Sunday, March 6, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 57

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വാരാന്ത്യ അവധിക്കാര്യം അറിയിച്ചതിന് ശേഷം മിസ്സിസ് വൈബർട്ടിന്റെ വസതിയിൽ നിന്നിറങ്ങിയ ഷോൺ ഗാലഗർ തന്റെ പശുക്കളെ പുല്ല് മേയാനായി കെട്ടിയിട്ടിരിക്കുന്ന സൗത്ത് മെഡോയിലേക്ക് നടന്നു. ഈ യുദ്ധകാലത്ത് മൂന്ന് പശുക്കൾ എന്നൊക്കെ പറയുന്നത് ഒരു അമൂല്യ സമ്പത്ത് തന്നെയാണ്. കുറച്ച് നേരം അവയോടൊപ്പം വെയിൽ കാഞ്ഞതിന് ശേഷം‌ അദ്ദേഹം കോട്ടേജിലേക്ക് മടങ്ങി.


രണ്ട് വയൽപ്പാട് ഇനിയും നടക്കാനുണ്ട്. പാടത്തു കൂടി നടന്നു പോകുന്ന രണ്ട് ജർമ്മൻകാരെ അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഒപ്പം പാടത്തിനപ്പുറം മതിലിനരികിൽ പ്രത്യക്ഷപ്പെട്ട മേരിയേയും. കൈപ്പടത്താൽ വെയിലിനെ മറച്ച് പിടിച്ച് അദ്ദേഹം ഒരു നിമിഷം അവളെ നോക്കി. മരക്കൂട്ടങ്ങൾക്കിടയിലേക്കാണ്‌ അവൾ നടക്കുന്നത്. ആ ജർമ്മൻകാർ അവളെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് തോന്നുന്നു. അതെന്തായാലും അത്ര നല്ല കാര്യമല്ല തന്നെ. അദ്ദേഹം നടപ്പിന് വേഗം കൂട്ടി. പാടത്തിന് നടുവിൽ എത്തിയപ്പോഴാണ് അവളുടെ നിലവിളി കേട്ടത്. ശപിച്ചു കൊണ്ട് അദ്ദേഹം അവിടം ലക്ഷ്യമാക്കി ഓടി.



                                   ***


വസ‌ന്തകാലത്തിലെ ഇളം ചൂടുള്ള കാലാവസ്ഥ ആസ്വദിച്ചു കൊണ്ട് സാറയും മാർട്ടിനോയും ആ പൈൻ മരക്കൂട്ടങ്ങൾക്കിടയിലെ മൺപാതയിലൂടെ നടന്നു. എമ്പാടും തലയാട്ടി നിൽക്കുന്ന ഡാഫോഡിൽസ്... മഞ്ഞിൻ കണങ്ങൾ ഏറ്റുവാങ്ങി പുഞ്ചിരിക്കുന്ന വെള്ളയും മഞ്ഞയും നിറമുള്ള ക്രോക്കസ് പൂക്കൾ... പുഷ്പിച്ചു തുടങ്ങിയ കമേലിയാ ചെടികൾ... മരങ്ങൾപ്പുറം ഉൾക്കടലിന്റെ ഇളം പച്ച നിറത്തിലേക്ക് ലയിച്ചു ചേരുന്ന നീല ജലാശയത്തിന്റെ മനോഹാരിത... കാതിന് ഇമ്പമേകിക്കൊണ്ട് പക്ഷികളുടെ സംഗീതാലാപനം...


മാർട്ടിനോയുടെ കൈകളിൽ തൂങ്ങിയുള്ള ആ അലസഗമനം ആസ്വദിക്കുകയായിരുന്നു അവൾ. "ദൈവമേ, പണ്ടത്തെ അതേ നറുമണം തന്നെ... എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു... ചൂടുള്ള നീണ്ട വേനൽക്കാലം... അതൊക്കെ അപ്പോൾ സത്യമായിരുന്നുവോ...? അതോ നടക്കാത്ത വെറും‌ സ്വപ്നങ്ങളായിരുന്നുവോ...?"


"അല്ല..." അദ്ദേഹം പറഞ്ഞു. "അതെല്ലാം‌ തികച്ചും യാഥാർത്ഥ്യം തന്നെയായിരുന്നു... കഴിഞ്ഞ നാല് വർഷങ്ങളാണ് നിന്റെ ജീവിതത്തെ ദുസ്സഹമാക്കി മാറ്റിയത്..."


"ഐ ലവ് ദിസ് പ്ലേസ്..." അവൾ പറഞ്ഞു. "നോർമൻ സംസ്കൃതി പേറുന്ന ജനത... വളർത്തു മൃഗങ്ങൾ... അത്രത്തോളം തന്നെ പാരമ്പര്യമുണ്ട് ഡു വിലാ കുടുംബത്തിനും... കുടുംബവേരുകൾ നീളുന്നത് പുരാതന കാലത്തിലേക്കാണ്... നോർമൻഡിയിലെ ഡ്യൂക്ക് വില്യത്തിനൊപ്പം ബാറ്റ്‌ൽ ഓഫ് ഹേസ്റ്റിങ്ങ്സിൽ പങ്കെടുത്തിട്ടുള്ളയാളാണ് റോബർട്ട് ഡു വിലാ..."


"ഏത്, വില്യം ചക്രവർത്തിക്കൊപ്പമോ...?"


"അതെ... ഇംഗ്ലണ്ടിലെ രാജാവ് ആകുന്നതിന് മുമ്പ് അദ്ദേഹമായിരുന്നു ജെഴ്സിയുടെ ഭരണാധികാരി... അതുകൊണ്ട് ഞങ്ങളാണ് ഇംഗ്ലണ്ടിനെ കോളനിയാക്കിയത് എന്ന് പറയുന്നതായിരിക്കും ശരി... അല്ലാതെ മറിച്ചല്ല..."


