Friday, February 11, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 54

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഹെലൻ അടുക്കളയിൽ ഉരുളക്കുഴങ്ങ് മാവ് കൊണ്ടുള്ള പേസ്ട്രി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഗാലഗർ അങ്ങോട്ട് കടന്നു വന്നത്. "നന്നായി... എന്നാൽ പിന്നെ ആ മീനൊന്ന് വെട്ടി വൃത്തിയാക്കിക്കോളൂ..." അവൾ പറഞ്ഞു. 


സിങ്കിന്‌ അടുത്തായി ആ മാർബിൾ സ്ലാബിൽ അല്പം ഇടമുണ്ടായിരുന്നു. ഗാലഗർ തന്റെ പോക്കറ്റിൽ നിന്നും കത്തി പുറത്തെടുത്തു. ഇളം മഞ്ഞ നിറത്തിലുള്ള പിടി. അതിന്റെ ഒരറ്റത്ത് ഞെക്കിയതും ഇരുതലയും മൂർച്ചയുള്ള ബ്ലേഡ്‌ പുറത്തേക്ക് വന്നു. 


"നി‌ങ്ങൾക്കറിയാമല്ലോ ആ കത്തി കാണുന്നത് തന്നെ എനിക്ക് വെറുപ്പാണെന്ന്..." അവൾ പറഞ്ഞു.


"എ‌‌ന്റെ മുത്തശ്ശൻ ഹാർവി ലെ ബ്രോക്കിന്റെ കത്തിയാണിത്... പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം ജെഴ്സിയിൽ നിന്നും ന്യൂഫൗണ്ട്ലാന്റിന് സമീപമുള്ള ഗ്രാന്റ് ബാങ്ക്സിലേക്ക് പായ്ക്കപ്പലിൽ മത്സ്യബന്ധനത്തിന്‌ പോകുന്നത്... കോഡ് മത്സ്യത്തിന് വേണ്ടി... അന്ന് അദ്ദേഹത്തിന് പിതാവ് നൽകിയ സമ്മാനമാണിത്... അദ്ദേഹത്തിന്റെ മരണപത്രത്തിൽ ഈ കത്തി എനിക്ക് നൽകണമെന്ന് എഴുതി വച്ചിരുന്നു... കത്തിയ്ക്കും തോക്കിനുമെല്ലാം എത്രമാത്രം പ്രാധാന്യമാണ് അവർ നൽകിയിരുന്നതെന്ന് നോക്കൂ ഹെലൻ..."


"ഞാനിപ്പോൾ എന്തു വേണമെന്നാണ് നിങ്ങൾ പറയുന്നത്...?  കൈയ്യടിക്കണോ...?" അദ്ദേഹം മത്സ്യം വൃത്തിയാക്കാൻ തുടങ്ങവെ അവൾ ചോദിച്ചു. അപ്പോഴാണ്‌ പുറത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. "ഗ്വിഡോ ആയിരിക്കും... ഇത്തവണത്തെ യാത്ര എങ്ങനെ ആയിരുന്നോ ആവോ..."


അടുത്തു വരുന്ന കാലടി ശബ്ദത്തിന് പിന്നാലെ വാതിലിൽ മുട്ടുന്നത് കേൾക്കാറായി. ഉള്ളിലേക്ക് പ്രവേശിച്ച ഗ്വിഡോ താൻ കൊണ്ടു വന്ന രണ്ട് സ്യൂട്ട്കെയ്സുകൾ താഴെ വച്ചിട്ട് നിവർന്നു. "യാത്ര സുഖമായിരുന്നോ...?" ഹെലൻ ചോദിച്ചു.


"ഇല്ല... വിക്ടർ യൂഗോ ടോർപിഡോ ചെയ്യപ്പെട്ടു... സവരിയെ കാണാതായിരിക്കുന്നു... മൂന്ന് നാവികരും എന്റെ ഗൺ ക്രൂവിലെ നാലു പേരും കൊല്ലപ്പെട്ടു..." അപ്പോഴാണ് തുറന്ന് കിടന്ന വാതിലിലൂടെ സാറയും തൊട്ട് പിന്നിൽ മാർട്ടിനോയും പ്രവേശിച്ചത്. ഓർസിനി തുടർന്നു. "ഇത് ആൻ മാരി ലത്വാ... വിക്ടർ യൂഗോയിലെ യാത്രക്കാരിയായിരുന്നു... കടലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു..." അയാൾ മാർട്ടിനോയെ പരിചയപ്പെടുത്തി. "ഇത് സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ..."


ഹെലൻ ആകെപ്പാടെ അമ്പരന്നു. "എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?"


