Friday, February 4, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 53

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



സിൽവർടൈഡ് ഹോട്ടലിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് അല്പം മുമ്പ് നടന്ന ആ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ക്യാപ്റ്റൻ മുള്ളർ. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ഇന്റർകോമിന്റെ റിസീവർ എടുത്തു. "ഇൻസ്പെക്ടർ ക്ലൈസ്റ്റിനോടും സെർജന്റ് ഗ്രൈസറോടും ഇങ്ങോട്ട് വരാൻ പറയൂ..."


ജാലകത്തിനരികിൽ ചെന്ന് അയാൾ പുറത്തേക്ക് നോക്കി. തെളിഞ്ഞ നീലാകാശം. ഉൾക്കടലിൽ നിന്നും തീരം പുൽകുവാനെത്തുന്ന തിരമാലകൾ പാറക്കെട്ടുകൾക്ക് മുകളിൽ വന്നടിച്ച് വെൺനുര ചിതറുന്നു. വാതിൽ തുറന്ന് ആ രണ്ട് പോലീസുകാർ മുറിയിൽ പ്രവേശിച്ചു.


"ഞങ്ങളെ വിളിച്ചുവോ ക്യാപ്റ്റൻ...?" ക്ലൈസ്റ്റ് ചോദിച്ചു.


"അതെ വില്ലീ..." കസേരയിൽ വന്നിരുന്ന് പിന്നോട്ട് ചാഞ്ഞ് മുള്ളർ ഒരു സിഗരറ്റിന്‌ തീ കൊളുത്തി പുകയെടുത്ത് സീലിങ്ങിലേക്ക് ഊതിവിട്ടു. 


"എന്താണ് പ്രശ്നം...?" ഇൻസ്പെക്ടർ ആരാഞ്ഞു.


"ഡൈക്കോഫിനെ ഓർമ്മയുണ്ടോ...? ഹാംബർഗിലെ ഡിറ്റക്ടീവ് ചീഫിനെ...?"


"എനിക്കെങ്ങനെ മറക്കാനാവും അദ്ദേഹത്തെ...?"


"ഡിറ്റക്ടീവ് ആയി ഞാൻ ജോലിയിൽ കയറിയ കാലം... അദ്ദേഹത്തിന്റെ നമ്പർ വൺ റൂൾ ഓർമ്മ വരുന്നു... ഡൈക്കോഫ്സ് ലോ എന്നാണദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത്..." മുള്ളർ പറഞ്ഞു.


"കാണാൻ എത്ര ഭംഗിയുള്ള മുട്ടയാണെങ്കിലും ദുർഗന്ധം വമിക്കുന്നുവെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിക്കാം..." ക്ലൈസ്റ്റ് പറഞ്ഞു.


"എക്സാക്റ്റ്‌ലി..." മുള്ളർ തല കുലുക്കി. "ഇതിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്, വില്ലീ..." അയാൾ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. "കാഴ്ച്ചയിലോ തെളിവുകളിലോ ഒന്നുമല്ല കാര്യം... നാം കാണുന്നത് പോലെയല്ല കാര്യങ്ങൾ എന്ന് എന്റെ ഡിറ്റക്ടീവ് മനസ്സ് പറയുന്നു... സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു..."


ക്ലൈസ്റ്റ് വല്ലാതെ അസ്വസ്ഥനായത് പോലെ കാണപ്പെട്ടു. "പക്ഷേ, ഹെർ ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ കൈവശമുള്ള രേഖകൾ എല്ലാം തന്നെ കുറ്റമറ്റതാണ്... റൈഫ്യൂറർ ഹിംലറെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെക്കുറിച്ച് അന്വേഷണം നടത്താൻ നമുക്കാവുമോ...?"


"തീർച്ചയായും ഇല്ല..." മുള്ളർ തിരിഞ്ഞു. "പക്ഷേ, വേറൊരു മാർഗ്ഗമുണ്ട് ഏണസ്റ്റ്...  ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രാസ്സയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ നിങ്ങളുടെ ഒരു സഹോദരൻ ജോലി ചെയ്തിരുന്നില്ലേ...?"