"അതിന്റെ കുറച്ച് അഹങ്കാരം ഉണ്ടല്ലേ നിനക്ക്...?"


"എന്റെ വേരുകൾ ഇവിടെയാണ്..." അവൾ പറഞ്ഞു. "ഇവിടം എനിക്ക് സ്വന്തമാണ്... എന്റെ നാട്... ആട്ടെ, ഏതാണ് നിങ്ങളുടെ നാട് ഹാരീ...?"


"നാടില്ലാത്തവൻ... അതാണ് ഞാൻ..." അദ്ദേഹം മന്ത്രിച്ചു. "യൂറോപ്പിൽ ജീവിച്ച് ജോലി ചെയ്യുന്ന ഒരു അമേരിക്കക്കാരൻ... കുടുംബം, ബന്ധുക്കൾ എന്നൊക്കെ പറയാൻ പ്രത്യേകിച്ച് ആരുമില്ലാത്തവൻ..."


"വിശ്വപൗരൻ...?"


"എന്നല്ല..." അദ്ദേഹം പെട്ടെന്ന് ക്ഷുഭിതനായത് പോലെ കാണപ്പെട്ടു. "ഐ ജസ്റ്റ് ഡോണ്ട് ബിലോങ്ങ്... ഡോണ്ട് ബിലോങ്ങ് എനിവേർ... അന്ന് 1918 ൽ ആ ട്രെഞ്ചുകളിൽ എവിടെയെങ്കിലും മരിച്ച് വീഴേണ്ടിയിരുന്നവൻ... മുകളിലിരിക്കുന്നവന് പറ്റിയ കൈയ്യബദ്ധമാകാം... ഒരു പക്ഷേ, ഇവിടെ എത്തിപ്പെടേണ്ട ആളേ ആയിരുന്നിരിക്കില്ല ഞാൻ..."


ദ്വേഷ്യത്തോടെ അവൾ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് തനിക്ക് അഭിമുഖമായി നിർത്തി. "അല്പം കൂടുന്നുണ്ട് കേട്ടോ... എന്തിലും‌ ദോഷം മാത്രം കാണുന്ന, ആത്മനിന്ദ നിറഞ്ഞ ഈ വർത്തമാനം കേട്ട് ഞാൻ മടുത്തു ഹാരി മാർട്ടിനോ... നിങ്ങളുടെ ഈ കവചം വല്ലപ്പോഴുമെങ്കിലും ഒന്ന് ഉപേക്ഷിച്ചു കൂടേ...? ചുരുങ്ങിയത് എന്റെ മുമ്പിലെങ്കിലും...?"


അദ്ദേഹത്തിന് എന്തെങ്കിലും മറുപടി പറയാനാവുന്നതിന് മുമ്പ് ആ പരിസരത്തു നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി ഉയർന്നു. ഞെട്ടിത്തിരിഞ്ഞ ഇരുവരും മരക്കൂട്ടങ്ങൾക്കിടയിലൂടെ ധാന്യപ്പുരയുടെ സമീപത്തേക്ക് നോക്കി. ക്ലൈസ്റ്റിന്റെ കൈകളിൽ നിന്നും രക്ഷപെടാനായി മല്ലിടുന്ന മേരിയെയാണ് അവർ കണ്ടത്. അത് കണ്ട് ചിരിച്ചു രസിച്ച് തൊട്ടരികിൽ നിൽക്കുന്ന ഗ്രൈസർ.


"ഹാരീ, ദൈവത്തെയോർത്ത് എന്തെങ്കിലും ഒന്ന് ചെയ്യൂ..." സാറ അപേക്ഷിച്ചു.


"തീർച്ചയായും... പക്ഷേ, നീ ഇതിൽപ്പെടാതെ മാറി നിന്നോളൂ..."


ധാന്യപ്പുര ലക്ഷ്യമാക്കി മാർട്ടിനോ നടന്നു തുടങ്ങിയതും മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഷോൺ ഗാലഗർ ഓടിക്കിതച്ച് ആ ജർമ്മൻകാർക്ക് മുന്നിൽ എത്തി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




8 comments:

  1. മാർട്ടിനോ ഇനിയെങ്കിലും കവചം മാറ്റൂ.. സാറയുടെ ന്യായമായ ആവശ്യം.

    മാർട്ടിനോ എത്തി. മേരിയെ രക്ഷിക്കാൻ

    ReplyDelete
    Replies
    1. മാർട്ടിനോയുടേത് മുഖംമൂടിയാണെന്ന് സാറയ്ക്ക് മനസ്സിലായി...

      Delete
  2. ആ ജർമ്മൻകാരുടെ അവസ്ഥയേ!!

    ReplyDelete
    Replies
    1. വേണ്ടാത്ത പണിയായിപ്പോയി...

      Delete
  3. മുഖംമൂടി മാറ്റെണ്ടി വരുമോ...

    അടുത്ത ലക്കം ഫൈറ്റ് സീൻ ആകുമല്ലേ

    ReplyDelete
    Replies
    1. അതെ... മനസ്സിലാക്കിക്കളഞ്ഞല്ലോ ശ്രീക്കുട്ടൻ... 😊

      Delete
  4. പൊരിഞ്ഞ അടി തന്നെ ആയിക്കോട്ടെ

    ReplyDelete
    Replies
    1. അടി കാണാൻ കൊതിയായിട്ടു വയ്യ അല്ലേ...?

      Delete