Friday, August 12, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 75

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – പതിമൂന്ന്


സിൽവർടൈഡ് ഹോട്ടലിലെ തന്റെ ഓഫീസിൽ ഇനിയും ബാക്കിയുള്ള ഫയലുകൾ പരിശോധിച്ച് തീർപ്പാക്കുന്ന തിരക്കിലാണ് മുള്ളർ. വാതിലിൽ തട്ടിയിട്ട് പതുക്കെ കതക് തുറന്ന് ഏണസ്റ്റ് ഗ്രൈസർ ഉള്ളിലേക്ക് എത്തിനോക്കി. “ഇത്ര വൈകിയിട്ടും ജോലിയിലാണല്ലോ ഹെർ ക്യാപ്റ്റൻ…”


“ഇന്നത്തെ എന്റെ സമയം മുഴുവനും ഫീൽഡ് മാർഷൽ അപഹരിച്ചു. മിക്കവാറും നാളെയും അങ്ങനെ തന്നെ ആയിരിക്കാനാണ് സാദ്ധ്യത…” മുള്ളർ പറഞ്ഞു. “അടുത്തയാഴ്ച്ച കോടതിയിൽ സമർപ്പിക്കാൻ ചുരുങ്ങിയത് പന്ത്രണ്ട് കേസുകളെങ്കിലുമുണ്ട്… ഇന്ന് രാത്രി തന്നെ അവയെല്ലാം തയ്യാറാക്കി വയ്ക്കണമെന്ന് വിചാരിക്കുന്നു…” അദ്ദേഹം പിന്നിലേക്ക് നിവർന്ന് കോട്ടുവായിട്ടു. “അല്ല, ഈ നേരത്ത് നിങ്ങളെന്താണിവിടെ…?”


“സ്റ്റ്യൂട്ട്ഗാർട്ടിലുള്ള എന്റെ സഹോദരന് ഒരു ഫോൺകോൾ ബുക്ക് ചെയ്തിരുന്നില്ലേ… അവനുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ…”


മുള്ളറുടെ ക്ഷീണമെല്ലാം പറന്നകന്നു. “ഫോഗലിനെക്കുറിച്ച് എന്താണയാൾ പറഞ്ഞത്…?”


“ബെർലിനിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന കാലത്തൊന്നും ഇങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ലത്രെ… പ്രിൻസ് ആൽബ്രസ്ട്രാസെയുടെ അറ്റത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് ഈ SD ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്… അതുകൊണ്ടു തന്നെ SDയിലെ പ്രമുഖരായിരുന്ന ഹെയ്ഡ്രിച്ചിനെയും വാൾട്ടർ ഷെല്ലെൻബെർഗിനെയും അല്ലാതെ മറ്റാരെക്കുറിച്ചും അവന് കേട്ടുപരിചയമില്ലത്രെ… അവർ ഇരുവരെയും SS സേന പിന്നീട് വധിക്കുകയും ചെയ്തുവല്ലോ… എന്നിരുന്നാലും, ബെർലിനിൽ ഉണ്ടായിരുന്ന കാലത്തെ അവന്റെ അനുഭവത്തിൽ, ഫോഗെലിനെപ്പോലുള്ള ആളുകളെ പ്രത്യേക അധികാരങ്ങൾ നൽകി റൈഫ്യൂറർ പലയിടത്തേക്കും അയയ്ക്കാറുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ് പോലും… ആരൊക്കെയാണ് അവരെന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പും ഉണ്ടായിരുന്നില്ലത്രെ…”


“അപ്പോൾ നമ്മുടെ അന്വേഷണം വെറുതെയായി എന്ന് സാരം…” മുള്ളർ നിരാശനായി.


“എന്ന് പറയാറായിട്ടില്ല… റൈ ചാൻസലറിയിയിലെ റൈഫ്യൂററുടെ ഓഫീസിനോടനുബന്ധിച്ച SD ഓഫീസിൽ നിന്നും ഇതുപോലുള്ള ആളുകളെ പ്രത്യേക ദൗത്യവുമായി അയയ്ക്കാറുണ്ടെന്നുള്ള കാര്യം അവൻ ശരി വയ്ക്കുന്നുണ്ട്… അവിടെ ഒരാളെ അവന് പരിചയമുണ്ടത്രെ…”


“ആരാണത്…?”


“ലോട്ടെ ന്യുമാൻ എന്ന ഒരു SS ഓക്സിലറി… ബെർലിനിൽ ഉണ്ടായിരുന്ന സമയത്ത് അവന്റെ മേലധികാരി ആയിരുന്നുവത്രെ ആ സ്ത്രീ… റൈഫ്യൂററുടെ സഹായികളിലൊരുവന്റെ സെക്രട്ടറിയാണ് അവരിപ്പോൾ…”


“അവരുമായി സംസാരിക്കാനാണോ തീരുമാനം…?”


