Wednesday, January 4, 2023

നൈറ്റ് ഓഫ് ദി ഫോക്സ് – 96

 

“പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല സംശയത്തിന്റെ നേരിയ നിഴൽ പോലും അവർക്ക് മേൽ ഉണ്ടായിരുന്നില്ല യുദ്ധം അവസാനിച്ചപ്പോൾ സഖ്യകക്ഷികൾ ഗ്വിഡോയെ പിടികൂടി യുദ്ധത്തടവുകാരനാക്കി എന്നാൽ ഡോഗൽ മൺറോ ഇടപെട്ട് ഉടൻ തന്നെ അദ്ദേഹത്തിന്റെ മോചനം സാദ്ധ്യമാക്കുകയാണുണ്ടായത്. ഹെലൻ ഡു വിലായുടെ ഭർത്താവ് റാൾഫ് തിരികെ വന്നത് അങ്ങേയറ്റം ദയനീയമായ അവസ്ഥയിലായിരുന്നു ആഫ്രിക്കൻ മരുഭൂമിയിലെ യുദ്ധനിരയിൽ വച്ച് സാരമായ പരിക്കേറ്റിരുന്നു അയാൾക്ക് അതിൽ നിന്നും സുഖം പ്രാപിക്കാൻ കഴിയാതെ മൂന്നു വർഷങ്ങൾക്ക് ശേഷം അയാൾ മരണമടഞ്ഞു

 

“അതിന് ശേഷം അവരും ഗാലഗറും തമ്മിൽ വിവാഹിതരായോ?”

 

“ഇല്ല ആലോചിച്ചാൽ വിചിത്രമായി തോന്നാം പക്ഷേ, ഞാൻ മനസ്സിലാക്കുന്നത് വളരെക്കാലമായി അവർ ഇരുവരും പരസ്പര ധാരണയിലായിരുന്നുവെന്നാണ് പത്തു വർഷം മുമ്പ് ഹെലൻ ആന്റി മരണമടഞ്ഞു ശ്വാസകോശാർബുദമായിരുന്നു ഏതാനും മാസങ്ങൾ കഴിഞ്ഞ് ഗാലഗറും യാത്രയായി എൺപത്തിമൂന്നാം വയസ്സിൽ ആ പ്രായത്തിലും ഒരു ഒത്ത മനുഷ്യനായിരുന്നു അദ്ദേഹം മരണസമയത്ത് ഞാൻ അരികിലുണ്ടായിരുന്നു

 

“ഞാൻ ആലോചിക്കുകയായിരുന്നു, ഡു വിലാ പ്ലേസിനെയും സെപ്റ്റംബർടൈഡിനെയും കുറിച്ച്” ഞാൻ പറഞ്ഞു. “അവിടമൊക്കെ ഒന്ന് സന്ദർശിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു വല്ല മാർഗ്ഗവുമുണ്ടോ?”

 

“എനിക്കുറപ്പില്ല” അവർ പറഞ്ഞു. “ആ യുദ്ധകാലഘട്ടത്തിൽ നിന്നും വളരെ മാറ്റം വന്നിരിക്കുന്നു ജെഴ്സിയ്ക്ക് ലോകത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ബാങ്കിങ്ങ് സെന്ററുകളിൽ ഒന്നാണ് ജെഴ്സി ഇപ്പോൾ ധാരാളം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥലം അനേകം കോടീശ്വരന്മാരുമുണ്ട് ഇവിടെ അവരിൽ ഒരാളാണ് ഡു വിലാ പ്ലേസിന്റെ ഇപ്പോഴത്തെ ഉടമ ഒരു സന്ദർശനം തരപ്പെടുത്താൻ പറ്റുമോ എന്ന് നോക്കട്ടെ ഞാൻ ഉറപ്പൊന്നും പറയുന്നില്ല

 

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിക്കാതെ ഞാൻ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഏതു നിമിഷവും അതുണ്ടാകുമെന്ന് അവർക്ക് അറിയാമായിരുന്നത് പോലെ തോന്നി. “ഇനി നിങ്ങളുടെയും മാർട്ടിനോയുടെയും കാര്യം പിന്നീടെന്തുണ്ടായി?”