"താമസ സൗകര്യം, മിസ്സിസ് ഡു വിലാ..." ഇംഗ്ലീഷിലാണ് മാർട്ടിനോ സംസാരിച്ചത്. "ഞാൻ ഈ ദ്വീപിൽ കുറച്ചു ദിവസം ഉണ്ടാകും...  ഞങ്ങൾക്ക് ഒരു ക്വാർട്ടേഴ്സ് വേണം..."


"സാദ്ധ്യമല്ല..." ഹെലൻ പറഞ്ഞു. "ഇത് ക്രീഗ്സ്മറീൻ ഓഫീസർമാർക്ക് മാത്രമായി അനുവദിച്ചിട്ടുള്ള താൽക്കാലിക വസതിയാണ്..."


"നിങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം അറിയില്ലെന്ന് തോന്നുന്നു..." മാർട്ടിനോ പറഞ്ഞു. "എത്ര തന്നെ അസൗകര്യം ഉണ്ടെങ്കിലും ശരി, ഞങ്ങൾക്കിവിടെ താമസിച്ചേ പറ്റൂ... അതുകൊണ്ട് ദയവ് ചെയ്ത് ഞങ്ങൾക്ക് അനുയോജ്യമായ റൂം‌ കാണിച്ചു തന്നാലും..."


ഹെലന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി. ആ മനുഷ്യന്റെ ആജ്ഞാശൈലിയിലുള്ള വാക്കുകളും SS യൂണിഫോമും ഒപ്പമുള്ള കോൾഗേളിനെപ്പോലെ തോന്നിക്കുന്ന പെൺകുട്ടിയുടെ ഉലഞ്ഞ മുടിയും എല്ലാം കണ്ട അവർ സ്വയം നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു. 


"റൈറ്റ്... ഞാൻ പോകുന്നു..." ഓർസിനി പറഞ്ഞു. "കുളിച്ചിട്ട് അല്പമൊന്നുറങ്ങണം... പിന്നീട് കാണാം..." 


അയാൾക്ക് പിന്നിൽ വാതിൽ അടഞ്ഞു. കൈയ്യിൽ കത്തിയുമായി ഗാലഗർ അപ്പോഴും സിങ്കിനരികിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഹെലൻ തിരിഞ്ഞ് അദ്ദേഹത്തെ തള്ളിമാറ്റി മാവ് പുരണ്ട തന്റെ കൈ ടാപ്പിനടിയിൽ കഴുകി. വാതിൽക്കൽ നിൽക്കുന്ന ആ SS ഓഫീസറും പെൺകുട്ടിയും തന്നെ നിരീക്ഷിക്കുന്ന കാര്യം അവർ അറിയുന്നുണ്ടായിരുന്നു.


"ഹെലൻ ആന്റീ, നിങ്ങൾക്കെന്നെ മനസ്സിലായില്ലേ...?" മൃദുവായ സ്വരം കേട്ട് ഹെലൻ അമ്പരന്നു. ഗാലഗർ ആകട്ടെ, അത്ഭുതത്തോടെ അവരുടെ ചുമലിന്‌ മുകളിലൂടെ ആ പെൺകുട്ടിയെ നോക്കി. "അങ്കിൾ ഷോൺ..." അവൾ മൊഴിഞ്ഞു. തന്റെ നേർക്ക് തിരിഞ്ഞ ഹെലനെ നോക്കി അവൾ പറഞ്ഞു. "ഇത് ഞാനാണ്‌ ഹെലൻ ആന്റീ... സാറ..."


കൈ തുടച്ചു കൊണ്ടിരുന്ന തുണി താഴെയിട്ട് മുന്നോട്ട് നീങ്ങിയ ഹെലൻ അവളുടെ ചുമലിൽ പിടിച്ച് മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. അവളെ തിരിച്ചറിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു. നിറഞ്ഞ ചിരിയോടെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവർ ചോദിച്ചു. "ഓ, മൈ ഗോഡ്...! നിനക്കിതെന്തു പറ്റി സാറാ...? എന്തൊരു കോലമാണിത്...?" അടുത്ത നിമിഷം അവർ ഇരുവരും ഗാഢമായ ആലിംഗനത്തിൽ അമർന്നു.



                                 ***



"അപ്പോൾ എങ്ങനെയാണിനി നമ്മുടെ അടുത്ത നീക്കം...?" ഹ്യൂ കെൽസോ ആരാഞ്ഞു. "ഇവിടെ ജെഴ്സിയിൽ എത്തിപ്പെടാൻ തന്നെ കുറച്ചൊന്നുമല്ലല്ലോ പാടുപെട്ടത്... ആ നിലയ്ക്ക് എങ്ങോട്ടാണ്‌ നാം പോകുക...?"


