Wednesday, December 21, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 94

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ജെഴ്സിയിൽ, കൺട്രോൾ റൂമിലെ റേഡിയോയുടെ മുന്നിൽ ആ വാർത്ത വിശ്വസിക്കാനാവാതെ അഡ്ലർ നിന്നു. ഇയർഫോൺ എടുത്തു മാറ്റിയിട്ട് പതുക്കെ അയാൾ തിരിഞ്ഞു.

 

“ദൈവത്തെയോർത്ത്, എന്താണ് സംഭവിച്ചതെന്നു പറയൂ” നെക്കർ ആവശ്യപ്പെട്ടു.

 

“ഷെർബർഗ് കൺട്രോൾ റൂം ആയിരുന്നുവത് ആ ജങ്കേഴ്സ്-88Sനെ കാണാതായത്രെ

 

“കാണാതായെന്നോ? എന്നു വച്ചാൽ?”

 

“ആ പൈലറ്റുമായി റേഡിയോ സമ്പർക്കത്തിലായിരുന്നു അവർ നിരവധി തവണ അയാൾ അവരെ ആക്രമിച്ചുവത്രെ പെട്ടെന്നാണ് റേഡിയോ ബന്ധം നഷ്ടമായതും വിമാനം റഡാർ സ്ക്രീനിൽ നിന്നും അപ്രത്യക്ഷമായതും കടലിൽ പതിച്ചുകാണുമെന്നാണ് അവർ കരുതുന്നത്

 

“ഞാനത് മുൻകൂട്ടി കാണേണ്ടതായിരുന്നു” പതിഞ്ഞ സ്വരത്തിൽ ഹോഫർ പറഞ്ഞു. “അതിവിദഗ്ദ്ധനായ ഒരു പൈലറ്റാണ് സോർസഞാനാണ് അയാളെ വ്യോമസേനയിലേക്ക് സെലക്റ്റ് ചെയ്തത് ഞാനത് മനസ്സിലാക്കേണ്ടതായിരുന്നു ആട്ടെ, ആ മെയിൽ വിമാനത്തിന്റെ കാര്യം?”

 

“ഇപ്പോഴും റാഡാറിലുണ്ട് ചാനലിന് മുകളിലൂടെ ഇംഗ്ലീഷ് തീരം ലക്ഷ്യമാക്കി പറന്നുകൊണ്ടിരിക്കുന്നു അവരെ തടയാൻ ഇനി ഒരു മാർഗ്ഗവുമില്ല നമ്മുടെ മുന്നിൽ” അഡ്ലർ പറഞ്ഞു.

 

അവിടെങ്ങും നിശ്ശബ്ദത പരന്നു. പെട്ടെന്ന് ഇരച്ചെത്തിയ മഴ ജാലകച്ചില്ലിൽ ചരൽ പോലെ വന്നു പതിച്ചു. “ഇനി എന്ത്?” നെക്കർ ആരാഞ്ഞു.

 

“ആ സ്റ്റോർക്ക് വിമാനത്തിൽ അതിരാവിലെ ഞാൻ പുറപ്പെടുന്നു” ഹോഫർ പറഞ്ഞു. “ആ മെയിൽ വിമാനത്തിന്റെ പൈലറ്റ് എന്നോടൊപ്പം വരട്ടെ എത്രയും പെട്ടെന്ന് എനിക്ക് ഫീൽഡ് മാർഷലിന്റെ അടുത്ത് എത്തിയേ തീരൂ

 

“എന്നിട്ട്?” നെക്കർ ചോദിച്ചു. “ഈ വിവരം ബെർലിനിൽ അറിയുമ്പോൾ എന്തായിരിക്കും സംഭവിക്കുക?”

 

“ദൈവത്തിന് മാത്രം അറിയാം സുഹൃത്തേ” പരിക്ഷീണനായി ഹോഫർ പുഞ്ചിരിച്ചു. “എന്തായാലും ഒരു കാര്യം ഉറപ്പാണ് അത്ര നല്ലൊരു ഭാവിയല്ല നമ്മളെ കാത്തിരിക്കുന്നത്

 

                                                 ***

 

പതിനഞ്ച് മിനിറ്റിന് ശേഷം രണ്ടാം വട്ടം സോർസ വിമാനത്തിന്റെ ദിശ മാറ്റി. അപ്പോഴാണ് മാർട്ടിനോയുടെ സന്ദേശത്തിനുള്ള പ്രതികരണം റേഡിയോയിൽ മുഴങ്ങിയത്.

