Friday, May 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 21

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


"ഹലോ സിസ്റ്റർ... എന്തു പറയുന്നു...?" ഫ്രഞ്ച് ഭാഷയിൽ തുടങ്ങിയ അയാൾ ഹാമിൽട്ടണെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ഇംഗ്ലീഷിലേക്ക് മാറി. "പ്രൊഫസർ ഹാമിൽട്ടൺ, യൂ ഹിയർ...?"


"ഹലോ മേജർ സ്പിയർ..." ഗ്ലൗസ് അണിഞ്ഞ കൈ ഉയർത്തി ഹാമിൽട്ടൺ അഭിവാദ്യം ചെയ്തു.


"എന്റെ പേഷ്യന്റ്സിനെ നോക്കാൻ വന്നതാണ് സിസ്റ്റർ... രണ്ടു പേരും സുഖമായിരിക്കുന്നു..." മേജർ സ്പിയർ മരിയയോട് പറഞ്ഞു.


സാമാന്യം ഉയരമുള്ള സുമുഖനും ഒപ്പം സരസനും ആയിരുന്നു മേജർ സ്പിയർ. മുൻഭാഗം തുറന്നു കിടക്കുന്ന കോട്ടിനുള്ളിലെ യൂണിഫോമിലേക്ക് ഗാലഗർ കണ്ണോടിച്ചു. നെഞ്ചിൽ ഇടതുവശത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജും റഷ്യൻ വിന്റർ വാർ റിബ്ബണും... യുദ്ധമുഖത്ത് വീറോടെ പൊരുതിയിട്ടുള്ളവനാണെന്നത് വ്യക്തം.


"എന്തെങ്കിലും കോമ്പ്ലിക്കേഷൻ, ഡോക്ടർ...?" മേജർ സ്പിയർ ആരാഞ്ഞു.


"മുട്ടിന് താഴെ ഫ്രാക്ച്ചറുണ്ട്... ജനറൽ ഗാലഗറിന്റെ ഒരു തൊഴിലാളിയാണ്... നിങ്ങൾ തമ്മിൽ മുമ്പ് പരിചയപ്പെട്ടിട്ടില്ലല്ലോ...?"


"ഇല്ല... പക്ഷേ, താങ്കളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ജനറൽ..." കാൽ അമർത്തി ചവിട്ടി മേജർ സ്പിയർ സല്യൂട്ട് ചെയ്തു. "നേരിൽ കാണാനായതിൽ സന്തോഷം..." എക്സ് റേ ഫിലിം എടുത്ത് പരിശോധിച്ചിട്ട് അയാൾ തുടർന്നു. "നോട്ട് ഗുഡ്... നോട്ട് ഗുഡ് അറ്റ് ഓൾ... മൂന്നിടത്താണ്‌ ഫ്രാക്ച്ചർ... അതും കമ്മ്യുണ്യൂട്ടഡ്..."


"ഹോസ്പിറ്റലൈസേഷനും ട്രാക്ഷനുമാണ്‌ ശരിക്കും വേണ്ടത്..." ഹാമിൽട്ടൺ പറഞ്ഞു. "പക്ഷേ, ബെഡ്ഡുകളൊന്നും ഒഴിവില്ല..."


"സാരമില്ല... പൊട്ടിയ എല്ല് നേരെ പിടിച്ചിട്ട് പ്ലാസ്റ്റർ ഇടാം നമുക്ക്..." പുഞ്ചിരിച്ചു കൊണ്ട് മേജർ സ്പിയർ തന്റെ ഓവർകോട്ട് ഊരി മാറ്റി. "പക്ഷേ, ഹെർ പ്രൊഫസർ, താങ്കളുടെ മേഖല അല്ലല്ലോ ഇത്... താങ്കൾക്ക് വേണ്ടി ഈ ചെറിയ സഹായം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ എനിക്ക്..."


ചുമരിൽ കൊളുത്തിയിട്ടിരിക്കുന്ന ഗൗൺ എടുത്തണിഞ്ഞ് കൈ കഴുകുവാനായി വാഷ് ബേസിനരികിലെത്തിയ അദ്ദേഹം ഒന്ന് നിന്നു. "നിങ്ങൾ നിർബ്ബന്ധം പിടിക്കുകയാണെങ്കിൽ പിന്നെ അങ്ങനെയാവട്ടെ..." ഹാമിൽട്ടൺ പുഞ്ചിരിച്ചു. "ഈ വിഷയത്തിൽ ഞാനല്ല, നിങ്ങളാണ് വിദഗ്ദ്ധൻ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല എനിക്ക്..."


ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓപ്പറേഷൻ ചെയ്യുവാൻ റെഡിയായി എത്തിയ മേജർ സ്പിയർ, ബെഡിൽ കിടത്തിയിരിക്കുന്ന കെൽസോയുടെ കാൽ പരിശോധിച്ചു. പിന്നെ സിസ്റ്റർ മരിയയെ നോക്കി. "റൈറ്റ്, സിസ്റ്റർ... ക്ലോറോഫോം കൊണ്ടു വരൂ... അധികമൊന്നും വേണ്ട... നമുക്ക് പെട്ടെന്ന് തന്നെ തീർക്കാം..."


അത്ഭുതത്തോടെ എല്ലാം വീക്ഷിച്ചു കൊണ്ട് ഗാലഗർ മുറിയുടെ മൂലയിൽ നിന്നു.


                                   ***


ഗ്രാൻവിലാ സിറ്റിയിലെ കല്ല് പാകിയ ഇടവഴിയിലൂടെ നടക്കുമ്പോൾ സവരി ഒട്ടും സന്തോഷവാനായിരുന്നില്ല. കനത്ത മൂടൽമഞ്ഞിന്റെ അകമ്പടിയോടെയായിരുന്നു ജെഴ്സിയിൽ നിന്നും യാത്ര തുടങ്ങിയത്. അത് മാത്രമല്ല, വല്ലാത്തൊരു പ്രതിസന്ധിയിലാണ്‌ ഗാലഗർ തന്നെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. വിജനമായ ആ ചത്വരത്തിന്റെ അങ്ങേയറ്റത്താണ് സോഫീസ് ബാർ നില കൊള്ളുന്നത്. ഷട്ടറുകളുടെ വിടവുകളിലൂടെ വെളിച്ചത്തിന്റെ ചെറുവീചികൾ പുറത്തേക്ക് ഒഴുകി വരുന്നുണ്ട്. സാവധാനം അങ്ങോട്ട് നടന്ന അയാൾ മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കയറി.


ജെറാർഡ് ക്രെസ്സൺ ഒരു വീൽ ചെയറിൽ ഇരുന്ന് പിയാനോ വായിക്കുന്നുണ്ടായിരുന്നു. തോളറ്റം നീണ്ടു കിടക്കുന്ന കറുത്ത മുടിയുള്ള ഒരു ചെറിയ മനുഷ്യൻ. യുദ്ധാരംഭത്തിനു രണ്ട് വർഷം മുമ്പ് ഡോക്കിൽ വച്ചുണ്ടായ ഒരു അപകടത്തിൽ നട്ടെല്ല് തകർന്നതാണ്. ഇനിയൊരിക്കലും നടക്കാനാവില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ക്രെച്ചസിന്റെ സഹായത്താൽ പോലും.


ഏതാണ്ട് ഒരു ഡസനോളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നു ബാറിനുള്ളിൽ. പലരും തനിക്ക് പരിചയമുള്ള നാവികർ. മാർബിൾ കൗണ്ടറിന് പിറകിലെ ഉയരമുള്ള കസേരയിൽ ഏതോ ലോക്കൽ ന്യൂസ് പേപ്പർ വായിച്ചുകൊണ്ടിരിക്കുകയാണ് സോഫി. അവൾക്ക് പിന്നിലെ ഷെൽഫിൽ വിവിധയിനം മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. പ്രായം മുപ്പതുകളുടെ അവസാനത്തിൽ എത്തി നിൽക്കുന്ന അവൾ തന്റെ കറുത്ത മുടി ഉയർത്തി കെട്ടി വച്ചിരിക്കുന്നു. ജിപ്സികളുടെ മുഖഛായയും കറുത്ത കണ്ണുകളും ചുവന്ന ചായം തേച്ച ചുണ്ടുകളും. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സമൃദ്ധമായ മാറിടങ്ങൾ. പക്ഷേ, ദുരുദ്ദേശ്യവുമായി അവളെ സമീപിച്ചവരൊക്കെ കണക്കിന് വാങ്ങിയിട്ടുമുണ്ട്. അതിന്റെ തെളിവെന്നോണം കത്തിമുന അല്ലെങ്കിൽ ഉടഞ്ഞ കുപ്പി കൊണ്ട് ഉണ്ടായ മുറിപ്പാടുകളുള്ള ധാരാളം പുരുഷന്മാരെ ഗ്രാൻവിലായിൽ കാണാമായിരുന്നു.


"ഇതാര്, റോബർട്ടോ... കുറേ നാളായല്ലോ കണ്ടിട്ട്... എന്തൊക്കെയുണ്ട് വിശേഷങ്ങൾ...?" അവൾ ചോദിച്ചു.