 

“മിലിട്ടറി ഡിവിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഒരു MBE (Most Excellent Order of the British Empire) അവാർഡ് ലഭിച്ചു സ്വാഭാവികമായും, എന്തു സംഭവത്തിന്റെ പേരിൽ ആയിരുന്നുവത് എന്ന കാര്യം അവർ സൂചിപ്പിച്ചിരുന്നില്ല പിന്നെ, എന്തിനാണെന്നറിയില്ല, സ്വതന്ത്ര ഫ്രാൻസിന്റെ വക ഒരു Croix de Guerre ബഹുമതിയും

 

“അമേരിക്കക്കാർ? അവർ എന്തെങ്കിലും മെഡലുകളുമായി വന്നുവോ?”

 

“ഗുഡ് ഗോഡ്, നോ!” അവർ പൊട്ടിച്ചിരിച്ചു. “അവരുടെ കാഴ്ച്ചപ്പാടിൽ അങ്ങനെയൊരു സംഭവം പുറംലോകം അറിയുന്നത് വലിയ ക്ഷീണമായിരുന്നു എത്രയും പെട്ടെന്ന് അതെല്ലാം മറക്കുവാനാണ് അവർ ആഗ്രഹിച്ചത് ഡോഗൽ മൺറോ ബേക്കർ സ്ട്രീറ്റിലെ SOE ഹെഡ്ക്വാർട്ടേഴ്സിൽ എനിക്കൊരു ജോലി ഏർപ്പാടാക്കി വേണ്ടെന്ന് പറയണമെന്ന് വിചാരിച്ചാൽ പോലും എനിക്കതിന് കഴിയില്ലായിരുന്നു WAAFൽ (Women’s Auxillary Air Force) ഒരു സെർവിങ്ങ് ഓഫീസർ ആയിട്ടാണ് എന്നെ നിയമിച്ചത്

 

“മാർട്ടിനോയോ?”

 

“അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടേയിരുന്നു ആ ലിയോൺസ് ദൗത്യത്തിനിടയിൽ നെഞ്ചിലേറ്റ മുറിവ് എന്നും ഒരു പ്രശ്നമായി അവശേഷിച്ചു എങ്കിലും അദ്ദേഹവും എന്നോടൊപ്പം ബേക്കർ സ്ട്രീറ്റിൽത്തന്നെയുണ്ടായിരുന്നു D-Day യ്ക്ക് ശേഷവും ധാരാളം ജോലികളുണ്ടായിരുന്നു അദ്ദേഹത്തിന് ഞങ്ങൾ ഒരുമിച്ചായിരുന്നു താമസിച്ചത് ഓഫീസിൽ നിന്നും നടക്കാനും മാത്രം ദൂരത്ത് ജേക്കബ്സ് വെൽ മാൻഷനിലെ ഒരു ഫ്ലാറ്റിൽ

 

“സന്തോഷവതിയായിരുന്നോ നിങ്ങൾ?”

 

“ഓ, യെസ്” അവർ തല കുലുക്കി. “എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറേ മാസങ്ങൾ അത് അധികം നീണ്ടു നിൽക്കില്ല എന്ന് അറിയാമായിരുന്നെങ്കിൽക്കൂടി ഹീ നീഡെഡ് മോർ, യൂ സീ

 

“ആക്ഷൻ?”

 

“ദാറ്റ്സ് റൈറ്റ് മദ്യത്തിന് അടിമയായവർ അത് കിട്ടാതാകുമ്പോൾ അസ്വസ്ഥരാകുന്നത് കണ്ടിട്ടില്ലേ? അതുപോലെയായിരുന്നു അദ്ദേഹം ഒടുവിൽ അത് ലഭിച്ചു അദ്ദേഹത്തിന് 1945 ൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള സാദ്ധ്യതകൾ ആരാഞ്ഞ് ഏതാനും ജർമ്മൻ ജനറൽമാർ ബ്രിട്ടീഷ് ഇന്റലിജൻസുമായി ബന്ധപ്പെടുകയുണ്ടായി ഡോഗൽ മൺറോയാണ് അതുമായി ബന്ധപ്പെട്ട ദൗത്യത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തത് ലുഫ്ത്‌വാഫിൽ നിന്നും നാം പിടിച്ചെടുത്തിരുന്ന ഒരു അരാഡോ വിമാനത്തിൽ നമ്മുടെ ഒരു പൈലറ്റിനൊപ്പം ഹാരി ജർമ്മനിയിലേക്ക് പറന്നു ജർമ്മൻ അടയാളങ്ങൾ പേറുന്ന ആ വിമാനത്തിൽ ലുഫ്ത്‌വാഫ് യൂണിഫോമിലായിരുന്നു അവർ ഇരുവരും

 

“എന്നിട്ട് അവരവിടെ എത്തിയില്ലേ?”