 

“കമിൻ, മാർട്ടിനോ

 

“മാർട്ടിനോ ഹിയർ” അദ്ദേഹം പ്രതിവചിച്ചു.

 

“യുവർ ഡെസ്റ്റിനേഷൻ ഹോൺലി ഫീൽഡ് ഫ്ലൈ അറ്റ് ഫൈവ് തൗസൻഡ് ഫീറ്റ് ആന്റ് എവെയ്റ്റ് ഫർദർ ഇൻസ്ട്രക്ഷൻസ് എസ്കോർട്ട്സ് വിൽ അസിസ്റ്റ് ഷുഡ് ബീ വിത്ത് യൂ ഇൻ മിനിറ്റ്സ്

 

മാർട്ടിനോ തിരിഞ്ഞ്, ഹെഡ്ഫോണുമായി ഇരിക്കുന്ന സോർസയെ നോക്കി. “പറഞ്ഞത് മനസ്സിലായോ?”

 

സോർസ നിഷേധാർത്ഥത്തിൽ തലയാട്ടി. “എനിക്ക് ഇംഗ്ലീഷ് അറിയില്ല

 

ആ സന്ദേശം പരിഭാഷപ്പെടുത്തിക്കൊടുത്തിട്ട് മാർട്ടിനോ ബാമിന്റെ സമീപം തറയിൽ ഇരുന്നു. “സോ ഫാർ സോ ഗുഡ്

 

ബാം പെട്ടെന്ന് മുന്നോട്ടാഞ്ഞിരുന്ന് കൈ ചൂണ്ടി. “അതാ, അങ്ങോട്ട് നോക്കൂ

 

തിരിഞ്ഞു നോക്കിയ മാർട്ടിനോ നിലാവെട്ടത്തിൽ അതു കണ്ടു. അവരുടെ ഇടതുവശത്തേക്ക് പറന്നെത്തി സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്പിറ്റ്ഫയർ യുദ്ധവിമാനം. അദ്ദേഹം തിരിഞ്ഞ് മറുവശത്തേക്ക് നോക്കി. വലതുവശത്ത് മറ്റൊരു സ്പിറ്റ്ഫയർ കൂടി എത്തി അവർക്ക് അകമ്പടി സേവിക്കുന്നു കോ-പൈലറ്റിന്റെ ഹെഡ്ഫോൺ എടുത്ത് അദ്ദേഹം ചെവിയിൽ വച്ചു.

 

“മാർട്ടിനോ, ഡൂ യൂ റീഡ് മീ?” സ്ഫുടമായ സ്വരം അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങി.

 

“മാർട്ടിനോ ഹിയർ

 

“വൈറ്റ് ഐൽസിന് ഇരുപത് മൈൽ കിഴക്കാണ് നിങ്ങളിപ്പോൾ ഇനി തിരിഞ്ഞ് ആൾടിറ്റ്യൂഡ് മുവ്വായിരം അടിയിലേക്ക് താഴ്ത്തി, കര ലക്ഷ്യമാക്കി നീങ്ങാൻ പോകുകയാണ് നാം ഞാൻ മുമ്പിലും എന്റെ സുഹൃത്ത് പിന്നിലുമായി നിങ്ങൾക്ക് അകമ്പടി നൽകുന്നതായിരിക്കും നേരെ ഹോൺലി ഫീൽഡിലേക്ക്

 

“വളരെ സന്തോഷം” ആ സന്ദേശം സോർസയ്ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തിട്ട് മാർട്ടിനോ പിറകോട്ട് ചാരിയിരുന്നു.

 

“എല്ലാം ഓകെയല്ലേ?” ബാം ചോദിച്ചു.

 

“തീർച്ചയായും നമ്മളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകുകയാണ് അവർ ഏറിയാൽ ഒരു പതിനഞ്ച് മിനിറ്റ് അത്ര മാത്രം

 

ബാം ആവേശഭരിതനായി. ഇത്തവണ കെയ്സിൽ നിന്നും സിഗരറ്റ് വലിച്ചെടുക്കുമ്പോൾ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നില്ല. “ഏതൊക്കെയോ കവചം ഭേദിച്ച് പുറത്തിറങ്ങുന്ന പ്രതീതിയാണ് എനിക്കിപ്പോൾ

 

“എനിക്ക് മനസ്സിലാവുന്നു” മാർട്ടിനോ പറഞ്ഞു.

