Friday, February 25, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 56

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ചായപ്പാത്രത്തിൽ തിളച്ചു കൊണ്ടിരുന്ന വെള്ളത്തിൽ കിട്ടാക്കനിയായ രണ്ട് സ്പൂൺ ചൈനാ തേയില ഹെലൻ ഇട്ടു. എന്നാൽ ഗാലഗർ ചായയ്ക്കായി കാത്തു നിന്നില്ല. "ഞാൻ ഇറങ്ങുന്നു... മിസ്സിസ് വൈബർട്ട് ഇവിടെയെത്തുന്നതിന് മുമ്പ് ചെന്ന് വാരാന്ത്യ അവധിയുടെ കാര്യം പറയണം... അവർ ഇവിടെയുണ്ടെങ്കിൽ പ്രശ്നം സങ്കീർണ്ണമാകുകയേ ഉള്ളൂ... നിന്നെ അവർ തിരിച്ചറിയാനുള്ള സാദ്ധ്യത ഏറെയാണ് സാറാ... ചെറുപ്പം മുതലേ നിന്നെ കണ്ട് പരിചയമുള്ളതല്ലേ..." അദ്ദേഹം പുറത്തേക്കിറങ്ങി.


ഹെലനും സാറയും മാർട്ടിനോയും ചായ രുചിച്ച് സിഗരറ്റും പുകച്ച് വിശേഷങ്ങൾ പങ്കു വച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഹെലൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറ‌ന്നു. ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ് ആയിരുന്നുവത്. 


മാർട്ടിനോ എഴുന്നേറ്റു. "എന്നെകാണാൻ വന്നതാണോ...?"


"താങ്കൾക്കുള്ള ക്യൂബൽവാഗൺ കൊണ്ടുവന്നിട്ടുണ്ട് സ്റ്റാൻഡർടൻഫ്യൂറർ..." ക്ലൈസ്റ്റ് പറഞ്ഞു.


വാഹനം കാണുവാനായി മാർട്ടിനോ പുറത്തേക്കിറങ്ങി. കാമുഫ്ലാഷ് ഡിസൈനിലുള്ള വണ്ടിയുടെ ക്യാൻവാസ് ടോപ്പ് ഉയർത്തി വച്ചിരിക്കുന്നു. ഉൾഭാഗം ഒറ്റനോട്ടത്തിൽ ഒന്ന് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു. "കുഴപ്പമില്ലെന്ന് തോന്നുന്നു..."


തൊട്ടടുത്ത് കിടക്കുന്ന കറുത്ത സിട്രോൺ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഏണസ്റ്റ് ഗ്രൈസർ ഇരിക്കുന്നുണ്ടായിരുന്നു. "ഇനിയെന്തെങ്കിലും സഹായം.........?" ക്ലൈസ്റ്റ് ചോദിച്ചു.


"തൽക്കാലം വേറൊന്നുമില്ല..."


"താങ്കളെ ഒരു കാര്യം അറിയിക്കാൻ ക്യാപ്റ്റൻ മുള്ളർ പറഞ്ഞു... ഇവിടുത്തെ മിലിട്ടറി കമാൻഡർ കേണൽ ഹെയ്നുമായി അദ്ദേഹം സംസാരിച്ചിരുന്നു... താങ്കൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ കമാൻഡർ ഇന്ന് ഉച്ച കഴിഞ്ഞ് ടൗൺ ഹാളിൽ ഉണ്ടാകുമത്രെ..."


"നന്ദി, ഞാൻ പോയി കണ്ടോളാം..."


അവർ പോയതും മാർട്ടിനോ തിരിച്ചെത്തി. "അങ്ങനെ വാഹന പ്രശ്നത്തിന് പരിഹാരമായി... ഉച്ച കഴിഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങുന്നുണ്ട്... മിലിട്ടറി കമാൻഡറെ ഒന്ന് കാണണം... പിന്നെ, സിൽവർടൈഡ് ഹോട്ടലിലുള്ള മുള്ളറെയും സംഘത്തെയും കൂടി..."


"എങ്കിൽ പിന്നെ ഇദ്ദേഹത്തോടൊപ്പം പോയി നിന്റെ മുടി കൂടി ശരിയാക്കിയിട്ട് വരൂ കുട്ടീ..." ഹെലൻ സാറയോട് പറഞ്ഞു. "ഷാരിങ്ങ് ക്രോസിൽ നല്ലൊരു ഹെയർ ഡ്രെസ്സറുണ്ട്... ഞാനാണയച്ചതെന്ന് പറഞ്ഞോളൂ അവരോട്..." അവർ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "താങ്കൾക്കത് ബുദ്ധിമുട്ടാവില്ല... ടൗൺ ഹാളിന്‌ തൊട്ടടുത്ത് തന്നെയാണ്..."