 

“തീർച്ചയായും എത്തി റൈൻ നദിയുടെ അപ്പുറം ലാന്റ് ചെയ്ത്, ബന്ധപ്പെട്ടവരെയെല്ലാം സന്ധിച്ചതിന് ശേഷം തിരിച്ചു പറക്കുകയും ചെയ്തു

 

“എന്നിട്ട് അപ്രത്യക്ഷമായി?”

 

“അവരുടെ തിരിച്ചുവരവിനെക്കുറിച്ച് നമ്മുടെ ഫൈറ്റർ കമാൻഡിന് അറിയിപ്പ് നൽകിയിരുന്നു പക്ഷേ, ഒരു സ്ക്വാഡ്രണിലേക്ക് ആ നിർദ്ദേശം ഫോർവേഡ് ചെയ്യുവാൻ വിട്ടുപോയി  ഏതോ ഒരു ക്ലെർക്കിന് സംഭവിച്ച പിഴവ്

 

“ഡിയർ ഗോഡ്…!” ഞാൻ വിളിച്ചു പോയി. “എത്ര നിസ്സാരമായ കാരണങ്ങളായിരിക്കാം ചിലപ്പോൾ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നത് അല്ലേ?”

 

“എക്സാക്റ്റ്ലി” അവർ തല കുലുക്കി. “രേഖകളിൽ കാണുന്നത്, മാർഗേറ്റിന് സമീപം വച്ച് നമ്മുടെ സ്പിറ്റ്ഫയർ വിമാനം ഒരു അരാഡോയെ ആക്രമിച്ചിരുന്നുവെന്നാണ് ദൂരക്കാഴ്ച്ച വളരെ മോശമായിരുന്നു അന്ന് താഴ്ന്ന് വ്യാപിച്ചിരുന്ന മേഘപാളികൾക്കിടയിൽ വച്ച് നമ്മുടെ പൈലറ്റിന് അവരുമായുള്ള റേഡിയോ ബന്ധം നഷ്ടമായി കടലിൽ പതിച്ചതായിരിക്കാം എന്ന് അവർ ഊഹിച്ചു ഇപ്പോഴല്ലേ കാര്യങ്ങൾ വ്യക്തമായത്

 

ഒരു നീണ്ട മൗനത്തിനു ശേഷം ഏതാനും വിറകുകഷണങ്ങൾ എടുത്ത് അവർ നെരിപ്പോടിനുള്ളിലേക്ക് നീക്കിവച്ചു.

 

“എന്നിട്ട് നിങ്ങൾ?” ഞാൻ ചോദിച്ചു. “എങ്ങനെ അതിനോട് പൊരുത്തപ്പെട്ടു?”

 

“പൊരുത്തപ്പെടുകയല്ലാതെ മാർഗ്ഗമില്ലായിരുന്നു മെഡിക്കൽ കോളെജിൽ ചേരുവാനായി എനിക്ക് ഗവണ്മന്റ് ഗ്രാന്റ് ലഭിച്ചു യുദ്ധാനന്തരം എക്സ്-സർവീസുകാരുടെ കാര്യത്തിൽ കുറെയൊക്കെ വിശാലമനസ്കരായിരുന്നു അവർ മെഡിക്കൽ ബിരുദം നേടിയതിനു ശേഷം ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന ക്രോംവെൽ ഹോസ്പിറ്റലിൽത്തന്നെ ഒരു വർഷത്തെ ഹൗസ് സർജൻസിയ്ക്ക് ചേർന്നു അതായിരുന്നു പിന്നീട് എന്റെ ജീവിതം കരുപ്പിടിപ്പിച്ചത് എന്നു പറയാം

 

“ആന്റ് യൂ നെവെർ മാരീഡ്” അതൊരു ചോദ്യമായിരുന്നില്ല, മറിച്ച് ഒരു പ്രസ്താവന ആയിരുന്നു. എന്നാൽ അവരുടെ മറുപടി എന്നെ അതിശയിപ്പിച്ചു കളഞ്ഞു. സാമാന്യബുദ്ധി വച്ച് ഞാനത് നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നുവെങ്കിലും.