"വിശേഷങ്ങൾ ചോദിക്കുകയാണെങ്കിൽ... ഒരു പക്ഷേ മോശമായിരിക്കാം... അതല്ല ഇനി നല്ലതായിരിക്കുമോ എന്നും അറിയില്ല..." 


അവൾ കുപ്പിയിൽ നിന്നും കോന്യാക്ക് ഗ്ലാസിലേക്ക് പകരവെ അയാൾ ആ ലെറ്റർ അവളുടെ മുന്നിലേക്ക് നീക്കി വച്ചു.


"എന്താണിത്...?" അവൾ ആരാഞ്ഞു.


"ജെഴ്സിയിലുള്ള നിങ്ങളുടെ ആ സുഹൃത്ത് ഗാലഗർ എന്നെ ഒരു പോസ്റ്റ്മാന്റെ ജോലി ഏൽപ്പിച്ചിരിക്കുകയാണ്... ഈ കത്തിൽ എന്താണെന്ന് എനിക്കറിയില്ല... എന്താണെന്ന് അറിയാൻ എനിക്കൊട്ട് ആഗ്രഹവുമില്ല... പക്ഷേ ഞാൻ തിരികെ ചെല്ലുമ്പോൾ ഒരു മറുപടി അദ്ദേഹം പ്രതീക്ഷിക്കുന്നു... നാളെ ഉച്ചയ്ക്കാണ്‌ ഞങ്ങൾ തിരിച്ച് പോകുന്നത്... അതിന് മുമ്പ് ഞാൻ വരും..." കോന്യാക്ക് ഗ്ലാസ് വായിലേക്ക് കമഴ്ത്തിയിട്ട് അയാൾ ഇറങ്ങി നടന്നു.


അവൾ എഴുന്നേറ്റ് കൗണ്ടറിന്റെ അറ്റത്തു കൂടി പുറത്ത് വന്ന് കസ്റ്റമേഴ്സിൽ ഒരുവനെ വിളിച്ചു. "ഹേയ്, മാർസെൽ...‌ കുറച്ച് നേരത്തേക്ക് ബാർ ഒന്ന് നോക്കിക്കോണേ..."


പിയാനോ വായന നിർത്തി ഒരു സിഗരറ്റിന്‌ തീ കൊളുത്തുവാനൊരുങ്ങുന്ന ഭർത്താവിനടുത്തേക്ക് അവൾ ചെന്നു.


"എന്തായിരുന്നുവത്...?" അയാൾ ചോദിച്ചു.


"വരൂ, നമുക്ക് അപ്പുറത്ത് ചെന്നിട്ട് നോക്കാം..."


പിയാനോയുടെ മുന്നിൽ നിന്നും അവൾ വീൽ ചെയർ പിറകോട്ട് വലിച്ച് അയാളെയും കൊണ്ട് ബാറിന് പിന്നിലെ സിറ്റിങ്ങ് റൂമിലേക്ക് നീങ്ങി. സവരി കൊണ്ടുവന്ന് കൊടുത്ത ആ കത്ത് മേശയ്ക്കരികിൽ ഇരുന്ന് വായിച്ച ജെറാർഡ് ക്രെസ്സൺ വലിഞ്ഞ് മുറുകിയ മുഖത്തോടെ അത് സോഫിയുടെ മുന്നിലേക്ക് നീക്കി വച്ചു.


നിമിഷനേരം കൊണ്ട് അത് വായിച്ചിട്ട് അവൾ ഒരു ബോട്ട്‌ൽ റെഡ് വൈൻ എടുത്ത് രണ്ടു ഗ്ലാസ്സുകളിലേക്ക് പകർന്നു. "നമ്മുടെ സുഹൃത്ത് ആ ജനറൽ ഇത്തവണ ശരിക്കും പ്രശ്നത്തിലകപ്പെട്ടിരിക്കുകയാണല്ലോ..."


"ഏറെക്കുറെ..."


കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാൻവിലാ മുതൽ സെന്റ് മാലോ വരെയുള്ള പ്രദേശങ്ങളിലെ ജർമ്മനിക്കെതിരെയുള്ള ഫ്രഞ്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം അവർ ഇരുവരുടെയും കൈകളിലാണ്. ജെറാർഡിന്റെ സംഘടനാ പാടവം എടുത്തു പറയത്തക്കതായിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ വലംകൈ ആയി സോഫിയും ഒപ്പമുണ്ടായിരുന്നു. വളരെ മികച്ച ഒരു ടീം. അതുകൊണ്ട് തന്നെയാണ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടാതെ ഇപ്പോഴും അവർ അതിജീവിച്ചു പോരുന്നതും.


