സങ്കീർണ്ണമായ കഥയാണല്ലോ കേണൽ ഇത്..." ഓർസിനി പറഞ്ഞു. "എന്തായാലും ഈ രഹസ്യത്തിന്റെ കാര്യത്തിൽ താങ്കൾക്കെന്നെ വിശ്വസിക്കാം... മിസ്സ് ലത്വായ്ക്ക് പേരുദോഷം വരുത്തുന്ന ഒന്നും തന്നെ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല..."


"ഗുഡ്..." മാർട്ടിനോ പറഞ്ഞു. "നിങ്ങൾക്കത് മനസ്സിലാവുമെന്ന് എനിക്കറിയാമായിരുന്നു..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. സങ്കീർണ്ണം തന്നെ 😇

    ReplyDelete
  2. ഇംഗ്ലീഷ് സംസാരിച്ചതിൻ്റെ തെറ്റിദ്ധാരണ മാറ്റി. എന്തൊക്കെ ശ്രദ്ധിക്കണം!

    ReplyDelete
  3. "ഇംഗ്ളീഷ്കാരി മാതാവ്" കൂടുതൽ കുഴപ്പത്തിൽ കൊണ്ടെത്തിക്കുമോ??

    ReplyDelete
  4. ആൾമാറാട്ടം... എന്തൊരു ധൈര്യം

    ReplyDelete