 

“ഗുഡ് ഹെവൻസ് എന്തടിസ്ഥാനത്തിലാണ് നിങ്ങൾ അങ്ങനെയൊരു നിഗമനത്തിലെത്തിയത്? കൃത്യമായ ഇടവേളകളിൽ ഗ്വിഡോ ലണ്ടൻ സന്ദർശിച്ചിരുന്നു പക്ഷേ, ഒരു കാര്യം മാത്രം അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല എത്രമാത്രം ധനികരാണ് ഓർസിനി കുടുംബം എന്നത് ഞാൻ മെഡിക്കൽ കോളെജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഓരോ തവണ വരുമ്പോഴും തന്നെ വിവാഹം കഴിക്കുമോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു ഇല്ല എന്ന മറുപടിയാണ് എപ്പോഴും ഞാൻ നൽകിയിരുന്നത്

 

“എന്നിട്ട് അടുത്ത തവണ വരുമ്പോൾ വീണ്ടും അതേ ചോദ്യം ആവർത്തിക്കും?”

 

“ഇതിനിടയിൽ വേറെയും വിവാഹങ്ങൾ കഴിച്ചിരുന്നു അദ്ദേഹം മൊത്തം മൂന്ന് പക്ഷേ, ഒടുവിൽ ഞാൻ വഴങ്ങി വിവാഹശേഷവും ഒരു ഡോക്ടർ എന്ന നിലയിൽ സേവനമനുഷ്ഠിക്കും എന്ന കർശന വ്യവസ്ഥയിൽ ഫ്ലോറൻസ് നഗരത്തിന് വെളിയിലായിരുന്നു അദ്ദേഹത്തിന്റെ ഫാമിലി എസ്റ്റേറ്റ് ആ ഗ്രാമത്തിലെ ഒരു ക്ലിനിക്കിന്റെ പാർട്ണർ ആയിരുന്നു വർഷങ്ങളോളം ഞാൻ

 

“അപ്പോൾ നിങ്ങൾ ശരിയ്ക്കും ഒരു കോണ്ടെസ്സ തന്നെയാണ്?”

 

“എന്നു പറയാം കോണ്ടെസ്സാ സാറാ ഓർസിനി മൂന്ന് വർഷം മുമ്പാണ് ഒരു കാറപകടത്തിൽ ഗ്വിഡോ മരണമടഞ്ഞത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ, അറുപത്തിനാലാം വയസ്സിലും ഒരു മനുഷ്യൻ ഫെറാറിയുമായി കാർ റേസിങ്ങിന് പോകുന്നത്?”

 

“അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞിടത്തോളം വച്ചു നോക്കിയാൽ, വിശ്വസിക്കാതിരിക്കാൻ മാർഗ്ഗമില്ല

 

“ഈ വീട് എന്റെ മാതാപിതാക്കളുടേതായിരുന്നു ആ ആത്മബന്ധം കൊണ്ടു തന്നെയാണ് ഇങ്ങോട്ട് തിരിച്ചു വരുവാൻ ഞാൻ തീരുമാനിച്ചത് ഇതുപോലൊരു ദ്വീപിൽ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ കന്നിനാമം ഉപയോഗിക്കുവാൻ എളുപ്പമായിരിക്കും ഓർസിനി എന്ന പേരാണെങ്കിൽ എപ്പോഴും ഒരു സംശയത്തോടെയേ തദ്ദേശീയർ എന്നെ നോക്കൂ

 

“നിങ്ങൾ ഇരുവരുടെയും ജീവിതം സന്തോഷകരമായിരുന്നുവോ?”

 

“എന്താണങ്ങനെ ചോദിച്ചത്?”

 

“വർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇങ്ങോട്ട് തിരിച്ചു വരുവാൻ തീരുമാനിച്ചതു കൊണ്ട് ചോദിച്ചതാണ്

 