"ലണ്ടനിലേക്ക് റേഡിയോ സന്ദേശം അയയ്ക്കുകയല്ലേ...?" അവൾ ചോദിച്ചു.


"തീർച്ചയായും..."


"എ‌ന്ത് തോന്നുന്നു നിങ്ങൾക്ക്...? ജെഴ്സിയിൽ നിന്ന് ഈ അമേരിക്കക്കാരനെ പുറത്ത് എത്തിക്കാൻ ഒരു പക്ഷേ അവർ നമ്മളോട് ആവശ്യപ്പെട്ടേക്കാം..." അവൾ പറഞ്ഞു.


"അതത്ര എളുപ്പമുള്ള കാര്യമല്ല..." അയാൾ പറഞ്ഞു. "അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയിൽ അക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട..." അല്പം കൂടി വൈനിനായി അയാൾ ഗ്ലാസ് നീട്ടി. "തീർച്ചയായും മറ്റൊരു പരിഹാരമുണ്ട്... ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ എല്ലാവർക്കും നല്ലത് അതായിരിക്കും..."


"എന്താണത്...?"


"ആരെയെങ്കിലും അങ്ങോട്ടയച്ച് അദ്ദേഹത്തെയങ്ങ് വക വരുത്തുക..."


ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. പിന്നെ അവൾ പറഞ്ഞു. "എത്ര കാലമായിരിക്കുന്നു ഈ യുദ്ധം തുടങ്ങിയിട്ട്...!"


"അതെ... അവസാനമില്ലാത്ത യുദ്ധം..." അയാൾ പറഞ്ഞു. "എന്നെ സ്റ്റോർ റൂമിലേക്ക് കൊണ്ടു പോകൂ... ലണ്ടനിലേക്ക് റേഡിയോ സന്ദേശം അയക്കട്ടെ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


16 comments:

  1. വാക്കുകൾക്ക് ഇടയിൽ തികച്ചും കലാപഭൂമിയിലെ അന്തരീക്ഷം..

    ReplyDelete
    Replies
    1. അതായിരുന്നു അന്നത്തെ അവസ്ഥ മുഹമ്മദ്ക്കാ...

      Delete
  2. ജെരർഡ് ൻ്റെ എളുപ്പവഴി യും അത്ര എളുപ്പം ആകില്ല.

    ഞാൻ നാളെയെ വരൂ എന്ന് കരുതിയിരുന്നു. ഇന്ന് തന്നെ പ്രസിദ്ധീകരിച്ചതിന് സന്തോഷം😁

    ReplyDelete
    Replies
    1. അതെ... എല്ലായിടത്തും ജർമ്മൻ സൈനികരാണ്...

      Delete
  3. അതെ. ആവശ്യമില്ലാത്ത യുദ്ധം 😪

    ReplyDelete
    Replies
    1. അമിത ദേശീയത... അതിന്റെ ഫലമാണ്‌ യുദ്ധങ്ങൾ...

      Delete
  4. ഇതിലും വലിയ കടമ്പകൾ കടന്നെത്തിയവനാ മ്മടെ കെൽസോ..!!

    ReplyDelete
    Replies
    1. പക്ഷേ, കെൽസോയ്ക്ക് വായ് തുറക്കാനുള്ള അനുവാദമില്ല... :D

      Delete
  5. കടമ്പകൾ ഇനിയും കെൽസോക്ക് അനവധി ചാടികടക്കേണ്ടിയിരിക്കുന്നു ...!

    ReplyDelete
  6. തീർച്ചയായും മുരളിഭായ്...

    ReplyDelete
  7. ടീം ആയി നിന്നാൽ ശത്രുക്കളിൽ നിന്ന് രക്ഷ നേടാം..
    യുദ്ധത്തിൻ്റെ ബാക്കിപത്രം നാശം അല്ലാതെന്ത്. എന്നിട്ടും.

    ReplyDelete
  8. ങേ നായകനെ കൊല്ലനോ.. നോ നോ ഡോണ്ട് ഡു.. നായകൻ ഇല്ലാതെ കഥ എങ്ങിനെ മുന്പോട്ടു പോകും?

    ReplyDelete
    Replies
    1. അത് അവസാന മാർഗ്ഗം മാത്രം...

      Delete
  9. ശ്ശോ....
    കൊല്ലാൻ ആളെ വിടുമോ?

    ReplyDelete
    Replies
    1. മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലെങ്കിൽ...

      Delete