“ബെർലിനിലേക്ക് ടെലിഫോൺ കോൾ ബുക്ക് ചെയ്തിട്ടുണ്ടത്രെ… എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ അറിയിക്കാമെന്നേറ്റിട്ടുണ്ടവൻ… ചുരുങ്ങിയത് എത്രകണ്ട് പ്രാധാന്യമുള്ളയാളാണ് ഈ ഫോഗെൽ എന്ന കാര്യമെങ്കിലും അറിയാനാവുമല്ലോ… അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാതിരിക്കില്ല അവരിൽ നിന്നും…”


“എക്സലന്റ്…” മുള്ളർ തല കുലുക്കി. “ആട്ടെ, വില്ലിയെ കണ്ടിരുന്നോ…?”


“കണ്ടിരുന്നു…” അത്ര താല്പര്യമില്ലാത്ത മട്ടിൽ ഗ്രൈസർ തല കുലുക്കി. “ക്ലബ്ബിൽ വച്ച്… സെന്റ് ഹെലിയറിലെ ഏതോ ബാറിലേക്ക് പോകുകയാണത്രെ…”


“എന്തിന്, മദ്യപിയ്ക്കാൻ വേണ്ടിയോ…?” ഗ്രൈസർ പരുങ്ങുന്നത് കണ്ട് മുള്ളർ നിർബ്ബന്ധിച്ചു. “എന്താണെന്ന് വച്ചാൽ പറയൂ മനുഷ്യാ…”


“അതെ, ഹെർ ക്യാപ്റ്റൻ… ഞാൻ കാണുമ്പോൾത്തന്നെ നല്ല ലഹരിയിലായിരുന്നു അയാൾ… താങ്കൾക്കറിയാമല്ലോ ഞാൻ വളരെ കുറച്ചേ മദ്യപിക്കുകയുള്ളൂവെന്ന്… കുറച്ച് നേരം അയാളോടൊപ്പം ഞാൻ ചെലവഴിച്ചു… കുറച്ചു കഴിഞ്ഞപ്പോഴേക്കും സമനില തെറ്റിയ പോലെ പെരുമാറിത്തുടങ്ങി അയാൾ. ദ്വേഷ്യം മൂത്ത് വയലന്റാകുന്ന നിലയിലേക്കെത്തി. എന്നോട് കടന്നു പോകാൻ പറഞ്ഞു…”


“നാശം…!” മുള്ളർ നെടുവീർപ്പിട്ടു. “ഒന്നും തന്നെ ചെയ്യാനില്ല… ഏതെങ്കിലും പെണ്ണിന്റെ കൂടെയായിരിക്കും അയാളിപ്പോൾ… എന്നാൽ പിന്നെ നിങ്ങൾ ഉറങ്ങാൻ പൊയ്ക്കോളൂ… നാളെ രാവിലെ എന്നെ കാണണം… പത്തു മണിക്ക്, സെപ്റ്റംബർടൈഡിൽ…”


“ശരി, ക്യാപ്റ്റൻ…”


അയാൾ പുറത്തേക്ക് നടന്നു. മുള്ളർ പേന കൈയ്യിലെടുത്തിട്ട് മറ്റൊരു ഫയൽ തുറന്നു.


                                                  ***


ആ സമയം, ഡു വിലാ എസ്റ്റേറ്റിലെ ഗാലഗറിന്റെ കോട്ടേജിന് സമീപത്തെ റോഡരികിൽ തന്റെ വാഹനം പാർക്ക് ചെയ്യുകയായിരുന്നു വില്ലി ക്ലൈസ്റ്റ്. മനുഷ്യന്റെ സാമാന്യയുക്തിയ്ക്കുമപ്പുറം മദ്യപിച്ചിട്ടുണ്ടായിരുന്നു അയാൾ. തന്റെ കൈയ്യിലെ ഷ്നാപ്സ് ബോട്ട്‌ൽ തുറന്ന് ഒരു കവിൾ അകത്താക്കിയതിന് ശേഷം പോക്കറ്റിനുള്ളിൽ തിരുകി. പിന്നെ കാറിൽ നിന്നും ഇറങ്ങി വേച്ചു വേച്ച് ഗാലഗറിന്റെ കോട്ടേജിന് നേർക്ക് നടന്നു.