“വിചിത്രമാണ് ഈ ദ്വീപ് എന്തോ ഒരു ആകർഷണീയതയുണ്ട് ഇതിന് വർഷങ്ങൾക്ക് ശേഷമാണെങ്കിലും ആളുകളെ തിരികെ വരാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എനിക്ക് നഷ്ടമായതൊന്നും വീണ്ടെടുക്കുവാനായിട്ടല്ല ഞാൻ തിരികെയെത്തിയിരിക്കുന്നത്, അങ്ങനെയാണ് നിങ്ങൾ കരുതിയതെങ്കിൽ അങ്ങനെയൊരു ചിന്തയേയില്ല എനിക്ക്” അവർ തലയാട്ടി. “ഗ്വിഡോയെ ആത്മാർത്ഥമായിത്തന്നെ സ്നേഹിച്ചിരുന്നു ഞാൻ ആദ്യം ഞങ്ങൾക്കൊരു മകളുണ്ടായി പിന്നെ ഒരു മകനും അവനാണ് ഇപ്പോൾ അവിടുത്തെ പ്രഭു ആഴ്ച്ചയിൽ രണ്ടു തവണ ഇറ്റലിയിൽ നിന്നും അവൻ എന്നെ വിളിക്കാറുണ്ട് തിരികെ ഫ്ലോറൻസിൽ ചെന്ന് അവനോടൊപ്പം താമസിച്ചുകൂടേയെന്ന് എന്നും ചോദിക്കും

 

“ഐ സീ

 

അവർ എഴുന്നേറ്റു. “എന്റെയുള്ളിലെ ബാധ അതെ, അങ്ങനെയാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത് അതെക്കുറിച്ച് ബോധവാനായിരുന്നു ഗ്വിഡോ എന്നിൽ നിന്നും ഒരിക്കലും വിട്ടു പോകാത്ത ഹാരിയുടെ ഓർമ്മകൾ അതൊരു വസ്തുതയായിരുന്നു ഹെലൻ ആന്റി ഒരിക്കൽ പറഞ്ഞിരുന്നു, സ്നേഹിക്കുക എന്നതും സ്നേഹിക്കപ്പെടുക എന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന്

 

“മാർട്ടിനോ നിങ്ങൾക്ക് പറഞ്ഞിട്ടുള്ള ആളല്ലെന്നും അവർ പറഞ്ഞിരുന്നു

 

“അതെ, അവർ പറഞ്ഞത് ശരിയായിരുന്നു വർഷങ്ങൾ കൊണ്ട് ഹാരിയുടെ പ്രകൃതത്തിൽ സംഭവിച്ചു കഴിഞ്ഞിരുന്ന കേടുപാടുകൾ എനിക്ക് ഭേദമാക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു” അവർ ആ ഡെസ്കിന്റെ വലിപ്പ് വീണ്ടും തുറന്ന് പഴക്കം മൂലം നിറം മങ്ങിയ ഒരു കടലാസെടുത്ത് നിവർത്തി. “അന്ന് ലുൽവർത്തിലെ ആ കോട്ടേജിൽ വച്ച് ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയ ദിവസം അദ്ദേഹം ചുരുട്ടിക്കൂട്ടി എറിഞ്ഞ ആ കവിതയാണിത്

 

“ഞാൻ കാണുന്നതിൽ വിരോധമുണ്ടോ?”

 

അവർ അത് എന്റെ നേർക്ക് നീട്ടി. ഞാനത് വാങ്ങി ആ വരികളിലൂടെ കണ്ണോടിച്ചു.

 

The station is ominous at midnight

Hope is a dead letter

Time to change trains for something better

No local trains now, long since departerd

No way of getting back to where you started

 

ആ കടലാസ് തിരികെയേൽപ്പിക്കുമ്പോൾ വിവരിക്കാനാവാത്ത വിധം ശോകാർദ്രമായിരുന്നു എന്റെ മനസ്സ്.

 

“നിലവാരമില്ലാത്ത കവിത എന്നായിരുന്നു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്” അവർ പറഞ്ഞു. “പക്ഷേ, എല്ലാം ഉണ്ട് അതിൽ യാത്ര തുടങ്ങിയിടത്തേക്ക് മടങ്ങിയെത്താൻ മാർഗ്ഗമൊന്നുമില്ല ഒരു പക്ഷേ, അദ്ദേഹമായിരുന്നിരിക്കണം ശരി ഫ്ലാൻഡേഴ്സിലെ ആ ട്രെഞ്ചുകളിൽ തന്റെ പതിനേഴാം വയസ്സിൽ ജീവിതം അവസാനിക്കേണ്ടവനായിരുന്നിരിക്കണം അദ്ദേഹം

 

അതേക്കുറിച്ച് എന്തെങ്കിലും പറയുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നിയില്ല. “നിങ്ങളുടെ സമയം ആവശ്യത്തിലധികം അപഹരിച്ചു കഴിഞ്ഞിരിക്കുന്നു ഞാൻതിരികെ ഹോട്ടലിലേക്ക് ചെല്ലാൻ നോക്കട്ടെ

 

“L’Horizon ൽ അല്ലേ നിങ്ങൾ തങ്ങുന്നത്?”