 

“റിയലി? എനിക്ക് അത്ഭുതം തോന്നുന്നു ഞാൻ സ്റ്റാലിൻഗ്രാഡിൽ ഉണ്ടായിരുന്ന കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ജർമ്മൻ ആർമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത് മൂന്ന് ലക്ഷം സൈനികരാണ് അവിടെ മരിച്ചു വീണത് എയർസ്ട്രിപ്പ് അടയ്ക്കുന്നതിന് തലേദിവസമാണ് എനിക്ക് കാലിൽ പരിക്കേറ്റത് ഇതുപോലെ ഒരു പഴയ ജങ്കേഴ്സ്-52 ലാണ് അന്ന് ഞാൻ രക്ഷപെട്ടത് ഇരുപത്തിനാല് ജനറൽമാരടക്കം തൊണ്ണൂറ്റിഒന്നായിരം സൈനികരെയാണ് അന്നവർ യുദ്ധത്തടവുകാരായി പിടിച്ചത് എന്തുകൊണ്ട് അവർ? എന്തുകൊണ്ട് ഞാൻ അതിൽ ഇല്ലാതെ പോയി?”

 

“ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി വർഷങ്ങളോളം അലഞ്ഞിട്ടുണ്ട് ഞാൻ” മാർട്ടിനോ പറഞ്ഞു.

 

“എന്നിട്ട് കണ്ടെത്തിയോ?”

 

“സത്യം പറഞ്ഞാൽ, ഇല്ല ഒടുവിൽ ഞാൻ മനസ്സിലാക്കി, അതിനൊന്നും ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ന്യായമോ യുക്തിയോ ഇല്ലാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാമെന്നും

 

റേഡിയോ വീണ്ടും ശബ്ദിച്ചു തുടങ്ങി. അകമ്പടി സേവിക്കുന്ന വിമാനത്തിൽ നിന്നും വ്യോമമാർഗ്ഗത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളായിരുന്നു അത്. അതെല്ലാം ഉടൻ തന്നെ സോർസയ്ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു. അവർ സാവധാനം ആൾടിറ്റ്യൂഡ് കുറച്ചു കൊണ്ടിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം റേഡിയോ വീണ്ടും ശബ്ദിച്ചു. “ഹോൺലിഫീൽഡ് റൈറ്റ് ഇൻ ഫ്രണ്ട് ഇൻ യൂ ഗോ

 

റൺവേയിൽ ലൈറ്റുകൾ വളരെ വ്യക്തമായി കാണാമായിരുന്നു. ഇത്തവണ പരിഭാഷയുടെ ആവശ്യം വേണ്ടി വന്നില്ല സോർസയ്ക്ക്. വേഗത കുറച്ച് ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്ത് ഒരു പെർഫെക്റ്റ് ലാന്റിങ്ങിനായി ഫ്ലോട്ട് ചെയ്തു. അകമ്പടി സേവിച്ചിരുന്ന സ്പിറ്റ്ഫയറുകൾ ഇരുവശത്തേക്കുമായി അകന്നുനീങ്ങി ഇരുളിലേക്ക് പറന്നുയർന്നു.

 

അനായാസമായി റൺവേയിലിറങ്ങിയ ജങ്കേഴ്സിനെ വേഗത കുറച്ച്, തിരിച്ച് സോർസ കൺട്രോൾ ടവറിന് നേർക്ക് ടാക്സി ചെയ്തു. അവിടെയെത്തിയതും വിമാനം നിർത്തി അദ്ദേഹം എഞ്ചിനുകൾ സ്വിച്ച് ഓഫ് ചെയ്തു. ബാം ചാടിയെഴുന്നേറ്റ് ആവേശത്തോടെ പൊട്ടിച്ചിരിച്ചു. “വീ മെയ്ഡ് ഇറ്റ്!”

 

സാറ പുഞ്ചിരിക്കുകയായിരുന്നു. അവൾ എഴുന്നേറ്റ് മാർട്ടിനോയുടെ കൈകളിൽ മുറുകെ പിടിച്ചു. തറയിൽ ഇരിക്കുന്ന കെൽസോ ഉറക്കെ ചിരിച്ചു. അനിർവ്വചനീയമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആ നിമിഷങ്ങൾ. വിമാനത്തിന്റെ ഡോർ തുറന്നിട്ട് ബാമും മാർട്ടിനോയും പുറത്തേക്ക് എത്തിനോക്കി.