"സാറ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ പറയാം... നേരെ ബാത്ത്റൂമിലേക്ക്... ചൂടുവെള്ളത്തിൽ കുളിക്കാൻ..‌. " ഹെലൻ ഡു വിലാ പറഞ്ഞു. "നിങ്ങൾ മൂവരും സംസാരിച്ചിരിക്കൂ..."


അവർ വാതിലിന് നേരെ നീങ്ങവെ ഗാലഗർ പറഞ്ഞു. "ഹെലൻ, ഞാൻ ആലോചിക്കുകയായിരുന്നു... ഉച്ച കഴിഞ്ഞ് മിസ്സിസ് വൈബർട്ട് വരില്ലേ...? ഏതാനും ദിവസത്തേക്ക് അവർക്ക് അവധി കൊടുക്കുന്നതല്ലേ നല്ലത്...?"


"ശരിയാണ്..." ഹെലൻ പറഞ്ഞു. "അത് നിങ്ങൾ തന്നെ കൈകാര്യം ചെയ്തോളൂ..."


അവർ പുറത്ത് പോയതും കെൽസോ ചോദിച്ചു. "ഇനി എങ്ങനെയാണ് കാര്യങ്ങൾ...?" അദ്ദേഹത്തിന്റെ സ്വരത്തിൽ അക്ഷമ നിറഞ്ഞിരുന്നു.


"സ്നേഹിതാ, ഞാൻ ഇപ്പോൾ ഇവിടെ കാൽ കുത്തിയതേയുള്ളൂ... ഒ‌ന്ന് ശ്വാസമെടുക്കാനുള്ള സമയമെങ്കിലും തരൂ..." മാർട്ടിനോ പറഞ്ഞു. പോകാനുള്ള സമയമാകുമ്പോൾ അത് ആദ്യമറിയുന്നത് നിങ്ങളായിരിക്കും..."


"തലയ്ക്കുള്ളിൽ വെടിയുണ്ടയുമായിട്ടായിരിക്കുമോ അത്, കേണൽ...?" കെൽസോ ചോദിച്ചു. "അങ്ങനെയാണ് തീരുമാനമെങ്കിൽ അതിന് മുമ്പ് എന്നെ അറിയിക്കുമോ അതോ നേരെയങ്ങ് നടപ്പാക്കലായിരിക്കുമോ...?"


അതിന് മറുപടി നൽകാൻ മാർട്ടിനോ മെനക്കെട്ടില്ല. അദ്ദേഹം താഴേക്ക് പോയി മാസ്റ്റർ ബെഡ്റൂമിൽ ചെന്ന് ഗാലഗർ വരാൻ വേണ്ടി കാത്തിരുന്നു. രഹസ്യ വാതിൽ അടച്ച് താഴെയെത്തിയ ഗാലഗർ ചുമൽ വെട്ടിച്ചു. "അപകടത്തെ തുടർന്ന് ശരിക്കും കഷ്ടപ്പെടുകയാണദ്ദേഹം... കാലിന് ഇപ്പോഴും കടുത്ത വേദനയുണ്ട്..."


"ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നവരല്ലേ നമ്മൾ എല്ലാവരും തന്നെ..." മാർട്ടിനോ പറഞ്ഞു. 


വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുനിഞ്ഞ ഗാലഗർ മാർട്ടിനോയുടെ ചുമലിൽ കൈ വച്ചു. "അദ്ദേഹം പറഞ്ഞത് പോലെയെങ്ങാനും സംഭവിക്കുമോ...? തലയ്ക്കുള്ളിൽ വെടിയുണ്ട കയറുന്ന കാര്യം...?"


"ചിലപ്പോൾ..." മാർട്ടിനോ പറഞ്ഞു. "കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ മാത്രമേ അതേക്കുറിച്ച് എന്തെങ്കിലും പറയാനാവൂ... ശരിയല്ലേ...? തൽക്കാലം ഞാൻ പോയി ഒന്ന് കുളിക്കട്ടെ..."



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. "തലയ്ക്കുള്ളിൽ വെടിയുണ്ടയുമായിട്ടായിരിക്കുമോ " Daive..

    ReplyDelete
    Replies
    1. അത് വേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം ഉണ്ടാപ്രീ...

      Delete
  2. മരണപത്രത്തിൽ കത്തിയും..🤭

    ReplyDelete
  3. "ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നവരല്ലേ നമ്മൾ എല്ലാവരും തന്നെ..."

    ReplyDelete
  4. അതെ. കാര്യങ്ങൾ കുറച്ചു കൂടെ മുന്നോട്ട് നീങ്ങട്ടെ. അപ്പോ അറിയാം

    ReplyDelete
  5. പോയി കുളി. ഒന്ന് തണുക്കട്ടെ.

    ReplyDelete