 

“അതെ

 

“നന്നായി നടത്തിക്കൊണ്ടുപോകുന്ന ഒരു ഹോട്ടലാണത്” അവർ പറഞ്ഞു. “ഞാൻ ഡ്രോപ്പ് ചെയ്യാം നിങ്ങളെ

 

“അതിന്റെ ആവശ്യമൊന്നുമില്ല” ആ സഹായ വാഗ്ദാനം ഞാൻ നിരസിച്ചു. “അധികം ദൂരമൊന്നുമില്ലല്ലോ

 

“ദാറ്റ്സ് ഓൾറൈറ്റ് ആ വഴി ഞാൻ വരുന്നുണ്ട് അദ്ദേഹത്തിന്റെ കുഴിമാടത്തിൽ കുറച്ച് പൂക്കൾ അർപ്പിക്കണം

 

                                                    ***

 

കുന്നിറങ്ങി സെന്റ് ബ്രെലേഡ് ചർച്ചിന്റെ കവാടത്തിന് സമീപം ഞങ്ങൾ കാർ പാർക്ക് ചെയ്യുമ്പോൾ മഴ കോരിച്ചൊരിയുകയായിരുന്നു. ചക്രവാളത്തിൽ വ്യാപിച്ചു തുടങ്ങിയ ഇരുട്ട് ഉൾക്കടലിന് മുകളിൽ എത്തിയിരിക്കുന്നു. കാറിൽ നിന്നും പുറത്തിറങ്ങി കുട നിവർത്തിയ സാറാ ഡ്രെയ്ട്ടണ് ഞാൻ പൂക്കൾ കൈമാറി.

 

“ഐ വാണ്ട് റ്റു ഷോ യൂ സംതിങ്ങ് ഇതിലേ വരൂ” സെമിത്തേരിയുടെ പഴയ സെക്ഷന് നേർക്ക് നടന്ന അവർ പായൽ പിടിച്ച ഒരു സ്മാരകശിലയുടെ മുന്നിലെത്തി നിന്നു. “ഇതേക്കുറിച്ച് എന്തു തോന്നുന്നു നിങ്ങൾക്ക്?”

 

അതിൽ രേഖപ്പെടുത്തിയിരുന്നത് ഇപ്രകാരമായിരുന്നു. “Here lie the mortal remains of Captain Henry Martineau, late of the 5th Bengal Infantry, died July 7, 1859”

 

“കഴിഞ്ഞ വർഷം, യാദൃച്ഛികമായിട്ടാണ് ഞാൻ ഇത് കാണുന്നത് കൂടുതൽ അറിയാനായി ഒരു ട്രേസിങ്ങ് ഏജൻസിയെ ഞാൻ സമീപിച്ചു ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഇവിടെ താമസിക്കുകയായിരുന്നു ക്യാപ്റ്റൻ മാർട്ടിനോ സൈന്യത്തിലായിരുന്നപ്പോൾ സംഭവിച്ച പരിക്കിന്റെ ബാക്കിപത്രമെന്നോണം, നാല്പതാമത്തെ വയസ്സിൽ അദ്ദേഹം മരണമടഞ്ഞു അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ലങ്കാഷയറിലേക്ക് താമസം മാറ്റുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു

 

“എത്ര അസാധാരണം അല്ലേ” ഞാൻ പറഞ്ഞു.

 

“പണ്ടൊരിക്കൽ ഞങ്ങൾ ഇരുവരും കൂടി ഇവിടം സന്ദർശിച്ച വേളയിൽ ഹാരി പറയുകയുണ്ടായി, എന്തുകൊണ്ടാണെന്നറിയില്ല, സ്വന്തം വീട്ടിലെത്തിയ ഒരു പ്രതീതി തോന്നുന്നുവെന്ന്

 

അവിടെ നിന്നും തിരികെ നടക്കവെ ഞാൻ ചോദിച്ചു. “ഇവിടെ അടക്കം ചെയ്ത ജർമ്മൻകാർക്ക് പിന്നീടെന്തു സംഭവിച്ചു?”