 

“സ്റ്റേ വേർ യൂ ആർ!” ലൗഡ് സ്പീക്കറിലൂടെ ആരുടെയോ ശബ്ദം അവർ കേട്ടു.

 

നീല യൂണിഫോം ധരിച്ച, റൈഫിളുകൾ ഏന്തിയ ഒരു സംഘം RAF സൈനികർ ഒരു നിരയായി അവർക്കരികിലേക്ക് നടന്നടുത്തു. അവർക്ക് പിന്നിലായി നിഴൽ പോലെ വേറെ ചിലരും ഉണ്ടായിരുന്നെങ്കിലും ആരൊക്കെയാണവരെന്ന് മാർട്ടിനോയ്ക്ക് മനസ്സിലായില്ല.

 

ഹെയ്നി ബാം റൺവേയിലേക്ക് ചാടിയിറങ്ങി. “സ്റ്റേ വേർ യൂ ആർ!” ലൗഡ് സ്പീക്കറിലൂടെ ആ ശബ്ദം വീണ്ടും മുഴങ്ങി.

 

ബാം തന്റെ തൂവെള്ള സ്കാർഫ് കഴുത്തിൽ ചുറ്റി കെട്ടിയിട്ട് തിരിഞ്ഞ് മാർട്ടിനോയെ നോക്കി പുഞ്ചിരിച്ച്, സല്യൂട്ട് ചെയ്തു. പിന്നെ ഫീൽഡ് മാർഷലിന്റെ ബാറ്റൺ കൊണ്ട് ക്യാപ്പിന്റെ മുൻഭാഗത്ത് സ്പർശിച്ചിട്ട് ചോദിച്ചു. “വിൽ യൂ ജോയിൻ മീ, സ്റ്റാൻഡർടൻഫ്യൂറർ?”

 

ശേഷം, തിരിഞ്ഞ് ആ സൈനികരുടെ നേർക്ക് കാലുകൾ നീട്ടി വച്ച് നടന്ന അയാൾ വലതുകൈയ്യിലെ ബാറ്റൺ ഉയർത്തി ഇംഗ്ലീഷിൽ അവരോട് പറഞ്ഞു. “പുട്ട് ദി റൈഫിൾസ് എവേ, യൂ ഇഡിയറ്റ്സ് ഓൾ ഫ്രണ്ട്സ് ഹിയർ

 

ഒരേയൊരു വെടിയൊച്ച നിന്ന നിൽപ്പിൽ ഒന്നു കറങ്ങി തിരിഞ്ഞ ബാം വിമാനത്തിനരികിലേക്ക് ഏതാനും ചുവടുകൾ വച്ചു. പിന്നെ മുട്ടുകുത്തി റൺവേയിലേക്ക് മറിഞ്ഞു വീണു.

 

കൈകൾ ഉയർത്തി വീശിക്കൊണ്ട് ഹാരി മുന്നോട്ട് ഓടിച്ചെന്നു. “നോ മോർ, യൂ ഫൂൾസ്! ഇറ്റ്സ് മീ, മാർട്ടിനോ

 

തങ്ങൾക്കരികിലേക്ക് അടുത്തുകൊണ്ടിരുന്ന ആ സൈനികർ പൊടുന്നനെ വേഗത കുറച്ചത് ഹാരി ശ്രദ്ധിച്ചു. അവരോടൊപ്പമുണ്ടായിരുന്ന സ്ക്വാഡ്രൺ ലീഡർ ബാൺസ് വിലക്കിയതു കൊണ്ടായിരുന്നു അത്. ബാമിന് അരികിലെത്തിയ മാർട്ടിനോ മുട്ടുകുത്തി ഇരുന്നു. ബാം ഇടതുകൈ ഉയർത്തി മാർട്ടിനോയുടെ യൂണിഫോമിന്റെ മുൻഭാഗത്ത് പിടിച്ചു.