"പീറ്ററിന്റെ കാര്യമാണോ...? അതെ ഹെർ ക്യാപ്റ്റൻ... അവൻ ഇപ്പോൾ സ്റ്റ്യൂട്ട്ഗാർട്ട് ഹെഡ്ക്വാർട്ടേഴ്സിലാണ്... ക്രിമിനൽ റെക്കോർഡ്സ് ഡിവിഷനിൽ..." ഗ്രൈസർ പറഞ്ഞു.


"അയാൾക്ക് ഇപ്പോഴും ബെർലിനുമായി കണക്ഷൻ ഉണ്ടാകണം... ഒരു കോൾ ബുക്ക് ചെയ്യൂ... എന്നിട്ട് ഫോഗെലിനെക്കുറിച്ച് അയാളോട് ചോദിക്കൂ... എത്ര കണ്ട് പ്രാധാന്യമുള്ളയാളാണ് അദ്ദേഹമെന്ന് എനിക്കറിഞ്ഞേ തീരൂ..."


"എന്നാൽ ഞാൻ ടെലക്സ് ചെയ്യട്ടെ...? അതാകുമ്പോൾ പെട്ടെന്നാകും..."


"അല്പമെങ്കിലും വിവേകം കാണിക്കൂ വിഡ്ഢീ..." മുള്ളർ പരിക്ഷീണനായി പറഞ്ഞു. "ഒരു പബ്ലിക്ക് എൻക്വയറിയല്ല ഇവിടെ വേണ്ടത്..."


"പക്ഷേ, ഒരു കാര്യം ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു സർ... ജർമ്മനിയിലേക്കുള്ള കോളുകൾ എല്ലാം ഷെർബർഗും‌ പാരീസും വഴിയാണ് തിരിച്ചു വിടുന്നത്... ഈ അടുത്തിടെയായി പ്രിയോറിറ്റി കോളുകൾക്ക് പോലും പതിനഞ്ചും പതിനാറും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു..."


"അതുകൊണ്ടാണ് ഏണസ്റ്റ്, ഞാൻ പറഞ്ഞത് പെട്ടെന്ന് തന്നെ ഒരു കോൾ ബുക്ക് ചെയ്യാൻ..." 


ഏണസ്റ്റ് ഗ്രൈസർ പുറത്ത് പോയതും അയാൾ ക്ലൈസ്റ്റിന് നേർക്ക് തിരിഞ്ഞു. "ആ ക്യൂബൽവാഗണിന്റെ കാര്യം മറക്കണ്ട... പെട്ടെന്ന് തന്നെ അത് ഡു വിലാ പ്ലേസിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിക്കൂ... തൽക്കാലത്തേക്ക് നമുക്ക് അദ്ദേഹത്തെ സന്തോഷിപ്പിച്ച് നിർത്താം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


11 comments:

  1. മുള്ളർ രണ്ടും കല്പിച്ചാണല്ലോ..

    ReplyDelete
  2. "കാണാൻ എത്ര ഭംഗിയുള്ള മുട്ടയാണെങ്കിലും ദുർഗന്ധം വമിക്കുന്നുവെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിക്കാം..."

    കുഴപ്പം ഉണ്ടല്ലോ...

    ReplyDelete
    Replies
    1. അയ്യോ ഫൗൾ..
      നാട്ടുകാരെ ഓടി വരണേ..
      ഞാൻ ടൈപ്പ് ചെയ്തു വച്ച കമന്റ് ശ്രീ നേരത്തെ ഇട്ടേ

      Delete
    2. കുഴപ്പമുണ്ടോന്ന് ചോദിച്ചാൽ...

      Delete
  3. കാണാൻ എത്ര ഭംഗിയുള്ള മുട്ടയാണെങ്കിലും ദുർഗന്ധം വമിക്കുന്നുവെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിക്കാം....

    --മുള്ളർ മുട്ട പൊട്ടിക്കുമോ

    ReplyDelete
    Replies
    1. മുള്ളർ ആള്‌ ശരിയല്ല ഉണ്ടാപ്രീ...

      Delete
  4. ഡിറ്റക്ടീവ് മനസ്സ് അപകടം മണത്തു

    ReplyDelete
  5. കുഴപ്പമില്ല എന്ന് കരുതാൻ തോന്നുന്നില്ല

    ReplyDelete