 

“യുദ്ധാനന്തരം അവരെയെല്ലാം ജർമ്മനിയിലേക്ക് തിരികെ കൊണ്ടുപോയി സംസ്കരിച്ചു എന്നാണ് എന്റെ അറിവ്

 

നടന്നു നടന്ന്, അന്ന് ഉച്ചതിരിഞ്ഞ് ഹാരി മാർട്ടിനോയെ അടക്കം ചെയ്ത കുഴിമാടത്തിനരികിൽ ഞങ്ങളെത്തി. ആ പുതുമണ്ണിലേക്ക് നോക്കിക്കൊണ്ട് ഞങ്ങൾ ഇരുവരും ഏതാനും നിമിഷം നിന്നു. പിന്നെ കുനിഞ്ഞ് ആ പൂക്കൾ കുഴിമാടത്തിന് മുകളിൽ വച്ചിട്ട് നിവർന്ന അവർ ഉച്ചരിച്ച വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി.

 

“ഡാംൻ യൂ, ഹാരി മാർട്ടിനോ” അവർ മന്ത്രിച്ചു. “യൂ ഡിഡ് ഫോർ യുവേഴ്സെൽഫ്, ബട്ട് യൂ ഡിഡ് ഫോർ മീ ആസ് വെൽ

 

എനിക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല ഒരിക്കലും ഒന്നും പറയാനാകുമായിരുന്നില്ല താനും അവരുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടന്നവനായി മാറിയതു പോലെ തോന്നി എനിക്ക്. കോരിച്ചൊരിയുന്ന മഴയത്ത്, ആ പുരാതന സെമിത്തേരിയിൽ ഭൂതകാലത്തിന്റെ ഓർമ്മകൾക്കൊപ്പം അവരെ തനിച്ചാക്കി ഞാൻ തിരിഞ്ഞു നടന്നു.   

 

(അവസാനിച്ചു)

9 comments:

  1. 2020 ഡിസംബർ 13 ന് തുടങ്ങിയ യാത്ര ഇവിടെ അവസാനിക്കുകയാണ്... വിവർത്തന യജ്ഞത്തിലെ എന്റെ ഏഴാമത്തെ നോവൽ...

    കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ ആരംഭിച്ച നോവൽ അവസാനിയ്ക്കുന്നതും മഴയോടൊപ്പം തന്നെ...

    രണ്ടു വർഷമായി ഒപ്പം സഞ്ചരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി...

    ReplyDelete
  2. മനോഹരമായൊരു അനുഭൂതി..നല്ലൊരു വിവർത്തനതിന് നന്ദി വിനുവെട്ടാ...അടിപൊളി.
    "No way of getting back to where you started "

    ReplyDelete
    Replies
    1. വളരെ സന്തോഷം ഉണ്ടാപ്രീ... ഇനി നമുക്ക് അടുത്ത നോവലിൽ കാണാം...

      Delete
  3. ഓ. അങ്ങനെ ഈ യാത്ര ഈ സെമിത്തേരിയിൽ അവസാനിയ്ക്കുന്നു, ല്ലേ 😞

    ReplyDelete
    Replies
    1. അതെ ശ്രീ... പതിവു പോലെ മനസ്സിൽ നൊമ്പരം വിതച്ചിട്ട് കഥാകൃത്ത് നടന്നകലുന്നു...

      Delete
  4. അങ്ങനെ ഒരു യാത്ര കൂടെ അവസാനിക്കുന്നു!! (ദീർഘനിശ്വാസം)

    " സ്നേഹിക്കുക എന്നതും സ്നേഹിക്കപ്പെടുക എന്നതും തമ്മിൽ വലിയ അന്തരമുണ്ട് "

    നന്ദി വിനുവേട്ടാ.. 🙏

    ReplyDelete
    Replies
    1. അതെ... അടുത്ത യാത്രയ്ക്കായി തൽക്കാലം ഈ യാത്ര അവസാനിപ്പിക്കാം...

      Delete
  5. അവരെ തനിച്ചാക്കി നമ്മൾക്കും പിൻവാങ്ങാം.
    വിനുവേട്ടൻ്റെ വിവർത്തനം വളരെ മനോഹരമായി. നന്ദി

    ReplyDelete
    Replies
    1. വളരെ സന്തോഷം സുകന്യാജീ...

      Delete