 

“നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു ഹാരീ” അയാൾ പറഞ്ഞു. “ന്യായമോ യുക്തിയോ ഇല്ല ഒന്നിനും

 

“സംസാരിക്കാതിരിക്കൂ ഹെയ്നീ ഡോക്ടറെ വരുത്താം നമുക്ക് ഉടൻ തന്നെ

 

സാറ ഓടി വന്ന് അയാൾക്കരികിൽ മുട്ടുകുത്തിയിരുന്നു. മാർട്ടിനോയുടെ യൂണിഫോമിൽ നിന്നും ബാമിന്റെ കൈ അയഞ്ഞു. “അവസാനമായി ഒരു കാര്യം, ഹാരീ എനിക്ക് വേണ്ടി കദ്ദിഷ് ചൊല്ലണം പ്രോമിസ്?”

 

“ഐ പ്രോമിസ്” മാർട്ടിനോ പറഞ്ഞു.

 

ബാം ഒന്ന് ചുമച്ചു. അയാളുടെ വായിൽ രക്തം നിറഞ്ഞിരുന്നു. ദേഹം വിറയ്ക്കുന്നത് പോലെ പതുക്കെ മാർട്ടിനോയുടെ യൂണിഫോമിൽ നിന്നും അയാളുടെ കൈ ഊർന്നു വീണു. ആ ശരീരം നിശ്ചലമായി.

 

മാർട്ടിനോ സാവധാനം എഴുന്നേറ്റ് ആ സൈനികരുടെ ഭാഗത്തേക്ക് നോക്കി. സൈനികരുടെ മുന്നിൽ, ബാൺസിന് അരികിൽ നിൽക്കുന്ന ഡോഗൽ മൺറോയെയും ജാക്ക് കാർട്ടറെയും അദ്ദേഹം കണ്ടു.

 

“ഒരു അബദ്ധം, ഹാരീ” മൺറോ പറഞ്ഞു. “പയ്യന്മാരിൽ ഒരുവൻ ഭയന്നു പോയതാണ്

 

“ഒരു അബദ്ധം?” മാർട്ടിനോ ചോദിച്ചു. “അങ്ങനെ നിസ്സാരവത്ക്കരിക്കുകയാണോ താങ്കൾ ഇതിനെ? വാസ്തവത്തിൽ, ആരാണ് യഥാർത്ഥ ശത്രുവെന്ന് ഞാൻ അത്ഭുതപ്പെട്ടു പോകുകയാണ് പിന്നെ, താല്പര്യമുണ്ടെങ്കിൽ കേട്ടോളൂ, താങ്കളുടെ ആ അമേരിക്കൻ കേണൽ വിമാനത്തിനകത്തുണ്ട്

 

അവരെ താണ്ടി ആ സൈനികരെ വകഞ്ഞു മാറ്റി അദ്ദേഹം എയറോ ക്ലബ്ബ് ബിൽഡിങ്ങിന് നേർക്ക് അലക്ഷ്യമായി നടന്നു. ജെഴ്സിയിൽ എത്തിയതിന് ശേഷം ഒരിക്കലും അലട്ടാതിരുന്ന ആ നെഞ്ചുവേദന വീണ്ടും തുടങ്ങിയിരിക്കുന്നു. പഴയ ക്ലബ്ബ് ഹൗസിന്റെ പടവുകളിൽ ഇരുന്നിട്ട് അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. ദേഹമാസകലം തണുപ്പ് ബാധിച്ചത് പോലെ അല്പനേരം കഴിഞ്ഞാണ് അദ്ദേഹം ശ്രദ്ധിച്ചത്, ഏതാനും അടി അപ്പുറത്ത് ഇരിക്കുന്ന സാറയെ.

 

“കദ്ദിഷ് ചൊല്ലണമെന്ന് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥമെന്തായിരുന്നു?” അവൾ ആരാഞ്ഞു.

 

“അത് ഹീബ്രു ഭാഷയിലെ ഒരു പദമാണ് മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥന സാധാരണയായി ബന്ധുക്കളാണ് അത് ചൊല്ലാറുള്ളത് പക്ഷേ, നിർഭാഗ്യവശാൽ അങ്ങനെ ആരും തന്നെയില്ല ഇയാൾക്ക് എല്ലാവരും ഗ്യാസ് ചേംബറുകളിൽ അവസാനിച്ചു” പാതി എരിഞ്ഞു തീർന്ന സിഗരറ്റ് അവൾക്ക് നീട്ടിയിട്ട് അദ്ദേഹം തുടർന്നു. “എനിവേ, നൗ യൂ നോ നിന്റെ വിദ്യാഭ്യാസം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു ബഹുമതി ഇല്ല മഹത്വം ഇല്ല അവിടെ ആ കിടക്കുന്നത് ഹെയ്നി ബാം എന്ന വെറും മനുഷ്യൻ മാത്രം