"നല്ലത്..." അദ്ദേഹം പറഞ്ഞു. "ഒരു കാര്യമൊഴികെ... നിങ്ങൾ പറഞ്ഞയച്ചതാണെന്ന് ഇവൾ പറയാൻ പാടില്ല... ഇപ്പോഴത്തെ അവസ്ഥയിൽ ഗുണത്തേക്കാളേറെ ദോഷമാണത് ചെയ്യുക..." അദ്ദേഹം എഴുന്നേറ്റു. "അല്പം ശുദ്ധവായു ശ്വസിച്ചാൽ കൊള്ളാമെന്നുണ്ട്... ഈ എസ്റ്റേറ്റും പരിസരവും ഒക്കെയൊന്നു കാണിച്ചു തന്നു കൂടേ സാറാ...?" 


"നല്ല കാര്യം..." ഹെലൻ പറഞ്ഞു. "കുറേ ജോലിയുണ്ടെനിക്കിന്ന്... രാത്രിയിലെ ഭക്ഷണത്തിന് നേരത്തെ തന്നെ എട്ടു പേരുണ്ട്... ഇപ്പോഴേ തുടങ്ങിയാലേ തീരൂ... എന്നാൽ ശരി, പിന്നെ കാണാം നമുക്ക്..."



                                 ***



ഡു വിലാ പ്ലേസിൽ നിന്നും ഇറങ്ങിയ ക്ലൈസ്റ്റും ഗ്രൈസറും കാർ മുന്നോട്ടെടുത്തു. ഏതാണ്ട് കാൽ മൈൽ ദൂരം താണ്ടിയതും ഇൻസ്പെക്ടർ ക്ലൈസ്റ്റ്  ഗ്രൈസറിന്റെ ചുമലിൽ കൈ വച്ചു. "നോക്കൂ ഏണസ്റ്റ്, നമുക്ക് ആ കാട്ടുപാതയിൽ കാർ പാർക്ക് ചെയ്യാം... എന്നിട്ട് തിരികെ ആ എസ്റ്റേറ്റിലേക്ക് കാൽനടയായി ഒന്ന് പോയി നോക്കിയാലോ...?"


"പ്രത്യേകിച്ച് എന്തെങ്കിലും കാരണം...?"


"ആ എസ്റ്റേറ്റും പരിസരവും ഒന്ന് നിരീക്ഷിക്കണമെന്നൊരു തോന്നൽ..."


കാട്ടുപാതയിൽ പുല്ല് കണ്ടമാനം വളർന്ന് നിൽക്കുന്നുണ്ടായിരുന്നു. ആ വഴിയിലൂടെ കാർ മുന്നോട്ടെടുത്ത് മെയിൻ റോഡിൽ നിന്നും കാണാൻ സാധിക്കാത്ത ഇടം നോക്കി അയാൾ പാർക്ക് ചെയ്തു. ശേഷം ഇരുവരും പുറത്തിറങ്ങി പാടത്തിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെ ഡു വിലാ എസ്റ്റേറ്റ് ലക്ഷ്യമാക്കി നടന്നു. ശാന്തവും‌ ഹൃദയഹാരിയുമായ അന്തരീക്ഷം. പാടത്തിനപ്പുറത്തെ മരച്ചില്ലകളിൽ നിന്ന് ഒഴുകിയെത്തുന്ന പക്ഷികളുടെ കളകൂജനം. അപ്രതീക്ഷിതമായാണ് ദൂരെ പാടത്തിന്റെ അതിരിലുള്ള ഉയർന്ന മതിലിനരികിൽ കൈയ്യിലൊരു ബാസ്കറ്റുമായി ഒരു യുവതി പ്രത്യക്ഷപ്പെട്ടത്. അവളുടെ മുഖം കാണുകയെന്നത് അസാദ്ധ്യമായിരുന്നു. തലയിൽ ഒരു സ്കാർഫ് അണിഞ്ഞിരിക്കുന്നു. ധരിച്ചിരിക്കുന്ന ഇറുകിയ പഴഞ്ചൻ കോട്ടൺ ഫ്രോക്കിൽ അവളുടെ ആകാര ഭംഗി അത്രയും ദൂരത്ത് നിന്നു പോലും അവർ വ്യക്തമായി കണ്ടു. എന്നാൽ അവരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെടാതെ ആ യുവതി വനത്തിനുള്ളിലേക്കുള്ള പാതയിലേക്ക് കയറി.


