Friday, February 18, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 55

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡോഗൽ മൺറോ ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെയാണ് ജാക്ക് കാർട്ടർ എത്തിയത്. "ജെഴ്സിയിലേക്ക് പോയവരെക്കുറിച്ച് സമ്മിശ്രമായ വാർത്തകളാണ്‌‌ വരുന്നത് സർ..." കാർട്ടർ പറഞ്ഞു.


"എന്തു തന്നെയാണെങ്കിലും പറയൂ ജാക്ക്..."


"ക്രെസ്സന്റെ സന്ദേശം ഉണ്ടായിരുന്നു... നമ്മുടെ പ്ലാൻ പോലെ തന്നെ എല്ലാം നടന്നു... കഴിഞ്ഞ രാത്രിയിൽ മാർട്ടിനോയും സാറയും ഗ്രാൻവിലായിൽ നിന്നും ജെഴ്സിയിലേക്ക് തിരിച്ചു..."


"എന്നിട്ട്...?"


"പിന്നീട് ക്രെസ്സന്റെ മറ്റൊരു സന്ദേശം കൂടി ലഭിച്ചു... അവരുടെ കോൺവോയ് അപകടത്തിൽപ്പെട്ടുവത്രെ... MTB അറ്റാക്ക്... കൂടുതലൊന്നും അയാൾക്കറിയില്ല..."


"മറ്റു കേന്ദ്രങ്ങളിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ...?"


"നേവൽ ഇന്റലിജൻസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു... ഫാൾമൗത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന റോയൽ ഡച്ച് നേവിയുടെ മോട്ടോർ ടോർപിഡോ ബോട്ടുകളാണത്രെ ആക്രമണത്തിന്‌ പിന്നിൽ... ഒരു കപ്പലിനെ മുക്കി എന്ന് അവർ അവകാശപ്പെടുന്നു... പക്ഷേ, അപ്പോഴേക്കും എസ്കോർട്ട് ബോട്ടുകൾ തുരത്തിയതിനാൽ കൂടുതൽ വിവരങ്ങൾ അവർക്കും അറിയില്ല..."


"ഗുഡ് ഗോഡ്, ജാക്ക്... മുങ്ങിയ ആ കപ്പലിലാണ് മാർട്ടിനോയും സാറയും ഉണ്ടായിരുന്നത് എന്നൊന്നുമല്ലല്ലോ നിങ്ങൾ പറഞ്ഞു വരുന്നത്...?"


"അറിയില്ല സർ... മാത്രവുമല്ല, അതറിയാൻ ഒരു മാർഗ്ഗവും നമ്മുടെ മുന്നിൽ ഇല്ല താനും..."


"ശരിയാണ്... അതുകൊണ്ട്, തൽക്കാലം അതേക്കുറിച്ചോർത്ത് വിഷമിച്ചിട്ട് കാര്യമില്ല... സമാധാനമായി ഇരുന്ന് ഒരു കപ്പ് ചായ അകത്താക്കാൻ നോക്കൂ..." മൺറോ തന്റെ പ്ലേറ്റിലെ ടോസ്റ്റ് എടുത്ത് കഴിക്കുവാനാരംഭിച്ചു.



           ‌‌‌‌‌                   ***


ഹെല‌‌ൻ നൽകിയ പ്രത്യേകയിനം സോപ്പ് ഉപയോഗിച്ച് സാറ തന്റെ മുടി കഴുകി. എ‌ന്നിട്ടും ആകെപ്പാടെ അലങ്കോലമായിരുന്നു അവളുടെ മുടി. ബാത്ത്റൂമിലേക്ക് വന്ന ഹെലൻ അവളെ കണ്ട് പറഞ്ഞു. "പ്രയോജനമില്ല... ഒരു ഹെയർ ഡ്രെസ്സറെത്തന്നെ കാണിക്കേണ്ടി വരും..."


"അവരൊക്കെ ഇപ്പോഴുമു‌ണ്ടോ ഇവിടെ...?"


"ഓ, യെസ്... സെന്റ് ഹെലിയറിൽ പോകണമെന്ന് മാത്രം... ഒരു വിധം ഷോപ്പുകളൊക്കെ തുറക്കുന്നുണ്ട്... പക്ഷേ, പ്രവർത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്... രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമാണ് തുറക്കുക..."


മോശമല്ലാത്ത രീതിയിൽ സാറയുടെ മുടി ചീകി വയ്ക്കാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും‌ ഹെലൻ അതിൽ വിജയിച്ചില്ല. "എന്റെ കോലം കണ്ടാൽ എന്ത് തോന്നും...?" സാറ ചോദിച്ചു.


"ഒട്ടും പോരാ... എങ്കിലും‌ നിന്റെ പെരുമാറ്റം നല്ലതാണെങ്കിൽ ആരും തെറ്റിദ്ധരിക്കില്ലെന്ന് കരുതാം... ജർമ്മൻകാർ വളരെ നല്ലവരാണെന്ന് കരുതുന്ന കുറേയേറെ ആൾക്കാർ ഇവിടെയുണ്ട്... ഒരളവ് വരെ ശരിയുമാണ്... പക്ഷേ അവസരം കിട്ടിയാൽ അറിയാം അവരുടെ തനിനിറം... അവർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുകയേ വഴിയുള്ളൂ... ജൂതന്മാർക്കെതിരെ ഒരു ആന്റി-സെമെറ്റിക്ക് നിയമം തന്നെ കൊണ്ടുവന്നിട്ടുണ്ട് അവർ... ഇവിടെയുണ്ടായിരുന്ന ജുതന്മാരെല്ലാം ദ്വീപ് വിട്ടു പോയി എന്നു പറഞ്ഞ് പലരും ആ നിയമത്തെ ഗൗനിക്കുന്നു പോലുമില്ല‌. പക്ഷേ, എന്റെയറിവിൽ രണ്ടു പേർ ഇപ്പോഴും സെന്റ് ബ്രെലേഡിൽ താമസിക്കുന്നുണ്ട്..."