സിറ്റിങ്ങ് റൂമിന്റെ ജാലകത്തിലെ കർട്ടന്റെ വിടവിലൂടെ നേരിയ പ്രകാശം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. കോട്ടേജിന്റെ വാതിലിൽ അയാൾ രണ്ടുമൂന്ന് തവണ ചവിട്ടിനോക്കി. ഉള്ളിൽ നിന്നും പ്രതികരണമൊന്നും തന്നെയില്ല. ഒരു വട്ടംകൂടി ചവിട്ടിയിട്ടും ആരെയും കാണാത്തതിനാൽ അയാൾ ഡോറിന്റെ ഹാൻഡിൽ തിരിച്ചുനോക്കി. അത് ലോക്ക് ചെയ്തിട്ടില്ലായിരുന്നു. വാതിൽ തുറന്ന് അയാൾ ഉള്ളിലേക്ക് എത്തിനോക്കി. സിറ്റിങ്ങ് റൂമിലെ മേശമേൽ ഒരു എണ്ണവിളക്ക് മുനിഞ്ഞു കത്തുന്നു. നെരിപ്പോടിനുള്ളിൽ കനലുകൾ എരിയുന്നുണ്ട്. പക്ഷേ, എവിടെയും ആളനക്കമില്ല. കിച്ചണിലും ആരുമുണ്ടായിരുന്നില്ല.


സ്റ്റെയർകെയ്സിന്റെ ചുവട്ടിൽ നിന്നുകൊണ്ട് അയാൾ വിളിച്ചു ചോദിച്ചു. “ഗാലഗർ, എവിടെയാണ് നിങ്ങൾ…?”


പക്ഷേ, മറുപടിയുണ്ടായില്ല. ആ എണ്ണവിളക്കുമായി അയാൾ മുകളിലത്തെ നിലയിലേക്ക് കയറി. രണ്ട് ബെഡ്റൂമുകളിലും ആരുമില്ല. അല്പം ബുദ്ധിമുട്ടിയാണെങ്കിലും സാവധാനം സ്റ്റെയർകെയ്സ് ഇറങ്ങി അയാൾ വീണ്ടും സിറ്റിങ്ങ് റൂമിലെത്തി വിളക്ക് മേശപ്പുറത്ത് വച്ചു.


ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് അയാൾ വിളക്കിന്റെ തിരി താഴ്ത്തി തീനാളം അണച്ചു. ഇപ്പോൾ അവിടെ നെരിപ്പോടിലെ കനൽവെട്ടം മാത്രം. ജാലകത്തിന്റെ കർട്ടൻ ഇരുവശത്തേക്കും വകഞ്ഞു മാറ്റിയിട്ട് അവിടെക്കണ്ട ആട്ടുകസേരയിൽ ഇരുന്ന് പുറത്തേക്ക് നോക്കി. നിലാവെട്ടത്തിൽ മുറ്റത്തെ ദൃശ്യങ്ങൾ തെളിഞ്ഞു കാണാമായിരുന്നു.  


“റൈറ്റ്, യൂ ബാസ്റ്റർഡ്… എപ്പോഴെങ്കിലും തിരിച്ചെത്തുമല്ലോ നിങ്ങൾ …” 


വലതുഭാഗത്തെ പോക്കറ്റിൽ നിന്നും മോസർ പുറത്തെടുത്ത് മടിയിൽ വച്ചിട്ട് അയാൾ കാത്തിരുന്നു.


(തുടരും)


അടുത്ത ലക്കത്തിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...

8 comments:

  1. മൊത്തം കുളം ആകുന്ന ലക്ഷണം ഉണ്ടല്ലോ ..

    ReplyDelete
  2. റൈഫ്യൂറർ പ്രത്യേക അധികാരം നൽകി അയയ്ക്കുന്ന ആളുകൾ, ചാരന്മാരെ സൂക്ഷിക്കുക

    ReplyDelete
    Replies
    1. ആരെയും വിശ്വസിക്കാനാവില്ല...

      Delete
  3. അവിടെ മാർട്ടിനോ.. ഇവിടെ വില്ലി ക്ലൈസ്റ്റ്.. സംഘർഷഭരിതമാണല്ലോ കാര്യങ്ങൾ..

    ReplyDelete
    Replies
    1. രണ്ടുപേരും തോക്കും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്...

      Delete
  4. അന്നൊക്കെ ഈ മോസർ ആണോ സ്ഥിരം തോക്ക്. എല്ലാർടെയും കയ്യിൽ ഉണ്ട് ല്ലോ 😏

    ReplyDelete
    Replies
    1. അതെ... ജർമ്മൻകാരുടെ പ്രശസ്തമായ തോക്കാണത്...

      Delete