 

അദ്ദേഹം എഴുന്നേറ്റു. ഒപ്പം അവളും. ആരോ കൊണ്ടുവന്നു കൊടുത്ത സ്ട്രെച്ചറിൽ അവർ ഹെയ്നി ബാമിന്റെ മൃതശരീരം എടുത്തുകൊണ്ടു പോകുന്നുണ്ടായിരുന്നു. ക്രച്ചസിൽ ഊന്നി റൺവേയുടെ അപ്പുറത്തേക്ക് സാവധാനം നടന്നു പോകുന്ന കെൽസോ. അദ്ദേഹത്തിന്റെ ഇരുവശത്തുമായി മൺറോയും കാർട്ടറും.

 

“നിന്റെ റോൾ വളരെ ഭംഗിയായിത്തന്നെ നിർവ്വഹിച്ചു എന്ന് എപ്പോഴെങ്കിലും ഞാൻ പറഞ്ഞിരുന്നുവോ?” മാർട്ടിനോ അവളോട് ചോദിച്ചു.

 

“ഇല്ല

 

“യൂ വേർ ഗുഡ് സോ ഗുഡ് ദാറ്റ് ഡോഗൽ വിൽ പ്രോബബ്ലി ട്രൈ റ്റു യൂസ് യൂ എഗെയ്ൻ അതിന് അനുവദിക്കരുത് നീ നിന്റെ ഹോസ്പിറ്റലിലേക്ക് മടങ്ങിപ്പോകണം

 

“ആരും എങ്ങോട്ടും മടങ്ങിപ്പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല” അവരെ കാത്തു നിൽക്കുന്ന കാറുകൾക്ക് അരികിലേക്ക് നടക്കവെ അവൾ പറഞ്ഞു. “നിങ്ങളോ ഹാരീ? എന്താണ് നിങ്ങളുടെ പ്ലാൻ?”

 

“ഒരു രൂപവുമില്ല എനിയ്ക്ക്

 

റൺവേയിലെ ലൈറ്റുകൾ അണയവെ അവൾ അദ്ദേഹത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു. പിന്നെ ഒരുമിച്ച് ഇരുട്ടിലൂടെ മുന്നോട്ട് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


12 comments:

  1. ചതി...വൻ ചതി...പ്ലാൻ ചെയ്തു തട്ടിയതാണ്..പാവം ബാം

    ReplyDelete
    Replies
    1. ങ്ഹെ...! ഇനി അങ്ങനെയെങ്ങാനും ആയിരിക്കുമോ...!

      Delete
  2. സത്യം പറഞ്ഞാൽ, ഇല്ല… ഒടുവിൽ ഞാൻ മനസ്സിലാക്കി, അതിനൊന്നും ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല എന്ന്… ന്യായമോ യുക്തിയോ ഇല്ലാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാമെന്നും…”

    സത്യം

    ReplyDelete
    Replies
    1. വേദനിപ്പിക്കുന്ന യാഥാർത്ഥ്യം...

      Delete
  3. ഓഹ് ബാം!! ഇങ്ങനെ ഒരു അവസാനം തീരെ പ്രതീക്ഷിച്ചില്ല.. 😔

    ReplyDelete
  4. ഒഹ് ബാമിന് ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല

    ReplyDelete
    Replies
    1. ചോദിക്കാനും പറയാനും ആരോരും ഇല്ലാത്തവൻ...

      Delete
  5. ചോദിക്കാനും പറയാനും ആരോരുമില്ലാത്തവരെ ആർക്കും വെടിവച്ച് വീഴ്ത്താം... ഒരു സോറി പാഞ്ഞാൽ മതി... !!!
    പാവം ബാം ....

    ReplyDelete
  6. പാവം ബാം. അബദ്ധം പറ്റിയെന്ന് നിസ്സാരവത്കരിക്കുന്നത്..ഒരു ജീവന് ഇത്രയേ വിലയുള്ളോ

    ReplyDelete
    Replies
    1. എന്തു ചെയ്യാം സുകന്യാജീ... സൈനിക രംഗത്ത് ഇങ്ങനെയൊക്കെ ആണെന്ന് തോന്നുന്നു...

      Delete