"ജർമ്മൻ അധികാരികൾ അവരെ കണ്ടു പിടിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും...?"


"ദൈവത്തിനറിയാം... ഒളിവിൽ കഴിയുന്ന റഷ്യൻ അടിമപ്പണിക്കാരെ ജോലിയ്ക്ക് വച്ച ചിലരെയെല്ലാം കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചു എന്ന് കേട്ടിരുന്നു... ജെഴ്സി കോളേജ് ഫോർ ഗേൾസിൽ എന്റെ ഒരു കൂട്ടുകാരി അദ്ധ്യാപികയായി ജോലി നോക്കുന്നുണ്ടായിരുന്നു... അവളുടെ പിതാവ് ഒരു റേഡിയോ അനധികൃതമായി കൈവശം വച്ചിരുന്നു... താൻ കേൾക്കുന്ന BBC വാർത്തകൾ തന്റെ സുഹൃത്തുക്കൾക്കിടയിൽ അവൾ പങ്ക് വയ്ക്കാറുണ്ടായിരുന്നു... അങ്ങനെയിരിക്കെയാണ് ഗെസ്റ്റപ്പോയ്ക്ക് ഒരു ഊമക്കത്ത് ലഭിക്കുന്നതും അവർ അവളുടെ വസതിയിൽ അന്വേഷണത്തിനെത്തുന്നതും. ഒരു വർഷത്തെ ജയിൽവാസത്തിനായി അവർ അവളെ ഫ്രാൻസിലേക്കയച്ചു..."


"ഊമക്കത്തോ...? എന്നു വച്ചാൽ ഈ നാട്ടുകാരിലൊരാൾ തന്നെ... കഷ്ടം..."


"ഏതു കൂടയിലും കേടുവന്ന ഒരു ആപ്പിളെങ്കിലും ഇല്ലാതിരിക്കില്ലല്ലോ... അക്കാര്യത്തിൽ ജെഴ്സിയിലും സ്ഥിതി വ്യത്യസ്തമല്ല സാറാ... എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്... സോർട്ടിങ്ങ് ഓഫീസിലെ പോസ്റ്റ്മാൻമാർ... ഗെസ്റ്റപ്പോയുടെ അഡ്രസ്സിലേക്കുള്ള കത്തുകളിൽ ഭൂരിഭാഗവും അവിടെ എത്താതിരിക്കാൻ അവർ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്..." അവർ മുടി ചീകുന്നത് നിർത്തി. "എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാൻ ചെയ്തിട്ടുണ്ട് കുട്ടീ... ഇത്രയേ പറ്റൂ..."


സാറ കട്ടിലിൽ വ‌ന്നിരുന്ന് സ്റ്റോക്കിങ്ങ്സ് എടുത്ത് കാലുകളിൽ വലിച്ചു കയറ്റി. "മൈ ഗോഡ്...!" ഹെലൻ പറഞ്ഞു. "ഇത്തരം സ്റ്റോക്കിങ്ങ്സ് കണ്ടിട്ട് വർഷം നാലായി... അതുപോലെ തന്നെ ഈ വസ്ത്രവും..." അവർ സാറയുടെ തലയിലൂടെ ആ ഉടുപ്പ് വലിച്ചിറക്കി സിപ്പ് ഇട്ടുകൊടുത്തു. "നീയും മാർട്ടിനോയും... എങ്ങനെയാണ് അദ്ദേഹത്തോടൊപ്പം നീ കഴിയുന്നത്...? നിന്റെ അച്ഛനാവാനുള്ള പ്രായമുണ്ടല്ലോ..."


"അച്ഛനെപ്പോലെയൊന്നുമല്ല... അതുറപ്പ്..." പുഞ്ചിരിച്ചുകൊണ്ട് അവൾ ഷൂസ് ധരിച്ചു. "ഒരു പക്ഷേ, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രോഷാകുലനും അതോടൊപ്പം മോഹിപ്പിക്കുന്നവനും ആയ പുരുഷൻ..."


"അദ്ദേഹത്തോടൊപ്പമാണോ നീ ഉറങ്ങുന്നത്...?" ഹെലൻ ചോദിച്ചു.


"ഈ ദൗത്യത്തിൽ ഫോഗെലിന്റെ കീപ്പിന്റെ റോളിലല്ലേ ഞാൻ, ഹെലൻ ആന്റീ..."


"അങ്ങനെയൊരു രൂപത്തിൽ നിന്നെ ചിന്തിക്കാ‌ൻ പോലും എന്നെക്കൊണ്ടാവില്ല എന്റെ കുട്ടീ..." ഹെലൻ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. "ഏതു കൂടയിലും കേടുവന്ന ഒരു ആപ്പിളെങ്കിലും ഇല്ലാതിരിക്കില്ലല്ലോ..."

    ReplyDelete
  2. ഹെലനു എന്തൊക്കെ അറിയണം 🙆🏻‍♂️

    ReplyDelete
  3. ഓരോ റോളിനും വേഷം കെട്ടി..

    ReplyDelete
    Replies
    1. സാറയ്ക്ക് അതിൽ വിരോധവും ഇല്ലെന്നോർക്കണം...

      Delete
  4. എന്നാ തരം ജൻമം ആണ് ഈ സാറയുടേത്??

    ReplyDelete