"ആഹാ, ഇത് കൊള്ളാമല്ലോ..." ഗ്രൈസറിന് നേർക്ക് തിരിഞ്ഞ് ക്ലൈസ്റ്റ് പുഞ്ചിരിച്ചു. "ഇതൊന്ന് അന്വേഷിക്കണ്ടേ സെർജന്റ്, നമുക്ക്...?"


"തീർച്ചയായും, ഹെർ ഇൻസ്പെക്ടർ..." ആവേശത്തോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു. അവർ ഇരുവരും നടപ്പിന് വേഗം കൂട്ടി.



                        ‌‌          ***



മിസ്സിസ് വൈബർട്ടിന്റെ മകൾ മേരി ആയിരുന്നു ആ യുവതി. വീട്ടിലെത്തി വാരാന്ത്യ അവധിയുടെ കാര്യം പറഞ്ഞ് ഷോൺ ഗാലഗർ തിരിച്ചു പോയതിന് ശേഷമാണ് അന്ന് വൈകിട്ടത്തെ ഡിന്നറിന് വേണ്ടി ഹെലന് കൊടുക്കാമെന്നേറ്റിരുന്ന കോഴിമുട്ടകളുടെ കാര്യം മിസ്സിസ് വൈബർട്ട് ഓർത്തത്. ആ മുട്ടകളുമായി ഡു വിലാ പ്ലേസിലേക്ക് പോകുകയായിരുന്നു മേരി.


വയസ്സ് പതിനാറേ ആയുള്ളുവെങ്കിലും താരുണ്യം പൂത്തു തളിർത്തിരുന്നു അവളിൽ. ശാലീനമായ മുഖം. നാട്ടിൻപുറവും പൂക്കളും പക്ഷികളും ഒക്കെ അവളെ അങ്ങേയറ്റം ആകർഷിച്ചിരുന്നു. ആ മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒറ്റയ്ക്ക് നടക്കുന്നതിൽപ്പരം സന്തോഷം വേറൊന്നിനുമുണ്ടായിരുന്നില്ല  അവൾക്ക്. അല്പമകലെയായി ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയും ഇളകിയാടുന്ന ജനാലകളും ഉള്ള ഉപയോഗശൂന്യമായ ഒരു പഴയ ധാന്യപ്പുര സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. അസ്വസ്ഥത പകരുന്ന ഒരു ദൃശ്യമാണെങ്കിലും അതിനോട് എന്തോ ഒരു ആകർഷണം അവൾക്ക് തോന്നുക പതിവായിരുന്നു. ഒരു നിമിഷം അവിടെ നിന്നിട്ട്, അടർന്ന് വീണ കൽക്കെട്ടുകൾക്കിടയിൽ മുട്ടറ്റം വളർന്ന് നിൽക്കുന്ന പുല്ലുകൾ ചവിട്ടി മെതിച്ച് അരികിലെത്തിയ അവൾ ധാന്യപ്പുരയ്ക്കുള്ളിലേക്ക് എത്തി നോക്കി.


"കൊള്ളാമല്ലോ... എന്തു ചെയ്യുകയാണ് നീ അവിടെ...?" പരുക്കൻ സ്വരം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തനിക്കരികിലേക്ക് തിടുക്കത്തിൽ വന്നു കൊണ്ടിരിക്കുന്ന ക്ലൈസ്റ്റിനെയും ഗ്രൈസറെയുമാണ്‌.


(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. ലവന്മാർ മാർട്ടിനോയുടെ കൈയ്ക്ക് പണിയുണ്ടാക്കുന്ന ലക്ഷണമാണല്ലോ..

    ReplyDelete
  2. അവർക്ക് അപ്പോ തന്നെ അവിടെ പോയി നിരീക്ഷിയ്ക്കാൻ തോന്നിയല്ലോ... 🤦

    ReplyDelete
    Replies
    1. ക്ലൈസ്റ്റിന് സംശയത്തോട് സംശയമല്ലേ...

      Delete
  3. മേരിയ്ക്കരികിലേക്ക് ലവന്മാർ

    ReplyDelete
    Replies
    1. ഈ ലവന്മാരൊക്കെ എന്താ ഇങ്ങനെ...?

      വെറുതെയല്ല ലവനെ ഈ വഴി കാണാത്തത്... 😜

      Delete